പുതിയ ടീമിന് വഴിയൊരുക്കുന്ന ബിജെപി

ബിജെപിയുടെ പുതിയ അധ്യക്ഷനായി ബിഹാറിൽ നിന്നുള്ള യുവ നേതാവ് നിതിൻ നവീൻ സ്ഥാനമേറ്റിരിക്കുകയാണ്
 Nitin Naveen has been appointed as the new president of BJP

ബിജെപിയുടെ പുതിയ അധ്യക്ഷന്‍ നിതിൻ നവീൻ

social media

Updated on

ബിജെപിയുടെ പുതിയ അധ്യക്ഷനായി ബിഹാറിൽ നിന്നുള്ള യുവ നേതാവ് നിതിൻ നവീൻ സ്ഥാനമേറ്റിരിക്കുകയാണ്. അടൽ ബിഹാരി വാജ്പേയിയിൽ നിന്നു ജഗത് പ്രകാശ് നഡ്ഡ വരെയെത്തിയ ബിജെപി അധ്യക്ഷ പദത്തിന്‍റെ പിന്തുടർച്ചക്കാരന് കേവലം 45 വയസാണു പ്രായം. ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷൻ. 1980ൽ രൂപം കൊണ്ട പാർട്ടിയുടെ പന്ത്രണ്ടാം പ്രസിഡന്‍റ്. ലാൽ കൃഷ്ണ അഡ്വാനി, ഡോ. മുരളീമനോഹർ ജോഷി, കുശാഭാവു താക്കറെ, ബംഗാരു ലക്ഷ്മൺ, ജന കൃഷ്ണമൂർത്തി, എം. വെങ്കയ്യ നായിഡു, രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, അമിത് ഷാ എന്നിവരാണ് വാജ്പേയിക്കും നിതിൻ നവീനും ഇടയിൽ ബിജെപിയുടെ ദേശീയ അധ്യക്ഷരായത്.

ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്‍റിലേക്ക് പാർട്ടി എത്തുമ്പോൾ പുതിയ തലമുറയിലേക്കുള്ള മാറ്റത്തിനും തുടക്കമാവുകയാണ് എന്നു കരുതുന്നവരുണ്ട്. പാർട്ടി സംഘടനാ സംവിധാനത്തിലും കേന്ദ്ര മന്ത്രിസഭയിലും വൈകാതെ പുനഃസംഘടനയുണ്ടാവാമെന്നും അഭ്യൂഹങ്ങളുണ്ട്. പാർട്ടിയെ നയിക്കാൻ പുതിയൊരു ടീം എന്നത് സംഘടനയ്ക്കു കൂടുതൽ ഊർജം നൽകാനും ഉപകരിക്കാം.

കോടിക്കണക്കിനു വരുന്ന ബിജെപി പ്രവർത്തകരും അനുയായികളും നിതിൻ നവീനെ വലിയ പ്രതീക്ഷകളോടെ തന്നെയാണു സ്വാഗതം ചെയ്യുന്നുണ്ടാവുക. യുവമോർച്ച ദേശീയ ദേശീയ ജനറൽ സെക്രട്ടറിയും അഞ്ചുവട്ടം എംഎൽഎയും മന്ത്രിയുമൊക്കെയായിരുന്ന നിതിൻ പല സംസ്ഥാനങ്ങളിലും ബിജെപിയുടെ വിജയത്തിന് പിന്നണിയിൽ നിന്നു സംഘടനാ ചുക്കാൻ പിടിച്ചിട്ടുണ്ട്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് സീനിയർ നേതാക്കളുടെ സാന്നിധ്യത്തിൽ നിതിൻ ചുമതലയേറ്റ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് പാർട്ടി കാര്യങ്ങളിൽ നവീനാണ് ഇനി തന്‍റെ നേതാവെന്നാണ്. നവ ഊർജവും സംഘടനാ രംഗത്തെ വിപുലമായ പ്രവൃത്തിപരിചയവുമുള്ള പുതുതലമുറക്കാരനാണു നവീൻ എന്നും ഈ സവിശേഷതകൾ ബിജെപിക്കു വലിയ തോതിൽ ഗുണം ചെയ്യുമെന്നും അദ്ദേഹം പറയുകയുണ്ടായി.

പാർട്ടിക്കു പുതിയൊരു ദിശാബോധം നൽകാൻ നബീനു കഴിയുമെന്നും അദ്ദേഹത്തിന്‍റെ മാർഗനിർദേശങ്ങൾ ഭാവി പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ അമൂല്യമായൊരു സമ്പത്തായിരിക്കുമെന്നും പ്രധാനമന്ത്രി അവകാശപ്പെടുമ്പോൾ എത്രമാത്രം പ്രാധാന്യമാണ് ഈ മാറ്റത്തിനു പാർട്ടി നൽകുന്നതെന്നു വ്യക്തം. 2029ലെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ബിജെപി നേരിടുന്നത് നിതിന്‍റെ കീഴിലായിരിക്കും എന്നു വേണം ധരിക്കാൻ. പുതിയ അധ്യക്ഷനിൽ പാർട്ടി മുന്നിൽ കാണുന്ന ഉത്തരവാദിത്വം വളരെ വലുതാണ് എന്നു സാരം.

ലോകത്തു തന്നെ ഏറ്റവും വലിയ രാഷ്‌ട്രീയ പാർട്ടിയാണ് ഇപ്പോൾ ബിജെപിയെന്ന് മുൻ അധ്യക്ഷൻ ജെ.പി. നഡ്ഡ പറഞ്ഞത് ഏതാനും മാസം മുൻപാണ്. 14 കോടി അംഗങ്ങളും രണ്ടു കോടി സജീവ പ്രവർത്തകരും 240 എംപിമാരും 1,500 എംഎൽഎമാരും 170 എംഎൽസിമാരുമുള്ള പാർട്ടി. 20 സംസ്ഥാനങ്ങളിൽ എൻഡിഎ സർക്കാരുകൾ ഭരണത്തിലുണ്ടെന്നും നഡ്ഡ അന്ന് അറിയിക്കുകയുണ്ടായി. നരേന്ദ്ര മോദി സർക്കാർ രാജ്യത്തു നടപ്പാക്കിയ വികസന പദ്ധതികൾ പാർട്ടിയുടെ വളർച്ചയ്ക്കു ഗണ്യമായ പങ്കുവഹിച്ചു എന്നാണു നേതാക്കളും പ്രവർത്തകരും എല്ലാം കരുതുന്നത്.

അപ്പോഴും പാർട്ടിക്ക് ഇനിയും ഭരണത്തിലെത്താൻ കഴിയാതിരിക്കുന്ന ചില സംസ്ഥാനങ്ങളുണ്ട്. അവിടങ്ങളിൽ പാർട്ടിയുടെ കരുത്തു വർധിപ്പിക്കുക എന്നത് പുതിയ അധ്യക്ഷന്‍റെ മുന്നിലുള്ള ലക്ഷ്യമാവും. ഇപ്പോൾ സ്വാധീനമുള്ള പ്രദേശങ്ങളിലെല്ലാം അതിനു കോട്ടം തട്ടാതെ നിലനിർത്തേണ്ടതുമുണ്ട്. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി നിയമസഭകളിലേക്ക് ഉടൻ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പാണ് പുതിയ അധ്യക്ഷന്‍റെ മുന്നിലുള്ള ആദ്യ വെല്ലുവിളി.

കേരളത്തിലും തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും ഇതുവരെ അധികാരത്തിലെത്താൻ ബിജെപിക്കു കഴിഞ്ഞിട്ടില്ല. പശ്ചിമ ബംഗാളിൽ വലിയൊരു മുന്നേറ്റമുണ്ടാക്കി പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്താൻ പാർട്ടിക്കായിട്ടുണ്ട്. മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമുൽ കോൺഗ്രസുമായുള്ള കടുത്ത പോരാട്ടം തന്നെയാണ് ഇക്കുറിയും അവിടെ പാർട്ടി പ്രതീക്ഷിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും പരമാവധി സീറ്റുകൾ ലക്ഷ്യമിട്ടാവും പ്രവർത്തനം.

തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ലഭിച്ചത് കേരളത്തിലെ പാർട്ടി പ്രവർത്തകർക്കു മാത്രമല്ല ദേശീയ നേതാക്കൾക്കും പ്രതീക്ഷകൾ നൽകുന്നതാണ്. രാജ്യവ്യാപകമായി കൂടുതൽ യുവാക്കളെ ബിജെപിയിലേക്ക് ആകർഷിക്കാൻ നിതിന്‍റെ അധ്യക്ഷസ്ഥാനം ഉപകരിക്കുമോ എന്ന് പാർട്ടി അനുഭാവികളും അനുയായികളും ഉറ്റുനോക്കുന്നുണ്ടാവും. സംഘടനയിൽ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന യുവാക്കൾക്ക് എല്ലാവിധ പരിഗണനയും ലഭിക്കുമെന്ന സന്ദേശം നൽകാൻ നിബിനെ അധ്യക്ഷ സ്ഥാനത്ത് എത്തിച്ചതിലൂടെ ബിജെപി ലക്ഷ്യമിടുന്നുണ്ടെന്നു കരുതണം. ‌

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com