മെസി വിവാദം: സത്യം പുറത്തുവരട്ടെ

സ്പോൺസർക്കു സാമ്പത്തിക ലാഭമുണ്ടാക്കാൻ അന്നത്തെ സർക്കാർ കൂട്ടുനിന്നു എന്നാണു പരാതി.
Messi controversy:
Let the truth come out

മെസി വിവാദം: സത്യം പുറത്തുവരട്ടെ

Updated on

ലോകോത്തര ഫുട്ബോൾ താരം ലയണൽ മെസിയെയും അര്‍ജന്‍റീന ടീമിനെയും കേരളത്തില്‍ എത്തിക്കുമെന്നു വാഗ്ദാനം നൽകി അതിന്‍റെ പേരില്‍ നടന്നതു വന്‍ സാമ്പത്തിക ക്രമക്കേടാണെന്ന ആരോപണം കേരള പൊലീസിലെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിച്ചു വരുകയാണ്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി. വിജയന്‍റെ നേതൃത്വത്തിലുള്ള സംഘം ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യുകയും കഴിഞ്ഞ ദിവസം വിപുലമായ രീതിയിൽ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. ഈ സാമ്പത്തിക തട്ടിപ്പ് ആരോപണം സംബന്ധിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റും (ഇഡി) അന്വേഷണം നടത്തുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള നടപടികൾക്ക് ഇഡി ഒരുങ്ങുകയാണെന്നാണു സൂചന. വിദേശനാണ്യ വിനിമയ ചട്ടലംഘനം നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കപ്പെടുകയാണ്.

സർക്കാരിനെയും പൊതുജനങ്ങളെയും വഞ്ചിച്ചു, ക്രിമിനൽ ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് എസ്ഐടി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടുള്ള ഫയലുകളും മറ്റു രേഖകളും കണ്ടെത്തുന്നതിനായിരുന്നു സ്പോൺസറുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ‌കഴിഞ്ഞ ദിവസത്തെ റെയ്ഡ്. തട്ടിപ്പു കേസിൽ മുൻ കായിക മന്ത്രി അബ്ദുറഹ്‌മാനെ എസ്ഐടി വൈകാതെ ചോദ്യം ചെയ്യുമെന്നും സൂചനകളുണ്ട്. അദ്ദേഹവും ആരോപണം നേരിടുന്നുണ്ട്. സ്പോൺസറെ നിശ്ചയിച്ചതിൽ തന്നെ ഗുരുതരമായ ചട്ടലംഘനങ്ങൾ ഉണ്ടായതായാണ് ആരോപിക്കപ്പെടുന്നത്. സ്പോൺസർക്കു സാമ്പത്തിക ലാഭമുണ്ടാക്കാൻ അന്നത്തെ സർക്കാർ കൂട്ടുനിന്നു എന്നാണു പരാതി. കോടികളുടെ ഈ ഇടപാടിനെക്കുറിച്ചും അതിൽ തട്ടിപ്പു നടന്നിട്ടുണ്ടോ എന്നതിനെക്കുറിച്ചും കൃത്യമായ വിവരങ്ങൾ എസ്ഐടിയും ഇഡിയുമൊക്കെ കണ്ടെത്തട്ടെ. അതല്ല ഇടപാടുകളെല്ലാം നേർവഴിക്കായിരുന്നെങ്കിൽ അതും കണ്ടെത്തട്ടെ. നികുതി വെട്ടിപ്പ് അടക്കമുള്ള ആരോപണങ്ങൾ വിശദമായി അന്വേഷിക്കപ്പെടേണ്ടതാണ്.

ഫുട്ബോൾ ആരാധകരുടെ നാടാണു കേരളം. മെസിയോടും അർജന്‍റീന ടീമിനോടും ഏറെ ഇഷ്ടവും ആദരവും‌മുള്ള ഫുട്ബോൾ പ്രേമികളുടെ നാട്. മുൻ സർക്കാരിന്‍റെ കാലത്ത് കേരളത്തിൽ കളിക്കാൻ മെസിയും അർജന്‍റീനയും വരും എന്നു പ്രഖ്യാപിക്കപ്പെട്ടപ്പോൾ അവരൊക്കെ ആവേശഭരിതരായി. മെസിക്കു കളിക്കാൻ എന്ന പേരിൽ കൊച്ചിയിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം നവീകരിക്കുന്നതുമായി ബന്ധപ്പെട്ടും വലിയ തോതിൽ വിവാദങ്ങൾ ഉയർന്നിരുന്നു. മെസിയടങ്ങുന്ന അർജന്‍റീന ടീം കേരളത്തിൽ സൗഹൃദ മത്സരം കളിക്കാനെത്തുമെന്ന് മന്ത്രിയായിരിക്കെ അബ്ദുറഹ്‌മാൻ പല തവണ പറയുകയുണ്ടായി. പല വട്ടം തീയതികൾ മാറ്റിയതിനു ശേഷമാണ് ടീം കേരളത്തിലേക്കില്ല എന്ന് ഉറപ്പായത്. അർജന്‍റീന ടീം കേരളത്തെ വഞ്ചിച്ചു എന്നായിരുന്നു അബ്ദുറഹ്‌മാൻ അന്നു പറഞ്ഞത്. കേരളത്തിൽ അർജന്‍റീനയുടെ മത്സരം സംഘടിപ്പിക്കാൻ ശ്രമിച്ചത് സർക്കാർ തലത്തിലുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്നും സംസ്ഥാന സർക്കാരിന് ഒരു ചില്ലിക്കാശു പോലും നഷ്ടമായിട്ടില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. മത്സരം നടത്താൻ അർജന്‍റീന ഫുട്ബോൾ അസോസിയേഷനും (എഎഫ്എ) സ്പോൺസറും തമ്മിലാണ് കരാറൊപ്പിട്ടത് എന്നാണ് അദ്ദേഹം പറഞ്ഞത്. കേന്ദ്ര കായിക, ധന മന്ത്രാലയങ്ങളുടെ അനുമതി വാങ്ങിയിരുന്നുവെന്നും അന്നത്തെ കായിക മന്ത്രി പറയുകയുണ്ടായി.

ടീമിനെ കേരളത്തിലെത്തിക്കാൻ അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷന്1.5 കോടി യുഎസ് ഡോളര്‍ (ഏകദേശം 126 കോടി രൂപ) നല്‍കിയതായി സ്‌പോണ്‍സര്‍മാർ അവകാശപ്പെട്ടിരുന്നു. എന്നാല്‍, പണം കൈമാറിയതിന്‍റെയോ എഎഫ്എ അതു സ്വീകരിച്ചതിന്‍റെയോ യാതൊരു രേഖകളും സര്‍ക്കാരിനു ലഭിച്ചിട്ടില്ലെന്നാണ് യുഡിഎഫ് സർക്കാർ വന്ന ശേഷം ആരോപണങ്ങൾ അന്വേഷിച്ച കായിക വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നത്. വിദേശനാണയ വിനിമയ ചട്ടലംഘനം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണമെന്നും അതിൽ ശുപാർശ ചെയ്തിരുന്നു. എഎഫ്എയും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള കരാറിന്‍റെ രേഖയോ സ്‌പോണ്‍സറും സര്‍ക്കാരും തമ്മില്‍ കരാർ ഒപ്പുവച്ചതിന്‍റെ രേഖകളോ കണ്ടെത്താനായിട്ടില്ലത്രേ. മെസി വരും എന്ന വാഗ്ദാനം ആധികാരിക രേഖകള്‍ ഇല്ലാതെയാണെന്നും അതില്‍ പറഞ്ഞിരുന്നു. അർജന്‍റീന ടീം കേരളത്തില്‍ കളിക്കണമെങ്കില്‍ ഫിഫ രജിസ്‌ട്രേഷന്‍ അടക്കം നിര്‍ബന്ധമാണ്. എന്നാല്‍, ഫിഫ അംഗീകാരമോ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ അനുമതിയോ ഒന്നുമില്ലാതെയാണു വാഗ്ദാനം നല്‍കുന്നതിലേക്കു സ്പോൺസറും സര്‍ക്കാരും നീങ്ങിയത് എന്നാണു പറയുന്നത്. സ്പോൺസറെ തീരുമാനിച്ചതിൽ സർക്കാർ ചട്ടങ്ങള്‍ മറികടന്നുവെന്നും സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടന്നതു സുതാര്യമല്ലാതെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്തായാലും കേസ് വിശദമായി അന്വേഷിക്കപ്പെടുകയും സത്യം എന്തെന്നു പുറത്തുവരുകയും ചെയ്യേണ്ടതുണ്ട്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും പൂർണമായി സഹകരിക്കാൻ തയാറാണെന്നും കുറ്റാരോപിതർ വ്യക്തമാക്കിയിട്ടുണ്ട്. സത്യസന്ധമായ അന്വേഷണം തന്നെയാണ് ഇക്കാര്യത്തിൽ നടക്കേണ്ടത്.

logo
Metro Vaartha
www.metrovaartha.com