

പരിസ്ഥിതി ലോല മേഖല
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല (ഇഎസ്എ) സംബന്ധിച്ച കരടു വിജ്ഞാപനവുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ മലയോര കർഷകരിൽ വലിയ ആശങ്ക നിലനിൽക്കുകയാണ്. വിജ്ഞാപനത്തിൽ കൃഷി ഭൂമിയും ജനവാസ മേഖലകളും ഉൾപ്പെടുന്നുണ്ടെന്നതിനാൽ അവിടെയൊക്കെ കടുത്ത നിയന്ത്രണങ്ങൾ വരുമെന്നും ക്രമേണ കുടിയിറക്കപ്പെടുമെന്നുമൊക്കെയുള്ള ആശങ്കകളാണുള്ളത്. അതുകൊണ്ടുതന്നെ വിജ്ഞാപനത്തിനെതിരേ മലയോര മേഖലകളിൽ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഏറ്റവും പുതിയ കരട് വിജ്ഞാപന പ്രകാരം സംസ്ഥാനത്തെ 131 വില്ലെജുകളാണു പരിസ്ഥിതി ലോല നിയന്ത്രണ മേഖലയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ അമ്പതിലേറെ വില്ലെജുകളും ഇടുക്കി ജില്ലയിലാണ്. വയനാട്ടിലെ 13 വില്ലെജുകൾ വിജ്ഞാപനത്തിൽ ഉൾപ്പെടുന്നുണ്ട്. മാനന്തവാടി താലൂക്കിൽ ഏഴും വൈത്തിരി താലൂക്കിൽ നാലും ബത്തേരി താലൂക്കിൽ രണ്ടും വില്ലെജുകളാണ് ഇഎസ്എയിൽ വരുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ഇത്തരം വില്ലെജുകളുണ്ട്.
ഇതിൽ കർഷകരും സാധാരണക്കാരും തിങ്ങിപ്പാർക്കുന്ന ജനവാസ മേഖലകളെ നിയന്ത്രണ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നു കേരള സർക്കാർ നേരത്തേ കേന്ദ്ര സർക്കാരിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ സംസ്ഥാനത്തിന്‍റെ ഈ ആവശ്യം പൂർണമായും തള്ളിക്കളഞ്ഞുകൊണ്ടാണു കേന്ദ്രം പുതിയ കരടു വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നതെന്നു മലയോര കർഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലയായി കേന്ദ്ര സർക്കാർ നിർദേശിച്ചിരിക്കുന്നത് 56,825.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ്. ഇതിൽ 9,993.7 ചതുരശ്ര കിലോമീറ്ററാണു കേരളത്തിലുള്ളത്. മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിലാണു ബാക്കി പ്രദേശങ്ങൾ. കേരളത്തിൽ 98 വില്ലെജുകളിലെ 8,590.69 ചതുരശ്ര കിലോമീറ്ററായി ഇഎസ്എ ചുരുക്കണമെന്നാണ് എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.
കേരളത്തിലെ ഉയർന്ന ജനസാന്ദ്രതയും കാർഷിക സാഹചര്യങ്ങളും കണക്കിലെടുത്ത് ആവശ്യമായ ഇളവുകൾ നൽകുക എന്നതാണു നമ്മുടെ ആവശ്യം. കൃഷിയിടങ്ങളും ജനവാസ മേഖലകളും തോട്ടങ്ങളും ഒഴിവാക്കിക്കൊണ്ടുള്ള ഇഎസ്എ നിർണയം ഉണ്ടാവേണ്ടതിന്‍റെ ആവശ്യകത പക്ഷേ, കേന്ദ്ര സർക്കാരിനു ബോധ്യപ്പെടുന്നുണ്ടോ എന്നതാണു സംശയകരമായി തുടരുന്നത്. ഒരു വില്ലെജിന്‍റെ ചെറിയൊരു ഭാഗത്തു വനമുണ്ടെങ്കിൽ പോലും ആ വില്ലെജ് മുഴുവൻ ഇഎസ്എയിൽ പെടുത്തുന്നതു ന്യായമല്ല എന്ന വാദം മലയോര കർഷകർ ഉന്നയിക്കുന്നുണ്ട്. ഒരു വില്ലെജ് അപ്പാടെ ഇഎസ്എ പട്ടികയിൽ പെടുമ്പോൾ അവിടുത്തെ ജനങ്ങളുടെ ജീവിതത്തെ അത് എങ്ങനെ ബാധിക്കുമെന്നു കൂടി പരിശോധിക്കേണ്ടതുണ്ട്. കേരളത്തിന്‍റെ സവിശേഷ സാഹചര്യം കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്താനും പൊതുവിൽ സ്വീകാര്യമായ ഒരു തീരുമാനത്തിലെത്താനും കഴിയണം.
ഇഎസ്എയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളും സിഎച്ച്ആര്‍ പ്രദേശങ്ങളും പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള നിർദേശം കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും ഇതിനായി പരിസ്ഥിതി വകുപ്പ് സമഗ്രമായ മാപ്പ് തയാറാക്കുന്നുണ്ടെന്നുമാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിരിക്കുന്നത്. ജനവാസ, കാർഷിക ഭൂമികളെ പൂർണമായും ഒഴിവാക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചു വരികയാണെന്നു കൃഷി മന്ത്രി ടി. സിദ്ദിഖും അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുപ്പതിലധികം വില്ലെജുകളെ പട്ടികയിൽ നിന്നു പൂർണമായും ഒഴിവാക്കാനും ബാക്കിയുള്ള വില്ലെജുകളിൽ ജനവാസ കേന്ദ്രങ്ങളെയും കാർഷിക ഭൂമികളെയും ഇഎസ്എ പരിധിയിൽ നിന്ന് മാറ്റാനുമാണു സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്നും കൃഷി മന്ത്രി പറയുന്നുണ്ട്. കരടു വിജ്ഞാപനത്തിന്മേലുള്ള സംസ്ഥാന സർക്കാരിന്‍റെ മറുപടി സമഗ്രവും കൃത്യവുമായിരിക്കണമെന്നാണു മലയോര കർഷകർ ആഗ്രഹിക്കുന്നത്. പ്രളയവും ഉരുൾപൊട്ടലുകളും ആശങ്ക വർധിപ്പിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനത്തു പരിസ്ഥിതി ലോല മേഖലകൾ നിർണയിക്കുന്നതും അവിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും അനിവാര്യമാണ് എന്നതിൽ സംശയമൊന്നുമില്ല. പ്രകൃതി സ്നേഹം വാക്കുകളിൽ മാത്രം ഒതുക്കേണ്ടതുമല്ല. എന്നാൽ, അതു ബാധിക്കുന്ന മനുഷ്യരെ കൂടി ഓരോ തീരുമാനമെടുക്കുമ്പോഴും പരിഗണിക്കേണ്ടതുണ്ട്. പരിസ്ഥിതിലോല മേഖലകളുടെ സംരക്ഷണം സംബന്ധിച്ച് എന്തായാലും വ്യക്തമായൊരു ചിത്രം ഉരുത്തിരിഞ്ഞു വരേണ്ടതായിട്ടാണിരിക്കുന്നത്.