
ഓണക്കാല വിലക്കയറ്റം തടയാനാവണം
മലയാളികൾക്ക് ഉത്സവനാളുകളായി. അത്തം പിറന്നു. ഇനി ഗൃഹാതുരത്വത്തിന്‍റെ പത്തു നാളുകളാണ്. ഓണക്കാലത്തെ ആഘോഷങ്ങളിലേക്കു കേരളം കടക്കുകയായി. നാടും നഗരവും ഉണരുകയായി. ഓരോ ഓണം കഴിയുമ്പോഴും അടുത്ത വർഷത്തെ ഓണക്കാലത്തിനായുള്ള കാത്തിരിപ്പാണ്. നാടൊന്നാകെ ഓണലഹരിയിലാവുന്ന നാളുകളിൽ ജനജീവിതം ദുസഹമാവാതിരിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്വീകരിക്കേണ്ടതാണ്. കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, അവശ്യസാധനങ്ങളുടെ വിലക്കയറ്റം തുടങ്ങി ജനങ്ങളെ വലയ്ക്കുന്ന പ്രവണതകൾ കർശനമായി തടയേണ്ടതുണ്ട്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനമാണു കേരളമെന്നു നേരത്തേ റിപ്പോർട്ടുകൾ വന്നതാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തോത് ദേശീയ തലത്തിൽ കുത്തനെ കുറയുകയാണ്. അപ്പോഴും കേരളത്തിൽ ചില്ലറ വ്യാപാര നാണയപ്പെരുപ്പം കൂടിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ആറു മാസക്കാലവും വിലക്കയറ്റത്തോതിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തു കേരളമാണുള്ളത്. അവശ്യവസ്തുക്കൾ ഏറെയും മറ്റു സംസ്ഥാനങ്ങളിൽ നിന്നു വാങ്ങുകയാണു കേരളം. ഉപഭോക്തൃ സംസ്ഥാനം എന്ന നിലയിൽ സ്വാഭാവികമായും ഉയർന്ന വില നൽകേണ്ടിവരുന്നു.
പച്ചക്കറികളുടെ കാര്യത്തിൽ അടക്കം ഉത്പാദനം ഗണ്യമായി വർധിപ്പിച്ച് വിപണി സാഹചര്യങ്ങൾ ഉപഭോക്താവിന് അനുകൂലമാക്കുന്നതിനു നമുക്ക് ഇപ്പോഴും കഴിയുന്നില്ല. പുറമേ നിന്ന് അവശ്യ വസ്തുക്കൾ എത്തിക്കുന്നവർ ആഘോഷാവസരങ്ങൾ വരുമ്പോൾ കൃത്രിമ വിലക്കയറ്റത്തിനു ശ്രമിച്ചേക്കാം. ആവശ്യം കൂടുതലാവുന്നു എന്നതുകൊണ്ടുള്ള സ്വാഭാവിക വിലക്കയറ്റത്തിനു പുറമേയാണിത്. വെളിച്ചെണ്ണയ്ക്കും നാളികേരത്തിനും തീവിലയാണ് ഇപ്പോൾ തന്നെയുള്ളത്. ഓണക്കാലത്ത് ഇനിയും വില വർധിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.
നേന്ത്രപ്പഴത്തിനും പച്ചക്കായയ്ക്കും വിവിധ പച്ചക്കറി ഇനങ്ങൾക്കും വില വർധനയുണ്ടാവാം. വെളിച്ചെണ്ണ വില ഉയർന്നു നിൽക്കുന്നതു കൊണ്ടുതന്നെ മറ്റു ഭക്ഷ്യ എണ്ണകളുടെ വിലയിലും വർധനയ്ക്കു സാധ്യതയുണ്ട്. ഓണവിപണി ആളുകളെ ചൂഷണം ചെയ്യുന്നതായി മാറാതിരിക്കാൻ ജാഗ്രത പുലർത്തേണ്ടതു സർക്കാർ സംവിധാനങ്ങളാണ്. സപ്ലൈകോ ഓണം ഫെയറിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു കഴിഞ്ഞു.
അവശ്യവസ്തുക്കൾക്കു വിലക്കുറവു പ്രഖ്യാപിച്ചുകൊണ്ടാണ് സപ്ലൈകോ ഓണം ഫെയറിനു തുടക്കമിട്ടിരിക്കുന്നത്. ഓണത്തിനായി രണ്ടര ലക്ഷത്തോളം ക്വിന്‍റൽ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചിട്ടുണ്ടെന്ന് സപ്ലൈകോ അധികൃതർ അവകാശപ്പെടുന്നു. ഓണക്കാലത്ത് സബ്സിഡി അരിക്കു പുറമേ കാർഡൊന്നിന് 20 കിലോ പച്ചരിയോ പുഴുക്കലരിയോ 25 രൂപ നിരക്കിൽ സ്‌പെഷ്യൽ അരിയായി ലഭ്യമാക്കുമെന്നാണു പറയുന്നത്.
സബ്‌സിഡി നിരക്കിൽ നൽകുന്ന മുളകിന്‍റെ അളവ് അര കിലോയിൽ നിന്നും ഒരു കിലോയായി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മറ്റു പ്രമുഖ റീട്ടെയ്ൽ ചെയിനുകളോടു കിടപിടിക്കുന്ന വിധത്തിൽ ബ്രാൻഡഡ് എഫ്എംസിജി ഉത്പന്നങ്ങളുടെ നിര തന്നെ ഒരുക്കിയിട്ടുണ്ടെന്നും സപ്ലൈകോ അവകാശപ്പെടുന്നു. ഇവയ്ക്ക് ഓഫറുകളും വിലക്കുറവും നൽകുന്നുണ്ടത്രേ. സെപ്റ്റംബർ നാലു വരെ സപ്ലൈകോയുടെ ജില്ലാ ഫെയറുകൾ ഉണ്ടാവും. എല്ലാ നിയോജക മണ്ഡലങ്ങളിലും ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലു വരെ ഒരു പ്രധാന ഔട്ട്‌ലെറ്റിനോട് അനുബന്ധിച്ച് ഫെയറുകൾ സംഘടിപ്പിക്കുന്നുണ്ട്.
കൂടാതെ സഞ്ചരിക്കുന്ന ഓണച്ചന്തകളും ഒരുക്കിയിരിക്കുന്നു. വില നിയന്ത്രണത്തിൽ പ്രധാന പങ്കു വഹിക്കാൻ സപ്ലൈകോയ്ക്കു കഴിയും. എന്നാൽ, അതിനു വേണ്ട സാധനങ്ങൾ കൃത്യമായി എത്തിച്ചുകൊടുക്കാൻ സർക്കാർ സഹായം അനിവാര്യമാണ്. ലക്ഷക്കണക്കിനാളുകളാണ് സപ്ലൈകോയെ ആശ്രയിക്കുന്നത്. അവരെ ഈ ഓണക്കാലത്ത് നിരാശപ്പെടുത്താതിരിക്കണം. കൺസ്യൂമർ ഫെഡിന്‍റെ ഓണച്ചന്തകൾ ഇന്നു പ്രവർത്തനം ആരംഭിക്കുകയാണ്.
സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിർവഹിക്കുന്നു. സെപ്റ്റംബർ നാലുവരെ കൺസ്യൂമർഫെഡ് ഓണച്ചന്തകളും പ്രവർത്തിക്കും. 16 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലും 154 സഹകരണ സംഘങ്ങളിലുമായി 170 കേന്ദ്രങ്ങളിലാണ് ഓണച്ചന്തകൾ ആരംഭിക്കുന്നത്. അരിയും പഞ്ചസാരയും ഉഴുന്നും ചെറുപയറും വൻപയറും കടലയും തുവരപ്പരിപ്പും മുളകും മല്ലിയും വെളിച്ചെണ്ണയും പൊതുവിപണിയെക്കാൾ 30 മുതൽ 50 വരെ ശതമാനം വിലക്കുറവിൽ പൊതുജനങ്ങൾക്കു ലഭിക്കുമെന്ന് കൺസ്യൂമർ ഫെഡ് വ്യക്തമാക്കുന്നുണ്ട്.
കേരളത്തിലെ വിവിധ സഹകരണ സംഘങ്ങൾ കേരകർഷകരിൽനിന്ന് നേരിട്ട് കൊപ്ര ശേഖരിച്ച് ഉത്പാദിപ്പിക്കുന്ന വിവിധ പേരിലുള്ള വെളിച്ചെണ്ണകളാണ് ഓണച്ചന്തകളിലൂടെ ജനങ്ങളിലേക്കെത്തുന്നതത്രേ. നിത്യോപയോഗ സാധനങ്ങളുടെ ഗുണനിലവാരം സർക്കാർ അംഗീകാരമുള്ള പ്രത്യേക ഏജൻസി പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കുന്നുണ്ടെന്നും പറയുന്നു. ഇതെല്ലാം വിലക്കയറ്റത്തിനു തടയിടാൻ ഉപകരിക്കുമെന്നു പ്രതീക്ഷിക്കാം.
പൊതുവിപണിയിൽ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും അടക്കം തെറ്റായ പ്രവണതകൾ ഉണ്ടാവുന്നില്ലെന്നു സർക്കാർ ഉറപ്പാക്കേണ്ടതുണ്ട്. എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും വിലനിലവാര പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കേണ്ടതാണ്. ഈ പട്ടിക പേരിനു വേണ്ടി മാത്രമുള്ളതാവരുത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. ലീഗല്‍ മെട്രോളജി വകുപ്പിന്‍റെ പരിശോധന കര്‍ശനമാക്കുന്നത് ചൂഷണങ്ങൾ തടയുന്നതിന് ഉപകരിക്കും.
പൂഴ്ത്തിവയ്പ്പ് പൂര്‍ണമായും ഒഴിവാക്കാൻ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ആത്മാർഥമായ നടപടികൾ ഉണ്ടാവണം. ജില്ലകളിലെ പ്രധാന മാര്‍ക്കറ്റുകളില്‍ കലക്റ്റർമാരുടെ നേതൃത്വത്തിലുള്ള ടീം നേരിട്ടു പരിശോധന നടത്തുന്നതുപോലുള്ള നടപടികളും ഉപകാരപ്രദമാണ്. നോക്കാനാളുണ്ടായാൽ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും നിയന്ത്രിക്കാനാവും.