

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച് കഴിഞ്ഞ ദിവസമുണ്ടായ സുപ്രീം കോടതി രണ്ടംഗ ബെഞ്ചിന്‍റെ നിരീക്ഷണം കേരളത്തെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ്. ഡാമിനു സുരക്ഷാഭീഷണി ആശങ്ക മാത്രമാണെന്നാണു കോടതി അഭിപ്രായപ്പെട്ടിരിക്കുന്നത്. 135 വർഷത്തെ കാലവർഷം അണക്കെട്ട് അതിജീവിച്ചതാണെന്നും ആകാശം ഇടിഞ്ഞുവീഴുമെന്ന് കാർട്ടൂൺ കഥാപാത്രം പറയുന്നതുപോലെയാണു ഭീഷണിയെക്കുറിച്ചുള്ള ആശങ്കയെന്നും ബെഞ്ച് നിരീക്ഷിക്കുന്നുണ്ട്. ഇത്രയും കാലവും ശക്തമായി നിന്ന അണക്കെട്ട് നിർമിച്ചവർക്ക് അഭിമാനപൂർവം നന്ദി പറയുകയാണെന്നും കോടതി അഭിപ്രായപ്പെടുന്നു. അണക്കെട്ട് ഉയർത്തുന്ന ഭീഷണിയുമായി ബന്ധപ്പെട്ട് ഡോ. ജോ ജോസഫ് ഫയൽ ചെയ്ത ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. അണക്കെട്ടുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്ന സാഹചര്യത്തിൽ ഈ ഹർജിയും ആ ബെഞ്ച് പരിഗണിക്കുന്നതിനായി മാറ്റുകയും ചെയ്തിട്ടുണ്ട്. അതായത് ഡാമിന്‍റെ സുരക്ഷ സംബന്ധിച്ചുള്ള അന്തിമ വിധി മൂന്നംഗ ബെഞ്ചിൽ നിന്നാണ് ഉണ്ടാവുക. ഈ ബെഞ്ചിൽ നമ്മുടെ വാദമുഖങ്ങൾ വ്യക്തമായും കൃത്യമായും അവതരിപ്പിക്കാൻ കഴിയുക എന്നതാണ് പുതിയ ഡാമിനു വേണ്ടിയുള്ള കേരളത്തിന്‍റെ ശ്രമങ്ങൾ വിജയത്തിലെത്തിക്കാൻ ആവശ്യമായിട്ടുള്ളത്. അതീവ ഗൗരവത്തിൽ ഇതിനെ കേരളം കാണേണ്ടതുണ്ട്.
എന്തായാലും സുരക്ഷാ ഭീഷണി ആശങ്ക മാത്രമാണ് എന്നു പറഞ്ഞ് കേരളത്തിനു സമാധാനിക്കാനാവില്ല. ആയിരക്കണക്കിനാളുകൾ ഈ ആശങ്കയും പേറി എത്രകാലം ജീവിക്കുമെന്നത് ഗൗരവമുള്ള പ്രശ്നം തന്നെയല്ലേ. ഡാമിനു തകരാർ സംഭവിച്ചാൽ ജീവൻ ഒഴുകിപ്പോകുമെന്നതാണ് ആശങ്ക. അതൊരു ചെറിയ ആശങ്കയല്ല. 50 വർഷത്തേക്കു നിർമിച്ച അണക്കെട്ട് 135 വർഷം നിലനിന്നു കഴിഞ്ഞു എന്നു പറയുമ്പോൾ അതിന്‍റെ സുരക്ഷിതത്വം മാത്രമല്ല എടുത്തു കാണേണ്ടത്. ഇനിയും എത്രകാലം ഈ അണക്കെട്ട് നിലനിർത്താനാവും എന്നു കൂടിയാണ്. എന്തിനും ഒരു കാലപരിധിയുണ്ട്. അതു കഴിഞ്ഞും നിലനിൽക്കുന്നുവെങ്കിൽ അതു സുരക്ഷിതമായതുകൊണ്ടാണെന്ന് ആശ്വസിച്ച് മുന്നോട്ടുപോകാനാവില്ല. പുതിയ അണക്കെട്ടിനുള്ള ശ്രമങ്ങൾ വൈകാതെ തുടങ്ങിയില്ലെങ്കിൽ നിലവിലുള്ള അണക്കെട്ടു സംബന്ധിച്ച ആശങ്ക കൂടിക്കൊണ്ടേയിരിക്കും. നിയമ നടപടികൾ മുന്നോട്ടു നീങ്ങുമ്പോൾ തന്നെ കോടതിക്കു പുറത്ത് അതിനൊരു ധാരണയുണ്ടാക്കാൻ കഴിയുമോയെന്നും സർക്കാരിനു നോക്കാവുന്നതാണ്. കേന്ദ്ര സർക്കാരിനെയും തമിഴ്നാട് സർക്കാരിനെയും കേരളത്തിന്‍റെ ആശങ്ക ബോധ്യപ്പെടുത്താൻ കഴിയുക എന്നതാണ് ഇതിൽ പ്രധാനം.
ഏതാനും ദിവസം മുൻപ് സംസ്ഥാന നിയമസഭയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അര്ലേക്കർ നടത്തിയ സർക്കാരിന്‍റെ നയപ്രഖ്യാപന പ്രസംഗത്തിൽ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ സമവായ ശ്രമം നടത്തുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രഖ്യാപനം വാക്കുകളിൽ ഒതുങ്ങരുതെന്നാണ് മുഴുവൻ മലയാളികളും ആഗ്രഹിക്കുന്നത്. ഡിഎംകെ സർക്കാരുമായി എൽഡിഎഫ് സർക്കാരിനുള്ള രാഷ്ട്രീയ സൗഹൃദം മുല്ലപ്പെരിയാറിൽ ശാശ്വത പരിഹാരം കണ്ടെത്താൻ സഹായിക്കുമെങ്കിൽ അതു വലിയ നേട്ടം തന്നെയാവും. ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുകയെന്നത് തമിഴ്നാടിന്‍റെ സ്വപ്നമാണെന്നും ഡിഎംകെ അതു യാഥാർഥ്യമാക്കുമെന്നും തമിഴ്നാട് ഗ്രാമവികസന മന്ത്രി ഐ. പെരിയസ്വാമി പറഞ്ഞത് അടുത്തിടെയാണ്. കേരളത്തിലെ ജനങ്ങളുടെ ആശങ്ക കാണാതെയുള്ള ഇത്തരം പ്രസ്താവനകൾ തമിഴ്നാടിന്‍റെ ഭാഗത്തുനിന്ന് ആവർത്തിക്കപ്പെടാതിരിക്കണം. തമിഴ്നാടിന് ജലലഭ്യത ഉറപ്പുവരുത്തുന്നതിന് കേരളത്തിനു യാതൊരു വിരോധവുമില്ല. അതേസമയം, സംസ്ഥാനത്തെ ജനങ്ങൾക്ക് ഡാം പൊട്ടുമെന്ന ആശങ്കയിൽ നിന്ന് മോചനമുണ്ടാവണം. അതിനു പുതിയ ഡാം മാത്രമാണു മാർഗം.
മുല്ലപ്പെരിയാർ അണക്കെട്ട് ഉയർത്തുന്ന സുരക്ഷാ ഭീഷണി സംബന്ധിച്ച് നേരത്തേ ന്യൂയോർക്ക് ടൈംസ് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. തകർച്ചാ സാധ്യതയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഡാമാണ് മുല്ലപ്പെരിയാറിലേത് എന്നത്രേ ആ ലേഖനത്തിൽ പറയുന്നത്. നദീസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഇന്‍റർനാഷണൽ റിവേഴ്സ് എന്ന സംഘടനയുടെ ഡയറക്റ്റർമാരായ ജോഷ് ക്ലെം, ഇസബെല്ല വിങ്ക്ലർ എന്നിവർ ചേർന്നാണ് ലേഖനം എഴുതിയിരുന്നത്. ലിബിയയിലെ വാഡി ഡെർനയിൽ രണ്ടു ഡാമുകൾ തകർന്ന് നിരവധിയാളുകൾ മരണമടഞ്ഞ പശ്ചാത്തലത്തിൽ കാലാവധി കഴിഞ്ഞ ഡാമുകൾ ഉയർത്തുന്ന ഭീഷണി വിശദീകരിച്ചാണു ലേഖനം യുഎസ് പത്രം പ്രസിദ്ധീകരിച്ചതും. കാലപ്പഴക്കം ചെന്ന ഡാമുകൾക്കു കൃത്യമായ അറ്റകുറ്റപ്പണികളും നിരീക്ഷണവുമില്ലെങ്കിൽ സമാനമായ ദുരന്തങ്ങൾ ആവർത്തിക്കാമെന്നു മുന്നറിയിപ്പു നൽകുന്ന ലേഖനത്തിൽ ഇന്ത്യയിലും ചൈനയിലുമായി ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യത്തിൽ നിർമിച്ച 28,000ലേറെ അണക്കെട്ടുകൾ കാലാവധി പിന്നിട്ട് അപകടാവസ്ഥയിലെന്നു മുന്നറിയിപ്പു നൽകുന്നുണ്ട്. അതിൽ എടുത്തുപറയുന്ന പേരാണ് മുല്ലപ്പെരിയാറിന്‍റേത്. നൂറു വർഷത്തിലധികം പഴക്കമുള്ള ഈ ഡാം സ്ഥിതി ചെയ്യുന്നതു ഭൂകമ്പസാധ്യതാ മേഖലയിലാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. തകർന്നാൽ 35 ലക്ഷത്തോളം പേരുടെ ജീവനാണ് അപകടത്തിലാകുക എന്ന ഓർമപ്പെടുത്തലും ന്യൂയോർക്ക് ടൈംസിന്‍റേതായുണ്ട്.
മുല്ലപ്പെരിയാറിന്‍റെ സുരക്ഷ സംബന്ധിച്ച് അതിനു മുൻപും ശേഷവും പല വിദഗ്ധരും ആശങ്കകൾ പങ്കുവച്ചിട്ടുണ്ട്. കേരള സർക്കാർ ഈ വിഷയം വർഷങ്ങളായി തമിഴ്നാടിനും കേന്ദ്ര സർക്കാരിനും മുന്നിൽ അവതരിപ്പിക്കുന്നതുമാണ്. അണക്കെട്ടിന്‍റെ കാലപ്പഴക്കം പരിഗണിക്കപ്പെടേണ്ടതാണെന്ന അഭിപ്രായം തമിഴ്നാട് മാനിക്കുന്നില്ല എന്നതാണു നിരാശാജനകമായിട്ടുള്ളത്. തമിഴ്നാടിനു വെള്ളം കൊടുക്കുന്നതിന് കേരളം ഒരിക്കലും എതിരുനിന്നിട്ടില്ല. കേരളത്തിനു സുരക്ഷയും തമിഴ്നാടിനു വെള്ളവും എന്നതാണ് കേരളത്തിന്‍റെ നിലപാട്. ലോകത്തു തന്നെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളിൽ ഉൾപ്പെട്ടതാണു മുല്ലപ്പെരിയാർ. അതും സുർക്കി മിശ്രിതം ഉപയോഗിച്ചു നിർമിച്ചത്. കുടിവെള്ള ക്ഷാമം നേരിട്ടിരുന്ന ദക്ഷിണ തമിഴ്നാടിന് ആവശ്യത്തിനു വെള്ളം നൽകിയതു മുല്ലപ്പെരിയാറാണ്. തമിഴ്നാടിന്‍റെ കാർഷിക മേഖലയ്ക്ക് മുല്ലപ്പെരിയാർ നൽകിയ സംഭാവന ചെറുതൊന്നുമല്ല. ഇപ്പോൾ ഓരോ വർഷക്കാലത്തും മലയാളികളുടെ നെഞ്ചിൽ തീകോരിയിടുകയാണ് ഈ ഡാം. അണക്കെട്ടിൽ വെള്ളം നിറയുമ്പോൾ മലയാളികളുടെ നെഞ്ചിടിപ്പും ഏറുന്നു. നിലവിലുള്ള ഡാം ഇനിയെത്ര കാലമാണ് അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്തി നിർത്തുക എന്ന ചോദ്യം എന്തുകൊണ്ടും പ്രസക്തമാണെന്ന് ബന്ധപ്പെട്ട എല്ലാവരും മനസിലാക്കേണ്ടതുണ്ട്.