
യാത്രകളിൽ അക്രമികളെയും സാമൂഹിക വിരുദ്ധരെയും ഭയക്കേണ്ടിവരുന്ന സാഹചര്യം രൂപപ്പെട്ടു വരാതെ നോക്കേണ്ടത് എത്രയും അത്യാവശ്യമാണ്. പലവിധ ലഹരി വസ്തുക്കളുടെ വ്യാപകമായ ഉപയോഗം ഏതു ക്രൂരകൃത്യവും ചെയ്യാൻ അക്രമികൾക്കു ധൈര്യം പകരുന്നുണ്ടാവാം. മാനസികാരോഗ്യം മോശമായ വ്യക്തികളുടെ മനുഷ്യത്വരഹിതമായ ചിന്തകളാവാം അക്രമവാസന വർധിപ്പിക്കുന്നത്. പൊലീസ് സംവിധാനങ്ങളെ ക്രിമിനലുകൾക്കു ഭയമില്ലാതെയാകുന്നതും അക്രമ സംഭവങ്ങൾ വർധിക്കുന്നതിനു കാരണമാവാം. ഇങ്ങനെയൊക്കെയുള്ളവർ അഴിഞ്ഞാടുന്ന സമൂഹമായി നമ്മുടെ സംസ്ഥാനം മാറിക്കൂടാ. അതുകൊണ്ടുതന്നെ ഇത്തരക്കാർക്കെതിരേ പ്രത്യേക ജാഗ്രത ഉണ്ടാവേണ്ടിയിരിക്കുന്നു.
കോഴിക്കോട് നഗരത്തിൽ കഴിഞ്ഞ ദിവസം രാത്രി യുവദമ്പതികൾക്കു നേരേയുണ്ടായ ആക്രമണം ഇത്തരം സംഭവങ്ങളിൽ ഒന്നായി കാണണം. രാത്രി പത്തു മണിയോടെ ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് രണ്ടു സ്കൂട്ടറുകളിലായി വന്ന അഞ്ചു യുവാക്കൾ കളിയാക്കി പാട്ടുപാടുകയും ഭാര്യയെ കണ്ണിറുക്കി കാണിക്കുകയും ചെയ്തതെന്ന് അക്രമികളുടെ മർദനമേറ്റ യുവാവ് പറയുന്നുണ്ട്. മോശമായി പെരുമാറിയതു ചോദ്യം ചെയ്തപ്പോഴായിരുന്നു മർദനം. അക്രമികൾ മദ്യപിച്ചിരുന്നതായാണു പറയുന്നത്. നഗരത്തിലൂടെ സ്വതന്ത്രമായും സ്വസ്ഥമായും യാത്ര ചെയ്യാനാവില്ലെന്ന ആശങ്കയാണ് ഇത്തരം സംഭവങ്ങൾ ജനങ്ങളിൽ ഉയർത്തുക. ഇതുപോലുള്ള സാമൂഹിക വിരുദ്ധരെ നഗരങ്ങളിൽ എന്നല്ല സംസ്ഥാനത്ത് ഒരിടത്തും വിലസി നടക്കാൻ അനുവദിക്കരുത്. നിയമങ്ങൾ അതിനനുസരിച്ചു കർശനമായി നടപ്പാക്കണം.
കഴിഞ്ഞ ദിവസം നടന്ന മറ്റൊരു സംഭവം കെഎസ്ആർടിസി ബസിൽ യുവതിക്കു നേരേയുണ്ടായ പീഡനശ്രമമാണ്. കാഞ്ഞങ്ങാടു നിന്ന് പത്തനംതിട്ടയിലേക്കു പോകുകയായിരുന്ന ബസിൽ സഹയാത്രികനാണ് വളാഞ്ചേരിയിൽ വച്ച് യുവതിക്കു നേരേ പീഡനശ്രമം നടത്തിയത്. നേരത്തേ, ഇയാളുടെ ഉപദ്രവം സഹിക്കാനാവാതെ വന്നപ്പോൾ യുവതി കണ്ടക്റ്ററെ വിവരം ധരിപ്പിച്ചതാണ്. ഇതേത്തുടർന്ന് ഇയാളെ മറ്റൊരു സീറ്റിലേക്കു മാറ്റിയിരുത്തി. കുറച്ചു കഴിഞ്ഞപ്പോൾ ഇയാൾ വീണ്ടും യുവതിയുടെ അടുത്തെത്തി ശല്യം ചെയ്യുകയായിരുന്നു. ബസ് വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിച്ച് യുവതി പരാതി നൽകുകയും ഇയാൾ അറസ്റ്റിലാവുകയും ചെയ്തു. പൊലീസും സ്റ്റേഷനും ശാസനകളും നിസാര ശിക്ഷകളും ഒന്നും ഒരു പ്രശ്നമേയല്ലാത്ത ഇത്തരം സാമൂഹിക വിരുദ്ധർ ഈ സമൂഹത്തിൽ പലയിടത്തുമുണ്ട്. ദിവസവും യാത്രകളിൽ ഇത്തരക്കാരെ നേരിടേണ്ടിവരുന്ന നിരവധി പേരുണ്ട്. യുവതി ധൈര്യപൂർവം പരാതിയുമായി രംഗത്തുവന്നതു കൊണ്ടാണ് വളാഞ്ചേരിയിൽ വച്ച് ഒരക്രമിയെങ്കിലും അറസ്റ്റിലായത്.
പൊതുവാഹനങ്ങളിൽ സ്ത്രീകൾക്കു നേരേയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്നത് വളരെ ഗൗരവമായി കാണേണ്ടതാണ്. ശാരീരികമായി ആക്രമിക്കുന്നതു മാത്രമല്ല അശ്ലീല പ്രദർശനം നടത്തുന്നതും ചില ഞരമ്പു രോഗികളുടെ പരിപാടിയാണ്. കെഎസ്ആർടിസി ബസിൽ യാത്രക്കാരിയായ യുവനടിക്കു നേരേ അശ്ലീല പ്രദർശനം നടത്തിയ യുവാവിനെ പൊലീസ് പിടികൂടിയത് അടുത്ത നാളുകളിലാണ്. അയാളുടെ മോശമായ പെരുമാറ്റം വിഡിയോയിൽ പകർത്തി പൊലീസിനെയും പുറംലോകത്തെയും അറിയിക്കാൻ യുവനടി ധൈര്യം കാണിച്ചതിനാൽ ഒരാൾ കൂടി പിടിക്കപ്പെട്ടു. ബസ് നിർത്തിയപ്പോൾ ഇറങ്ങിയോടിയ അയാളെ ഡ്രൈവറും കണ്ടക്റ്ററും പിന്നാലെ ഓടിയാണു പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. ഇവരും ബസിലുണ്ടായിരുന്ന സഹയാത്രികരും നടിക്ക് ഒപ്പം നിന്നത് മാതൃകാപരമായി. തോന്നിവാസം കാണിച്ചാൽ ആളുകൾ നോക്കിനിൽക്കില്ലെന്നു ബോധ്യപ്പെട്ടാൽ ഇത്തരം ശല്യക്കാർ കുറെയൊക്കെ ഒതുങ്ങും. അക്രമത്തിന് ഇരയാകുന്ന സ്ത്രീകൾ അതിനെതിരേ രംഗത്തുവരുമ്പോൾ സഹയാത്രികൾ അവർക്കൊപ്പം നിൽക്കുന്നത് അക്രമികളെ നേരിടുന്നതിൽ നിർണായകമാണ്. അതൊന്നും അത്ര കാര്യമാക്കേണ്ട എന്ന മട്ടിൽ പ്രതികരിക്കുകയോ ഒരക്ഷരം പോലും പ്രതികരിക്കാതിരിക്കുകയോ ചെയ്യുന്നത് ഇരകളെ തളർത്തുകയും അക്രമിക്കു രക്ഷപെടാൻ അവസരം ഒരുക്കുകയും ചെയ്യുന്നു.
കഴിഞ്ഞ ദിവസം യുവതിക്കു നേരേയുണ്ടായ പീഡനശ്രമവും യുവനടിക്കു നേരേയുണ്ടായ അശ്ലീല പ്രദർശനവും കെഎസ്ആർടിസി ബസിൽ വച്ചായിരുന്നു. കെഎസ്ആർടിസി ബസുകളിൽ ഇതിനു മുൻപും ഇത്തരം നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട്. സ്വകാര്യ ബസുകളിൽ ആക്രമണങ്ങൾ ഉണ്ടാവുന്നില്ല എന്നല്ല പറയുന്നത്. ധാരാളം പീഡനശ്രമ പരാതികൾ സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുന്നവരിൽ നിന്നും ഉണ്ടായിട്ടുണ്ട്. ബസ് ജീവനക്കാർ തന്നെ പ്രതികളായ കേസുകളുമുണ്ട്. അതിനൊപ്പമാണ് കെഎസ്ആർടിസി ബസുകളിലെ പീഡന ശ്രമ പരാതികളും വർധിക്കുന്നത്. ഏറ്റവും സുരക്ഷിതമെന്ന ധാരണയിലാണ് പകൽ മാത്രമല്ല ദീർഘദൂര രാത്രി യാത്രകൾക്കും ആളുകൾ കെഎസ്ആർടിസിയെ ആശ്രയിക്കുന്നത്. ആ സുരക്ഷിതത്വ ബോധം ഉറപ്പാക്കാൻ കെഎസ്ആർടിസി അധികൃതർക്കും പൊലീസിനും സർക്കാരിനും കഴിയണം. കെഎസ്ആർടിസിയായാലും സ്വകാര്യ ബസായാലും അതിലെ ജീവനക്കാർ അതിക്രമങ്ങളോടു നിസംഗത പുലർത്തുന്ന സംഭവങ്ങളുണ്ടായാൽ അവർക്കെതിരേയും കടുത്ത നടപടി തന്നെ സ്വീകരിക്കണം.