ചോദ്യങ്ങളുയർത്തുന്ന തീനാളങ്ങൾ | മുഖപ്രസംഗം

കുറ്റക്കാർക്കെതിരേ കർശനമായ നടപടി സ്വീകരിക്കാനും കഴിയണം.
mysteries behind Kozhikode shopping complex fire

ചോദ്യങ്ങളുയർത്തുന്ന തീനാളങ്ങൾ | മുഖപ്രസംഗം

Updated on

കോഴിക്കോട് നഗരത്തെ മണിക്കൂറുകളോളം ഭീതിയുടെ മുൾമുനയിൽ നിർത്തിയ തീപിടിത്തം പല ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. അശാസ്ത്രീയമായ നിർമാണങ്ങളും സുരക്ഷാസംവിധാനങ്ങളുടെ പാളിച്ചകളും മുതൽ അട്ടിമറി വരെ പരിശോധിക്കപ്പെടേണ്ട സാധ്യതകൾ പലതാണ്. എല്ലാ ദുരൂഹതകളും സംശ‍യങ്ങളും നീങ്ങേണ്ടത് അന്വേഷണത്തിലാണ്. പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഇലക്‌ട്രിക്കൽ ഇൻസ്പെക്റ്ററേറ്റും അഗ്നിശമന സേനയും തീപിടിത്തമുണ്ടായ കെട്ടിടത്തിൽ പരിശോധനകൾ നടത്തിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കോഴിക്കോട് ജില്ലാ കലക്റ്റർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകിയിട്ടുണ്ട്. എത്രയും വേഗം അന്വേഷണങ്ങളുടെയെല്ലാം ഫലം അറിയാനാവട്ടെ. എന്തൊക്കെയാണു പാളിച്ചകൾ സംഭവിച്ചതെന്ന് കൃത്യമായി കണ്ടെത്താനാവട്ടെ. കോഴിക്കോട് നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ തീ കത്തിപ്പടരാൻ ഇടയാക്കിയ സാഹചര്യമുണ്ടാക്കിയത് ആരുടെയെങ്കിലും വീഴ്ചയാണെങ്കിൽ അതു കണ്ടെത്താനും കുറ്റക്കാർക്കെതിരേ കർശനമായ നടപടി സ്വീകരിക്കാനും കഴിയണം.

കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടാക്കിയ അഗ്നിബാധ നഗരഹൃദയത്തിലെ ബസ് സ്റ്റാൻഡിലാണ് ഉണ്ടായതെന്നത് പ്രത്യേകം ഓർക്കേണ്ടതാണ്. ഞായറാഴ്ചയായതിനാൽ പരിസരത്ത് തിരക്ക് താരതമ്യേന കുറവായിരുന്നു എന്നു പറയാം. സാധാരണ പ്രവൃത്തി ദിവസങ്ങളിലെ വൈകുന്നേരങ്ങളിൽ വലിയ തോതിലുള്ള തിരക്ക് ഉണ്ടാവുന്ന പ്രദേശമാണിത്. ബസ് സ്റ്റാൻഡിൽ അടക്കം ഉണ്ടായിരുന്ന ആളുകളെ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിഞ്ഞു എന്നത് ആശ്വാസം പകരുന്നു. പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ വൈകിട്ട് അഞ്ചു മണിയോടെയാണ് തീപിടിത്തമുണ്ടാവുന്നത്. ആളിക്കത്തിയ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതു തന്നെ അഞ്ചു മണിക്കൂർ കൊണ്ടാണ്. ഈ സമയമത്രയും നഗരം കറുത്ത പുക നിറഞ്ഞു നിന്നു. തീപിടിത്തമുണ്ടായ തുണി ഗോഡൗണിൽ പൂർണമായും തീ അണയ്ക്കാൻ പിന്നെയും സമയമെടുത്തു. മലബാറിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി നി​ര​വ​ധി അഗ്നിരക്ഷാസേനാ യൂണിറ്റുകൾ തീ അണയ്ക്കാൻ എത്തിയിരുന്നു. ഇത്രയേറെ യൂണിറ്റുകൾ എത്തിയിട്ടും തീ അണയ്ക്കാൻ വൈകിയത് എന്തുകൊണ്ടാണ് എന്ന ചോദ്യം ഉത്തരം തേടുകയാണ്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ക്രാഷ് ടെൻഡർ യന്ത്രവും എത്തിച്ചാണ് തീ കെടുത്തിയത്. അശാസ്ത്രീയമായ ചില നിർമാണങ്ങൾ അഗ്നിശമന സേനയ്ക്കു തടസമുണ്ടാക്കി എന്നു പറയുന്നുണ്ട്. ഫയർ യൂണിറ്റുകൾ ആധുനികവത്കരിക്കാത്തതിന്‍റെ പ്രശ്നവും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. എല്ലാം പരിശോധിക്കപ്പെടണം.

കെട്ടിടത്തിലെ മുറികൾ വാടകയ്ക്കെടുത്ത ചില കടയുടമകൾ തുറന്ന സ്ഥലങ്ങൾ അടച്ചുകെട്ടിയത് അനുമതിയില്ലാതെയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇത്തരം അടച്ചുകെട്ടലുകൾ രക്ഷാപ്രവർത്തനത്തിനു വെല്ലുവിളിയായി എന്നും പറയുന്നു. നഗരസഭാധികൃതരുടെ മൗനാനുവാദത്തോടെയാണോ നിയമലംഘനങ്ങൾ ഉണ്ടായതെന്ന് അറിയേണ്ടിയിരിക്കുന്നു. അനധികൃതമായി കെട്ടിയടച്ച വരാന്തയ്ക്ക് ഉൾപ്പെടെ കോർപ്പറേഷൻ വാടക വാങ്ങുന്നുണ്ടെന്നും ചില റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ അനധികൃത നിർമാണം നഗരസഭ അറിഞ്ഞു തന്നെയാവണമല്ലോ. അറിഞ്ഞാണോ അറിയാതെയാണോ എന്നൊക്കെ ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ട്. അത് വ്യക്തമാക്കേണ്ടതു നഗരസഭാ അധികൃതർ തന്നെയാണ്. എന്തായാലും കെട്ടിടം അനധികൃതമായി കെട്ടിയടച്ചതുകൊണ്ടാണ് അപകടത്തിന്‍റെ വ്യാപ്തി ഇത്രയും വലുതായതെങ്കിൽ അതു ഗുരുതരമായ കുറ്റമാണ്. ഇത് കോഴിക്കോട്ടെ ഒരു കെട്ടിടത്തിലെ മാത്രം പ്രശ്നമായി കാണേണ്ടതല്ല. കേരളത്തിലെ സർക്കാർ കെട്ടിടങ്ങളിൽ എവിടെയൊക്കെ ഇത്തരത്തിൽ നിയമവിരുദ്ധമായ കൂട്ടിച്ചേർക്കലുകൾ നടന്നിട്ടുണ്ടെന്നു പരിശോധിക്കേണ്ടതാണ്. കോഴിക്കോട്ടുണ്ടായതു നല്ലൊരു പാഠമായി സർക്കാർ കരുതണം. സുരക്ഷാസംവിധാനങ്ങളിൽ വീഴ്ചകൾ വരുത്തിയാൽ എവിടെയും എപ്പോഴും ദുരന്തങ്ങളുണ്ടാവാം. ഇടക്കിടെ അഗ്നിരക്ഷാ പരിശോധനകൾ നടത്തിയാലേ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടോ എന്നു കണ്ടെത്താനാവൂ. നോക്കാനും പറയാനും ആരുമില്ലെന്നു വന്നാൽ സർക്കാർ കെട്ടിടങ്ങളിലെ സുരക്ഷയൊക്കെ കാറ്റിൽ പറക്കുമെന്നുറപ്പാണ്.

സുരക്ഷാ കാര്യങ്ങളിൽ അലംഭാവമുണ്ടായാൽ എത്ര വലിയ ദുരന്തത്തിനാണ് അതു വഴിയൊരുക്കാവുന്നതെന്ന് ഏതാനും ദിവസം മുൻപ് കോഴിക്കോട് മെഡിക്കൽ കോളെജിലും നാം കാണുകയുണ്ടായി. അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിലെ യുപിഎസ് റൂമിൽ പൊട്ടിത്തെറിയും തീ പിടിത്തവുമുണ്ടായപ്പോൾ നിരവധി രോഗികളുടെ ജീവൻ രക്ഷിക്കാനായത് മികച്ച രീതിയിൽ രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞതുകൊണ്ടാണ്. ആരോഗ്യനില തീരെ മോശമായിരുന്ന നിരവധി രോഗികളെയാണ് അത്യാഹിത വിഭാഗത്തിൽ നിന്ന് അടിയന്തരമായി മാറ്റേണ്ടിവന്നത്. വടക്കൻ ജില്ലകളിലെ ആയിരക്കണക്കിനാളുകൾ ആശ്രയിക്കുന്ന ഈ മെഡിക്കൽ കോളെജ് കേരളത്തിലെ ഏറ്റവും തിരക്കുള്ള ആശുപത്രികളിലൊന്നാണ്. അവിടെപോലും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതു സംഭവിച്ചു എന്നോർക്കണം. കെട്ടിടനിർമാണത്തിലെ അശാസ്ത്രീയതയും അഗ്നിരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയും അടക്കം വിഷയങ്ങൾ ഇവിടെയും ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. ആദ്യ തീപിടിത്തത്തിന്‍റെ ആശങ്ക മാറും മുൻപ് മെഡിക്കൽ കോളെജിൽ വീണ്ടും തീപിടിത്തമുണ്ടായതും ഓർക്കാവുന്നതാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com