അവയവക്കടത്ത്: എല്ലാ വിവരങ്ങളും പുറത്തുവരണം| മുഖപ്രസംഗം

പാവപ്പെട്ടവരെയും സാധാരണക്കാരെയും ഇരകളാക്കി തടിച്ചുകൊഴുക്കുന്ന മാഫിയകളെ കർശനമായി നേരിടേണ്ടതുണ്ട്
അവയവക്കടത്ത്: എല്ലാ വിവരങ്ങളും പുറത്തുവരണം| മുഖപ്രസംഗം
organ mafia

രാജ്യാന്തര അവയവ മാഫിയ സംഘത്തിലെ കണ്ണിയെന്നു കരുതുന്ന തൃശൂർ വലപ്പാട് സ്വദേശി സബിത്ത് നാസർ നെടുമ്പാശേരിയിൽ പിടിയിലായതിനു പിന്നാലെ പുറത്തുവരുന്ന പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത് വലിയ രീതിയിലുള്ള അവയവക്കടത്തു നടന്നിട്ടുണ്ടെന്നാണ്. രാജ്യത്ത് പല ഭാഗങ്ങളിൽ നിന്നായി നിരവധിയാളുകളെ അവയവക്കച്ചവടത്തിനായി കൊണ്ടുപോയ സംഘം അവരെ ഇറാനിലെത്തിച്ച് അവയവങ്ങൾ എടുത്ത് കൈമാറി എന്നാണു പറയുന്നത്. ഇറാനിലെ ഫരീദിഖാൻ ആശുപത്രിയിലാണ് അവയവക്കച്ചവടത്തിനു കൊണ്ടുപോയവരെ ശസ്ത്രക്രിയക്കു വിധേയരാക്കിയത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സ്വാധീനിച്ച്, വ്യാജ പാസ്പോർട്ടും ആധാർ കാർഡും ഉൾപ്പെടെ സംഘടിപ്പിച്ചാണ് അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയിരുന്നതത്രേ. 2019 മുതൽ ഇങ്ങനെ ആളുകളെ കൊണ്ടുപോയിട്ടുണ്ട്. എത്രപേരെ കൊണ്ടുപോയി, എങ്ങനെയൊക്കെയായിരുന്നു മാഫിയയുടെ പ്രവർത്തനങ്ങൾ തുടങ്ങിയ വിവരങ്ങൾ കൂടുതലായി അറിയാനിരിക്കുകയാണ്. വിശദമായ അന്വേഷണം തന്നെ ഇതുമായി ബന്ധപ്പെട്ടു നടക്കേണ്ടതുണ്ട്. എന്‍ഐഎ അടക്കം കേന്ദ്ര അന്വേഷണ ഏജൻസികൾ ഈ കേസ് ഏറ്റെടുക്കുന്നത് അന്വേഷണം കൂടുതൽ ഫലപ്രദമാകാൻ സഹായിക്കും. കേസിലെ പല പ്രധാന സംഭവങ്ങളും നടക്കുന്നത് കേരള പൊലീസിന്‍റെ അന്വേഷണ പരിധിക്കു പുറത്താണല്ലോ. എന്തായാലും കേരള പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം കേസ് ഊർജിതമായി അന്വേഷിക്കുന്നുണ്ട്. അവയവങ്ങൾ വിൽക്കുന്നതിനായി ഇരുപതു പേരെ ഇന്ത്യയിൽ നിന്നു കൊണ്ടുപോയി എന്നാണ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയുന്ന സബിത്ത് പൊലീസിനോടു പറഞ്ഞിട്ടുള്ളത്.

അതിനിടെയാണ്, കേരളത്തിൽ നിന്നു തന്നെ നിരവധി പേർ അവയവക്കച്ചവടത്തിന് ഇരകളായിട്ടുണ്ടെന്ന വിവരം പുറത്തുവരുന്നത്. തൃശൂർ മുല്ലശേരി പഞ്ചായത്തിൽ മാത്രം ഏഴു പേർ അവയവ ദാനം നടത്തിയതായി മുൻ പഞ്ചായത്ത് പ്രസിഡന്‍റും സാന്ത്വനം ജീവകാരുണ്യ സമിതി പ്രസിഡന്‍റുമായ സി.എ. സാബു പറയുന്നുണ്ട്. ഇതുകൂടാതെ തീരദേശ മേഖലയിൽ പലയിടത്തും അവയവ മാഫിയ പിടിമുറുക്കിയിരുന്നു എന്നാണു സംശയിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി പ്രലോഭിപ്പിച്ച് മാഫിയ അവയവക്കച്ചവടം നടത്തുകയായിരുന്നു എന്ന ആരോപണം അതീവ ഗൗരവത്തിൽ എടുത്ത് അന്വേഷിക്കേണ്ടതുണ്ട്. ആവശ്യക്കാരിൽ നിന്ന് അമ്പതു ലക്ഷം മുതൽ രണ്ടു കോടി രൂപ വരെ സ്വീകരിച്ചാണ് ഇറാനിൽ സംഘം അവയവങ്ങൾ കൈമാറിയിരുന്നതെന്നു പറയുന്നുണ്ട്. അവയവങ്ങൾ നൽകുന്നവർക്ക് 10 ലക്ഷം രൂപ വരെയാണു നൽകിയിരുന്നത്. ആളെ എത്തിക്കുന്നവർക്ക് അഞ്ചു ലക്ഷം രൂപയാണു കമ്മിഷനത്രേ. ഇതു കഴിച്ച് ബാക്കി തുക മുഴുവൻ അവയവക്കടത്ത് മാഫിയ കൈക്കലാക്കുകയാണ് എന്നു വേണം ധരിക്കാൻ.

അവയവ ദാനത്തിന് ഇടനിലക്കാരായി നിൽക്കുന്നവർ തട്ടിപ്പിന് ഇരയാക്കുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും വിദ്യാഭ്യാസമില്ലാത്തവരെയുമാണ് എന്ന് നേരത്തേ അവയവ മാഫിയയെക്കുറിച്ചുള്ള ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഏജന്‍റുമാർക്ക് വലിയ പ്രതിഫലം ലഭിക്കുമ്പോൾ അവയവം നൽകിയവരെ ചെറിയ തുക നൽകി ഒഴിവാക്കുന്ന തട്ടിപ്പുകാരുമുണ്ട്. അവയവം ദാനം ചെയ്തവരിൽ പലർക്കും തുടർന്ന് ആവശ്യമായ പരിചരണം ലഭിക്കാതെ വരുമ്പോൾ ശാരീരികമായ ബുദ്ധിമുട്ടുകളും നേരിടേണ്ടിവരുന്നുണ്ട്. അവയവ ദാനത്തെക്കുറിച്ച് വലിയ അറിവൊന്നുമില്ലാത്ത, പാവപ്പെട്ടവരെയും സാധാരണക്കാരെയും ഇരകളാക്കി തടിച്ചുകൊഴുക്കുന്ന മാഫിയകളെ കർശനമായി നേരിടേണ്ടതുണ്ട്. കച്ചവട താത്പര്യവും കോടികളുടെ പണമിടപാടുകളും അവയവ ദാനത്തിന്‍റെ മഹത്തായ സന്ദേശത്തിന് എതിരായി പ്രവർത്തിക്കുന്നതാണ്. മാഫിയകളുടെ പിടിയിലാണ് അവയവദാന പ്രവർത്തനങ്ങൾ എന്നു വന്നാൽ മറ്റുള്ളവർക്ക് ഉപകാരപ്പെടട്ടെ എന്ന നല്ല ലക്ഷ്യത്തോടെ ഇതിനു തയാറാവുന്നവർ നിരാശപ്പെടുകയാവും ഫലം.

അവയവ ദാനത്തിന്‍റെ പേരിലുള്ള തട്ടിപ്പുകൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്.‌ പ്രധാന അവയവങ്ങളുടെ പ്രവർത്തനത്തിൽ തകരാറു സംഭവിച്ച് അവയവ ദാതാക്കളുടെ കാരുണ്യം കാത്തിരിക്കുന്ന നിരവധിയാളുകൾ ഈ ലോകത്തുണ്ട്. ഈ സാഹചര്യം ചൂഷണം ചെയ്യാനാണ് തട്ടിപ്പുകാർ ശ്രമിക്കുന്നത്. കള്ളന്മാർക്കും കൊള്ളക്കാർക്കും പണമുണ്ടാക്കാൻ വേണ്ടിയുള്ളതല്ല അവയവദാനം എന്ന മഹത്തായ കാരുണ്യ പ്രവർത്തനം. എത്രയോ ആളുകളുടെ ജീവനും ജീവിതവും രക്ഷിച്ചെടുക്കാൻ കഴിയുന്നതാണ് അവയവദാനം. സഹജീവികളോടുള്ള അനുകമ്പയും സ്നേഹവുമാണ് അതിനു കാരണമാവേണ്ടത്, അല്ലാതെ പണത്തോടുള്ള അത്യാർത്തിയല്ല. തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്ത് മറ്റുള്ളവർക്കു ജീവിതം നൽകിയ എത്രയോ നല്ല മനുഷ്യരുടെ സദ്പ്രവൃത്തിയെയാണ് മാഫിയകൾ കൊഞ്ഞനംകുത്തുന്നത്. അത്തരക്കാർക്കെതിരേ കർശനമായ നടപടികൾ ഉണ്ടാവുക തന്നെ വേണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com