
കാടകങ്ങളിൽ പുഴുക്കളെപ്പോലെ ചവിട്ടിയരയ്ക്കപ്പെടാൻ വിധിക്കപ്പെട്ടവർക്കും ജീവനും ജീവിതവുമുണ്ടെന്നു മലയാളിയെ അനുഭവിപ്പിച്ച എഴുത്തുകാരിയാണ് കഴിഞ്ഞ ദിവസം വിടപറഞ്ഞ പി. വത്സല. അടിച്ചമർത്തപ്പെടുന്ന ആണിന്റെയും പെണ്ണിന്റെയും നോവും നിനവും മലയാള സാഹിത്യത്തിനു പുതുമയുള്ളതായിരുന്നു. പെണ്ണിന്റെ പ്രാണൻ പൊടിയുന്ന വേദനകളുടെ ചൂട് അക്ഷരങ്ങളിൽ കോറിയിട്ടപ്പോൾ അതുവരെ പരിചയമില്ലാതിരുന്ന എഴുത്തിന്റെ ശക്തി ആ കൃതികളിൽ നിറഞ്ഞു. നേരിന്റെ കദന ജീവിതങ്ങൾ വായനക്കാരെ വല്ലാതെ പൊള്ളിച്ചു. മണ്ണിൽ ചവിട്ടി നിന്ന് ചുറ്റുപാടുമുള്ള ജീവിതങ്ങളെ ചമയങ്ങളില്ലാതെ പകർത്തി എന്നതാണ് ആ കൃതികളുടെ സവിശേഷതയെന്ന് ആസ്വാദക ലോകം തിരിച്ചറിഞ്ഞു.
കാനങ്ങോട്ടു ചന്തുവിന്റെയും പത്മാവതിയുടേയും മകളായി 1938 ഏപ്രിൽ 4ന് കോഴിക്കോട്ടാണ് വത്സലയുടെ ജനനം. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് എഴുത്താണ് വഴി എന്നു തിരിച്ചറിയുന്നതെന്ന് വത്സല വ്യക്തമാക്കിയിട്ടുണ്ട്. അമ്മ പഠിച്ച നടക്കാവ് സ്കൂളിലാണ് പഠിച്ചത്. പിന്നീട് അധ്യാപികയായപ്പോൾ അതേ സ്കൂളിലാണ് ജോലി ചെയ്തത്. നടക്കാവ് സ്കൂളിൽ ജോലിക്കു ചേർന്നതിനു തൊട്ടടുത്ത വർഷം കക്കോടി മാറോളി അപ്പുക്കുട്ടി അധ്യാപകനായെത്തി. പരിചയം പ്രണയമായി. ഇന്നത്തെ സാമൂഹിക സാഹചര്യമായിരുന്നില്ലെങ്കിലും ഇരു വീട്ടുകാരും പ്രണയത്തിന് എതിരു നിന്നില്ല. 1965ലായിരുന്നു വിവാഹം.
അടുക്കളക്കാരിയായ വീട്ടമ്മയാവാൻ പറ്റുന്നയാളാണെങ്കിലും ഭക്ഷണമുണ്ടാക്കി സമയം കളയാതെ എഴുതണമെന്നു പറയാറുള്ളത് അപ്പുക്കുട്ടി മാഷാണെന്ന് എഴുത്തുകാരി ആവർത്തിച്ച് ഓർമിപ്പിച്ചു. ആണിനായാലും പെണ്ണിനായാലും എഴുത്തിന്റെ ആകാശങ്ങൾ താണ്ടണമെങ്കിൽ പങ്കാളിയുടെ അകമഴിഞ്ഞ പിന്തുണ കൂടിയേ തീരൂ. എക്കാലത്തും ആണിനേക്കാൾ അസ്വാതന്ത്യത്തിന്റെ ചങ്ങലക്കെട്ടുകൾ ഏറെയാണ് പെണ്ണിന്. ഔദ്യോഗിക ജീവിതത്തിന്റെ തിരക്കിനപ്പുറം അടുക്കളയുടെ കരിയും പുകയും മാത്രമല്ല, മക്കളെ പെറ്റുപോറ്റുന്നതും പെണ്ണിനു മാത്രം വിധിച്ചിരുന്ന കാലത്താണ് അതിനെതിരേ ചിന്തിച്ച അപ്പുക്കുട്ടി മാഷ് ജീവിതത്തിന്റെ കൂട്ടുകാരിയുടെ ചുമതലകൾ പങ്കുവയ്ക്കാൻ സന്നദ്ധനായത്. അത് മലയാളത്തിനു മറക്കാനാവാത്ത ഒരുപിടി കൃതികളുടെ പിറവിക്കു കാരണമായി. ആറു പതിറ്റാണ്ടോളം എഴുത്തിന്റെ ലോകത്ത് ശ്രദ്ധേയ സാന്നിധ്യമായി എന്ന അപൂർവ റെക്കോർഡിലേക്കാണ് അത് നയിച്ചത്.
വയനാടൻ മണ്ണിലെ അടിയാള ജനതയുടെ ജീവിതം അടയാളപ്പെടുത്തിയ "നെല്ലി'ന് കഴിഞ്ഞ കൊല്ലമാണ് 50 വയസ്സായത്. ഈ കൃതി എസ്.എൽ. പുരം സദാനന്ദന്റെ തിരക്കഥയിൽ രാമു കാര്യാട്ട് സിനിമയാക്കിയപ്പോൾ അത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. "നെല്ലി'ലെ നായകൻ ഭാവനയിലുള്ള ആളല്ല. യഥാർഥ ജീവിതത്തിൽ തളിപ്പറമ്പിൽ നിന്നു തിരുനെല്ലിയിലേക്കു വന്നയാളാണ്. അയാളുമായി മണിക്കൂറുകളോളം ഇരുന്നു സംസാരിച്ചിട്ടുണ്ട്. നെല്ല് പുറത്തിറങ്ങിയ ശേഷം നായകൻ അതു വായിച്ച് ഏറെ സന്തോഷത്തോടെയാണ് സംസാരിച്ചതെന്ന് വ്യക്തമാക്കിയ എഴുത്തുകാരി, വയനാട്ടിലെ വയലുകളിലും സമൂഹങ്ങളിലും താൻ കണ്ട കഥാപാത്രങ്ങളാണ് തന്റെ കൃതികളിലുള്ളതെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്.
"ആഗ്നേയ'ത്തിലെ നങ്ങേമ അതിശക്തമായ സ്ത്രീകഥാപാത്രമാണ്. ""ഇന്നുവരേയ്ക്കും സാഹിത്യത്തിൽ സ്ത്രീകളെക്കുറിച്ച് ഉണ്ടായിട്ടുള്ള എല്ലാ നിലവാരമില്ലാത്ത രചനകളെയും ഭസ്മീകരിക്കാൻ നങ്ങേമയിലെ അഗ്നി ധാരാളം മതിയാകുമെന്നും, മത യുദ്ധങ്ങളുടെ തീയിൽ പിറക്കുകയും പിന്നീട് നക്സലിസത്തിന്റെ അഗ്നിയിലേക്ക് എറിയപ്പെടുകയും ചെയ്യുന്ന ആഗ്നേയം ഒരു നവ ദുരന്തേതിഹസത്തിനു ജന്മം നൽകുന്നുവെന്നു''മാണ് പ്രഗത്ഭ നിരൂപക ഡോ. എം. ലീലാവതി വിലയിരുത്തിയത്. ആ നോവൽ സിനിമയായി കാണണമെന്ന നിരാശ അവസാന കാലയളവിലും എഴുത്തുകാരി പങ്കുവച്ചിരുന്നു. ആഗ്നേയം എഴുതിയതിന്റെ പേരിൽ എഴുത്തുകാരിയുടെ നക്സൽ ബന്ധം തേടി പൊലീസ് മാധ്യമസ്ഥാപനത്തിൽ കയറിയിറങ്ങിയതൊന്നും എഴുത്തിനെ ബാധിച്ചില്ലെന്ന് പിൽക്കാല രചനകൾ സാക്ഷി. 20ഓളം നോവലുകളും 300ലേറെ ചെറുകഥകളും ജീവചരിത്രവും യാത്രാവിവരണങ്ങളും ബാലസാഹിത്യകൃതികളും രചിച്ചിട്ടുണ്ട്.
അരികുവൽക്കരിക്കപ്പെടുന്നതിന്റെയും ഒറ്റപ്പെടുത്തലുകളുടെയും സാമൂഹ്യ മനഃശാസ്ത്രം വത്സലയെപ്പോലെ ആഴത്തിൽ രേഖപ്പെടുത്തിയ എഴുത്തുകാരികൾ കുറവാണ്. വീട്, മക്കൾ, പരിസ്ഥിതി തുടങ്ങിയവയെല്ലാം ഗൃഹാതുരത്വത്തിനപ്പുറം നിർത്തി പരിശോധിക്കുന്നവയാണ് ആ രചനകൾ. വയനാട് എന്ന ഇരുളടഞ്ഞ ഭൂമിയിലെ അപരിചിത അനുഭവങ്ങളിലേക്ക് വായനക്കാരെ ഉണർത്തിയ രചനകളായിരുന്നു വത്സലയുടേത്.
നെല്ല്, റോസ്മേരിയുടെ ആകാശങ്ങള്‍, ആരും മരിക്കുന്നില്ല, ആഗ്നേയം, ഗൗതമന്, പാളയം, ചാവേര്‍, അരക്കില്ലം, കൂമന്‍കൊല്ലി, നമ്പരുകള്‍, വിലാപം , ആദിജലം, വേനല്‍, കനല്, നിഴലുറങ്ങുന്ന വഴികള്‍, തിരക്കിലല്പം സ്ഥലം, പഴയപുതിയ നഗരം, ആനവേട്ടക്കാരന്‍, ഉണിക്കോരന്‍ ചതോപാധ്യായ, ഉച്ചയുടെ നിഴല്‍, കറുത്ത മഴപെയ്യുന്ന താഴ്വര, കോട്ടയിലെ പ്രേമ, പൂരം, അന്നാമേരിയെ നേരിടാന്‍, അശോകനും അയാളും, പംഗരുപുഷ്പത്തിന്റെ തേന്‍, കഥായനം, അരുന്ധതി കരയുന്നില്ല, ചാമുണ്ടിക്കുഴി തുടങ്ങിയവയാണ് പ്രധാന കൃതികൾ.
2021ലാണ് വത്സലയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്. നെല്ലിന് കുങ്കുമം അവാര്‍ഡ് ലഭിച്ചു. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ അക്ഷരപുരസ്കാരം, നിഴലുറങ്ങുന്ന വഴികള്‍ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം, സമഗ്ര സംഭാവനയ്ക്കുള്ള പത്മപ്രഭാ പുരസ്കാരം, പുലിക്കുട്ടന് എന്ന കൃതിക്ക് സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ്, വിലാപത്തിന് സി.എച്ച്. അവാര്‍ഡ്, ലളിതാംബികാ അന്തര്‍ജനം അവാര്‍ഡ്, സി.വി. കുഞ്ഞിരാമന് സ്മാരക മയില്‍പ്പീലി അവാര്‍ഡ്, ബാലാമണിയമ്മയുടെ പേരിലുള്ള അക്ഷരപുരസ്കാരം, പി.ആര്. നമ്പ്യാര്‍ അവാര്‍ഡ്, എം.ടി. ചന്ദ്രസേനന് അവാര്‍ഡ്, ഒ. ചന്തുമേനോന്‍ അവാര്‍ഡ്, സദ്ഭാവനാ അവാര്‍ഡ്, മുട്ടത്തുവർക്കി അവാർഡ് എന്നിവയെല്ലാം അവരെ തേടിയെത്തി.
എഴുത്ത് തീർത്തും ഒരു തപസ്യയായാണ് അവർ കരുതിയത്. മനസിൽ വരുന്ന ഒരാശയം എഴുതാതിരിക്കാൻ പറ്റില്ല എന്നു തോന്നിയാലേ എഴുതൂ. അത് ഏതു രാത്രിയായാലും എഴുതും. നോവലെഴുതുക ഏറെ ശ്രമകരമാണെന്ന് പല തവണ വിശദീകരിച്ചിട്ടുണ്ട്. എഴുത്തിനു താത്പര്യമുണ്ടെങ്കിൽ നിർത്താതെ എഴുതണമെന്ന് പുതുതലമുറയോട് നിർദേശിച്ചു. എഴുതി പല തവണ വായിച്ച് മാറ്റി എഴുതുമെന്ന അവരുടെ വാക്കുകൾ ആദ്യ എഴുത്ത് അതേപടി പ്രസാധനത്തിന് കൊടുക്കുന്നവർ കണ്ടുപഠിക്കേണ്ടതാണ്.
സ്വന്തം അഭിപ്രായം വെട്ടിത്തുറന്ന് പ്രകടിപ്പിക്കുന്നതിൽ പിശുക്കു കാട്ടാത്ത എഴുത്തുകാരിയാണവർ. ഇടതുപക്ഷ രാഷ്ട്രീയത്തോടു ചേർന്നുനിൽക്കുമ്പോഴും പുരോഗമന കലാസാഹിത്യ സംഘവുമായി അഭിപ്രായവ്യത്യാസമുള്ളത് തുറന്നുപറയാൻ മടിച്ചിരുന്നില്ല. സാറാ ജോസഫിനോടും യശശ്ശരീരയായ സുഗതകുമാരിയോടും വിയോജിക്കേണ്ട അവസരങ്ങളിൽ ആ നിലപാട് അവർ മറച്ചുവച്ചില്ല.
"നിഴലുറങ്ങുന്ന വഴികൾ' എന്ന നോവലിന് കേരള സാഹിത്യ അക്കാഡമി അവാർഡ് 1975ൽ ലഭിച്ച വത്സലയ്ക്ക്, 2007ൽ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡും 2019ൽ വിശിഷ്ടാംഗത്വവും ലഭിച്ചു. 2021ൽ സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം തേടിയെത്തി. കേരള സാഹിത്യ അക്കാഡമി അധ്യക്ഷയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിതം പ്രമേയമാക്കി "മറുപുറം' എന്ന നോവലിന്റെ തയാറെടുപ്പുകളിലായിരുന്നു അവർ. അത് ഭാഷയ്ക്കു കിട്ടേണ്ട വിലപ്പെട്ട നിധിയാവുമെന്ന് കരുതിയിരിക്കേയാണ് 85ാം വയസിൽ എഴുത്തുകാരി വിടവാങ്ങിയത്. പ്രിയപ്പെട്ട പി. വത്സലയ്ക്ക് പ്രണാമം.