
അവസാനമില്ലാതെ ഉദ്യോഗസ്ഥ അഴിമതി
ഭരണതലത്തിലെ അഴിമതിക്കെതിരേ കർശന നിലപാടാണ് സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിട്ടുള്ളത്. അഴിമതി അവസാനിപ്പിക്കുകയെന്ന സർക്കാർ ലക്ഷ്യത്തെക്കുറിച്ച് മുഖ്യമന്ത്രി പലവട്ടം ആവർത്തിച്ചിട്ടുണ്ട്. നമ്മുടെ നാടിനെ രാജ്യത്തിന്‍റെ വാണിജ്യ വ്യവസായ ഹബ്ബ് ആക്കി മാറ്റുന്നതിനും ലോകരാജ്യങ്ങളെയാകെ ആകർഷിക്കുന്ന തരത്തിൽ നിക്ഷേപ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനും അഴിമതി തുടച്ചു നീക്കണമെന്നു മുഖ്യമന്ത്രി പറയുന്നു. അങ്ങനെയൊരു ലക്ഷ്യത്തോടെയാണ് വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ "അഴിമതി മുക്ത കേരളം' ക്യാംപെയൻ നടന്നുവരുന്നത്. കൈക്കൂലി ആവശ്യപ്പെടുകയോ സ്വീകരിക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥരെ കുടുക്കാനാണ് വിജിലൻസിന്‍റെ ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ് പദ്ധതിയുള്ളത്. പൊതുജനങ്ങളിൽ നിന്നു കിട്ടുന്ന പരാതികളുടെ അടിസ്ഥാനത്തിൽ അഴിമതി സംശയിക്കുന്ന ഉദ്യോഗസ്ഥരുടെ ലിസ്റ്റ് വിജിലൻസ് തയാറാക്കുകയാണ്. ഈ ലിസ്റ്റിലുള്ളവരെ നിരീക്ഷിക്കുകയും തുടർ അന്വേഷണങ്ങൾ നടത്തുകയും ചെയ്താണ് അഴിമതിക്കാരെ പിടികൂടുന്നത്. സംസ്ഥാന വ്യാപകമായുള്ള ലിസ്റ്റിൽ എഴുനൂറിലേറെ ഉദ്യോഗസ്ഥരുണ്ടെന്നാണ് അറിയുന്നത്. ഇവരിൽ ചിലർ വിജിലൻസിന്‍റെ വലയിൽ കുടുങ്ങി അറസ്റ്റിലായിട്ടുമുണ്ട്. ഇക്കഴിഞ്ഞ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി അഴിമതിക്കാരായ 36 ഉദ്യോഗസ്ഥരെയാണ് ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ് പദ്ധതി പ്രകാരം പിടികൂടിയത്. 25 കേസുകളും രജിസ്റ്റർ ചെയ്തു.
മൂന്നു മാസത്തിനകം ഇത്രയേറെ കേസുകളും അറസ്റ്റുകളും ഉണ്ടാവുന്നത് വിജിലൻസിന്‍റെ ചരിത്രത്തിൽ ആദ്യമായാണത്രേ. മാർച്ചിൽ മാത്രം എട്ടു കേസുകളിലായി 14 പേരെയാണ് വിജിലൻസ് കൈയോടെ പിടികൂടിയത്. ഫെബ്രുവരിയിൽ ഒമ്പതു കേസുകളിലായി 13 പേരെ അറസ്റ്റു ചെയ്തു. ജനുവരിയിൽ എട്ടു കേസുകളിലായി ഒമ്പതു പേർ പിടിയിലായി. റവന്യൂ, തദ്ദേശ സ്വയംഭരണം, പൊലീസ്, വനം, വാട്ടർ അഥോറിറ്റി, മോട്ടോർ വാഹനം, രജിസ്ട്രേഷൻ തുടങ്ങിയ വകുപ്പുകളിൽ നിന്നെല്ലാം കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർ പിടിയിലായിട്ടുണ്ട്. പക്ഷേ, അതുകൊണ്ടൊന്നും അവസാനിക്കുന്നില്ല കൈക്കൂലി എന്നതാണ് ശ്രദ്ധേയമായിട്ടുള്ളത്. വിജിലൻസ് പിടിക്കുമെന്നോ സർക്കാർ നടപടിയെടുക്കുമെന്നോ ഒന്നും ഭയപ്പെടാതെ കൈക്കൂലി വാങ്ങിക്കൂട്ടാൻ ഒരുവിഭാഗം ഉദ്യോഗസ്ഥർക്ക് ഇപ്പോഴും മടിയൊന്നുമില്ല. വിജിലൻസ് കേസൊക്കെ ഇത്രയേയുള്ളൂ എന്ന് അവർ കരുതുന്നുണ്ടാവണം. തങ്ങൾ പിടിക്കപ്പെടില്ല എന്ന അമിത വിശ്വാസവും അഴിമതിക്കാർക്ക് ആവേശം പകരുന്നുണ്ടാവാം. അഴിമതിയോട് "സീറോ ടോളറൻസ്' എന്നൊക്കെ സർക്കാർ പറയുന്നത് കൈക്കൂലിക്കാർ ശ്രദ്ധിക്കുന്നതുപോലുമില്ല! അതല്ലെങ്കിൽ ഇപ്പോഴും കൈക്കൂലി നാട്ടുനടപ്പായി തുടരില്ലല്ലോ.
ഏതാനും ദിവസം മുൻപാണ് കൊച്ചി കോർപ്പറേഷൻ ബിൽഡിങ് ഇൻസ്പെക്റ്റർ കൈക്കൂലി കേസിൽ അറസ്റ്റിലായത്. തങ്ങളുടെ ലിസ്റ്റിൽ ഉണ്ടായിരുന്നതാണ് ഇവരെന്ന് വിജിലൻസ് പറയുന്നുണ്ട്. വിജിലൻസിന്‍റെ നിരീക്ഷണത്തിലായിരുന്ന ഇവരെ കുടുക്കാൻ തെളിവ് കിട്ടുന്നതിനു കാത്തിരിക്കുകയായിരുന്നു ഉദ്യോഗസ്ഥർ. കെട്ടിട നിർമാണ പെർമിറ്റിന് സ്വന്തം കാറിൽ വന്ന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവർ പിടിയിലായത്. മാസം മൂന്നു ലക്ഷം രൂപ വരെ കൈക്കൂലിയായി ഇവർക്കു ലഭിച്ചിരുന്നുവെന്നാണു പറയുന്നത്. കോർപ്പറേഷനിൽ കൈക്കൂലി വാങ്ങുന്ന വേറെയും ചില ഉദ്യോഗസ്ഥരുണ്ടെന്നും അവർ വിജിലൻസിന്‍റെ നിരീക്ഷണത്തിലാണെന്നും പറയുന്നുണ്ട്. നഗരസഭയിലെ അഴിമതിക്കാരിൽ ഏറ്റവും കുറഞ്ഞ കൈക്കൂലി വാങ്ങുന്നത് താനാണെന്നായിരുന്നു അറസ്റ്റിലായ ഉദ്യോഗസ്ഥയുടെ മൊഴിയെന്നും റിപ്പോർട്ടുണ്ട്. വിവിധ സേവനങ്ങൾക്ക് അപേക്ഷകൾ നൽകുന്നവർ കൈക്കൂലി നൽകിയില്ലെങ്കിൽ കാര്യം നടത്തിക്കൊടുക്കാതെ വട്ടം ചുറ്റിക്കുന്നത് അഴിമതിക്കാരായ മുഴുവൻ ഉദ്യോഗസ്ഥരുടെയും തന്ത്രമാണ്. ഒടുവിൽ ഗതികെട്ട് പണം കൊടുക്കാൻ ആവശ്യക്കാരൻ തയാറാവും. എത്രയോ വർഷങ്ങളായി ഇതിനെതിരേ ശബ്ദമുയരുന്നുണ്ട്. ചിലർക്കെതിരേ സർക്കാർ നടപടികളുമുണ്ടാവുന്നുണ്ട്. എന്തുഫലം!
കൊച്ചിയിൽ തന്നെ ബസിന്‍റെ റൂട്ട് പെർമിറ്റിന് കൈക്കൂലി ആവശ്യപ്പെട്ട കേസിൽ ആർടിഒയും രണ്ട് ഏജന്‍റുമാരും വിജിലൻസ് കസ്റ്റഡിയിലായതു രണ്ടു മാസം മുൻപാണ്. പണം മാത്രമല്ല മദ്യവും ആർടിഒ കൈക്കൂലിയായി വാങ്ങിയിരുന്നുവെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഏജന്‍റുമാരെ ഉപയോഗിച്ചായിരുന്നു കൈക്കൂലി ഇടപാട് സുരക്ഷിതമായി നടത്തിയിരുന്നത്. തിരുവനന്തപുരത്ത് വസ്തു തരം മാറ്റുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങുമ്പോൾ വില്ലെജ് ഓഫിസറെ വിജിലൻസ് പിടികൂടിയതു ജനുവരിയിലായിരുന്നു. ആദ്യം 2000 രൂപ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥൻ പിന്നീട് 5000 രൂപ കൂടി ആവശ്യപ്പെട്ടപ്പോഴാണു പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചതെന്നാണ് പറയുന്നത്. ഇത്തരത്തിൽ പൊതുജനങ്ങളിൽ നിന്ന് പരമാവധി ഊറ്റിയെടുക്കാൻ തക്കം നോക്കിയിരിക്കുന്ന ഉദ്യോഗസ്ഥർ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം പല ഓഫിസുകളിലുമുണ്ട്. ഇത്തരക്കാരെ കണ്ടെത്തിയാൽ അവർക്കെതിരേ സ്വീകരിക്കുന്ന നടപടികൾ കർശനമാക്കുകയാണ് കൈക്കൂലിക്കാരെ നിരുത്സാഹപ്പെടുത്താനുള്ള മാർഗം.
റവന്യൂ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതിനു പിടിക്കപ്പെട്ടാൽ അച്ചടക്ക നടപടി സസ്പെൻഷനിൽ മാത്രമായി പരിമിതപ്പെടുത്തില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ മുന്നറിയിപ്പു നൽകിയത് അടുത്തിടെയാണ്. കുറ്റത്തിന്‍റെ ഗൗരവം കണക്കാക്കി പുറത്താക്കുകയോ തരംതാഴ്ത്തുകയോ ചെയ്യുമെന്നു മന്ത്രി പറയുന്നുണ്ട്. അന്വേഷണ റിപ്പോർട്ട് വൈകിപ്പിച്ചാൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേയും നടപടിയുണ്ടാവുമെന്നും മന്ത്രി കൂട്ടിച്ചേർക്കുകയുണ്ടായി. കുറ്റം ചെയ്യുന്നതിൽനിന്ന് ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കണമെങ്കിൽ കുറ്റക്കാർക്ക് തക്ക ശിക്ഷ കിട്ടുക തന്നെ വേണം.