

ഇനിയും മുന്നേറട്ടെ, കെഎസ്ആർടിസി
file photo
"ഇപ്പോൾ ആഘോഷിച്ചില്ലെങ്കിൽ പിന്നെ എപ്പോൾ!'' എന്നാണു ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ചോദിക്കുന്നത്. മന്ത്രി പറയുന്നത് കെഎസ്ആർടിസിയുടെ ആഘോഷക്കാലത്തെക്കുറിച്ചാണ്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാനം നേടുക എന്നതു സന്തോഷമുള്ള കാര്യം തന്നെയാണല്ലോ. അത് ആഘോഷിക്കുന്നതിലും തെറ്റില്ല. പക്ഷേ, ചെലവ് മറികടക്കാനുള്ള വരുമാനം സ്ഥിരമായി ഉണ്ടാവുക എന്നതാണു ദീർഘകാല ലക്ഷ്യം.
അതിലേക്കെത്താനുള്ള പരിശ്രമങ്ങൾ തുടരേണ്ടിയിരിക്കുന്നു. ശബരിമല സീസൺ കഴിഞ്ഞ ശേഷവും നല്ല നിലയിലുള്ള വരുമാനം നേടാൻ സാധ്യമാവേണ്ടതുണ്ട്. ഓരോ മാസവും സർക്കാരിന്‍റെ സഹായമില്ലെങ്കിൽ വണ്ടി ഓടിക്കാൻ കഴിയില്ല എന്ന അവസ്ഥ മാറേണ്ടതുണ്ട്. ഗതാഗത മന്ത്രിയും കെഎസ്ആർടിസി മാനെജ്മെന്‍റും സ്വീകരിച്ച പരിഷ്കരണ നടപടികളും ജീവനക്കാരുടെ സഹകരണവും ആത്മാർഥതയോടെയുള്ള പ്രവർത്തനങ്ങളും വരുമാന വർധനയ്ക്കു കാരണമായിട്ടുണ്ടാവാം.
പുതിയ ബസുകൾ ഇറക്കിയതും സേവനങ്ങളിൽ വരുത്തിയ മാറ്റങ്ങളും യാത്രക്കാരുടെ സ്വീകാര്യത വർധിപ്പിക്കാനും സഹായിച്ചിട്ടുണ്ടാവാം. അതൊക്കെ നല്ലതു തന്നെ. ഇത്തരം പ്രവർത്തനങ്ങൾ തുടരുക എന്നതാണ് ദീർഘകാല നേട്ടങ്ങൾക്ക് ആവശ്യമായിട്ടുള്ളത്. 2024ലെ ഓണക്കാലത്ത് കെഎസ്ആർടിസി നേടിയ ഏറ്റവും കൂടിയ വരുമാനം 8 കോടി രൂപയ്ക്കു മുകളിലായിരുന്നു. 2024ലെ ശബരിമല സീസണിൽ ഡിസംബർ 23ന് 9 കോടി രൂപയ്ക്കു മുകളിൽ വരുമാനമുണ്ടായി. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഓണം കഴിഞ്ഞു മടങ്ങുന്നവരുടെ തിരക്ക് പ്രതിദിന വരുമാനത്തിലെ റെക്കോഡ് വീണ്ടും മെച്ചപ്പെടുത്തി.
2025 സെപ്റ്റംബർ 8ന് ടിക്കറ്റ് വരുമാനം 10.19 കോടി രൂപയായി. 2025 ഡിസംബറിൽ (ഡിസംബർ 15ന്) ശബരിമല സീസണിൽ തന്നെ എക്കാലത്തെയും മികച്ച ടിക്കറ്റ് വരുമാനമായ 10.77 കോടി രൂപ കെഎസ്ആർടിസി നേടി. ടിക്കറ്റിതര വരുമാനം ഉൾപ്പെടെ 11.53 കോടി രൂപയാണ് അന്നത്തെ മൊത്തം വരുമാനമായത്. ഇപ്പോഴിതാ ഈ കണക്കും മറികടന്നിരിക്കുന്നു. ജനുവരി അഞ്ചിന് 12.18 കോടി രൂപയാണ് പ്രതിദിന ടിക്കറ്റ് വരുമാനം.
ടിക്കറ്റിതര വരുമാനം കൂടി ചേർക്കുമ്പോൾ പ്രതിദിന വരുമാനം 13.02 കോടി രൂപ. ഒരു വർഷം മുൻപ് പരമാവധി പ്രതിദിന വരുമാനം 8 - 9 കോടി രൂപയായിരുന്നത് ഇപ്പോൾ 13 കോടിയിലെത്തി എന്നതു നേട്ടം തന്നെയാണ്. കഴിഞ്ഞ വർഷം നിലനിന്നിരുന്ന സമാന സാഹചര്യത്തിൽ, ടിക്കറ്റ് നിരക്കിൽ വർധന വരുത്താതെയാണ് ഈ നേട്ടമെന്നു മന്ത്രി ഓർമിപ്പിക്കുന്നുണ്ട്. അതായത് പ്രവർത്തനം മെച്ചപ്പെടുത്തിയതിന്‍റെ ഫലം.
നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി നടപ്പാക്കിയ പരിഷ്കരണ പദ്ധതികൾ, ജീവനക്കാരുടെയും സൂപ്പർവൈസർമാരുടെയും ഓഫിസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങൾ എന്നിങ്ങനെ തുടർച്ചയായ നേട്ടത്തിനു പിന്നിൽ മന്ത്രി അവകാശപ്പെടുന്ന കാരണങ്ങൾ ബന്ധപ്പെട്ട എല്ലാവർക്കും അഭിമാനം നൽകുന്നതാണ്. എല്ലാ ദിവസവും 10 കോടി രൂപയ്ക്കു മുകളിൽ ടിക്കറ്റ് വരുമാനം എന്നതിലേക്ക് എത്തുകയാണ് ഇനി ആവശ്യമുള്ളത്.
പുതുതായി 169 ബസുകൾ കൂടി എത്തുന്നതോടെ അതു സാധ്യമാവുമെന്നാണു പ്രതീക്ഷ. അതിനൊപ്പം പ്രതിദിന ടിക്കറ്റിതര വരുമാനവും വർധിപ്പിച്ച് കെഎസ്‌ആർടിസി സ്വയംപര്യാപ്‌തത കൈവരിക്കുകയാണു വേണ്ടത്. അങ്ങനെയൊരു ലക്ഷ്യം എല്ലാവരുടെയും മനസിൽ ഉറയ്ക്കണം. അതിനു വേണ്ടിയുള്ള പരിശ്രമങ്ങളിൽ ഒറ്റക്കെട്ടായി നിൽക്കണം. മറ്റു താത്പര്യങ്ങളെല്ലാം മാറ്റിവച്ചുകൊണ്ടുള്ള ആത്മാർഥമായ പരിശ്രമത്തിലൂടെ മാത്രമേ കെഎസ്ആർടിസിയെ രക്ഷപെടുത്താനാവൂ.
ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 1,201.56 കോടി രൂപ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി അനുവദിച്ചിട്ടുണ്ടെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചത് ഏതാനും ദിവസം മുൻപാണ്. ബജറ്റില്‍ കോര്‍പ്പറേഷനായി നീക്കിവച്ചത് 900 കോടി രൂപയായിരുന്നു. അതിനു പുറമെ 301.56 കോടി രൂപ കൂടി ലഭ്യമാക്കുകയുണ്ടായി.
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് 8,027.72 കോടി രൂപ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി നൽകിക്കഴിഞ്ഞു. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്തെ 5,002 കോടി രൂപ കൂടി കൂട്ടിയാൽ ഒമ്പതു വർഷത്തിനിടെ13,029.72 കോടി രൂപയാണ് കോര്‍പ്പറേഷനു സർക്കാർ സഹായമായി നല്‍കിയത്. സർക്കാർ സഹായം എന്നു പറയുന്നത് പൊതുജനങ്ങളുടെ പണമാണ്. അതു വാരിക്കോരി നൽകിയിട്ടു വേണം കോർപ്പറേഷനു പിടിച്ചുനിൽക്കാൻ എന്ന അവസ്ഥ മാറിയേ തീരൂ.
ഇപ്പോൾ എല്ലാ ഡിപ്പോകളും പ്രവർത്തന ലാഭത്തിലാണെന്നു മന്ത്രി അവകാശപ്പെടുന്നുണ്ട്. 35 ഡിപ്പോകൾക്ക് ടാർജറ്റ് പൂർത്തിയാക്കാനായെന്നും പറയുന്നു. ശുഭസൂചനകൾ ഇതിലുണ്ട്. അപ്പോഴും വളരെ വലിയ വായ്പാ ബാധ്യതകളുള്ള കോർപ്പറേഷന്‍റെ ആരോഗ്യകരമായ പ്രവർത്തനത്തിനു ബഹുദൂരം മുന്നോട്ടുപോകേണ്ടതുണ്ട്.