ജനങ്ങളിലേക്കിറങ്ങട്ടെ, മന്ത്രിമാർ| മുഖപ്രസംഗം

വോട്ടിട്ടവരെ കാണാനും അവരെ കേൾക്കാനും അവരുടെ ദുരിതങ്ങളും പ്രശ്നങ്ങളും പരിഹരിക്കാൻ മന്ത്രിമാരുൾപ്പെടെയുള്ളവർ മുന്നോട്ടുവരുന്നത് നല്ല കാര്യം
ജനങ്ങളിലേക്കിറങ്ങട്ടെ, മന്ത്രിമാർ| മുഖപ്രസംഗം
kb ganesh kumar

ദേശീയ പാതയില്‍ ഏറ്റവും കൂടുതല്‍ സിഗ്‌നലുകളില്‍ കാത്തുകിടക്കേണ്ടി വരുന്ന തൃശൂര്‍ – അരൂര്‍ പാതയിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ഇന്നലെ പരിശോധനയ്ക്കിറങ്ങിയത് സന്തോഷകരമാണ്. എന്തിന്‍റെ പേരിലാണെങ്കിലും മന്ത്രിമാർ സെക്രട്ടേറിയറ്റിലെ അധികാരത്തിന്‍റെ ശീതളിമയ്ക്കപ്പുറം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിവരുന്നത് എന്തുകൊണ്ടും സ്വാഗതം ചെയ്യപ്പെടണം. വോട്ടിട്ടവരെ കാണാനും അവരെ കേൾക്കാനും അവരുടെ ദുരിതങ്ങളും പ്രശ്നങ്ങളും പരിഹരിക്കാൻ മന്ത്രിമാരുൾപ്പെടെയുള്ളവർ മുന്നോട്ടുവരുന്നത് നല്ല കാര്യം.

ഹൈവേയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അനാവശ്യ സിഗ്നൽ ലൈറ്റുകൾ അണയ്ക്കുമെന്ന് മന്ത്രി അറിയിച്ചു. അശാസ്ത്രീയ സിഗ്നലുകൾ യാത്രാ കാലതാമസമുണ്ടാക്കുന്നുണ്ട്. അവ ഒഴിവാക്കി യൂ ടേണുകൾ അനുവദിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്നും അദ്ദേഹം ഉറപ്പുനൽകി. ചാലക്കുടിയിൽ അതിരപ്പിള്ളിയിലേക്ക് തിരിയുന്ന പാപ്പാളി ജംക്‌ഷനിലെ ബ്ലാക് സ്പോട്ട് മന്ത്രി നേരിട്ട് കണ്ടു. ദേശീയപാത, പൊതുമരാമത്ത് ഉദ്യോഗസ്ഥരും ജന പ്രതിനിധികളും നാട്ടുകാരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇത്തരം യാത്രകളിൽ ഫയലുകളിൽ നിന്ന് കിട്ടുന്നതിനെക്കാൾ അറിവ് മന്ത്രിക്ക് നേരിട്ട് ലഭിക്കുമെന്നത് ഗുണകരമാണ്.

പുത്തനച്ചി പുരപ്പുറം തൂക്കുന്നത് പുതിയ കാര്യമല്ല. ഗണേഷ് കുമാർ ആദ്യമായല്ല മന്ത്രിയാവുന്നതെങ്കിലും പിണറായി മന്ത്രിസഭയിൽ ആദ്യമായാണ് അധികാരക്കസേരയിൽ ഇരിക്കുന്നത്. ഡ്രൈവിങ് പരിഷ്കരണം കൂടിയേ തീരൂ. പക്ഷെ, അതിന് എടുത്തുചാട്ടം ഉചിതമല്ലെന്ന പാഠം ഇപ്പോൾ മന്ത്രിയും പഠിച്ചുകാണും. കെഎസ്ആർടിസിയിലുൾപ്പെടെ പ്രത്യാശാഭരിതമായ ചില നടപടികൾ നടന്നുവരികയായിരുന്നു. അതിൽ ഗണേഷ് കുമാറിന്‍റെ മുൻഗാമി ആന്‍റണി രാജുവിനും കെഎസ്ആർടിസി സിഎംഡി ആയിരുന്ന ബിജു പ്രഭാകറിനുമൊക്കെ പങ്കുണ്ടായിരുന്നുവെന്നത് യാഥാർഥ്യമാണ്. എന്നാൽ, അവിടത്തെ പരിഷ്കാരങ്ങളെയാകെ എടുത്ത് തോട്ടിലെറിയുമെന്ന മട്ടിൽ അധികാരമേറ്റ ഉടനെ നടത്തിയ പ്രസ്താവനകൾ ഒഴിവാക്കേണ്ടതായിരുന്നു.

മന്ത്രി മാറുന്നതനുസരിച്ചല്ല ഗതാഗത നയം മാറേണ്ടത്. ഡീസലും പെട്രോളുമല്ല ഭാവികാല ഇന്ധനമെന്ന തിരിച്ചറിവ് ഗതാഗത മന്ത്രിക്ക് ഉണ്ടാവണം. അപ്പോൾ വൈദ്യുതോർജത്തിൽ ഓടുന്നതുൾപ്പെടെയുള്ള വാഹനങ്ങൾ എങ്ങനെ വ്യാപകമാക്കണമെന്നാണ് ചിന്തിക്കേണ്ടത്. പ്രകൃതിക്കുണ്ടാവുന്ന പരുക്ക് എങ്ങനെ പരിഹരിക്കാമെന്ന് ലോകത്താകെ ആലോചന നടക്കുന്ന കാലയാളവിൽ അത് കണ്ടില്ലെന്ന് നടിക്കുന്നത് നാടിനെ എത്ര പിന്നോട്ടടിക്കുമെന്ന് ആലോചിക്കണം.

തിരുവനന്തപുരത്ത് സിഗ്നൽ സംവിധാനം ഏർപ്പെടുത്തിയ കാലം മുതൽ ഓരോ സിഗ്നലിനു മുന്നിലും വാഹനങ്ങൾ കാത്തുകിടക്കുമെന്ന സ്ഥിതി ഒഴിവാക്കുമെന്ന് അധികൃതർ പലതവണ പ്രഖ്യാപിച്ചിരുന്നു. ഒരു സിഗ്നലിൽ പച്ചവെളിച്ചം തെളിഞ്ഞാൽ വാഹനം അടുത്ത സിഗ്നലുകളിലെത്തുമ്പോഴും പച്ച കത്തുന്ന രീതി ഏർപ്പെടുത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ, നിർമിതബുദ്ധിയുടെ ഇക്കാലത്തും അമ്പതോ നൂറോ മീറ്ററിനുള്ളിലെ സിഗ്നലുകളിൽ കാത്തുകെട്ടിക്കിടക്കാനാണ് വാഹനയാത്രക്കാരുടെ വിധി. മുഖ്യമന്ത്രിയും മന്ത്രിമാരും പോവുമ്പോൾ സിഗ്നലുകൾ ഓഫ് ചെയ്തിടുമ്പോൾ അവർക്ക് ഈ ദുഃസ്ഥിതി ബാധകമാവുന്നില്ല. മന്ത്രിമാരുടെ മൂക്കിനു താഴെ തലസ്ഥാനത്ത് ഇതാണവസ്ഥയെങ്കിൽ മറ്റുള്ളിടങ്ങളിലെ കാര്യം പറയേണ്ടതില്ലല്ലോ.

ഇടക്കാലത്ത്, തിരുവനന്തപുരം മെഡിക്കൽ കോളെജിലും പേരൂർക്കട ആശുപത്രിയിലും ആരോഗ്യമന്ത്രി വീണാ ജോർജ് മിന്നൽ സന്ദർശനങ്ങൾ നടത്തിയിരുന്നു. അത് ഒപ്പിട്ട് മുങ്ങുന്ന വലിയൊരു വിഭാഗത്തിലുണ്ടാക്കിയ ഭീതി ആ ആശുപത്രികളിലെ സുഗമമായ നടത്തിപ്പിന് കുറച്ചുനാളെങ്കിലും സഹായകരമായി. എന്നാൽ, വീഴ്ച വരുത്തിയവർക്കെതിരായ നടപടികളെ ചെറുക്കാൻ ഭരണപക്ഷ സംഘടനകൾ രംഗത്തിറങ്ങിയതു കൊണ്ടാണോ എന്തോ, പിന്നീട് മന്ത്രിയുടെ മിന്നൽ സന്ദർശനങ്ങൾ നിലച്ചു.

തദ്ദേശ സ്വയംഭരണ മന്ത്രി പോകുന്ന വഴിയിലെ പഞ്ചായത്തോഫീസിലോ നഗരസഭയിലോ മുൻകൂട്ടി അറിയിക്കാതെ പോയാൽ അവിടെ കാത്തുനിൽക്കുന്ന ജനം അനുഭവിക്കുന്ന ബുദ്ധമുട്ട് നേരിട്ടറിയാനാവും. രണ്ടിടത്ത് പോവുകയും ആളില്ലാ കസേരകളെക്കുറിച്ച് അന്വേഷിക്കുകയും ഒപ്പിട്ട് മുങ്ങുന്നവർ പിടിയിലാവുകയും ചെയ്താൽ ആ ഓഫീസുകളിലെ സ്ഥിതിയിൽ മാറ്റമുണ്ടാവുമെന്നുറപ്പല്ലേ?താലൂക്ക് ഓഫീസുകളിലും വില്ലെജ് ഓഫീസുകളിലും റവന്യൂ മന്ത്രിയും സിവിൽ സപ്ലൈസ് ഓഫീസുകളിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രിയും മുൻകൂട്ടി ഇടയ്ക്കിടയ്ക്ക് സന്ദർശനം നടത്തട്ടെ. കൈക്കൂലി കൊടുത്താലേ കാര്യം നടക്കൂ എന്ന അവസ്ഥ മന്ത്രിമാരോട് ജനങ്ങൾ നേരിട്ട് ചൂണ്ടിക്കാട്ടും.

രാജഭരണ കാലത്ത് ജനഹിതമറിയാൻ വേഷപ്രച്ഛന്നരായി രാജാവും മന്ത്രിയും നാട്ടിൽ കറങ്ങിനടന്ന കഥകൾ കേട്ടിട്ടുണ്ട്. ചെക്ക് പോസ്റ്റുകളിലെ അഴിമതി അറിയാൻ വേഷപ്രച്ഛന്നനായി ഋഷിരാജ് സിങ് എന്ന ഐപിഎസ് ഓഫിസർ സഞ്ചരിച്ചപ്പോഴത്തെ കണ്ടെത്തലുകൾ കേരളം കണ്ടതാണ്. ഇന്നത്തെ കാലത്ത് വേഷപ്രച്ഛന്നരായൊന്നും സഞ്ചരിക്കേണ്ട. അവരവർക്ക് ചുമതലകളുള്ള ഓഫിസുകളിൽ ഇടയ്ക്കൊന്ന് മുന്നറിയിപ്പില്ലാതെ കയറാൻ മന്ത്രിമാർ തയാറായാൽ മതി. തലസ്ഥാനത്തെ ആസ്ഥാന ഓഫിസുകളിൽ അടയിരിക്കുന്ന ഉന്നതോദ്യോഗസ്ഥരെയും ഇടയ്ക്കിടക്കെങ്കിലും താഴേ തട്ടിലുള്ള ഓഫിസുകളിൽ മുൻകൂട്ടി അറിയിക്കാതെ പറഞ്ഞുവിടാനുള്ള നിർദേശം നൽകിയാൽ തന്നെ ബന്ധപ്പെട്ട വകുപ്പുകളിലെ അഴിമതിക്ക് അറുതിയാവും. ഗണേഷ് കുമാർ ജനങ്ങളിലേക്ക് നേരിട്ടിറങ്ങിയതിനെ സ്വാഗതം ചെയ്യുക തന്നെ വേണം. അത് വ്യാപകമാവട്ടെ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com