
നരേന്ദ്രമോദി, ഡോണൾഡ് ട്രംപ്
ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളിയാണ് അമെരിക്ക. ഈ വ്യാപാരബന്ധം ശക്തമായി നിലനിൽക്കേണ്ടത് ഇരു രാജ്യങ്ങൾക്കും ആവശ്യമാണു താനും. എന്നാൽ, അതിനു തടസം സൃഷ്ടിക്കുകയാണ് ഇന്ത്യയ്ക്കെതിരേ നികുതിയുദ്ധം പ്രഖ്യാപിച്ചുകൊണ്ട് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ചെയ്തിരിക്കുന്നത്. സൗഹൃദരാജ്യം എന്ന നിലയിൽ ഇന്ത്യയോടു സ്വീകരിക്കേണ്ട സമീപനമല്ല ട്രംപിൽ നിന്ന് ഉണ്ടായിരിക്കുന്നതെന്നു വാണിജ്യ- വ്യാപാര രംഗവുമായി ബന്ധപ്പെട്ട വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്കു മേൽ 25 ശതമാനം നികുതി ചുമത്തിയ ട്രംപ്, റഷ്യൻ എണ്ണയും സൈനിക സാമഗ്രികളും വാങ്ങുന്നതിന് 10 ശതമാനം പിഴയും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയുടെ കയറ്റുമതിയെയും കയറ്റുമതിക്കാരെയും ഇതു ബാധിക്കുമെന്നുറപ്പാണ്. തുകൽ, തുണി, രത്നങ്ങൾ, സമുദ്രോത്പന്നങ്ങൾ തുടങ്ങി പല മേഖലകളിലെയും കയറ്റുമതിയെ ഇതു ബാധിക്കുമെന്ന് വ്യാപാരികൾ ആശങ്കപ്പെടുന്നുണ്ട്.
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ എങ്ങുമെത്താതെ നിൽക്കുമ്പോഴാണ് അമെരിക്കൻ താത്പര്യങ്ങളുടെ പേരുപറഞ്ഞ് ട്രംപ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അധികത്തീരുവ ചുമത്തുന്നത്. വ്യാപാരക്കരാറിന്മേലുള്ള ചർച്ചകൾ തുടരുമെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, അതിലൊരു തീർപ്പ് എന്നത്തേക്ക് ഉണ്ടാവുമെന്നു പറയാനാവില്ല. അമെരിക്കയിൽ നിന്നുള്ള ഇറക്കുമതിക്ക് അധികത്തീരുവ ചുമത്താൻ ഇന്ത്യയും തുനിഞ്ഞാൽ അതു വ്യാപാര ബന്ധത്തെ കൂടുതൽ ബാധിച്ചേക്കാം. മൈക്രോസോഫ്റ്റ്, ഗൂഗിൾ, മെറ്റ, ആമസോൺ തുടങ്ങിയ യുഎസ് കമ്പനികൾക്കുള്ള ഡിജിറ്റൽ ടാക്സ് ഈ വർഷം ഓഗസ്റ്റ് ഒന്നുമുതൽ കേന്ദ്ര സർക്കാർ പിൻവലിച്ചിരുന്നു. അതു വീണ്ടും ഈടാക്കുന്നത് അടക്കം കേന്ദ്ര സർക്കാർ ആലോചിച്ചേക്കുമെന്നു ചില റിപ്പോർട്ടുകളുണ്ട്.
ട്രംപിന്‍റെ നീക്കം കണ്ട് വേവലാതിപ്പെട്ട് യുഎസ് ആവശ്യങ്ങൾക്കു വഴങ്ങാൻ കേന്ദ്ര സർക്കാർ തയാറാവില്ലെന്നു തന്നെയാണു കരുതുന്നത്. ഏതാനും ദിവസം മുൻപ് വാരാണസിയിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതു സംബന്ധിച്ചു വ്യക്തമായ സൂചന നൽകിയിട്ടുണ്ട്. രാജ്യത്തിന് അതിന്‍റേതായ സാമ്പത്തിക മുൻഗണനകളുണ്ടെന്നാണു പ്രധാനമന്ത്രി പറഞ്ഞത്. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള പ്രയാണത്തിലാണ് ഇന്ത്യ. അതിനു കോട്ടം തട്ടുന്ന തരത്തിലുള്ള നടപടികൾ രാജ്യത്തിനു സ്വീകരിക്കാനാവില്ല. ഇന്ത്യയുടെ കാർഷിക, ക്ഷീര മേഖലകളിൽ കടന്നുകയറാനുള്ള അവസരമാണ് വ്യാപാരക്കരാറിലൂടെ അമെരിക്ക ലക്ഷ്യമിടുന്നത്. അത് അംഗീകരിച്ചാൽ ഇന്ത്യൻ കർഷകർക്കു വലിയ തോതിലുള്ള തിരിച്ചടിയുണ്ടാവുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ നമ്മുടെ കർഷകരെ സംരക്ഷിച്ചുകൊണ്ടുള്ള നയസമീപനങ്ങളേ സ്വീകരിക്കാനാവൂ.
ഏതു രാജ്യമായാലും സ്വന്തം താത്പര്യങ്ങളിൽ ശ്രദ്ധ പതിപ്പിച്ചേ മതിയാവൂ. അത് യുഎസിനു മാത്രമല്ല ഇന്ത്യയ്ക്കും ബാധകമാണ്. സ്വദേശി ഉത്പന്നങ്ങൾക്കു പ്രാധാന്യം നൽകണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുന്നതിനു പിന്നിലും അതുണ്ട്. വ്യാപാരികളും ഉപഭോക്താക്കളും ഇന്ത്യൻ ഉത്പന്നങ്ങളെക്കുറിച്ചു ബോധവാന്മാരായിരിക്കണമെന്നാണു മോദി പറയുന്നത്. സ്വദേശി ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് രാഷ്‌ട്രീയ നേതാക്കളും പാർട്ടികളുമെല്ലാം വിയോജിപ്പുകൾ മറന്ന് ഒന്നിക്കുകയാണു വേണ്ടത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതു നിർത്തണമെന്നാണു ട്രംപ് ഭരണകൂടം അഗ്രഹിക്കുന്നത്. എന്നാൽ, യുഎസ് ആവശ്യത്തിനു വഴങ്ങില്ലെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ഇന്ത്യയ്ക്കു വലിയ തോതിലുള്ള സഹായമായി മാറുന്നുണ്ട്. അത് അവഗണിച്ചുകൊണ്ട് അമെരിക്കൻ താത്പര്യങ്ങൾക്കു വേണ്ടി നിലകൊള്ളാനാവില്ല. ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. നാം ഇപ്പോൾ ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങുന്നതും റഷ്യയിൽ നിന്നാണ്. റഷ്യ കയറ്റുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്‍റെ 38 ശതമാനം ഇന്ത്യയിലേക്കാണ്. പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ എണ്ണയ്ക്ക് ഉപരോധം ഏർപ്പെടുത്തിയ ശേഷമാണ് ഇത്തരത്തിൽ ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുതിച്ചുയർന്നത്. റഷ്യൻ എണ്ണ കയറ്റുമതിയുടെ 47 ശതമാനം ചൈനയിലേക്കാണ് എന്നതും ഇതിനൊപ്പം ഓർക്കണം. ഇന്ത്യയും ചൈനയും ചേർന്ന് റഷ്യയെ സഹായിക്കുന്നു എന്ന നിലപാടാണു യുഎസിനുള്ളത്.
റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിലൂടെ യുദ്ധത്തിനു വേണ്ടി സാമ്പത്തിക സഹായം നൽകുന്നു എന്നു യുഎസ് വ്യാഖ്യാനിക്കുകയാണ്. എന്നാൽ, ഇന്ത്യയ്ക്ക് രാജ്യത്തിന്‍റെ ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്. അമെരിക്കയുമായുള്ള ബന്ധം നിലനിർത്തുന്നത് മറ്റു രാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കിക്കൊണ്ടാവണം എന്നു നിർബന്ധം പിടിച്ചാൽ അത് അംഗീകരിക്കാൻ കഴിയുന്നതല്ല. കേന്ദ്ര സർക്കാരിന്‍റെ നിലപാടിൽ നിന്ന് അത് ട്രംപിനു മനസിലാവേണ്ടതാണ്. വ്യാപാരക്കമ്മി നികത്തുന്നതിനുള്ള സഹായമെന്ന നിലയിൽ യുഎസിൽ നിന്നുള്ള ക്രൂഡ് ഓയിൽ, പ്രകൃതി വാതക ഇറക്കുമതി ഇന്ത്യ വർധിപ്പിച്ചിട്ടുണ്ടെന്നു റിപ്പോർട്ടുകളുണ്ട്. മുൻപ് ഇന്ത്യയിലെ ക്രൂഡ് ഓയിൽ വിപണിയിൽ മൂന്നു ശതമാനമായിരുന്നു യുഎസ് വിഹിതമെങ്കിൽ ഇപ്പോൾ എട്ടു ശതമാനമായി ഉയർന്നിട്ടുണ്ടത്രേ. യുഎസിന്‍റെ എണ്ണ കൂടുതൽ വാങ്ങുന്നത് വ്യാപാര ബന്ധം മെച്ചപ്പെടുത്തുമെങ്കിൽ നല്ലത്. എന്നാൽ, ഇന്ത്യ ആരിൽ നിന്നൊക്കെ എണ്ണ വാങ്ങണം എന്നു തീരുമാനിക്കേണ്ടതു യുഎസ് അല്ല.