ലോകത്തെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമായാണ് ഓസ്കറിനെ കണക്കാക്കുന്നത്. ലോകത്ത് ഏറ്റവും അധികം ആളുകൾ വീക്ഷിക്കുന്ന ചലച്ചിത്ര അവാർഡ് ദാനച്ചടങ്ങും ഓസ്കർ ആയിരിക്കും. ഇക്കുറി ഓസ്കർ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ രണ്ടു പുരസ്കാരങ്ങളുടെ പൊൻതിളക്കമാണ് ഇന്ത്യയ്ക്ക്. തീർച്ചയായും ഇന്ത്യൻ ചലച്ചിത്ര മേഖലയ്ക്ക് ആഹ്ലാദവും അഭിമാനവും പകരുന്ന നിമിഷങ്ങൾ. രാജമൗലി ചിത്രം ആർആർആറിലെ "നാട്ടു നാട്ടു' എന്ന ഗാനം ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്കാരം നേടിയിരിക്കുന്നു. ചന്ദ്രബോസ് ഗാനരചന നിർവഹിച്ച് എം.എം. കീരവാണി സംഗീതം നൽകി കാല ഭൈരവ, രാഹുൽ സിപ്ലിഗുഞ്ജ് എന്നിവർ ചേർന്ന് ആലപിച്ച ഈ ഗാനത്തിന് ഓസ്കർ നോമിനേഷൻ ലഭിച്ചപ്പോൾ മുതൽ ഇന്ത്യക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നിമിഷമാണിത്. ദീപിക പദുക്കോൺ ഗാനം ഓസ്കർ വേദിക്കു പരിചയപ്പെടുത്തിയപ്പോഴും ചടുലമായ നൃത്തത്തോടെ ഗാനം വേദിയിൽ അവതരിപ്പിക്കപ്പെട്ടപ്പോഴും ലഭിച്ച സ്വീകരണം ഇന്ത്യൻ അഭിമാനം വാനോളം ഉയർത്തുന്നതായിരുന്നു.
മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ "ദി എലിഫന്റ് വിസ്പറേഴ്സ്' നേടിയ പുരസ്കാരമാണ് മറ്റൊന്ന്. കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററി മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥ പറയുന്നതാണ്. വന്യമൃഗങ്ങൾ നാട്ടിലിറങ്ങുകയും അതിന്റെ ഭാഗമായി വലിയ സംഘർഷങ്ങളുണ്ടാവുകയും ചെയ്യുന്ന കാലഘട്ടത്തിൽ വളരെ പ്രസക്തമാണ് ഇതിന്റെ ഇതിവൃത്തം. തമിഴ്നാട്ടിലെ മുതുമല ദേശീയോദ്യാനം പശ്ചാത്തലമാക്കി നിർമിച്ച ഈ ഹ്രസ്വചിത്രം ആനയെ പരിപാലിക്കുന്ന കാട്ടുനായ്ക്കർ വിഭാഗക്കാരായ ബൊമ്മന്റെയും ബെല്ലയുടെയും ജീവിതമാണു പറയുന്നത്. ആനകളും മനുഷ്യരും തമ്മിലുള്ള ആത്മബന്ധം ഏതു തലം വരെ ഉയരാമെന്ന് ഈ ചിത്രം കാണിച്ചു തരുന്നു. മനുഷ്യരുടെ ചെയ്തികൊണ്ടാണ് ആനക്കൂട്ടം നാട്ടിലിറങ്ങേണ്ടിവരുന്നതെന്ന നിരീക്ഷണവും ചിന്തനീയം. വനത്തിൽ നിന്നെടുക്കുന്നതുപോലെ വനത്തെ സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം എത്രത്തോളം ഓർമിപ്പിച്ചാലും അധികമാകാത്ത കാലമാണല്ലോ ഇത്.
നാല് ദശകക്കാലം മുൻപ് (1983) മികച്ച വസ്ത്രാലങ്കാരത്തിന് ഭാനു അതയ്യയാണ് ഇന്ത്യയിലേക്ക് ആദ്യമായി ഓസ്കർ കൊണ്ടുവന്നത്. റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി എന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിർവഹിച്ചതാണ് ഭാനുവിനെ ഈ പുരസ്കാരത്തിന് അർഹയാക്കിയത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ചലച്ചിത്ര സംവിധായകരിൽ ഉൾപ്പെടുന്ന സത്യജിത് റായിക്ക് 1992ൽ ഓണററി അവാർഡ് ലഭിച്ചിട്ടുണ്ട്. 2009ൽ ബ്രിട്ടിഷ് ഇന്ത്യൻ ചിത്രം സ്ലംഡോഗ് മില്യനെയറിലൂടെ മൂന്ന് ഇന്ത്യക്കാരാണു പുരസ്കാരങ്ങൾ നേടിയത്. എ.ആർ. റഹ്മാൻ ഇരട്ട പുരസ്കാരത്തിന് (ഒറിജിനൽ സ്കോർ, ഒറിജിനൽ ഗാനം) അർഹനായി. ഒറിജിനൽ ഗാനത്തിന്റെ രചയിതാവ് എന്ന നിലയിൽ ഗുൽസാറും പുരസ്കാരം നേടിയപ്പോൾ മലയാളിയായ റസൂൽ പൂക്കുട്ടിക്ക് മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്കറും ലഭിച്ചു. മൊത്തം എട്ട് ഓസ്കർ പുരസ്കാരങ്ങളാണ് സ്ലംഡോഗ് മില്യനെയർ കരസ്ഥമാക്കിയത്.
ഇത്തവണത്തെ ഡോക്യുമെന്ററി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം "ദി എലിഫന്റ് വിസ്പറേഴ്സി'ന്റെ നിർമാതാവ് ഗുനീത് മോംഗ കുറിച്ചതുപോലെ, ഒരിന്ത്യൻ നിർമാണ സംരംഭത്തിന് ഓസ്കർ ലഭിച്ചിരിക്കുകയാണ്. രണ്ടു വനിതകളുടെ (മോംഗയും കാർത്തികിയും) മഹത്തായ വിജയം. ഗുനീതിന് ഇതു രണ്ടാമത്തെ ഓസ്കറാണ് എന്നതു കൂടി ഇതിനൊപ്പം കാണണം. 2019ൽ മികച്ച ഡോക്യുമെന്ററി ഷോർട്ട് സബ്ജക്റ്റ് വിഭാഗത്തിൽ ഓസ്കർ ലഭിച്ച "പിരീഡ് എൻഡ് ഓഫ് സെന്റൻസ്' നിർമാതാക്കളിൽ ഒരാളായിരുന്നു ഗുനീത് മോംഗ.
മലയാളം അടക്കം വിവിധ ഭാഷകളിലായി ഹിറ്റ് ഗാനങ്ങൾ ഒരുക്കി ഇന്ത്യൻ സിനിമയിൽ വർഷങ്ങളായി നിറഞ്ഞുനിൽക്കുന്ന കീരവാണിക്ക് അർഹിക്കുന്ന അംഗീകാരം തന്നെയാണ് "നാട്ടു നാട്ടു'വിലൂടെ ലഭിച്ചിരിക്കുന്നത്. മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടി തിളങ്ങിനിൽക്കുമ്പോഴാണ് "നാട്ടു നാട്ടു' വീണ്ടും അംഗീകരിക്കപ്പെടുന്നതും. 2009ൽ എ.ആർ. റഹ്മാനു ശേഷം ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഇന്ത്യയിൽ എത്തിച്ചതും കീരവാണിയുടെ ഈ സംഘമാണ്. ഇവർ നൽകുന്ന ആവേശം ഇന്ത്യൻ സിനിമയ്ക്കു പൊതുവിൽ ഗുണകരമായി മാറുമെന്നതിൽ സംശയമില്ല.