

ജാൻവി
ടൂറിസം രംഗത്തു വളരെയേറെ സാധ്യതകൾ കാണുന്ന സംസ്ഥാനമാണു കേരളം. നമ്മുടെ പ്രകൃതി സൗന്ദര്യവും ഗതാഗത സൗകര്യങ്ങളും എല്ലാം ഉപയോഗപ്പെടുത്തിയും പരിസ്ഥിതി സംരക്ഷണത്തിനു പ്രാധാന്യം നൽകിയും ടൂറിസം വികസിപ്പിക്കാനുള്ള എല്ലാ സാധ്യതകളും സംസ്ഥാനം തേടുന്നുണ്ട്. ഈ രംഗത്തു പുതുതായി എന്തൊക്കെ ഉപയോഗപ്പെടുത്താനാവുമോ അവയെല്ലാം ഏറ്റവും ഭംഗിയായി ഉപയോഗിക്കുക എന്നതാണു നാം ലക്ഷ്യമിടേണ്ടത്. സംസ്ഥാനം മുഴുവൻ ഒരൊറ്റ ടൂറിസം ലക്ഷ്യകേന്ദ്രമായി മാറ്റിയെടുക്കുക എന്നൊക്കെയുള്ള പദ്ധതികൾ നേരത്തേ തന്നെ നാം പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരവാദിത്വ ടൂറിസം പ്രോത്സാഹിപ്പിച്ചുകൊണ്ട് തദ്ദേശീയർക്കു കൂടുതൽ തൊഴിലും വരുമാനവും ലഭ്യമാക്കുക എന്നതും കേരളത്തിന്‍റെ ലക്ഷ്യമാണ്. സംസ്ഥാനത്തിന്‍റെ ഭാവിവികസനം ടൂറിസത്തിൽ അധിഷ്ഠിതമായിരിക്കുമെന്നു വരെ കണക്കുകൂട്ടലുകളുള്ളപ്പോൾ അതിനു കോട്ടം സംഭവിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങൾ ഏതു മേഖലയിൽ നിന്നുണ്ടായാലും ശക്തമായി പ്രതിരോധിക്കേണ്ടതുണ്ട്. മൂന്നാറിൽ ഒരു മുംബൈ സ്വദേശിനിക്കുണ്ടായ ദുരനുഭവം കേരളത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. കുറ്റക്കാർക്കെതിരേ കർശനമായ നടപടി എടുക്കേണ്ടത് ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അത്യാവശ്യമാണ്.
മൂന്നാറിലെ ടാക്സി ഡ്രൈവർമാരിൽ നിന്നും പൊലീസിൽ നിന്നും നേരിട്ട ദുരനുഭവം കേരളം സന്ദർശിക്കാനെത്തിയ ജാൻവി എന്ന മുംബൈ സ്വദേശിനി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അസിസ്റ്റന്‍റ് പ്രഫസറായ ഈ യുവതി സുഹൃത്തുക്കൾക്കൊപ്പം ഓൺലൈൻ ടാക്സിയിലാണ് കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷം മൂന്നാറിലെത്തിയത്. എന്നാൽ, അവിടെ അവരുടെ ഓൺലൈൻ ടാക്സി യാത്ര തടയപ്പെട്ടു. ഓൺലൈൻ ടാക്സികൾക്ക് മൂന്നാറിൽ നിരോധനമാണ്, കോടതി ഉത്തരവുണ്ട് എന്നൊക്കെ പറഞ്ഞ് ഒരു സംഘം ടാക്സി ഡ്രൈവർമാർ തടയുകയായിരുന്നു. മൂന്നാറിലുള്ള ടാക്സി വിളിച്ചുതന്നെ പോകണം എന്നായിരുന്നു അവരുടെ ആവശ്യം. യാത്ര തുടരാനാവാതെ വന്നപ്പോൾ യുവതി പൊലീസിന്‍റെ സഹായം തേടി. എന്നാൽ, പൊലീസും ടാക്സി ഡ്രൈവർമാരുടെ അതേ നിലപാട് സ്വീകരിച്ചു. തുടർന്ന് മറ്റൊരു ടാക്സി വിളിച്ച് യാത്ര ചെയ്യേണ്ടിവന്നുവെന്നും സുരക്ഷിതത്വത്തിൽ ആശങ്ക തോന്നിയതിനാൽ മൂന്നാർ യാത്ര അവസാനിപ്പിച്ചു മടങ്ങിയെന്നുമാണു ജാൻവി പറയുന്നത്. ഇനി ഒരിക്കലും കേരളത്തിലേക്കു വരില്ലെന്നും യുവതി പറയുന്നുണ്ട്.
സ്ഥലത്തെ ടാക്സികൾക്ക് ഓട്ടം കിട്ടണമെന്ന ലക്ഷ്യം വച്ചാണ് ഈ ഡ്രൈവർമാർ ഓൺലൈൻ ടാക്സി തടഞ്ഞത് എന്നു വ്യക്തമാണ്. മൂന്നാറിൽ ഇത്തരത്തിലുള്ള പെരുമാറ്റം ആദ്യമായിട്ടല്ലെന്നും റിപ്പോർട്ടുകളുണ്ട്. ഓൺലൈൻ ടാക്സിയിലെത്തിയ നിരവധി പേർക്ക് ഇതുപോലെ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. സ്ഥലത്തുള്ള ടാക്സികൾ വളരെ കൂടിയ നിരക്കാണു വാങ്ങിക്കുന്നത് എന്നും പരാതിയുണ്ട്. ഓൺലൈൻ ടാക്സികൾ കുറഞ്ഞ നിരക്കിൽ ആളുകളെ കൊണ്ടുപോകുന്നു എന്നാണ് അവരെ തടയുന്നവരുടെ പരാതി. പുറത്തുനിന്നു വരുന്ന ഓൺലൈൻ ടാക്സിക്കാരെ അവർ മർദിക്കാറുമുണ്ടത്രേ. ഓൺലൈൻ ടാക്സി ഡ്രൈവർമാരും സ്ഥലത്തെ ടാക്സി ഡ്രൈവർമാരും തമ്മിലുള്ള സംഘർഷം പതിവാണെന്നും പറയുന്നു. എങ്ങനെ യാത്ര ചെയ്യണമെന്നു സ്വയം തീരുമാനിക്കാൻ എല്ലാ അവകാശവുമുള്ള നാട്ടിലാണ് ചിലർ തങ്ങളുടെ വാഹനത്തിൽ മാത്രമേ യാത്ര ചെയ്യാവൂ എന്നു ഭീഷണിപ്പെടുത്തുന്നത്. ഗൂണ്ടായിസത്തിലൂടെ വിനോദ സഞ്ചാരികളെ ഭയപ്പെടുത്തുന്നത്. ടൂറിസ്റ്റുകളെ ചൂഷണം ചെയ്യുന്നത്, സ്വസ്ഥത നശിപ്പിക്കുന്നത്, സർവോപരി ടൂറിസം രംഗത്തെയാകെ കളങ്കപ്പെടുത്തുന്നത്. തങ്ങളുടെ "നിർബന്ധിത' സേവനങ്ങൾക്കു മൂന്നും നാലും ഇരട്ടി തുക ആവശ്യപ്പെട്ട് ടൂറിസ്റ്റുകളുടെ മനംമടുപ്പിക്കുന്നവർ കേരളത്തിന്‍റെ മുഴുവൻ പേരിനുമാണ് മങ്ങലേൽപ്പിക്കുക.
പിഴിഞ്ഞെടുക്കാനുള്ളവരാണ് ടൂറിസ്റ്റുകൾ എന്ന മനോഭാവം ആദ്യം മാറണം. അതിഥികളോട് എത്ര നന്നായി പെരുമാറുന്നുവോ അതിനനുസരിച്ച് ടൂറിസ്റ്റുകളുടെ കേരളത്തോടുള്ള താത്പര്യവും കൂടും. വളരെ ചെറിയൊരു വിഭാഗം ആളുകളുടെ മോശമായ പെരുമാറ്റം നാടിനെ മൊത്തത്തിൽ നാണം കെടുത്തുകയും ചെയ്യും. സംസ്ഥാനത്തിനു പുറത്തുനിന്ന് ഇവിടെയെത്തുന്നവർക്കു പൂർണ സുരക്ഷിതത്വം തോന്നേണ്ടത് ടൂറിസം വികസനത്തിന് അനിവാര്യമാണ്. മൂന്നാറിൽ യുവതിയോടു മോശമായി പെരുമാറിയ ടാക്സി ഡ്രൈവർമാർ അറസ്റ്റിലായിട്ടുണ്ട്. രണ്ടു പൊലീസുകാർക്ക് സസ്പെൻഷനും നൽകിയിരിക്കുകയാണ്. ഗൂണ്ടായിസം കാണിച്ച ടാക്സി ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി ഗണേഷ്കുമാർ വ്യക്തമാക്കിയിട്ടുണ്ട്. അത് ഇനിയും ഇത്തരം പണികൾക്കിറങ്ങുന്നവർക്ക് ഒരു പാഠമാവണം. ഓൺലൈൻ ടാക്സി ഒരിടത്തും നിർത്തലാക്കിയിട്ടില്ലെന്ന മന്ത്രിയുടെ വിശദീകരണം എല്ലാവരും അറിയണം. ആരെങ്കിലും പറയുന്നതു കേട്ട് ഓൺലൈൻ ടാക്സിയാത്ര അവസാനിപ്പിക്കേണ്ടതില്ല. ഓൺലൈൻ ടാക്സി ഡ്രൈവർമാരും തൊഴിലാളികൾ തന്നെയാണ്. അവർക്കും തൊഴിലെടുത്തു ജീവിക്കാൻ അവകാശമുണ്ട്. ചുരുങ്ങിയപക്ഷം ഇതെങ്കിലും സ്വന്തം താത്പര്യം മാത്രം നോക്കുന്നവർ അറിയേണ്ടതുണ്ട്. ഗൂണ്ടകളുടെ പക്ഷം പിടിക്കുന്ന പൊലീസുകാർ എവിടെയുണ്ടെങ്കിലും അത് അപകടമാണ്. ടൂറിസ്റ്റുകൾക്ക് എല്ലാവിധ സംരക്ഷണവും നൽകേണ്ടവരാണ് തങ്ങളെന്ന് പൊലീസുകാർ അറിയട്ടെ.