
കശ്മീർ താഴ്വരയിൽ നിന്ന് സൈന്യത്തെ പല ഘട്ടമായി പിൻവലിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. നിയന്ത്രണ രേഖയിൽ ഒഴികെ മറ്റെല്ലായിടത്തു നിന്നും സൈന്യത്തെ പിൻവലിക്കാനാണ് ആലോചനയെന്നു പറയുന്നു. ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയ ശേഷം ഭരണകൂടം സ്വീകരിച്ച നടപടികൾ ഭീകര പ്രവർത്തനത്തിന് ഒരു പരിധി വരെ തടയിട്ടിട്ടുണ്ടെന്നു ബന്ധപ്പെട്ട കേന്ദ്രങ്ങൾ അവകാശപ്പെടുന്നുണ്ട്. പാക്കിസ്ഥാന്റെ സഹായത്തോടെ ഇന്ത്യക്കെതിരായി പ്രവർത്തിക്കുന്ന ഭീകരരെ നേരിടാനാണല്ലോ താഴ്വരയിൽ സൈന്യത്തെ നിയോഗിക്കേണ്ടിവന്നിരുന്നത്. സ്ഥിതിഗതികൾ പൊതുവിൽ ശാന്തമാവുന്ന നിലയ്ക്ക് സൈന്യം ഇങ്ങനെ തുടരേണ്ടതുണ്ടോ എന്ന ആലോചനയാണ് ഉണ്ടായതെന്ന് സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പ്രതിരോധ മന്ത്രാലയവും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സൈന്യവും പൊലീസും എല്ലാം ചേർന്നു നടത്തുന്ന ആലോചനകൾ അവസാന ഘട്ടത്തിലാണെന്നാണു പറയുന്നത്.
ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് എത്തുകയാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്താനും അവരിൽ ആത്മവിശ്വാസം വളർത്താനും സൈനിക പിന്മാറ്റം ഉപകരിക്കുമെന്നു വിലയിരുത്തപ്പെടുന്നുണ്ട്. ഭീകരരെ നേരിടുന്നതടക്കം ഇപ്പോൾ സൈന്യം നിർവഹിക്കുന്ന ജോലികൾ സിആർപിഎഫിന്റെ ചുമതലയിലാവുമെന്നു പറയുന്നു. 60,000 സിആർപിഎഫുകാരാണ് ഇപ്പോൾ ജമ്മു കശ്മീരിലുള്ളത്. 1.3 ലക്ഷത്തോളം സൈനികരുമുണ്ട്. ഇതിൽ കൂടുതൽ സൈനികരെയും അതിർത്തിയിലാണ് വിന്യസിച്ചിരിക്കുന്നത്. താഴ്വരയിലെ ഭീകര പ്രവർത്തനങ്ങൾ നേരിടുന്നതിന് 45,000 സൈനികരാണുള്ളത്. എൺപതിനായിരത്തോളം പൊലീസുകാരും മേഖലയിലുണ്ട്. സൈന്യത്തിനു നേരേ കല്ലെറിയുന്നതടക്കം ഭീകരപ്രവർത്തനങ്ങൾ ഗണ്യമായി കുറഞ്ഞുവെന്ന് ഭരണകൂടം സമീപകാലത്ത് അവകാശപ്പെടുകയുണ്ടായി. പല മേഖലകളിൽ നിന്നും ഭീകരപ്രവർത്തനം തുടച്ചുനീക്കിയതായി ലഫ്. ഗവർണർ മനോജ് സിൻഹ നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നു. ജമ്മു കശ്മീർ ശാശ്വത സമാധാനത്തിലേക്കു വരുകയാണെന്നും ഭീകരവാദത്തിനെതിരായ അവസാന പോരാട്ടത്തിലാണ് സുരക്ഷാസേനയെന്നും അദ്ദേഹം വ്യക്തമാക്കിയത് ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലാണ്. ഭീകരവാദ പ്രവർത്തനങ്ങളിൽ സിവിലിയൻമാർ കൊല്ലപ്പെടുന്നത് 2022ൽ 55 ശതമാനം കുറഞ്ഞിട്ടുണ്ട്. സുരക്ഷാ സൈനികർക്കു ജീവഹാനിയുണ്ടാവുന്നതും ഗണ്യമായി കുറഞ്ഞതായി അദ്ദേഹം അന്ന് അറിയിച്ചിരുന്നു. ജനജീവിതം മെച്ചപ്പെടുത്താനുള്ള വികസന പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെടുകയുണ്ടായി.
പ്രത്യേക പദവി റദ്ദാക്കിയതിനൊപ്പം സംസ്ഥാന പദവിയും ജമ്മു കശ്മീരിനു നഷ്ടമായിരുന്നു. ജമ്മു കശ്മീരും ലഡാക്കും എന്നിങ്ങനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി മാറ്റിയ കേന്ദ്ര സർക്കാർ ഇവിടെ ക്രമസമാധാന നില ഭദ്രമാക്കാനുള്ള ശ്രമങ്ങളാണ് തുടർന്നു നടത്തിയത്. ഇതിനൊപ്പം ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പിന് ഒരുക്കങ്ങളും തുടങ്ങി. ഈ വർഷം ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മണ്ഡല പുനർനിർണയം കഴിഞ്ഞു. വോട്ടർപട്ടിക തയാറാക്കുന്നതും ഏതാണ്ടു പൂർത്തിയായിട്ടുണ്ട്. സുരക്ഷാ സ്ഥിതിഗതികൾ കൂടി വിലയിരുത്തിയാണ് തെരഞ്ഞെടുപ്പു കമ്മിഷൻ വോട്ടെടുപ്പു പ്രഖ്യാപിക്കുക. അതിനു മുൻപ് സൈനിക പിന്മാറ്റത്തിനു തുടക്കം കുറിക്കാനുള്ള സാധ്യത പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.
കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ വളരെയേറെ മെച്ചപ്പെട്ടുവെന്ന് ബിജെപിയും കേന്ദ്ര സർക്കാരും തുടർച്ചയായി അവകാശപ്പെടുന്നുണ്ട്. അതേസമയം, കേന്ദ്ര നയത്തിനെതിരേ പ്രതിപക്ഷ കക്ഷികളും രംഗത്തുണ്ട്. ജമ്മു കശ്മീരിൽ കേന്ദ്ര സർക്കാർ ജനാധിപത്യം ഇല്ലാതാക്കിയെന്നാണ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസവും ആരോപിച്ചത്. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്ന കേന്ദ്ര സർക്കാർ ജനങ്ങളുടെ ആഗ്രഹത്തിനു വിരുദ്ധമായാണ് രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതെന്നും രാഹുൽ കുറ്റപ്പെടുത്തുന്നു. പിഡിപിയും നാഷണൽ കോൺഫറൻസും അടക്കം മറ്റു പ്രതിപക്ഷ കക്ഷികളും കേന്ദ്ര സർക്കാർ നയങ്ങളെ എതിർക്കുന്നവരാണ്. രാഷ്ട്രീയച്ചൂട് ശക്തമായി തന്നെ ഈ കേന്ദ്ര ഭരണപ്രദേശത്തുണ്ട്. തെരഞ്ഞെടുപ്പുകാലം കനത്ത രാഷ്ട്രീയ പോരാട്ടത്തിന്റേതാവുമെന്നാണ് ഇതു കാണിക്കുന്നത്. അതിനു മുൻപ് ഭീകര പ്രവർത്തനം ഇല്ലാതാക്കാനുള്ള നീക്കങ്ങളിൽ സൈന്യവും മറ്റ് സുരക്ഷാ ഏജൻസികളും വിജയിക്കുന്നു എന്നു കേൾക്കുന്നതു സന്തോഷകരമാണ്. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ജമ്മു കശ്മീരിനു സംസ്ഥാന പദവി തിരിച്ചുനൽകുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരിക്കുന്നത്. എത്രയും വേഗം ജമ്മു കശ്മീർ ഭീകരപ്രവർത്തനമുക്തമാവുകയും സംസ്ഥാന പദവി തിരിച്ചു കിട്ടുകയും ചെയ്യട്ടെ.