
നരേന്ദ്ര മോദിയും ഷി ജിൻപിങ്ങും.
ഇന്ത്യ-ചൈന ബന്ധങ്ങൾ ഊഷ്മളമാക്കുന്നതിനു വലിയ തോതിൽ സഹായിക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും തമ്മിൽ ഇന്നലെ നടന്ന കൂടിക്കാഴ്ച. ഷാങ്ഹായ് സഹകരണ സംഘടനാ (എസ് സിഒ) ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനയിലെത്തിയ പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്‍റുമായി ചർച്ച നടത്തിയ സാഹചര്യം തന്നെ പ്രത്യേകതയുള്ളതാണ്. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് അമെരിക്ക 50 ശതമാനം തീരുവ ഏർപ്പെടുത്തിയതിനു ശേഷമുള്ള ഈ കൂടിക്കാഴ്ച എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുന്നതാണ്. വ്യാപാര രംഗത്ത് ഇന്ത്യയുടെ പ്രധാന പങ്കാളിയായ അമെരിക്ക നമ്മുടെ കയറ്റുമതിക്കാർക്കു കനത്ത പ്രഹരമേൽപ്പിക്കുമ്പോൾ അതിന്‍റെ പ്രത്യാഘാതം മറികടക്കാൻ മറ്റു രാജ്യങ്ങളുമായി കൂടുതൽ വ്യാപാര ബന്ധം ഉറപ്പാക്കേണ്ടതുണ്ട്. ചൈനയുമായുള്ള സൗഹൃദം ആ നിലയ്ക്കു നമുക്കു വിലപ്പെട്ടതാവും. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ ചൈനയും ആഗ്രഹിക്കുന്നു എന്ന സൂചനയാണ് ഷി ജിൻപിങ്ങിന്‍റെ വാക്കുകളിലും തെളിയുന്നത്. ഇരു രാജ്യങ്ങളും ഒന്നിച്ചു നിൽക്കേണ്ടത് അത്യാവശ്യമാണെന്ന് ഷി പറയുന്നുണ്ട്. പരസ്പര വിശ്വാസവും ആദരവും പുലർത്തി രണ്ടു രാജ്യങ്ങളും സഹകരിച്ചു പ്രവർത്തിക്കുന്നത് 280 കോടി ജനങ്ങളുടെ ക്ഷേമത്തിന് ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കുന്നുണ്ട്. ബന്ധങ്ങൾ നല്ല രീതിയിൽ നിലനിർത്തുന്നതിനെക്കുറിച്ച് ഇരു നേതാക്കളും പറയുമ്പോൾ അതു വലിയ പ്രതീക്ഷകളാണു ജനങ്ങൾക്കു നൽകുന്നത്.
ലോകത്തു തന്നെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടു രാജ്യങ്ങൾ, അതും അയൽ രാജ്യങ്ങൾ, പ്രമുഖ സാമ്പത്തിക ശക്തികൾ, ഒന്നിച്ചുനിന്നാൽ ഏതു ഭീഷണിയും മറികടക്കാനാവും. അതിന് ചൈനയുടെ ഭാഗത്തുനിന്ന് ആത്മാർഥമായ സഹകരണം ഉണ്ടാവുമോ എന്നതു മാത്രമാണ് അറിയാനുള്ളത്. അതിർത്തി തർക്കങ്ങൾ സൗഹൃദത്തെ ബാധിക്കരുതെന്ന് ഷി പറയുന്നുണ്ട്. എന്നാൽ, അതിർത്തിയിൽ കടന്നുകയറ്റങ്ങൾക്ക് ചൈന തുനിയാതിരിക്കുക എന്നത് അവർക്കു സ്വയം തീരുമാനിക്കാവുന്നതേയുള്ളൂ. ചൈനയെ പ്രതിരോധിക്കേണ്ട ഒരവസ്ഥയിലേക്ക് ഇന്ത്യയെ തള്ളിവിടാതിരിക്കാൻ ഷിക്കു കഴിയും. ഇനിയെങ്കിലും അവർ അതു പാലിച്ചാൽ ഇന്ത്യ- ചൈന ബന്ധങ്ങളിൽ വിള്ളൽ വീഴാതെ മുന്നോട്ടു പോകാനാവും. എതിരാളികളല്ല, പങ്കാളികളാണ് എന്ന ബോധ്യം രണ്ടു രാജ്യങ്ങൾക്കും ഉണ്ടാവണം. ഇന്ത്യയുടെ പുരോഗതിക്കു ചൈനയും ചൈനയുടെ പുരോഗതിക്ക് ഇന്ത്യയും അവസരമൊരുക്കുന്നു എന്നു കരുതാനാവണം.
ഷി പറയുന്നതുപോലെ വ്യാളിയും ആനയും ഒന്നിച്ചു നൃത്തം ചെയ്യുന്നതു സന്തോഷകരം തന്നെയാണ്. പരസ്പര വിശ്വാസം വളർത്തുന്നതിന് ന്യൂഡൽഹിയും ബീജിങ്ങും തമ്മിലുള്ള ആശയവിനിമയം ശക്തമാവേണ്ടതുണ്ട്. ഇരു ഭാഗത്തുമുണ്ടാവുന്ന ആശങ്കകൾ ചർച്ച ചെയ്തു പരിഹാരം കാണേണ്ടതുണ്ട്. അതിർത്തി പ്രശ്നത്തിൽ ഇരു കൂട്ടർക്കും സ്വീകാര്യമായ പരിഹാരം കാണാനുള്ള ശ്രമങ്ങളുണ്ടാവുമെന്ന റിപ്പോർട്ടുകൾ സ്വാഗതാർഹമാണ്. ആഗോള വ്യാപാരത്തിൽ സ്ഥിരതയ്ക്കു വേണ്ടിയുള്ള പരിശ്രമങ്ങളും വേണ്ടതു തന്നെ. കിഴക്കൻ ലഡാഖിലെ സംഘർഷ സാഹചര്യം അവസാനിപ്പിക്കാൻ ഇന്ത്യയും ചൈനയും ധാരണയിലെത്തിയതിനു പിന്നാലെ കഴിഞ്ഞ വർഷം ഒക്റ്റോബറിൽ റഷ്യയിലെ കസാനിൽ വച്ച് മോദിയും ഷിയും തമ്മിൽ ചർച്ച നടത്തിയിരുന്നു. ആ ചർച്ച വളരെ ഫലപ്രദമായെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനു ദിശാബോധം നൽകിയെന്നും കരുതുന്നുണ്ട്. അതിന്‍റെ തുടർച്ച എന്ന നിലയിൽ വേണം ഇപ്പോഴത്തെ കൂടിക്കാഴ്ചയെയും കാണുന്നതിന്. അതിർത്തിയിൽ സമാധാനത്തിന്‍റെയും സ്ഥിരതയുടെയും അന്തരീക്ഷം നിലനിർത്തുന്നതിനു കഴിഞ്ഞാൽ രണ്ടു രാജ്യങ്ങൾക്കും അടുത്തു പ്രവർത്തിക്കാൻ തടസങ്ങളുണ്ടാവില്ല. ഇന്ത്യ-ചൈന ബന്ധത്തിലെ കെട്ടുറപ്പ് ആഗോള സാമ്പത്തിക രംഗത്തിനു തന്നെ നേട്ടമാവും.
ഏതാണ്ടു രണ്ടാഴ്ച മുൻപാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യയിൽ സന്ദർശനത്തിനെത്തിയത്. ഇന്ത്യയുടെ മുന്നേറ്റത്തിനു സംഭാവന നൽകാൻ ചൈനയ്ക്കു കഴിയുമെന്ന് ആ സന്ദർശനത്തിൽ അദ്ദേഹം അവകാശപ്പെടുകയുണ്ടായി. അഭിപ്രായ വ്യത്യാസങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കമായി മാറാതിരിക്കണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വാങ് യിയുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കുകയും ചെയ്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ച നടത്തിയ വാങ് യി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കണ്ട ശേഷമാണ് ഇന്ത്യയിൽ നിന്നു മടങ്ങിയത്. ഉഭയകക്ഷി ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്തേണ്ടതിന്‍റെ പ്രാധാന്യം ചൈനീസ് വിദേശകാര്യ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഇന്ത്യൻ നേതാക്കൾ എടുത്തുപറയുകയുണ്ടായി. ലിപുലേഖ്, ഷിപ്കി ലാ, നാഥു ലാ പാസുകള്‍ വഴി അതിര്‍ത്തി വ്യാപാരം പുനരാരംഭിക്കുക, നേരിട്ടുള്ള വിമാന കണക്റ്റിവിറ്റി പുനരാരംഭിക്കുക, ബിസിനസ്, ടൂറിസം എന്നിവയ്ക്കുള്ള വിസാ നടപടികള്‍ ലഘൂകരിക്കുക, തീര്‍ഥാടന പ്രവാഹം വർധിപ്പിക്കുക, ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും സുഗമമാക്കുക തുടങ്ങിയ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തുകയും ചെയ്തു. അതിനു ശേഷമാണ് ഇപ്പോൾ മോദിയുടെ ചൈനാ സന്ദർശനം നടക്കുന്നത്. ഏഴു വർഷത്തിനു ശേഷം ചൈനയിലെത്തിയ മോദിക്കു ലഭിച്ച ഹൃദ്യമായ വരവേൽപ്പ് സൗഹൃദബന്ധം ശക്തിപ്പെടുത്തുന്നതിന് ഉപകരിക്കട്ടെ.