

ആത്മവിശ്വാസം പകർന്ന്
ജിഡിപി വളർച്ച
file photo
പ്രതീക്ഷിച്ച തിരിച്ചടിയുണ്ടായില്ലെന്നു മാത്രമല്ല മികച്ച വളർച്ചാനിരക്കു കൂടി നേടിയിരിക്കുകയാണ് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയത് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തെ ബാധിക്കുമെന്ന ആശങ്ക കഴിഞ്ഞ മാസങ്ങളിലുണ്ടായിരുന്നു. എന്നാൽ, ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ (ജൂലൈ- സെപ്റ്റംബര്‍) ഇന്ത്യയുടെ
മൊത്തം ആഭ്യന്തര ഉത്പാദനത്തിലെ (ജിഡിപി) വളർച്ച 8.2 ശതമാനം എന്നാണ് ഏതാനും ദിവസം മുൻപ് വ്യക്തമാക്കപ്പെട്ടത്. കരുത്തുള്ള സാമ്പത്തിക വ്യവസ്ഥയുടെ ചിത്രമാണ് ഇതു കാണിക്കുന്നത്. കേന്ദ്ര സർക്കാരിനും വ്യവസായ മേഖലയ്ക്കും ആശ്വാസകരമായ കണക്ക്. റിസർവ് ബാങ്കും മറ്റു ധനകാര്യ ഏജൻസികളും പ്രവചിച്ചിരുന്നത് ഏഴു മുതൽ ഏഴര വരെ ശതമാനം വളർച്ചയായിരുന്നു. അതിനുമപ്പുറം കടന്നുപോയി എന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്.
കഴിഞ്ഞ ആറു പാദത്തിനിടയിലെ ഏറ്റവും വലിയ വളര്‍ച്ചയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഒന്നാം പാദത്തിൽ 7.8% വളര്‍ച്ചയാണുണ്ടായത്. കഴിഞ്ഞവർഷം രണ്ടാം പാദത്തിൽ 5.6% വളർച്ചയും. അതുമായുള്ള താരതമ്യത്തിൽ ഏറെ മെച്ചപ്പെട്ട അവസ്ഥയാണിപ്പോൾ. എന്നാൽ, ഇന്ത്യ ജിഡിപി കണക്കുകൂട്ടുന്നതിൽ ചില അപാകതകളുണ്ടെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പറയുന്നുണ്ട്. ഇന്ത്യയ്ക്ക് അവർ മോശപ്പെട്ട "സി' ഗ്രേഡ് നിലനിർത്തുന്നത് അതിന്റെ അടിസ്ഥാനത്തിലാണ്. ഇന്ത്യയുടെ ജിഡിപി വളർച്ച വിശ്വസിക്കാവുന്നതല്ല എന്ന ഐഎംഎഫിന്റെ ആരോപണം പ്രതിപക്ഷം ഉയർത്തിപ്പിടിക്കുന്നുണ്ട് എന്നതും ഇതോടൊപ്പം പറയണം. ജിഡിപി കണക്കുകൂട്ടുന്നതിന് ഇന്ത്യ ഉപയോഗിക്കുന്ന അടിസ്ഥാന വർഷം ഇപ്പോൾ 2011-12 ആണ്. അതു മാറ്റേണ്ട സമയം കഴിഞ്ഞുവെന്നു പല വിദഗ്ധരും പറയുന്നുണ്ട്.
എന്തായാലും പ്രധാന സാമ്പത്തിക സൂചികകൾ കണക്കാക്കുന്ന അടിസ്ഥാന വർഷം മാറ്റാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. 2026ൽ പുതിയ "ബേസ് ഇയർ' നിലവിൽ വരുകയാണ്. ജിഡിപിയും വ്യവസായ ഉത്പാദനവും കണക്കാക്കുന്ന അടിസ്ഥാന വർഷം 2022-23 ആയി മാറുമെന്നാണു പറയുന്നത്. ഉപഭോക്തൃ നാണയപ്പെരുപ്പം കണക്കാക്കുന്ന അടിസ്ഥാന വർഷം 2023-24 ആയിരിക്കും. ഇതോടെ കണക്കുകൾ കൂടുതൽ കൃത്യതയുള്ളതായി മാറും. കേന്ദ്ര സർക്കാരിന്റെ ഊതിപ്പെരുപ്പിച്ച കണക്കുകൾ എന്ന പ്രതിപക്ഷ നേതാക്കളുടെ ആക്ഷേപം വ്യവസായ ലോകത്തിന്റെ ആത്മവിശ്വാസം കെടുത്തുന്നില്ല. ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക വ്യവസ്ഥയാണ് ഇന്ത്യയുടേത് എന്നതിൽ അവർ പ്രതീക്ഷകൾ വളർത്തുകയാണ്. നിരവധി ഉത്പന്നങ്ങൾക്കു ജിഎസ്ടി നിരക്ക് കുറച്ചതടക്കമുള്ള സർക്കാർ നടപടികൾ വരും പാദങ്ങളിലും ജിഡിപി വളർച്ചയെ സ്വാധീനിക്കുമെന്ന് അവർ കരുതുന്നുണ്ട്. മാനുഫാക്ചറിങ്, സേവന മേഖലകൾ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിൽ അസാധാരണ മികവു കാണിക്കുന്നു എന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മാനുഫാക്ചറിങ് മേഖല 9.1 ശതമാനവും സേവന മേഖല 9.2 ശതമാനവും വളർച്ചയാണു കഴിഞ്ഞ പാദത്തിൽ നേടിയത്. സാമ്പത്തിക സേവന മേഖലയിൽ 10.2 ശതമാനമാണു വളർച്ച. നിര്‍മാണ മേഖലയിലെ 7.2% വളര്‍ച്ചയും കാണാതിരിക്കാനാവില്ല. സാമ്പത്തിക വ്യവസ്ഥയുടെ ഉൾക്കരുത്തിന്റെ പ്രതിഫലനമാണ് മികച്ച ജിഡിപി വളർച്ചയെന്നാണു വ്യവസായികളുടെ സംഘടനയായ അസോചം പ്രതികരിച്ചിരിക്കുന്നത്. ആഗോള സാഹചര്യങ്ങൾ വെല്ലുവിളി നിറഞ്ഞതാവുമ്പോഴും സ്വയം കരുത്തുകാണിക്കാൻ ഇന്ത്യയ്ക്കു കഴിയുന്നുണ്ട്. ആഭ്യന്തര ഡിമാൻഡ് മെച്ചപ്പെടുന്നുണ്ട്. നാണയപ്പെരുപ്പം കുറയുന്നുണ്ട്. അമെരിക്ക ഉയർത്തുന്ന ഭീഷണി നേരിടാനാവുമെന്ന ആത്മവിശ്വാസം സാമ്പത്തിക വ്യവസ്ഥയിലുണ്ട്- വിദഗ്ധർ അഭിപ്രായപ്പെടുന്നു. അമെരിക്കയുടെ ഭീഷണികൾ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കില്ലെന്നു ട്രംപിനെ ബോധ്യപ്പെടുത്താൻ ഇന്ത്യയ്ക്കു പുതിയ കണക്കുകൾ ഉപകരിക്കും. യുഎസുമായുള്ള വാണിജ്യക്കരാറിൽ ഇന്ത്യയുടെ വിലപേശൽ ശക്തിയും ഇതു വർധിപ്പിക്കുന്നുണ്ട്.
ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് തീരുവ ഏർപ്പെടുത്തിയത് യുഎസിലേക്കുള്ള കയറ്റുമതിയെ കാര്യമായി ബാധിച്ചിട്ടുണ്ട് എന്നതു യാഥാർഥ്യമാണ്. ഈ വർഷം മേയ് മുതൽ ഒക്റ്റോബർ വരെയുള്ള കയറ്റുമതിയിൽ 28.5 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഏപ്രിലിൽ 10 ശതമാനമായിരുന്ന തീരുവ ഓഗസ്റ്റ് ആദ്യം 25 ശതമാനമായി. ഓഗസ്റ്റ് അവസാനം 50 ശതമാനമായും വർധിച്ചു. ഇതിന്റെ ഫലമായി ഏറ്റവും കനത്ത തിരിച്ചടിയുണ്ടായത് സെപ്റ്റംബറിലാണ്. ഈ വർഷം യുഎസിലേക്കുള്ള കയറ്റുമതി ഏറ്റവും കുറഞ്ഞ മാസം അതായിരുന്നു. സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്റ്റോബറിൽ യുഎസിലേക്കുള്ള കയറ്റുമതി വർധിച്ചു എന്ന കണക്കും പുറത്തുവന്നിട്ടുണ്ട്. യുഎസ് വിപണിയിലെ നഷ്ടം മറ്റു വിപണികളിലൂടെ നികത്തുക എന്നതാണ് ഇന്ത്യൻ കയറ്റുമതിക്കാർക്കുള്ള രക്ഷാമാർഗം. റിസർവ് ബാങ്കിന്റെ ധനനയ സമിതി യോഗം വരുന്ന ദിവസങ്ങളിൽ നടക്കാനിരിക്കുകയാണ്. സാമ്പത്തിക വളർച്ചയ്ക്കു കൂടുതൽ പ്രോത്സാഹനം എന്ന നിലയിൽ പലിശ വീണ്ടും കുറയ്ക്കുമോയെന്നു പലരും ഉറ്റുനോക്കുന്നുണ്ട്.