നീറ്റിനു പിന്നാലെ നെറ്റ്: എൻടിഎ വിശ്വാസ്യത കളയരുത്| മുഖപ്രസംഗം

നീറ്റിനു പിന്നാലെ നെറ്റ്: എൻടിഎ വിശ്വാസ്യത കളയരുത്| മുഖപ്രസംഗം

ചോദ്യപേപ്പർ ചോർച്ച എന്‍ടിഎ നിഷേധിച്ചെങ്കിലും ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ്
Published on

പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ദേശീയ ടെസ്റ്റിങ് ഏജൻസി (എൻടിഎ)യുടെ വിശ്വാസ്യതയ്ക്കു മങ്ങലേൽക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. മെഡിക്കൽ ബിരുദ പഠനത്തിനുള്ള പ്രവേശന പരീക്ഷയായ നീറ്റിൽ വ്യാപകമായി ക്രമക്കേടുകൾ നടന്നുവെന്ന ആരോപണം അന്വേഷിക്കുന്നതിനിടെയാണ് കോളെജ് അധ്യാപന യോഗ്യതാ പരീക്ഷയായ യുജിസി-നെറ്റിലും ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്. ചോദ്യങ്ങൾ ചോർന്നെന്ന സംശയത്തെത്തുടർന്ന് ജൂൺ 18ന് രണ്ടു ഷിഫ്റ്റുകളിലായി നടന്ന പരീക്ഷ റദ്ദാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണു തീരുമാനമെടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ച അന്വേഷണം സിബിഐയെ ഏൽപ്പിച്ചതായും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് 1200ൽ ഏറെ കേന്ദ്രങ്ങളിലായി 11 ലക്ഷത്തിലേറെ പേർ എഴുതിയ പരീക്ഷയാണ് ക്രമക്കേടു സംശയിച്ച് റദ്ദാക്കേണ്ടിവന്നിരിക്കുന്നത്. ഇനിയെന്നാണു പരീക്ഷ നടത്തുകയെന്നു പ്രഖ്യാപിച്ചിട്ടില്ല. ഇത്രയേറെ ആളുകളെ ബാധിക്കുന്ന ഒരു പരീക്ഷ കുറ്റമറ്റ രീതിയിൽ നടത്താൻ എന്‍ടിഎയ്ക്കു കഴിഞ്ഞില്ലെന്നതു വലിയ വീഴ്ച തന്നെയാണ്. അത് എടുത്തുപറയേണ്ടിവരുന്നത് നീറ്റുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ കൂടിയാണുതാനും.

ഈയടുത്ത ദിവസങ്ങളിൽ എൻടിഎ റദ്ദാക്കുന്ന രണ്ടാമത്തെ പരീക്ഷയാണിത്. നാലുവർഷ ഇന്‍റഗ്രേറ്റഡ് ടീച്ചർ എജ്യൂക്കേഷൻ പ്രോഗ്രാമിന് പ്രവേശനത്തിനായി ജൂൺ 12നു നടത്തിയ നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റും (എൻസിഇടി) സാങ്കേതിക പ്രശ്നങ്ങൾ മൂലം റദ്ദാക്കിയിരുന്നു. 29,000 വിദ്യാർഥികൾ എഴുതിയ ഈ പരീക്ഷ കുറച്ചു സെന്‍ററുകളിൽ മാത്രമാണു പൂർത്തിയാക്കാൻ സാധിച്ചത്. ഭൂരിഭാഗം കേന്ദ്രങ്ങളിലും സാങ്കേതിക പ്രശ്നങ്ങൾ പരീക്ഷയെ ബാധിച്ചു. പലവിധ പരാതികൾക്കൊപ്പം ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണവും ഉയർന്നതാണ് നീറ്റിന്‍റെ വിശ്വാസ്യതയ്ക്കു കോട്ടം തട്ടിക്കുന്നത്. ചോദ്യപേപ്പർ ചോർച്ച എന്‍ടിഎ നിഷേധിച്ചെങ്കിലും ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ്. ബിഹാറിൽ ചോദ്യപേപ്പർ ചോർന്നുവെന്നു വ്യക്തമാക്കിയിരിക്കുന്നത് ബിഹാർ പൊലീസിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ്. ഇവർ അന്വേഷിക്കുന്ന ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേർ അറസ്റ്റിലായിട്ടുണ്ട്. നാലു വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ഇടനിലക്കാരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. കുറച്ചു വിദ്യാർഥികൾക്കു കൂടി നോട്ടീസ് നൽകിയിട്ടുണ്ടത്രേ. പരീക്ഷയുടെ തലേദിവസം ചോദ്യപേപ്പർ ചോർന്നുകിട്ടിയെന്ന് അറസ്റ്റിലായ വിദ്യാർഥി പറഞ്ഞതായി പൊലീസ് അറിയിക്കുന്നു.

തലേദിവസം തന്നെ ചോദ്യപേപ്പർ ചോർത്തിക്കൊടുത്തുവെന്ന് കേസിൽ പിടിക്കപ്പെട്ട മുഖ്യസൂത്രധാരനും സമ്മതിച്ചിട്ടുണ്ട്. ചോദ്യപേപ്പർ ആവശ്യമുള്ള ഓരോരുത്തരിൽ നിന്നും 30-32 ലക്ഷം രൂപ വീതമാണു വാങ്ങിയതെന്ന് ഇയാൾ പറയുന്നുണ്ട്. ചോദ്യപേപ്പർ കൈമാറിയവർക്കു നൽകിയ ചെക്ക് ലീഫുകൾ കണ്ടെടുത്തതായും പൊലീസ് പറയുന്നു. കുറ്റവാളികളുടെ ഈ വെളിപ്പെടുത്തലുകൾ രാജ്യമൊട്ടാകെ നീറ്റ് പരീക്ഷയെഴുതിയ ഇരുപതു ലക്ഷത്തിലേറെ വിദ്യാർഥികളിൽ ഉണ്ടാക്കുന്ന അമ്പരപ്പും നിരാശയും എത്ര വലുതാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ബിഹാറിൽ ചോദ്യം ചോർന്നിട്ടുണ്ടെങ്കിൽ മറ്റു സംസ്ഥാനങ്ങളിലും ചോരാനുള്ള സാധ്യതയും തള്ളിക്കളയാനാവുമോ. മറ്റു സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയാണെന്ന സൂചനകൾ പുറത്തുവരുന്നുമുണ്ട്.

നീറ്റുമായി ബന്ധപ്പെട്ട് ഗുജറാത്തിൽ മറ്റൊരു തരത്തിലുള്ള ക്രമക്കേടാണു കണ്ടെത്തിയിട്ടുള്ളത്. ഉത്തരമറിയാത്ത ചോദ്യങ്ങൾ വിദ്യാർഥികൾ എഴുതാതെ വിടുകയും അധ്യാപകർ ഉത്തരം എഴുതി ചേർക്കുകയുമായിരുന്നു അവിടെ ചെയ്തത്. ലക്ഷങ്ങൾ കൈക്കൂലി നൽകിയായിരുന്നു ഈ ഇടപാട്. ഒരു കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടും പരീക്ഷാ സെന്‍ററിലെ സ്റ്റാഫും അടക്കം ആളുകൾ ചേർന്നായിരുന്നു ഈ ക്രമക്കേടു നടത്തിയത്. കോച്ചിങ് സെന്‍റർ ഉടമയടക്കം കേസിൽ അറസ്റ്റിലായിട്ടുണ്ട്. നീറ്റിന്‍റെ പിന്നാമ്പുറത്ത് സംഘടിതമായ തട്ടിപ്പുസംഘങ്ങൾ പ്രവർത്തിക്കുന്നുവെന്ന ആരോപണം ശക്തമാക്കുകയാണ് ഇത്തരം സംഭവങ്ങൾ. നേരത്തേ, പരീക്ഷയിൽ കൂട്ടത്തോടെ ഒന്നാം റാങ്ക് വന്നത് ഗുരുതര ക്രമക്കേടുകൾ സംഭവിച്ചുവെന്ന ആരോപണം ഉയർത്തിയിരുന്നു. മുൻപൊരിക്കലും സംഭവിക്കാത്തവിധം 67 വിദ്യാർഥികൾക്കാണ് 720ൽ 720 മാർക്കോടെ ഒന്നാം റാങ്ക് ലഭിച്ചത്. 720 കിട്ടാത്ത സാഹചര്യത്തില്‍, തൊട്ടടുത്ത മാര്‍ക്ക് 716 അല്ലെങ്കില്‍ 715 മാത്രമേ വരൂ എന്നിരിക്കെ ഇക്കുറി ചരിത്രത്തില്‍ ആദ്യമായി 719ഉം 718ഉം ഒക്കെ മാര്‍ക്കുകള്‍ കുട്ടികള്‍ക്കു ലഭിച്ചതും വിവാദമായി.

പരീക്ഷ തുടങ്ങാൻ വൈകിയ ചില സ്ഥലങ്ങളിൽ കുട്ടികള്‍ക്കു നഷ്ടപ്പെട്ട സമയത്തിനു പകരം ഗ്രേസ് മാര്‍ക്ക് കൊടുത്തതാണ് ഇത്തവണ മാർക്കുകൾ ഇങ്ങനെയൊക്കെയാവാൻ കാരണമെന്ന് എന്‍ടിഎ വിശദീകരിക്കുകയുണ്ടായി. ആ വിശദീകരണം പക്ഷേ, അധികമാർക്കും സ്വീകാര്യമായി തോന്നിയില്ല. ഗ്രേസ് മാർക്ക് അടക്കം ക്രമക്കേടുകൾക്കെതിരേ സുപ്രീം കോടതിയിലും ഹർജികളെത്തി. ഇതേത്തുടർന്ന് 1,563 വിദ്യാർഥികൾക്കു നൽകിയ ഗ്രേസ് മാർക്ക് റദ്ദാക്കിയതായി എൻടിഎ സുപ്രീം കോടതിയെ അറിയിച്ചു. ഗ്രേസ് മാർക്ക് റദ്ദാക്കിയവർക്ക് ജൂൺ 23ന് വീണ്ടും പരീക്ഷ നടത്തുകയാണ്. നീറ്റ് നടത്തിപ്പിൽ ഉണ്ടാവുന്നത് എത്ര ചെറിയ വീഴ്ചയായാലും അതിനെതിരേ കർശന നടപടി വേണമെന്ന് സുപ്രീം കോടതി നിർദേശിച്ചതു കഴിഞ്ഞ ദിവസമാണ്. പരീക്ഷാ സംവിധാനത്തെ തട്ടിപ്പിലൂടെ മറികടക്കുന്നവർ ലക്ഷക്കണക്കിനു വിദ്യാർഥികളുടെ കഠിനാധ്വാനത്തെയാണു വഞ്ചിക്കുന്നത്. അത് അനുവദിക്കാവുന്നതല്ല. തട്ടിപ്പുകാർക്ക് കുട പിടിക്കുന്ന സമീപനം എവിടെയും ഉണ്ടായിക്കൂടാ. ദേശീയ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പരീക്ഷകളുടെ വിശ്വാസ്യത നൂറു ശതമാനവും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. അതിന് എന്തൊക്കെയാണു ചെയ്യേണ്ടതെന്ന് കേന്ദ്ര സർക്കാർ അടിയന്തരമായി ആലോചിക്കട്ടെ.