വിപ്ലവകരമായ തെരഞ്ഞെടുപ്പു പരിഷ്കാരം | മുഖപ്രസംഗം

രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്‍റെ ചരിത്രപരമായ ദിവസമാണിതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചതും ഇതിനോടു ചേർത്തു കാണണം.
One Nation, One Election read editorial
One Nation, One Election read editorial

പാർലമെന്‍റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ചു തെരഞ്ഞെടുപ്പു നടത്തുന്നതു സംബന്ധിച്ച് മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതതല സമിതി വിശദമായ പഠനങ്ങൾക്കു ശേഷം തയാറാക്കിയ റിപ്പോർട്ട് രാഷ്‌ട്രപതി ദ്രൗപദി മുർമുവിനു സമർപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം സെപ്റ്റംബർ ആദ്യം രൂപവത്കരിച്ച സമിതി ബന്ധപ്പെട്ട എല്ലാ ആളുകളുമായും ചർച്ചകൾ നടത്തിയാണ് അന്തിമ റിപ്പോർട്ടിലേക്ക് എത്തിയത്. 18,626 പേജുകളുള്ള റിപ്പോർട്ട് കേന്ദ്ര സർക്കാരിന്‍റെയും ബിജെപിയുടെയും നിലപാടിന് അനുകൂലമാണ് എന്നാണു കേൾക്കുന്നത്. ""ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്'' എന്ന ആശയത്തോട് സമിതി പൂർണമായി യോജിക്കുകയാണ്. രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്‍റെ ചരിത്രപരമായ ദിവസമാണിതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചതും ഇതിനോടു ചേർത്തു കാണണം.

2029ൽ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പു നടത്തുക എന്നതാണത്രേ സമിതിയുടെ നിർദേശം. അതിനു ശേഷം നൂറു ദിവസത്തിനകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും നടത്തണം. തെരഞ്ഞെടുപ്പും ഭരണ സംവിധാനങ്ങളും കാര്യക്ഷമമാക്കുന്നതിനും ചെലവു വലിയ തോതിൽ കുറയ്ക്കുന്നതിനും ഇത് ഉപകരിക്കുമെന്നാണു സമിതി ചൂണ്ടിക്കാണിക്കുന്നത്. അഞ്ചു വർഷത്തിനിടെ ഏതെങ്കിലും സംസ്ഥാന സർക്കാർ വീഴുകയാണെങ്കിൽ അവിടെ വീണ്ടും തെരഞ്ഞെടുപ്പു നടത്താൻ വിരോധമില്ല. എന്നാൽ, ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരിന് അഞ്ചുവർഷത്തെ കാലാവധിയുണ്ടാവില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം അവിടെയും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. അതായത് ഇടയ്ക്കു വച്ച് തെരഞ്ഞെടുപ്പു നടന്നാൽ അധികാരത്തിൽ വരുന്നത് ബാക്കിയുള്ള കാലം ഭരിക്കാൻ മാത്രമുള്ള സർക്കാരാവും. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം നിലവിൽ വരുന്ന നിയമസഭകൾക്ക് 2029 വരെയേ കാലാവധിയുണ്ടാവൂ. സംസ്ഥാനങ്ങളിൽ നിന്ന് വലിയ തോതിലുള്ള എതിർപ്പ് ഇക്കാര്യത്തിലുണ്ടായേക്കാം. തൂക്ക് സഭ, അവിശ്വാസ പ്രമേയത്തിൽ സർക്കാർ വീഴുക തുടങ്ങിയ സാഹചര്യങ്ങളിൽ എന്തു ചെയ്യണമെന്നും സമിതി നിർദേശിച്ചിട്ടുണ്ടത്രേ.

ഈ ലോക്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ് പുതുതായി അധികാരത്തിൽ വരുന്ന സർക്കാർ വളരെ ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയമാണ് "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്നതിൽ സംശയമില്ല.‌ വിവിധ രാഷ്‌ട്രീയ കക്ഷികൾ തമ്മിൽ ഏകാഭിപ്രായമുണ്ടാവുക എന്നതും പ്രധാനമാണ്. നിയമങ്ങൾ ഭേദഗതി ചെയ്യുക, ഒരൊറ്റ വോട്ടർപട്ടിക തയാറാക്കുക തുടങ്ങി നിരവധി കാര്യങ്ങൾ ഒരുമിച്ചുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ചെയ്യേണ്ടതുണ്ട്. ഭരണഘടനാ ഭേദഗതിയടക്കം ആവശ്യമാണ്. ഒന്നിച്ചു തെരഞ്ഞെടുപ്പു നടക്കുമ്പോൾ ഒരേസമയം വേണ്ടിവരുന്ന വോട്ടിങ് മെഷീനുകളുടെ ആവശ്യവും ഇരട്ടിയാവും. നിർദേശം നടപ്പാക്കുമ്പോൾ ഇതെല്ലാം പരിഗണിക്കേണ്ടതുണ്ട്. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് ഒരൊറ്റ തെരഞ്ഞെടുപ്പ് പ്രായോഗികമാവില്ലെന്ന നിലപാടാണ് പ്രതിപക്ഷം പൊതുവിൽ ഉയർത്തിവരുന്നത്. അതുകൊണ്ടു തന്നെ കേന്ദ്രത്തിൽ സർക്കാർ മാറ്റമുണ്ടായാൽ അന്തിമ തീരുമാനം എന്താവുമെന്നും കണ്ടറിയണം.

ഇടവിട്ടുള്ള തെരഞ്ഞെടുപ്പുകളുടെ ഭാരിച്ച സാമ്പത്തിക ബാധ്യതയിൽ നിന്ന് കുറെയൊക്കെ ആശ്വാസം കിട്ടാൻ ഒന്നിച്ചു വോട്ടെടുപ്പു നടത്തുന്നത് ഉപകരിക്കുമെന്നതു വസ്തുതയാണ്. പോളിങ് ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയുമൊക്കെ പലതവണ വിനിയോഗിക്കേണ്ടിവരുന്നതിന്‍റെ ചെലവു തന്നെ വലുതാണ്. തെരഞ്ഞെടുപ്പുകാലം കൂടെക്കൂടെ വന്നുകൊണ്ടിരിക്കുന്നത് വികസന പ്രവർത്തനങ്ങളെയും ബാധിക്കാം. ഇടക്കിടെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന്‍റെ തടസങ്ങൾ ഒഴിവാകും. ഇടവിട്ടുള്ള തെരഞ്ഞെടുപ്പുകൾക്കു വേണ്ടി ചെലവാക്കുന്ന പണത്തിൽ നല്ലൊരു പങ്ക് വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുമെന്ന് ഒരുമിച്ചുള്ള തെരഞ്ഞെടുപ്പിനെ അനുകൂലിക്കുന്നവർ അവകാശപ്പെടുന്നുണ്ട്. രാഷ്‌ട്രീയ പാർട്ടികളുടെ പ്രചാരണ ചെലവു നിയന്ത്രിക്കുന്നതിലും ഇതു സഹായിക്കും. വോട്ടിങ് ശതമാനം ഉയർത്താനും ഒരൊറ്റ തെരഞ്ഞെടുപ്പു സഹായിച്ചേക്കും.

പക്ഷേ, ജനാധിപത്യത്തിൽ ആവശ്യാനുസരണം തെരഞ്ഞെടുപ്പുകൾ നടത്തുന്നതിനെ തടസപ്പെടുത്തിക്കൂടാ എന്നതാണ് എതിർ വാദം ഉയരുന്നത്. പാർലമെന്‍റ് തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടന്നാൽ പ്രാദേശിക, സംസ്ഥാന വിഷയങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം കിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പ്രാദേശിക കക്ഷികൾക്ക് ഇക്കാര്യത്തിൽ കൂടുതൽ ഉത്കണ്ഠയുണ്ടാവും. ദേശീയ കക്ഷികൾ, അതും കൂടുതൽ ഫണ്ടുള്ള പാർട്ടികൾ സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ കൂടുതൽ പിടിമുറുക്കുമെന്ന് പ്രാദേശിക കക്ഷി നേതാക്കൾ ആശങ്കപ്പെടുന്നു. ഫലത്തിൽ ഒരുമിച്ചു തെരഞ്ഞെടുപ്പു നടത്തുന്നതിന് അനുകൂലമായ ഘടകങ്ങളും എതിരായ ഘടകങ്ങളും വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഏതു തെരഞ്ഞെടുപ്പു പരിഷ്കാരവും വിവിധ തലങ്ങളിൽ ചർച്ച ചെയ്യപ്പെടേണ്ടതാണ്. വിപ്ലവകരമായ ഒരു മാറ്റം കൊണ്ടുവരുമ്പോൾ അതിന്‍റെ ഗൗരവം പതിന്മടങ്ങു വർധിക്കുകയും ചെയ്യുന്നു.

Trending

No stories found.

Latest News

No stories found.