നേപ്പാളിനു വേണം ലോകത്തിന്‍റെ സഹായം

നൂറുകണക്കിനു വീടുകളും കൃഷിയിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും എല്ലാം പൂർണമായി തകർന്നു
Nepal needs the worlds help

നേപ്പാളിനു വേണം ലോകത്തിന്‍റെ സഹായം

Updated on

നേപ്പാൾ- ടിബറ്റ് അതിർത്തിയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. നേപ്പാളിൽ 800റോളം പേർ കൊല്ലപ്പെട്ടതായാണ് ഇതുവരെയുള്ള കണക്ക്. 2,500ഓളം പേരെ കാണാതായിട്ടുണ്ട്. ഇവരിൽ നിരവധി വിദേശ വിനോദ സഞ്ചാരികളും തീർഥാടകരുമുണ്ട്. അതിൽ തന്നെ മുന്നൂറിലേറെ പേർ ഇന്ത്യക്കാരാണ് എന്നാണു റിപ്പോർട്ടുകൾ. ഇവരിൽ വലിയൊരു വിഭാഗവും കൈലാസ് മാനസരോവർ തീർഥാടനത്തിനു പോയവരാണ്. മരണസംഖ്യ ഇനിയും ഉയരുമെന്ന ആശങ്കകൾ നിലനിൽക്കുകയാണ്. നേപ്പാൾ- ടിബറ്റ് അതിർത്തിയിലെ കൂറ്റൻ ഹിമാനിയുടെ ഭാഗങ്ങൾ അടർന്ന് ഭൂകമ്പസമാനമായ പ്രകമ്പനത്തോടെ 1,200 മീറ്ററിലേറെ താഴ്ചയിലേക്കു പതിച്ചപ്പോൾ നിമിഷനേരം കൊണ്ടാണ് നദികളിൽ ജലനിരപ്പുയർന്നത്. നിരവധി ജനവാസ കേന്ദ്രങ്ങളെ പ്രളയജലം തുടച്ചുനീക്കി. പട്ടണങ്ങളും ഗ്രാമങ്ങളും അപ്രതീക്ഷിത മിന്നൽ പ്രളയത്തിൽ തകർന്നുതരിപ്പണമായി. അസാധാരണമായ ഒരു പ്രകൃതി ദുരന്തത്തിന് ഇരയായ നേപ്പാൾ രക്ഷാപ്രവർത്തനങ്ങൾക്കിടയിലും വിറങ്ങലിച്ചുനിൽക്കുകയാണ്. നൂറുകണക്കിനാളുകൾക്കു പരുക്കേറ്റിട്ടുണ്ട്. നൂറുകണക്കിനു വീടുകളും കൃഷിയിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും എല്ലാം പൂർണമായി തകർന്നു.

ദുരന്തം തകർത്ത ഭോട്ടെകോശി, തൃശൂലി നദീതീരങ്ങളിൽ ചെളിയും കല്ലും മരങ്ങളും കോൺക്രീറ്റും അടക്കം അവശിഷ്ടങ്ങൾ നിറഞ്ഞ് രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായ അവസ്ഥയിലാണ്. ഇവിടേക്കുള്ള വഴികളും പാലങ്ങളും എല്ലാം തകർന്നതിനാൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുക പോലും എളുപ്പമല്ലാതായി. ഒഴുകി വന്ന മൃതദേഹങ്ങൾ ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ഛത്തിസ്ഗഡിലും നിന്നടക്കം കണ്ടുകിട്ടുകയുണ്ടായി. ഇതിനിടെ, ഏതു സമയത്തും വീണ്ടും മിന്നൽ പ്രളയ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ചൂടു കൂടിയാൽ വീണ്ടും മഞ്ഞുരുകുമെന്നും കഴിഞ്ഞ ദിവസത്തേതിനു സമാനമായ പ്രളയം ഉണ്ടാകുമെന്നും നേപ്പാൾ ആഭ്യന്തര മന്ത്രി സുദാൻ ഗുരുങ് മുന്നറിയിപ്പു നൽകുകയുണ്ടായി.

അവിടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷ അടക്കമുള്ള കാര്യങ്ങളിൽ ഇന്ത്യ നേപ്പാളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ശക്തമായ പിന്തുണയും ഇന്ത്യ വാഗ്ദാനം ചെയ്തിരിക്കുകയാണ്. ടൺ കണക്കിന് ദുരിതാശ്വാസ സാമഗ്രികളും മരുന്നുകളും ഭക്ഷണപ്പൊതികളും ഇന്ത്യയിൽ നിന്നു നേപ്പാളിലെത്തിച്ചിട്ടുണ്ട്. പ്രളയം തകർത്ത പ്രദേശങ്ങളിൽ ബെയ്‌ലി പാലം ഉൾപ്പെടെ നിർമിച്ചു നൽകാമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ചികിത്സാ സംഘങ്ങൾ എത്തി. ഒരു ജല വൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഇന്ത്യ വിദഗ്ധ സംഘത്തെയും ഉപകരണങ്ങളും അയച്ചിട്ടുണ്ട്. ഈ അവസ്ഥയിൽ കഴിയുന്ന തരത്തിലൊക്കെ നേപ്പാളിനെ സഹായിക്കേണ്ടത് മാനുഷികമായ പരിഗണന വച്ച് അത്യാവശ്യമാണ്. കരുണയും സഹാനുഭൂതിയുമാണ് ദുരന്തബാധിതർ ആഗ്രഹിക്കുക. ഒട്ടേറെ വിദേശികളും ദുരന്തത്തിൽപ്പെട്ടതിനാൽ അന്താരാഷ്‌ട്ര സഹായം സ്വീകരിക്കാൻ സാമ്പത്തികമായും സാങ്കേതികവുമായി ഒരു ചെറിയ രാജ്യമായ നേപ്പാൾ സർക്കാർ മടികാണിക്കേണ്ടതുമില്ല.

കാലാവസ്ഥാ വ്യതിയാനം മൂലം ഹിമാലയൻ മേഖലയിലെ ‌മഞ്ഞുപാളികൾ ദുർബലമാകുന്നത് ഇത്തരം ദുരന്തങ്ങൾക്കു കാരണമാവുന്നുണ്ടെന്നാണു വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. മലനിരകളിലെ അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങളും ദുരന്തത്തിനു കാരണമാവുന്നതാണ്. ആഗോള താപനം നേപ്പാളിനെ ഗുരുതരമായി ബാധിക്കുന്നുണ്ട് എന്നുവേണം പറയാൻ. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദോഷഫലങ്ങൾ ലോകമപ്പാടെ അനുഭവിക്കുകയാണല്ലോ. കാർബൺ ബഹിർഗമനം പരമാവധി കുറയ്ക്കുക എന്നതിനു വേണ്ടത്ര താത്പര്യം പല ലോക രാജ്യങ്ങളും കാണിക്കുന്നില്ല എന്നതു നിരാശാജനകമാണ്. പ്രത്യേകിച്ചു വികസിത രാജ്യങ്ങൾ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിൽ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന പരാതി വികസ്വര രാജ്യങ്ങൾക്കുണ്ട്. എന്തായാലും ആഗോള താപനത്തിന്‍റെ ഭവിഷ്യത്തുകളെക്കുറിച്ചു പ്രകൃതി നൽകുന്ന മുന്നറിയിപ്പുകൾ ലോകം കാണാതെ പോകരുത് എന്നതാണ് ഇത്തരം ദുരന്തങ്ങൾ ഓർമിപ്പിക്കുന്നത്. ഹിമാലയൻ മേഖലകളിൽ ഹിമാനീതടാക വിസ്ഫോടനങ്ങളും മഞ്ഞുപാളി തകർച്ചകളും വർധിക്കുകയാണെന്നു വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതു വളരെ ഗൗരവമുള്ള പാരിസ്ഥിതിക മുന്നറിയിപ്പായി ഇന്ത്യയും പരിഗണിക്കേണ്ടതാണ്.

ആഗോള താപനം മൂലം നേപ്പാളിലെ മഞ്ഞുമൂടിയ മലനിരകളിൽ നിന്ന് മൂന്നിലൊന്നു മഞ്ഞ് കഴിഞ്ഞ 30 വർഷത്തിനിടെ നഷ്ടപ്പെട്ടതായി 2023ൽ യുഎൻ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. നേപ്പാളിലെ ഹിമാനികൾ ഉരുകുന്നതിന്‍റെ വേഗം 65 ശതമാനം വർധിച്ചെന്നും യുഎൻ ചൂണ്ടിക്കാണിച്ചിരുന്നതാണ്. കേരളത്തിൽ മഴയുടെ സ്വഭാവത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ വരെ ആഗോള താപനത്തിന്‍റെയും കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും ഫലമാണ്. ചുരുങ്ങിയ ദിവസങ്ങളിൽ, ചുരുങ്ങിയ സമയത്തു പെയ്യുന്ന അതിതീവ്ര മഴയാണല്ലോ കേരളത്തിൽ ഇപ്പോൾ മിന്നൽ പ്രളയങ്ങളുണ്ടാക്കുന്നത്. വളരെ പെട്ടെന്നാണു മലയോരങ്ങൾ ഇടിയുകയും പ്രധാന റോഡുകൾ അടക്കം വെള്ളത്തിനടിയിലാവുകയും ഒക്കെ ചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന ഭീഷണികളെ അതീവ ഗൗരവത്തിൽ കാണാനും ഉചിതമായ നടപടികൾ സ്വീകരിക്കാനും എല്ലായിടത്തും ശ്രമങ്ങളുണ്ടാവേണ്ടതുണ്ട്. നേപ്പാളിലെ ദുരന്തം പോലുള്ള അനുഭവങ്ങൾ വളരെ വലിയ പാഠമായി ഉൾക്കൊള്ളേണ്ടതാണ്.

logo
Metro Vaartha
www.metrovaartha.com