ഇന്ത്യൻ കായിക ലോകത്തിന് എന്നല്ല രാജ്യത്തെ 140 കോടി ജനങ്ങൾക്കും വല്ലാത്ത നിരാശയും ദുഃഖവും തോന്നുന്ന മണിക്കൂറുകളാണിത്. ഒരൊളിംപിക് മെഡലിന്‍റെ, പ്രത്യേകിച്ചു സ്വർണ മെഡലിന്‍റെ, വിലയെന്താണെന്ന് വിരലിലെണ്ണാൻ മാത്രം മെഡലുകൾ സ്വന്തമായുള്ള ഈ രാജ്യത്തിനറിയാം. പാരിസ് ഒളിംപിക്സിലെ ഗുസ്തി ഫൈനൽ മത്സരത്തിനു തൊട്ടുമുൻപാണ് ശരീരഭാര നിബന്ധന നേരിയ വ്യത്യാസത്തിൽ പാലിക്കാനാവാതെ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെടുന്നത്. ഈ ഒളിംപിക്സിലെ രാജ്യത്തിന്‍റെ ആദ്യസ്വർണത്തിനു കാത്തിരുന്ന സർവരെയും ദുഃഖത്തിലാഴ്ത്തുകയാണ് ഈ നിർഭാഗ്യം. 50 കിലോഗ്രാം വിഭാഗം വനിതകളുടെ ഗുസ്തിയിൽ ഫൈനൽ വരെയെത്തിയ വിനേഷിന്‍റെ പ്രകടനം അതിഗംഭീരമായിരുന്നു. ഒളിംപിക് ഗുസ്തിയുടെ ഫൈനലിലെത്തുന്ന ആദ്യത്തെ ഇന്ത്യൻ വനിതാ താരം എന്നതാണ് വിനേഷ് കുറിച്ച ചരിത്രം. പലവിധ വെല്ലുവിളികളെ മറികടന്നായിരുന്നു ഈ ജൈത്രയാത്ര.
മനക്കരുത്തു കൊണ്ട് സ്വർണ മെഡലിനു തൊട്ടരികിലെത്തിയതാണവർ. അങ്ങനെയൊരു താരത്തിന് ഇതുപോലെ അയോഗ്യത വിധിക്കപ്പെടുന്നത് ആരാധകർക്കു സഹിക്കാനാവുന്നതല്ല. അസാധ്യം എന്നു പലരും കരുതിയത് സാധ്യമാക്കിയതായിരുന്നു വിനേഷിന്‍റെ പ്രകടനം. പക്ഷേ, അപ്രതീക്ഷിതമായി എല്ലാം തകിടം മറിഞ്ഞു. ലോക വേദികളിൽ തോൽവിയറിയാതെ ജ്വലിച്ചു നിൽക്കുകയായിരുന്ന ലോക ചാംപ്യനും ഒളിംപിക് ചാംപ്യനുമായ ജാപ്പനീസ് താരം യൂയി സുസാക്കിയെ അട്ടിമറിച്ച് ക്വാർട്ടറിൽ കടന്ന ഒരൊറ്റ പ്രകടനം മതി വിനേഷിന്‍റെ പോരാട്ടവീര്യം മനസിലാക്കാൻ. ക്വാർട്ടർ ഫൈനലിൽ യുക്രെയ്‌ൻ താരം ഒക്സാന ലിവാച്ചിനെയും സെമി ഫൈനലിൽ ക്യൂബയുടെ യൂസ്നെലിസ് ഗുസ്മാനെയും കീഴടക്കിയ വിനേഷ് ചുരുങ്ങിയത് വെള്ളി മെഡൽ ഉറപ്പാക്കിയിരുന്നു. ഫൈനലിൽ അമെരിക്കയുടെ സാറ ഹിൻഡെ ബ്രാൻഡുമായുള്ള പോരാട്ടത്തിൽ ജയിച്ച് സ്വർണവും നേടാനാവുമെന്ന് ആരാധകർ ഉറച്ചു വിശ്വസിച്ചു. പക്ഷേ, ഫൈനലിനു മുൻപായി ഇന്നലെ രാവിലെ ഭാര പരിശോധന നടത്തിയപ്പോൾ 100 ഗ്രാം അധിക ഭാരം കണ്ടെത്തുകയായിരുന്നു.
ശരീരഭാരം 50 കിലോയിലും അൽപ്പം കൂടുതലാണെന്നു തലേന്നു വൈകിട്ടു തന്നെ തിരിച്ചറിഞ്ഞതോടെ ഭാരം കുറയ്ക്കാനുള്ള കഠിന ശ്രമങ്ങളിലേക്ക് വിനേഷ് കടന്നിരുന്നു എന്നാണു പറയുന്നത്. ഭക്ഷണം ഉപേക്ഷിച്ചും സൈക്കിളിങ് അടക്കം വ്യായാമങ്ങൾ ചെയ്തും ഭാരം ക്രമീകരിക്കാൻ ശ്രമിച്ചു. എന്നാൽ, നേരിയ വ്യത്യാസം എന്നിട്ടും ബാക്കിനിന്നു. ഇതൊരു അസാധാരണ സാഹചര്യം തന്നെയാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന് ആശങ്കപ്പെടുന്നവരാവും ഇന്ത്യൻ കായിക പ്രേമികൾ. പരിശീലകർ അടക്കം താരത്തെ സഹായിക്കാൻ നിയോഗിക്കപ്പെട്ടിരുന്നവർ നിസഹായരായ അവസ്ഥ ഇവിടെയുണ്ടായിരിക്കുന്നു. വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നത് അവഗണിക്കപ്പെടേണ്ടതല്ല.
2016ലെ റിയോ ഒളിംപിക്സിൽ മെഡൽ പ്രതീക്ഷയുണ്ടായിരുന്ന താരമായിരുന്നു ഫോഗട്ട്. നല്ല തുടക്കവും കിട്ടി. എന്നാൽ, ക്വാർട്ടറിൽ ചൈനീസ് താരത്തോടു മത്സരിക്കുന്നതിനിടെ പരുക്കേറ്റു പുറത്തായി. വലതു കാൽമുട്ടിൽ ശസ്ത്രക്രിയ ആവശ്യമായി വന്നപ്പോൾ മാസങ്ങളോളം പരിശീലനത്തിൽ നിന്നു വിട്ടുനിൽക്കേണ്ടിവന്നു. പിന്നീട് ശക്തമായ തിരിച്ചുവരവു നടത്തിയെന്നു മാത്രമല്ല 2020ലെ ടോക്കിയോ ഒളിംപിക്സിൽ രാജ്യത്തിന്‍റെ മെഡൽ പ്രതീക്ഷയായി. പക്ഷേ, ക്വാർട്ടറിൽ അപ്രതീക്ഷിത തോൽവിയായിരുന്നു കാത്തിരുന്നത്. 2021ലെ ലോക ചാംപ്യൻഷിപ്പിനുള്ള ദേശീയ ടീമിനെ തെരഞ്ഞെടുക്കാനുള്ള നാഷണൽ ട്രയൽസിൽ മത്സരിക്കുമ്പോഴും പരുക്കേറ്റ് കൈമുട്ടിനു ശസ്ത്രക്രിയ വേണ്ടിവന്നു. അതിൽ നിന്നു തിരിച്ചുവന്നാണ് ബെൽഗ്രേഡിലെ ലോക ഗുസ്തി ചാംപ്യൻഷിപ്പിൽ വെങ്കലവും ബിർമിങ്ങാം കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും നേടിയത്. 2023 ജൂണിൽ വീണ്ടും കൈമുട്ടിൽ ശസ്ത്രക്രിയ വേണ്ടിവന്നു. പിന്നീട് പരിശീലനത്തിനിടെ പരുക്കേറ്റ് കാൽമുട്ടിനും ശസ്ത്രക്രിയ നടത്തി.
തിരിച്ചടികളേറ്റ ഓരോ തവണയും വർധിത വീര്യത്തോടെ തിരിച്ചെത്തിയാണ് വിനേഷ് രാജ്യത്തെ ഗുസ്തി താരങ്ങളുടെ മുൻനിരയിൽ നിന്നത്. ലൈംഗികാരോപണ കേസിൽ ഉൾപ്പെട്ട ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്‍റ് ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ പോരാട്ടത്തിലും മുന്നിൽത്തന്നെയുണ്ടായിരുന്നു; ബജ്റംഗ് പൂനിയ, സാക്ഷി മാലിക് തുടങ്ങിയ ദേശീയ താരങ്ങൾക്കൊപ്പം. രാഷ്‌ട്രീയത്തിലും ഗുസ്തി ഫെഡറേഷനിലും ബ്രിജ് ഭൂഷനുള്ള സ്വാധീനം അറിഞ്ഞു തന്നെയായിരുന്നു ഇവരുടെ പ്രക്ഷോഭം എന്നതും ഓർക്കേണ്ടതാണ്.