പ്രതീക്ഷകൾ നിറവേറ്റട്ടെ, ഫഡ്നാവിസ് സർക്കാർ | മുഖപ്രസംഗം

May the Fadnavis government met the expectations
പ്രതീക്ഷകൾ നിറവേറ്റട്ടെ, ഫഡ്നാവിസ് സർക്കാർ | മുഖപ്രസംഗം
Updated on

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനം എന്നറിയപ്പെടുന്ന മഹാരാഷ്‌​ട്രയിൽ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. മുൻ മുഖ്യമന്ത്രിയും ഏകനാഥ് ഷിൻഡെയുടെ കഴിഞ്ഞ സർക്കാരിൽ ഉപമുഖ്യമന്ത്രിയുമായിരുന്ന ഫഡ്നാവിസിന് വരുന്ന അഞ്ചുവർഷക്കാലം മഹാരാഷ്‌​ട്രയെ എങ്ങനെ നയിക്കാനാവുമെന്നത് രാജ്യത്ത് രാഷ്‌​ട്രീയ താത്പര്യമുള്ള മുഴുവൻ ആളുകളും ഉറ്റുനോക്കുന്നതാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഉജ്വല വിജയം സമ്മാനിച്ച നേതാവ് എന്ന വിശേഷണം ഫഡ്നാവിസിനു ചേരുന്നതാണ്. അതിനാൽ തന്നെ മുഖ്യമന്ത്രിസ്ഥാനത്തിന് അദ്ദേഹം പൂർണ അർഥത്തിൽ അർഹനുമാണ്. എന്നാൽ, ഷിൻഡെയുടെ ശിവസേനയും ബിജെപിയും തമ്മിലുള്ള തർക്കം മൂലമാണ് ഫലപ്രഖ്യാപനം കഴിഞ്ഞ് ഏതാണ്ട് രണ്ടാഴ്ചയോളം മന്ത്രിസഭാ രൂപവത്കരണ നടപടികൾ നീണ്ടുപോയത്. മുൻ സർക്കാരിന്‍റെ ക്ഷേമപ്രവർത്തനങ്ങളാണു തുടർഭരണത്തിനു വോട്ടു ലഭിക്കാൻ കാരണമെന്നു വാദിച്ച ശിവസേന ഷിൻഡെ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന നിലപാടിലായിരുന്നു. എന്നാൽ, മറ്റൊരു സഖ്യകക്ഷിയായ അജിത് പവാറിന്‍റെ എൻസിപി മുഖ്യമന്ത്രിസ്ഥാനം ബിജെപിക്കു നൽകുന്നതിന് അനുകൂലമായ നിലപാടു സ്വീകരിച്ചു.

എന്തായാലും മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിനു പരിഹാരം കാണാൻ ബിജെപി കേന്ദ്ര നേതൃത്വത്തിനു കഴിഞ്ഞു. 2019ലെ മഹാരാഷ്‌​ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി- ശിവസേനാ സഖ്യമാണു ഭൂരിപക്ഷം നേടിയത്. പക്ഷേ, മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം മൂലം രണ്ടു കക്ഷികളും വേർപിരിഞ്ഞു. കൂടുതൽ സീറ്റ് ലഭിച്ച ബിജെപിക്കു മുഖ്യമന്ത്രിസ്ഥാനം നൽകാൻ ഉദ്ധവ് താക്കറെ തയാറായില്ല. ആദ്യം രാഷ്‌​ട്രപതി ഭരണത്തിലായ സംസ്ഥാനത്ത് അജിത് പവാറിന്‍റെ പിന്തുണയോടെ ഫഡ്നാവിസ് ഏതാനും ദിവസം മുഖ്യമന്ത്രിയായെങ്കിലും ആ സർക്കാരിനു തുടരാനായില്ല. രാഷ്‌​ട്രീയ നാടകങ്ങൾക്കൊടുവിൽ കോൺഗ്രസും എന്‍സിപിയുമായി ചേർന്ന് ഉദ്ധവ് താക്കറെ സർക്കാർ രൂപവത്കരിച്ചു. പിന്നീട് ശിവസേനയിൽ പിളർപ്പുണ്ടാക്കിയാണ് ഷിൻഡെ വിഭാഗം ബിജെപിയോടു ചേർന്നതും ഉദ്ധവ് സർക്കാർ നിലംപതിച്ചതും. ചെറിയ കക്ഷിയാണെങ്കിലും ഷിൻഡെയ്ക്കു മുഖ്യമന്ത്രിസ്ഥാനം നൽകാൻ ബിജെപി അന്നു തയാറായി. ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായി. ഏതാനും നാളുകൾക്കു ശേഷം എൻസിപി പിളർത്തി മഹായുതി സഖ്യത്തിലെത്തിയ അജിത് പവാറിനും ഉപമുഖ്യമന്ത്രിക്കസേര ലഭിച്ചു. ഉദ്ധവ് സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തിൽ വിജയിച്ച ബിജെപിക്ക് അന്നു കാണിച്ച വിട്ടുവീഴ്ച ഇത്തവണയും തുടരേണ്ടിവരുമോ എന്ന ആശങ്കയാണ് തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു ശേഷം നിലനിന്നിരുന്നത്.

ദിവസങ്ങൾ നീണ്ടുനിന്ന കൂടിയാലോചനകൾക്കു ശേഷമാണ് ഫഡ്നാവിസ് മുഖ്യമന്ത്രിയാവുന്നതിൽ ധാരണയിലെത്തിയത്. അതിനു സഹായിച്ചത് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഗംഭീര വിജയമാണ്. 288 അംഗ നിയമസഭയിൽ 235 സീറ്റുകളാണു മഹായുതി സഖ്യം കരസ്ഥമാക്കിയത്. അതിൽ 132 സീറ്റുകളും ബിജെപിയുടേതാണ്. പ്രതിപക്ഷം തീർത്തും ദുർബലമായ ജനവിധിയുടെ പ്രസക്തി നഷ്ടപ്പെടുത്താതെ സർക്കാർ രൂപവത്കരിക്കാൻ കഴിഞ്ഞുവെന്ന ആശ്വാസം ഇപ്പോൾ ബിജെപിക്കുണ്ടാവും. ഷിൻഡെയും അജിത് പവാറും ഉപമുഖ്യമന്ത്രിമാരായി ഫഡ്നാവിസിനൊപ്പം സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഇനി മന്ത്രിമാരെ നിശ്ചയിക്കുന്നതിലാണ് മൂന്നു കക്ഷികളുടെയും ശ്രദ്ധ. മന്ത്രിസ്ഥാനങ്ങൾക്കു വേണ്ടിയും സഖ്യകക്ഷികൾക്കിടയിൽ തർക്കങ്ങളുണ്ട് എന്നാണു റിപ്പോർട്ട്. അതു പരിഹരിക്കുന്നതിലും നേതാക്കൾ വിജയിക്കുമെന്ന പ്രതീക്ഷയാണു മുന്നണിക്കുള്ളത്. ആഭ്യന്തരവും ധനകാര്യവും അടക്കം പ്രധാന വകുപ്പുകൾ ഏതു കക്ഷികൾക്കാണെന്നു കാത്തിരുന്നു തന്നെ അറിയണം.

തെരഞ്ഞെടുപ്പു കാലത്ത് ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ പാലിക്കുകയെന്നതാണ് ഫഡ്നാവിസ് സർക്കാരിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. സ്ത്രീകൾക്കു‌ സാമ്പത്തിക സഹായം നൽകുക, കാർഷിക വായ്പകൾ എഴുതിത്തള്ളുക, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, പെൻഷൻ തുക വർധിപ്പിക്കുക, വ്യവസായ വളർച്ചയ്ക്കു പലിശരഹിത വായ്പകൾ നൽകുക തുടങ്ങി വാഗ്ദാനങ്ങൾ നിരവധി പാലിക്കപ്പെടാനുണ്ട്. 2027ഓടെ ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക വ്യവസ്ഥയാക്കുമെന്നാണു ബിജെപിയുടെ വാഗ്ദാനം. അതു നിറവേറ്റുന്നതിൽ പ്രധാന പങ്കു വഹിക്കാനുണ്ട് മഹാരാഷ്‌​ട്രയ്ക്ക്. രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക വ്യവസ്ഥയാണു മഹാരാഷ്‌​ട്രയുടേത് എന്നതാണു കാരണം. രാജ്യത്തിന്‍റെ സാമ്പത്തിക, വാണിജ്യ തലസ്ഥാനമാണു മുംബൈ. കാർഷിക, വ്യാവസായിക, സേവന മേഖലകളിൽ വളർച്ചയുടെ അന്തരീക്ഷം സൃഷ്ടിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു കഴിഞ്ഞാൽ അത് രാജ്യത്തിനു മൊത്തത്തിൽ ഗുണകരമാവും. 2014 മുതൽ 2019 വരെ മുഖ്യമന്ത്രിയായിരുന്ന ഫഡ്നാവിസിന് ആ ഭരണകാലത്തെ അനുഭവങ്ങൾ ഇത്തവണ നല്ല ഫലങ്ങൾ സൃഷ്ടിക്കുന്നതിന് ഉപകരിക്കുമെന്നു തന്നെ കരുതേണ്ടിയിരിക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com