എയിംസ് സ്വപ്നം പൂവണിയട്ടെ

തെരഞ്ഞെടുപ്പു വരുമ്പോഴും കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോഴും എല്ലാം എയിംസ് ചർച്ചാവിഷയമാവാറുണ്ട്.
may the aiims dream come true.

എയിംസ് സ്വപ്നം പൂവണിയട്ടെ

Updated on

രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിന്‍റെയും ഗവേഷണങ്ങളുടെയും ചികിത്സാ സൗകര്യങ്ങളുടെയും കാര്യത്തിൽ മുൻപന്തിയിലുള്ള സ്ഥാപനമാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് അഥവാ എയിംസ്. 1956ൽ ഡൽഹിയിൽ സ്ഥാപിതമായ എയിംസ് വളരെയേറെ ദേശീയ പ്രാധാന്യമുള്ള സ്ഥാപന‌മാണ്. ആരോഗ്യ മേഖലയിൽ രാജ്യത്തിന്‍റെ അഭിമാനസ്തംഭം കൂടിയാണ് ഡൽഹി എയിംസ്. രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ ലഭ്യതയിലുള്ള പ്രാദേശിക അസന്തുലിതാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മറ്റു ഭാഗങ്ങളിലും എയിംസുകൾ ആരംഭിക്കാൻ 2003ൽ കേന്ദ്ര സർക്കാർ തീരുമാനിക്കുന്നത്.

അതു പ്രകാരം പാറ്റ്ന, ഭോപ്പാൽ, റായ്പുർ, ഭുവനേശ്വർ, ജോധ്പുർ, ഋഷികേശ് എന്നിവിടങ്ങളിൽ എയിംസുകൾ പ്രഖ്യാപിച്ചു. 2012ഓടെ ഇവ സ്ഥാപിതമാവുകയും ചെയ്തു. തൊട്ടുപിന്നാലെ റായ്ബറേലിയിലും എയിംസ് നിലവിൽ വന്നു. അതിനു ശേഷം മറ്റു പല സ്ഥലങ്ങളിലും എയിംസ് സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. നിലവിൽ ഇരുപതോളം കേന്ദ്രങ്ങളിൽ പൂർണമായോ ഭാഗികമായോ എയിംസ് പ്രവർത്തിക്കുന്നു. ചില സ്ഥലങ്ങളിൽ നിർമാണത്തിലിരിക്കുന്നുണ്ട്. ചിലയിടങ്ങളിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുമുണ്ട്. അത്തരത്തിൽ എയിംസിന്‍റെ സൗകര്യങ്ങൾ രാജ്യത്തു വ്യാപകമാവുകയാണ്.

അപ്പോഴും കേരളത്തിനു വളരെ മുൻപേ വാഗ്ദാനം ചെയ്യപ്പെട്ട എയിംസ് ഇതുവരെ യാഥാർഥ്യമായിട്ടില്ല. കുറച്ചു വർഷങ്ങളായി കേന്ദ്രം കേരളത്തെ തഴയുന്നു എന്നു പറയുന്ന ഓരോ അവസരത്തിലും എയിംസ് വിഷയമാവാറുണ്ട്. പല തവണ ഉറപ്പുകൾ ലഭിച്ചെങ്കിലും ഒന്നും എവിടെയും എത്തിയില്ല. ഇപ്പോൾ വീണ്ടും പ്രതീക്ഷ ഉദിച്ചിരിക്കുന്നു. ഇത്തവണയെങ്കിലും കേരളത്തിന് എയിംസ് കിട്ടുമെന്നു പ്രതീക്ഷിക്കാം. അങ്ങനെയെങ്കിൽ അതു വലിയൊരു നേട്ടമായി മാറുകയും ചെയ്യും.

കേന്ദ്രം പുതുതായി അനുവദിക്കുന്ന നാല് എയിംസുകളിലൊന്ന് കേരളത്തിനു ലഭിക്കുമെന്ന് എയിംസുകളുടെ ചുമതലയുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയം സീനിയര്‍ സെക്രട്ടറി അങ്കിത മിശ്ര അറിയിച്ചതായി ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസാണ് വെളിപ്പെടുത്തിയിരിക്കുന്നത്. മിശ്രയുമായി കെ.വി. തോമസ് ഇതു സംബന്ധിച്ചു ചർച്ച നടത്തുകയുണ്ടായി. കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതു പ്രകാരമാണു ചർച്ച നടന്നതെന്നും പറയുന്നുണ്ട്. അതിനർഥം കേരളത്തിന് എയിംസ് നൽകാൻ കേന്ദ്രം തയാറാണെന്നാണ്.

സ്ഥലനിർണയം അടക്കമുള്ള കാര്യങ്ങൾക്കായി ഇപ്പോഴത്തെ പാർലമെന്‍റ് സമ്മേളനം കഴിഞ്ഞാലുടൻ പരിശോധനാ സംഘം കേരളത്തിലെത്തുമെന്നാണ് അറിയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും പറയുന്നു. സ്ഥലത്തിന്‍റെ കാര്യത്തിൽ അടക്കം വ്യക്തമായ നിലപാട് പ്രകടിപ്പിക്കാനും ഏതെങ്കിലും തരത്തിലുള്ള ആശയക്കുഴപ്പങ്ങൾ ഉണ്ടാവുന്നത് ഒഴിവാക്കാനും കേരളത്തിനു കഴിയണം. എയിംസ് അനുവദിക്കുന്നതിനു വേണ്ട എല്ലാ തയാറെടുപ്പുകളും കൃത്യമായി പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിനു സാധിക്കട്ടെ.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് യാതൊരു വിധത്തിലുള്ള ആശയക്കുഴപ്പവും ഉണ്ടാക്കരുത്. അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, റോഡ്- റെയ്‌ൽ- വിമാന ഗതാഗത സൗകര്യം, ദേശീയ പാതകളുമായുള്ള സാമീപ്യം തുടങ്ങിയ കാര്യങ്ങളൊക്കെ കേന്ദ്ര പരിശോധനാ സംഘം വിലയിരുത്തും. സംസ്ഥാന സർക്കാർ പദ്ധതിക്കായി ഇപ്പോൾ സ്ഥലം കണ്ടെത്തിയിരിക്കുന്നത് കോഴിക്കോട് കിനാലൂരിലാണ്. ഇവിടെ ഈ സൗകര്യങ്ങളെല്ലാമുണ്ട്. ആകെ 200 ഏക്കർ ഭൂമിയാണ് പദ്ധതിക്കു വേണ്ടത്.

ഇതിൽ വ്യവസായ വകുപ്പിന്‍റെ കീഴിലുള്ള 150 ‍ഏക്കർ ഭൂമി എയിംസിനായി മാറ്റിവച്ചിട്ടുള്ളതാണ്. ബാക്കിയുള്ള ഭൂമി കിനാലൂർ, കാന്തലാട് വില്ലേജുകളിലെ ജനങ്ങളിൽ നിന്ന് ഏറ്റെടുക്കേണ്ടതാണ്. സ്വകാര്യ ഭൂമി വൻതോതിൽ ഏറ്റെടുക്കേണ്ടിവരില്ലെന്നത് കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതിന് അനുകൂലമാണ്. എല്ലാ അടിസ്ഥാന സൗകര്യങ്ങളും കിനാലൂരിൽ ലഭ്യമാക്കാനാവുമെന്ന് സംസ്ഥാന സർക്കാർ നേരത്തേ കേന്ദ്ര ആരോഗ്യ വകുപ്പിന് ഉറപ്പുനൽകിയിട്ടുള്ളതുമാണ്.

കോഴിക്കോടു തന്നെയാണ് പദ്ധതി വരുന്നതെങ്കിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കേണ്ടതുണ്ട്. മതിയായ നഷ്ടപരിഹാരം ഉറപ്പാക്കി പരാതിരഹിതമായി ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിനു കഴിയണം. യുപിഎ സർക്കാരിന്‍റെ കാലം മുതൽ നിലനിൽക്കുന്നതാണ് കേരളത്തിന്‍റെ എയിംസ് സ്വപ്നം. തെരഞ്ഞെടുപ്പു വരുമ്പോഴും കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോഴും എല്ലാം എയിംസ് ചർച്ചാവിഷയമാവാറുണ്ട്.

ആരോഗ്യ സംവിധാനങ്ങളിൽ രാജ്യത്തു മുൻനിരയിലുള്ള സംസ്ഥാനമാണു കേരളം. എന്നിട്ടും സംസ്ഥാനത്തിന് എയിംസ് അനുവദിക്കാത്തത് വിവേചനമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇതിനിടയിൽ പല സ്ഥലങ്ങളും എയിംസിനായി പറഞ്ഞു കേൾക്കുകയും ചെയ്തിരുന്നു; തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കാസർഗോഡ് എന്നിങ്ങനെ.

ഇനിയും ഇക്കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടാവരുത്. കോഴിക്കോട് ആയാലും മറ്റെവിടെയായാലും കൃത്യമായൊരു തീരുമാനം വേണം. വിവിധ താത്പര്യങ്ങളുടെ പുറത്ത് സ്ഥലംമാറിക്കളിച്ചിട്ടു കാര്യമില്ല. എയിംസ് കേരളത്തിൽ എവിടെ സ്ഥാപിച്ചാലും അതു സംസ്ഥാനത്തിനു മൊത്തത്തിൽ ഗുണകരമാണ്. അതിൽ ഒരു പ്രാദേശിക വ്യത്യാസം കാണേണ്ടതില്ല. കേന്ദ്ര സർക്കാർ ഇനിയും പിന്നോട്ടുപോവില്ലെന്ന് നമുക്കു പ്രതീക്ഷിക്കാം. കേന്ദ്രത്തെ പിന്നോട്ടുവലിക്കുന്ന സമീപനം സംസ്ഥാനത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവുകയുമരുത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com