എല്ലാവരും സഹകരിക്കണം, നിപ പ്രതിരോധത്തിൽ | മുഖപ്രസംഗം

ജനങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികളുടെയും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും എല്ലാം പൂർണ സഹകരണം പ്രതിരോധ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിന് ആവശ്യമാണ്
എല്ലാവരും സഹകരിക്കണം, നിപ പ്രതിരോധത്തിൽ | മുഖപ്രസംഗം

കോഴിക്കോട്ട് നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുകയാണ്. രോഗബാധിതരെ ചികിത്സിക്കുന്നതിലും സമ്പർക്കപ്പട്ടിക തയാറാക്കുന്നതിലും ഐസൊലേഷൻ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിലും വൈറസിന്‍റെ ഉറവിടം കണ്ടെത്തുന്നതിലും എല്ലാം മുഴുകിയിരിക്കുകയാണ് സർക്കാരും ആരോഗ്യ മേഖലയിലെ പ്രവർത്തകരും. രോഗബാധ സ്ഥിരീകരിച്ച ശേഷമുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ പാളിച്ച സംഭവിക്കാതിരിക്കാൻ പരമാവധി ജാഗ്രത പുലർത്തുന്നുണ്ടെന്നാണു ബന്ധപ്പെട്ടവർ അവകാശപ്പെടുന്നത്. അതേസമയം തന്നെ സമ്പർക്കപ്പട്ടിക പൂർത്തിയാക്കുന്നതിലടക്കം നടപടികൾ ഇനിയും മുന്നോട്ടുപോകാനുമുണ്ട്. മറ്റു പലവിധ പനികൾ പടരുന്നതിനിടെയാണു നിപയും ഭീഷണി ഉയർത്തിയിരിക്കുന്നത് എന്നതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ബുദ്ധിമുട്ടേറിയതാവുന്നുണ്ട്. രോഗബാധിതരുമായി സമ്പർക്കത്തിലുള്ള മുഴുവൻ ആളുകളെയും കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് സഹായത്തോടെ മൊബൈൽ ടവർ ലൊക്കേഷൻ എടുത്ത് തുടരുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. പൊതുസ്ഥലങ്ങളിലും മറ്റും സമ്പർക്കത്തിലുണ്ടായിരുന്നവരെ സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തി ഫോണിലൂടെ വിവരം അറിയിക്കുമ്പോൾ കുറച്ചുപേരെങ്കിലും സ്ഥലത്തുണ്ടായിരുന്നില്ലെന്നു മറുപടി നൽകുന്നുണ്ടത്രേ. എന്തായാലും സമ്പർക്കപ്പട്ടിക പൂർണമാക്കുന്നതിൽ പൊലീസിന്‍റെ സഹായം ഉപകരിക്കും.

ജനങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികളുടെയും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും എല്ലാം പൂർണ സഹകരണം പ്രതിരോധ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിന് ആവശ്യമാണ്. മുന്നറിയിപ്പുകൾ അവഗണിക്കുക, കണ്ടെയ്മെന്‍റ് സോണുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ലംഘിക്കുക, തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുക എന്നിങ്ങനെ പൊതുജന താത്പര്യത്തിന് എതിരായ പ്രവർത്തനങ്ങൾ ഒരുഭാഗത്തുനിന്നും ഉണ്ടാവരുത്. ഐസൊലേഷനിൽ കഴിയേണ്ടവർ പുറത്തിറങ്ങി നടക്കുന്നതുപോലുള്ള സംഭവങ്ങൾ ജാഗ്രതക്കുറവിന്‍റെ തെളിവായി മാറും. വിദഗ്ധരുടെ നിർദേശം അവഗണിച്ച് മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നതും കർശനമായി തടയേണ്ടതാണ്. നിപ വ്യാപനം സംബന്ധിച്ചു തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണം. അവിടെയും ഇവിടെയും പറഞ്ഞുകേൾക്കുന്ന അഭ്യൂഹങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതു പൊതുതാത്പര്യത്തിനു വിരുദ്ധമാണ്. ജനങ്ങളെ അനാവശ്യമായി ഭയപ്പെടുത്താനും തെറ്റായ ധാരണകൾ പരത്തുന്നതിനും ഫെയ്സ്ബുക്കും വാട്സാപ്പും പോലുള്ള സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കരുത്.

നിപ വൈറസ് വ്യാജസൃഷ്ടിയാണെന്ന് ഫെയ്സ്ബുക്കിൽ കുറിച്ച യുവാവിനെതിരേ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. വാട്സാപ്പിലൂടെ തെറ്റായ വാർത്ത പ്രചരിപ്പിച്ച മറ്റൊരാൾക്കെതിരേയും കേസെടുത്തിട്ടുണ്ട്. യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നതു വഴി ആരോഗ്യ പ്രവർത്തകരുടെ മനോവീര്യമാണു കെടുന്നത്. ഈ നാടിനു വേണ്ടി അവർ വിലപ്പെട്ട സേവനമാണു ചെയ്തുകൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ അവർക്കൊപ്പം നിൽക്കുകയും അവരെ സഹായിക്കുകയുമാണു ചെയ്യേണ്ടത്. അല്ലാതെ നിരുത്സാഹപ്പെടുത്തുകയല്ല. എത്രയും വേഗം വൈറസിനെ തുരത്താൻ അധികൃതരുമായി പൂർണമായി സഹകരിക്കുന്നുണ്ട് കോഴിക്കോട്ടെ ബഹുഭൂരിപക്ഷം ആളുകളും. അതിനിടയിൽ ചിലരുടെ ഭാഗത്തുനിന്നുള്ള ജാഗ്രതക്കുറവ് മൊത്തം പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയുണ്ടാവരുത്.

കോഴിക്കോട്ട് എന്തുകൊണ്ടാണ് ആവർത്തിച്ചു രോഗബാധയുണ്ടാവുന്നത് എന്നതിനു കൃത്യമായ ഉത്തരം കണ്ടെത്താനുള്ള ശ്രമങ്ങളും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടിയിരിക്കുന്നു. രോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ കഴിയാത്തത് വലിയ ന്യൂനതയായി അവശേഷിക്കരുത്. കോഴിക്കോട്ട് മുൻപു നടത്തിയ പരിശോധനകളിൽ പഴംതീനി വവ്വാലുകളിൽ നിപ വൈറസിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. അപ്പോഴും അത് എങ്ങനെയാണ് മനുഷ്യരിലേക്ക് എത്തിയത് എന്നതു സംബന്ധിച്ചു കൂടുതൽ വ്യക്തതയുണ്ടാവേണ്ടതാണ്. എത്രയോ കാലമായി വവ്വാലുകൾ ഇവിടെയുണ്ട്. സമീപകാലത്ത് മാത്രം എങ്ങനെ അവയിൽ നിന്നു വൈറസ് പടരുന്നു എന്നു കണ്ടുപിടിക്കേണ്ടതാണ്. പാരിസ്ഥിതികമായ മാറ്റങ്ങൾ അടക്കം പഠിക്കേണ്ടിവരും. തുടർന്നും രോഗസാധ്യത ഇല്ലാതാക്കണമെങ്കിൽ ഇത് അനിവാര്യം. ജാനകിക്കാട്ടിൽ പന്നികൾ ചാവാനിടയായ സാഹചര്യത്തെക്കുറിച്ചു പരിശോധന നടക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. വവ്വാലുകളിൽ നിന്ന് പന്നികളിലൂടെ മനുഷ്യരിലേക്കു വൈറസ് പകരാനുള്ള സാധ്യതയും പരിശോധിക്കപ്പെടേണ്ടതാണ്. 1998ൽ ആദ്യമായി നിപ വൈറസ് കണ്ടെത്തിയ മലേഷ്യയിൽ വവ്വാലുകളിൽ നിന്ന് പന്നികളിലേക്കും തുടർന്ന് മനുഷ്യരിലേക്കും രോഗം പടരുകയായിരുന്നു. ഇനിയും ഈ വൈറസിന്‍റെ ആക്രമണം ഉണ്ടാകുന്നത് ഒഴിവാക്കാൻ ആരോഗ്യം, മൃഗസംരക്ഷണം, പരിസ്ഥിതി തുടങ്ങിയ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒന്നിച്ചു ചേർന്ന് ആഴത്തിലുള്ള പഠനങ്ങൾ നടത്തണം. രോഗം റിപ്പോർട്ട് ചെയ്ത ശേഷം മാത്രം പ്രതിരോധ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിച്ചാൽ പോരെന്ന് ഉത്തരവാദപ്പെട്ടവർ തിരിച്ചറിയേണ്ടതുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com