പാർലമെന്റിന്റെ സമയം ഇങ്ങനെ പാഴാക്കരുത്
പാർലമെന്റ് സമ്മേളനം ബഹളത്തിൽ മുങ്ങി, കാര്യമായ ചർച്ചകളൊന്നുമില്ലാതെ അവസാനിക്കുന്നത് രാജ്യത്തു പലപ്പോഴും പതിവാണ്. വിലപ്പെട്ട സമയവും ജനങ്ങളുടെ നികുതിപ്പണവും ഇങ്ങനെ പാഴാക്കുന്നതിനെതിരേ എത്രയോ വട്ടം സഭാധ്യക്ഷൻമാർ തന്നെ മുന്നറിയിപ്പു നൽകിയിട്ടുള്ളതാണ്. പക്ഷേ, എല്ലാം പതിക്കുന്നതു ബധിര കർണങ്ങളിലെന്നു വീണ്ടും തെളിഞ്ഞിരിക്കുന്നു. ബജറ്റ് സമ്മളനത്തിന്റെ രണ്ടാം ഘട്ടത്തിൽ ലോക്സഭയും രാജ്യസഭയും പ്രവർത്തിച്ച കണക്കു കേട്ടാൽ എന്തു ഗൗരവമാണ് പാർലമെന്റ് സമ്മേളനങ്ങൾക്കു നൽകുന്നതെന്നു ബോധ്യമാവും. ലോക്സഭയുടെ ഉത്പാദനക്ഷമത വെറും 5.29 ശതമാനമാണ് ഈ ഘട്ടത്തിൽ. 96 മണിക്കൂറിലേറെ സമയമാണ് ബഹളം മൂലം പാഴാക്കിയത്. രാജ്യസഭയാവട്ടെ 103.5 മണിക്കൂർ പാഴാക്കി. ഉപരി സഭയുടെ ഉത്പാദനക്ഷമത 6.4 ശതമാനം മാത്രം.
അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി വേണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രധാനമായും നടപടികൾ സ്തംഭിപ്പിച്ചത്. രാഹുൽ ഗാന്ധിയുടെ ലണ്ടനിലെ പ്രസംഗം രാജ്യതാത്പര്യത്തിനു വിരുദ്ധമെന്നാരോപിച്ചും അദ്ദേഹം മാപ്പു പറയണമെന്നാവശ്യപ്പെട്ടും ഭരണപക്ഷവും ബഹളം വച്ചുകൊണ്ടിരുന്നു. അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന് സൂററ്റ് കോടതി വിധിച്ചതിനു പിന്നാലെ രാഹുൽ ഗാന്ധിക്ക് ലോക്സഭയിൽ അയോഗ്യത കൽപ്പിച്ചതിനെച്ചൊല്ലിയും പാർലമെന്റ് ബഹളത്തിൽ മുങ്ങി. സഭാ സമ്മേളനം ഫലവത്താകാഞ്ഞതിന് ഇപ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം കുറ്റപ്പെടുത്തുകയാണ്. സഭയിൽ നിറയെ രാഷ്ട്രീയം, അതു കഴിഞ്ഞാലും രാഷ്ട്രീയം മാത്രം എന്നതാണ് അവസ്ഥ. സമ്മേളനത്തിനൊടുവിൽ രാജ്യസഭാ ചെയർമാനും ലോക്സഭാ സ്പീക്കറും നടത്താറുള്ള ചായ സത്കാരവും പല പ്രതിപക്ഷ നേതാക്കളും ബഹിഷ്കരിക്കുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിന്റെ രാഷ്ട്രീയച്ചൂട് സ്വാഭാവികമായും സഭയിലും പ്രതിഫലിക്കാം. അപ്പോഴും ശത്രുക്കളെപ്പോലെ ഇരു വിഭാഗവും പെരുമാറുന്നത് ആരോഗ്യപരമായ ജനാധിപത്യമാണെന്നു പറയാനാവില്ല.
ധനബില്ലടക്കം ആറു ബില്ലുകളാണ് ചർച്ച കൂടാതെ പാസാക്കിയത്. വളരെ ഗൗരവത്തോടെ പഠിച്ച് വിശദമായി ചർച്ച ചെയ്യേണ്ടതാണ് ബജറ്റുകൾ. എന്നാൽ, അതിന് യാതൊരു പ്രാധാന്യവും അംഗങ്ങൾ നൽകുന്നില്ല എന്നതു ഖേദകരമല്ലാതെ മറ്റെന്താണ്. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ പാർലമെന്റിൽ ചർച്ച ചെയ്യപ്പെടാതെ പോകുകയാണ്. സർക്കാരിന്റെ നടപടികൾ വിശകലനത്തിനു വിധേയമാകാതെയും പോകുന്നു. ചർച്ചയില്ലാതെ ബജറ്റ് പാസാക്കിയതിൽ കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ നിരാശ പ്രകടിപ്പിക്കുകയുണ്ടായി. എന്നാൽ, പ്രതിപക്ഷത്തിനു മാത്രമല്ല ഭരണപക്ഷത്തിനും ബജറ്റ് കീറിമുറിച്ചു ചർച്ച ചെയ്യുന്നതിലൊന്നുമല്ല താത്പര്യം. യാതൊരു ചർച്ചയുമില്ലാതെ 15 മിനിറ്റിൽ താഴെ സമയം കൊണ്ടാണ് ലോക്സഭ ബജറ്റ് അംഗീകരിച്ചത്! ധനമന്ത്രി ചില വിശദീകരണങ്ങൾ നൽകി, അത്രമാത്രമാണ് ഉണ്ടായത്. പിന്നീട് രാജ്യസഭയിലും ചർച്ചയൊന്നും നടന്നില്ല. ഏറ്റവും നിരാശാജനകമെന്നാണ് ഇതേക്കുറിച്ച് രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻകർ പ്രതികരിച്ചത്.
രാജ്യത്തെ ബാധിക്കുന്ന നിരവധി നിർദേശങ്ങൾ ഓരോ ബജറ്റിലുമുണ്ടാവും. തങ്ങളുടെ പണം സർക്കാർ എങ്ങനെ ചെലവഴിക്കുന്നു എന്നറിയാൻ ജനങ്ങൾക്ക് അവകാശവുമുണ്ട്. ഓരോ പദ്ധതിയുടെയും നേട്ടങ്ങളും കോട്ടങ്ങളും സഭയിൽ വിലയിരുത്തപ്പെടുമ്പോഴാണ് സാധാരണക്കാരായ ജനങ്ങൾക്കും അതേക്കുറിച്ചു കൂടുതൽ ചിന്തിക്കാൻ അവസരമുണ്ടാവുക. സർക്കാർ അതിന്റെ ഉത്തരവാദിത്വം നിർവഹിക്കുന്നുണ്ടോ എന്നു വിലയിരുത്തപ്പെടുന്നതും സഭയിലാണ്. ബജറ്റ് ചർച്ചയുടെ കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ക്രിയാത്മകവും ഉത്തരവാദിത്വബോധമുള്ളതുമായ സമീപനം സ്വീകരിക്കേണ്ടതുണ്ട്. വർഷാവർഷം നടക്കുന്ന ഒരു ചടങ്ങു മാത്രമായി ബജറ്റ് അവതരണം ചുരുങ്ങിപ്പോകാതിരിക്കണം. ബജറ്റ് അവതരണം കഴിയും മുൻപു തന്നെ പ്രതിപക്ഷം പ്രതിഷേധവുമായും ഭരണപക്ഷം പ്രശംസയുമായും രംഗത്തെത്തുന്നതാണു നമ്മുടെ രീതി. ബജറ്റ് രേഖകൾ വായിച്ചും പഠിച്ചും നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്താൻ എത്രപേർ മെനക്കെടുന്നുണ്ടാവുമെന്ന് ആലോചിക്കേണ്ടതാണ്.
പാർലമെന്ററി ജനാധിപത്യത്തിൽ പാർലമെന്റിനോട് ഉത്തരം പറയാൻ സർക്കാർ ബാധ്യതപ്പെട്ടിരിക്കുന്നുവെന്നു വിശദീകരിച്ചത് അംബേദ്കറാണ്. സർക്കാരിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിലും പാർലമെന്റിനു പങ്കുണ്ട്. അതു നഷ്ടപ്പെടുമ്പോൾ പാർലമെന്ററി ജനാധിപത്യത്തിന്റെ സത്ത തന്നെയാണ് ഇല്ലാതാവുന്നത്. ഓരോ ദിവസവും വളരെയേറെ ഗൗരവത്തിൽ സമീപിക്കേണ്ട ചോദ്യോത്തരവേള പോലും നിരന്തരം തടസപ്പെടുത്തുകയാണ്. രാഷ്ട്രീയ കൊടുങ്കാറ്റുകൾക്കിടയിലും പാർലമെന്റ് സമ്മേളനങ്ങൾ സുഗമമായും ഫലപ്രദമായും നടത്തുന്നതിനെക്കുറിച്ച് ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിൽ ധാരണയുണ്ടാവേണ്ടതുണ്ട്. രണ്ടു ഘട്ടമായി നടന്ന ഇത്തവണത്തെ ബജറ്റ് സമ്മേളനം മൊത്തമെടുത്താൽ 34.38 ശതമാനം സമയമാണു ലോക്സഭ പ്രവർത്തിച്ചതെന്നു പിആർഎസ് ലെജിസ്ലേറ്റിവ് റിസർച്ചിന്റെ രേഖകളിൽ പറയുന്നുണ്ട്. 2021 വർഷകാല സമ്മേളനത്തിൽ 20.93 ശതമാനം പ്രവർത്തിച്ചതു മാത്രമാണ് ഇതിനെക്കാൾ പാഴായ ഒരു സമ്മേളനം. രാജ്യസഭയുടെ പ്രവർത്തന ക്ഷമത 24 ശതമാനമാണ് ഈ സമ്മേളനത്തിൽ. 2019നു ശേഷം ഇത്രയും പ്രവർത്തനക്ഷമത കുറയുന്നത് ഇതാദ്യം. പാർലമെന്റിന്റെ പ്രവർത്തന റെക്കോഡ് മോശമായി വരുന്നത് ഒട്ടും അഭിമാനിക്കാവുന്ന കാര്യമല്ല.