നെയ്യ് ക്രമക്കേട്: മുഴുവൻ തട്ടിപ്പുകാരും പിടിക്കപ്പെടണം

കൂടുതൽ വില നൽകി വാങ്ങിയ നെയ്യാണ് വഴിമധ്യേ മറിച്ചു വിറ്റ് നിലവാരമില്ലാത്ത നെയ്യ് ശബരിമലയിൽ എത്തിച്ചത്.
Ghee scam: All the fraudsters should be caught

നെയ്യ് ക്രമക്കേട്: മുഴുവൻ

തട്ടിപ്പുകാരും പിടിക്കപ്പെടണം

Updated on: 

ശബരിമല സന്നിധാനത്തു സമീപകാലത്തു നടന്ന പലവിധ തട്ടിപ്പുകളിൽ പ്രധാനമാണു മില്‍മ നെയ്യ് ക്രമക്കേട്. തിരുവിതാംകൂർ ദേവസ്വം ബോർഡിനു രണ്ടരക്കോടിയോളം രൂപയുടെ നഷ്ടം വരുത്തിവച്ച തട്ടിപ്പ് എന്ന നിലയിൽ മാത്രമല്ല, ഗുണനിലവാരമില്ലാത്ത നെയ്യ് എത്തിച്ചു എന്നതിലും വളരെയേറെ ഗൗരവമുള്ള കേസാണിത്. കഴിഞ്ഞ വർഷം നടന്ന ഈ തട്ടിപ്പിന്‍റെ മുഴുവൻ ഉത്തരവാദികളും നിയമത്തിനു മുന്നിൽ എത്തേണ്ടതുണ്ട്. ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ വഴിപാടായ കോടിക്കണക്കിനു രൂപയാണ് ശബരിമലയിലെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. ഈ അയ്യപ്പഭക്തരെയെല്ലാം കബളിപ്പിച്ചുകൊണ്ട് അനധികൃത മാർഗങ്ങളിലൂടെ പണം സമ്പാദിക്കുന്ന എല്ലാ കള്ളനാണയങ്ങളെയും വെളിച്ചത്തു കൊണ്ടുവരേണ്ടതുണ്ട്. ഏതു തരത്തിലുള്ള അന്വേഷണമായാലും അത് അതിന് ഉപകരിക്കുന്നതാവട്ടെ.

മില്‍മ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ട്രാന്‍സ്പോര്‍ട്ട് കരാറുകാരനെ വിജിലന്‍സിന്‍റെ പ്രത്യേക സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയുണ്ടായി. സന്നിധാനത്തേക്കുള്ള 11,040 കിലോ മില്‍മ നെയ്യ് തമിഴ്‌നാട്ടിലെ ഏജന്‍സികള്‍ക്കു മറിച്ചുവിറ്റതിലാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയുള്ള നടപടി. ഈ അറസ്റ്റു കൊണ്ട് എല്ലാമായി എന്നില്ല. ഒരു ട്രാൻസ്‌പോർട്ട് കരാറുകാരനു മാത്രമായി ഇത്ര വലിയ തട്ടിപ്പു നടത്താൻ കഴിയുമെന്നും തോന്നുന്നില്ല. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർക്കും തട്ടിപ്പു സംബന്ധിച്ച് അറിവുണ്ടായിക്കൂടെന്നില്ല. ചില ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത്തരമൊരു സംഭവം നടക്കില്ലെന്നു ദേവസ്വം മന്ത്രി കെ. മുരളീധരൻ തന്നെ പറയുന്നുണ്ട്. അതൊക്കെ അന്വേഷിച്ചു കണ്ടെത്തേണ്ടതാണ്. ശബരിമലയിലേക്കുള്ള പർച്ചേസുകളിൽ ഇത്തരം തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കണമെങ്കിൽ പിടിക്കപ്പെട്ട സംഭവങ്ങളിൽ കർശനമായ നടപടികളുണ്ടാവേണ്ടതുണ്ട്.

ഗൗരവമേറിയ ഗൂഢാലോചന ഈ തട്ടിപ്പിനു പിന്നിലുണ്ടെന്ന് ശബരിമല സ്പെഷ്യൽ കമ്മിഷണറും ദേവസ്വം ചീഫ് വിജിലൻസ് ഓഫിസറും നേരത്തേ നൽകിയ അന്വേഷണ റിപ്പോർട്ട് പരിശോധിച്ച ഹൈക്കോടതി ദേവസ്വം ബെഞ്ച് വിലയിരുത്തുകയുണ്ടായി. തുടർന്ന് കോടതി തന്നെയാണു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കാൻ വിജിലൻസിനു നിർദേശം നൽകിയത്. എസ്ഐടി നടത്തിയ അന്വേഷണത്തിൽ പത്തനംതിട്ട മിൽമ ഡയറിയിൽ നിന്ന് ശബരിമലയിലേക്ക് അരവണയുണ്ടാക്കാൻ കൊണ്ടുപോയ ഉയർന്ന ഗുണനിലവാരമുള്ള 11,040 കിലോ ശുദ്ധമായ നെയ്യ് സന്നിധാനത്ത് എത്തിച്ചില്ലെന്നും കരാറുകാരൻ വ്യാജ ഇൻവോയ്‌സുകളും രേഖകളും ചമച്ച് ഇത് തമിഴ്‌നാട്ടിലെ ഏജൻസികൾക്കു വഴിമധ്യേ മറിച്ചുവിറ്റെന്നും തെളിയുകയായിരുന്നു. മിൽമ നെയ്യ് തമിഴ്‌നാട്ടിൽ വിറ്റ ശേഷം അവിടെ നിന്ന് വില കുറഞ്ഞതും ഗുണനിലവാരം തീരെയില്ലാത്തതുമായ നെയ്യ് വാങ്ങി മിൽമയുടെ പാക്കറ്റുകളിലാക്കി ശബരിമലയിൽ എത്തിച്ചു എന്നാണു പറയുന്നത്. എത്ര വലിയ ഗൂഢാലോചന ഇതിനു പിന്നിൽ നടന്നിട്ടുണ്ടാവാം.

അരവണ നിർമാണത്തിനായി ഉപയോഗിക്കുന്ന നെയ്യ് ഏറ്റവും മികച്ചതാവണം എന്ന നിർബന്ധത്തിലാണു മിൽമയിൽ നിന്നു വാങ്ങാനുള്ള തീരുമാനമുണ്ടാകുന്നത്. തമിഴ്നാട്ടിലെ ഒരു സ്ഥാപനം ലിറ്ററിന് 369 രൂപയ്ക്ക് നെയ്യ് നൽകാമെന്നു ടെൻഡർ നൽകിയിരുന്നുവത്രേ. അതിന്‍റെ ഗുണനിലവാര പരിശോധനയും നടത്തുകയുണ്ടായി. അതിനു ശേഷമാണു കൂടുതൽ മികച്ചത് മിൽമയുടെ നെയ്യാണെന്ന് എക്സിക്യൂട്ടിവ് ഓഫിസർ ദേവസ്വം ബോർഡിനു കത്തു നൽകിയത്. അതിന്‍റെ അടിസ്ഥാനത്തിൽ ടെൻഡർ നടപടികൾ റദ്ദാക്കി ലിറ്ററിന് 510 രൂപയ്ക്ക് മിൽമയുടെ നെയ്യ് വാങ്ങാൻ ബോർഡ് തീരുമാനിക്കുകയായിരുന്നു. ഒരു യൂണിറ്റ് അരവണയ്ക്ക് 10 ലിറ്റർ നെയ്യ് വേണ്ട സ്ഥാനത്ത് മിൽമ നെയ്യ് ഏഴു ലിറ്റർ മതിയാകുമെന്നായിരുന്നു എക്സിക്യൂട്ടിവ് ഓഫിസറുടെ നിലപാട്. ഉയർന്ന തുക നൽകണം എന്നതുൾപ്പെടെ ചൂണ്ടിക്കാണിച്ച് മിൽമയിൽ നിന്നു നെയ്യ് വാങ്ങുന്നതിനെ ദേവസ്വം കമ്മിഷണർ എതിർത്തെങ്കിലും ബോർഡ് മിൽമയെ അനുകൂലിക്കുകയായിരുന്നു. ഈ ഇടപാടിൽ മിൽമ നടപടിക്രമങ്ങൾ അട്ടിമറിച്ചു എന്നും പറയുന്നുണ്ട്. എംഡി പോലും അറിയാതെയായിരുന്നു വിൽപ്പനയുടെ കാര്യം മിൽമ തീരുമാനിച്ചതത്രേ. നെയ്യ് വിൽക്കാൻ തീരുമാനിച്ച് ഏറെ ദിവസങ്ങൾ കഴിഞ്ഞാണ് മിൽമ ബോർഡിൽ ഇതു ചർച്ചയായത് എന്നും പറയുന്നുണ്ട്. ഇങ്ങനെ കൂടുതൽ വില നൽകി വാങ്ങിയ നെയ്യാണ് വഴിമധ്യേ മറിച്ചു വിറ്റ് നിലവാരമില്ലാത്ത നെയ്യ് ശബരിമലയിൽ എത്തിച്ചത്.

മിൽമയിൽ നിന്ന് എന്നു പറഞ്ഞുവന്ന ഗുണനിലവാരം കുറഞ്ഞ നെയ്യ് പമ്പയിൽ വിശദമായ പരിശോധനയില്ലാതെ കടത്തിവിട്ടുവെന്ന് ആരോപണമുണ്ട്. ഇത്തരത്തിൽ തട്ടിപ്പിലൂടെ എത്തിച്ച ഗുണമേന്മ കുറഞ്ഞ നെയ്യാണ് അരവണയിൽ ചേർത്തതെങ്കിൽ അത് അയ്യപ്പഭക്തരെ മുഴുവൻ വഞ്ചിക്കുന്ന നടപടിയല്ലാതെ മറ്റെന്താണ്? നെയ്യ് മാത്രമല്ല ഏലയ്ക്കയുടെയും ശർക്കരയുടെയുടെയുമൊക്കെ ഗുണനിലവരാരത്തെ പ‌റ്റിയും വലിയ ആക്ഷേപം മുമ്പ് ഉയർന്നിട്ടുണ്ട്. മണ്ഡല- മകരവിളക്കു കാലത്ത് പ്രതിദിനം ലക്ഷക്ക‍ണക്കിനു തീർഥാടകർ എത്തുന്ന ക്ഷേത്രമാണു ശബരിമലയിലേത്. ഓരോ വർഷവും തീർഥാടകർ വർധിക്കുകയാണു ചെയ്യുന്നത്. സ്വാഭാവികമായും ഈ ക്ഷേത്രത്തിലേക്കു വളരെ വലിയ തോതിലാണു സാധനങ്ങൾ ആവശ്യമായി വരുക. കോടിക്കണക്കിനു രൂപയുടെ പർച്ചേസാണു നടക്കുന്നത്. അതത്രയും തട്ടിപ്പും വെട്ടിപ്പുമില്ലാതെ, ഏറ്റവും മികച്ച ഗുണനിലവാരത്തോടെ നടത്താൻ ദേവസ്വം ബോർഡിന് ഉത്തരവാദിത്വമുണ്ട്. ഇനിയെങ്കിലും ആ ഉത്തരവാദിത്വത്തിൽ ആരും മായം ചേർക്കാതിരിക്കട്ടെ.

logo
Metro Vaartha
www.metrovaartha.com