വീണ്ടും ഉയരുന്ന നിപ ആശങ്ക

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കഴി‍ഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിയായ പതിനെട്ടുകാരിക്ക് കേരളത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ കണ്ടെത്തിയിട്ടുണ്ട്
nipah cases increased in kerala

വീണ്ടും ഉയരുന്ന നിപ ആശങ്ക

Updated on

‌രണ്ടു നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പാലക്കാട്, മലപ്പുറം ജില്ലകളിലെ രണ്ടു കേസുകളിൽ കേരളത്തിൽ നടത്തിയ പരിശോധനയില്‍ നിപ കണ്ടെത്തി. ഇതേ തുടര്‍ന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്ഥിരീകരണത്തിനായി സാമ്പിളുകള്‍ അയയ്ക്കുകയും ചെയ്തു. സ്ഥിരീകരണം വരുന്നതിനു മുൻപേ പ്രോട്ടോകോള്‍ അനുസരിച്ചു പ്രതിരോധ നടപടികള്‍ ശക്തമാക്കാൻ ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കുകയാണുണ്ടായത്. കേരളത്തിലെ പരിശോധനയിൽ നിപ സ്ഥിരീകരിച്ചു എന്നതിനാൽ തന്നെ സംസ്ഥാനത്തു വീണ്ടും ഈ വൈറസിനെക്കുറിച്ചുള്ള ആശങ്ക ഉയർന്നിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഒരേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങൾ നടത്തേണ്ട സാഹചര്യമാണ് ഇപ്പോൾ ഉയർന്നിട്ടുള്ളത്. ഈ മേയ് മാസത്തിലാണ് മലപ്പുറത്തു വളാഞ്ചേരിയിൽ 42​​​കാരിക്കു നിപ ബാധിച്ചത്. വിദഗ്ധ ചികിത്സയ്ക്കു ശേഷം അവർ നിപ വൈറസ് നെഗറ്റീവായെങ്കിലും ചികിത്സയിൽ തുടരുകയാണ്. വൈറസ് മറ്റുള്ളവരിലേക്കു പകരുന്നതു തടയാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഏറെ ജാഗ്രത പുലർത്തിയിരുന്നു. അതിനു തൊട്ടുപിന്നാലെ വീണ്ടും കേസുകളുണ്ടാവുന്നത് ആശങ്ക വർധിപ്പിക്കുകയാണ്.

എന്തായാലും ഇപ്പോഴത്തെ അടിയന്തര സാഹചര്യം നേരിടാൻ ആരോഗ്യ വകുപ്പ് പൂർണസജ്ജമായി രംഗത്തിറങ്ങേണ്ടതുണ്ട്. കൂടുതൽ പേരിലേക്കു പടരാതെ വൈറസിനെ പിടിച്ചുകെട്ടേണ്ടതുണ്ട്. അതിന് ആരോഗ്യ പ്രവർത്തകർ ഉണർന്നു പ്രവർത്തിക്കണം. ജനങ്ങൾ അവരോടു പൂർണമായി സഹകരിക്കുകയും വേണം. പൊലീസ് അടക്കം വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനവും അനിവാര്യമാണ്. വളരെ വേഗത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ട ഘട്ടമാണിത്. നേരിയ വീഴ്ചയ്ക്കു പോലും വലിയ വില നൽകേണ്ടതായി വരും. നിപയെ പ്രതിരോധിക്കുന്നതിൽ ആരോഗ്യ മേഖലയ്ക്കുള്ള പരിചയം ഈ അവസരത്തിൽ നമുക്കു സഹായകരമായി മാറണം. സമ്പര്‍ക്കപ്പട്ടിക തയാറാക്കുക, ആരെയും വിട്ടുപോകാതെ കോണ്ടാക്റ്റ് ട്രേസിങ് നടത്തുക, ക്വാറന്‍റൈൻ ഉറപ്പാക്കുക, അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതു പരിശോധിക്കുക തുടങ്ങി നിരവധി കാര്യങ്ങളാണ് രോഗപ്രതിരോധത്തിന്‍റെ ഭാഗമായിട്ടുള്ളത്. ഇതിലൊക്കെ വീഴ്ചയുണ്ടാവാതെ നോക്കേണ്ടതുണ്ട്.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കഴി‍ഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിയായ പതിനെട്ടുകാരിക്ക് കേരളത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളെജിൽ ഈ പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്റ്ററും ജീവനക്കാരും ഇപ്പോൾ ക്വാറന്‍റൈനിൽ കഴിയുകയാണ്. ഇതിനു പുറമേ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പാലക്കാട് നാട്ടുകൽ സ്വദേശിയായ മുപ്പത്തെട്ടുകാരിക്കും കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പരിശോധനയിൽ നിപ സ്ഥിരീകരിച്ചു. ഏതാണ്ട് മൂന്നാഴ്ച മുൻപ് ഇവർക്കു ‌പനി തുടങ്ങിയതാണ്. വീടിനു സമീപത്തുള്ള പാലോട്, കരിങ്കല്‍ അത്താണി, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലെ ക്ലിനിക്കുകളില്‍ ചികിത്സ തേടിയിരുന്നു. എന്നിട്ടും രോഗശമനം ഉണ്ടാകാതെ വന്നതോടെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തുകയായിരുന്നു. ഇവരുടെ സമ്പർക്കപ്പട്ടികയിൽ നിരവധിപേരുണ്ടാവാനുള്ള സാധ്യതയുണ്ട്. നൂറിലേറെ പേർ ഹൈറിസ്ക് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണു പറയുന്നത്. അടുത്ത ബന്ധുക്കൾക്ക് ഇപ്പോൾ രോഗലക്ഷണങ്ങളില്ല, സമ്പർക്ക പട്ടികയിലുള്ള ആരും ചികിത്സയിലില്ല എന്നതൊക്കെ ആശ്വാസകരമാണ്. പാലക്കാട് ജില്ലയിൽ ഇതിനു മുൻപ് നിപയുടെ സാന്നിധ്യമുണ്ടായിട്ടില്ല. മുൻപ് ഈ വൈറസ് കണ്ടിട്ടുള്ളത് കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലാണ്.

മുൻപ് പല തവണ നിപയെ നേരിട്ട പരിചയമാണു നമുക്കുള്ളത്. 2018 മേയിലാണ് കേരളം ആദ്യമായി നിപയുടെ ഭീതിയിലാവുന്നത്. കോഴിക്കോട് ചങ്ങരോത്ത് ഗ്രാമത്തിലായിരുന്നു വൈറസിന്‍റെ ഉറവിടം. രോഗിയെ പരിചരിക്കുന്നതിനിടയിൽ വൈറസ് ബാധിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സിസ്റ്റർ ലിനിയടക്കം 17 പേരാണ് അന്നു മരിച്ചത്. ദിവസങ്ങൾ നീണ്ട പ്രതിരോധ പ്രവർത്തനങ്ങൾക്കു ശേഷം 2018 ജൂൺ 30​​​ന് ​കോഴിക്കോട്, മലപ്പുറം ജില്ലകളെ നിപ മുക്തമായി പ്രഖ്യാപിച്ചു. 2019ൽ എറണാകുളത്ത് ഒരു യുവാവിനു വൈറസ് ബാധയുണ്ടായി. യുവാവ് രോഗമുക്തി നേടുകയും രോഗവ്യാപനം തടയാൻ നമുക്കാവുകയും ചെയ്തു. 2021 സെപ്റ്റംബറിൽ കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു. ചാത്തമംഗലം സ്വദേശിയായ പന്ത്രണ്ടു വയസുകാരനാണ് നിപ ബാധിച്ചു മരിച്ചത്. വൈറസ് പടരുന്നതു തടയാൻ അന്നും നമുക്കായി. 2023 സെപ്റ്റംബറിൽ കോഴിക്കോട് പനി ബാധിച്ചു മരിച്ച രണ്ടുപേർക്കും നിപ സ്ഥിരീകരിക്കുകയുണ്ടായി. 2024ൽ മലപ്പുറത്ത് വീണ്ടും നിപ വൈറസ് മനുഷ്യ ജീവനുകളെടുത്തു. മുൻപ് രോഗം കണ്ടെത്തിയ പ്രദേശങ്ങളിൽ പഴംതീനി വവ്വാലുകളിൽ നിപ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. വവ്വാലുകളിൽ നിന്നാണു നിപ ബാധിക്കുന്നതെന്ന നിഗമനത്തിൽ കേരളം എത്തിയതും ഇതുകൊണ്ടാണ്. വവ്വാലുകളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രതയും നിരീക്ഷണവും പഠനവും നടത്താൻ ആരോഗ്യ വകുപ്പിനു പദ്ധതികളുണ്ടാവണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com