ആൾക്കൂട്ട കൊലപാതകം: കർശന നടപടി ഉറപ്പാക്കണം

പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തെത്തുടർന്നു കൊല്ലപ്പെട്ട രാം നാരായൺ ബാഗേലിന്‍റെ കുടുംബം നീതിക്കു വേണ്ടി കേഴുകയാണ്.
 Mob murder:
Strict action must be ensured

ആൾക്കൂട്ട കൊലപാതകം: കർശന നടപടി ഉറപ്പാക്കണം

symbolic

Updated on

അതിക്രൂരവും പൈശാചികവുമായ മറ്റൊരു ആൾക്കൂട്ട കൊലപാതകം കൂടി സംസ്കാര സമ്പന്നരെന്നു സ്വയം അഭിമാനിക്കുന്ന മലയാളികളുടെ നാട്ടിലുണ്ടായിരിക്കുന്നു. നാടിനു തന്നെ ലജ്ജിച്ചു തലതാഴ്ത്തേണ്ട അവസ്ഥ ഒരുപറ്റം മനുഷ്യത്വം വറ്റിയ അക്രമികളുടെ ചെയ്തിമൂലം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തെത്തുടർന്നു കൊല്ലപ്പെട്ട രാം നാരായൺ ബാഗേലിന്‍റെ കുടുംബം നീതിക്കു വേണ്ടി കേഴുകയാണ്.

അവർക്കു പൂർണ നീതി കിട്ടണമെങ്കിൽ മുഴുവൻ കുറ്റക്കാരും പിടിക്കപ്പെടുകയും അവർക്കു തക്കശിക്ഷ ഉറപ്പാക്കുകയും വേണം. ക്രൈം ബ്രാഞ്ച് പൊലീസിന്‍റെ പ്രത്യേക സംഘം അന്വേഷണം തുടരുകയാണ്. പ്രതികൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ അഞ്ചു പേർ അറസ്റ്റിലായിട്ടുണ്ട്. എന്നാൽ, സ്ത്രീകൾ അടക്കം കൂടുതൽ പേർ കുറ്റകൃത്യത്തിൽ പങ്കാളികളാണെന്നാണു പൊലീസ് കരുതുന്നത്. മുഴുവൻ പ്രതികളെയും എത്രയും പെട്ടെന്നു പിടികൂടാൻ കഴിയട്ടെ.

ഒരു മനുഷ്യനെ തല്ലിക്കൊന്നവർ ആരായാലും അവർ ചെയ്തതു കൊടും ക്രൂരകൃത്യമാണ്. അവർക്കു മാപ്പു നൽകാനാവില്ല. ജോലി തേടി വാളയാറിലെത്തിയ ഛത്തിസ്ഗഡിലെ ബിലാസ്പുർ സ്വദേശി രാം നാരായൺ മോഷ്ടാവാണെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകൾ 17ാം തീയതി പകൽ തടഞ്ഞുവച്ച് ആൾക്കൂട്ട വിചാരണയ്ക്കു വിധേയനാക്കിയത്. വ്യാപാര സ്ഥാപനത്തിലും വീടുകൾക്കു സമീപവും സംശ‍യാസ്പദമായ സാഹചര്യത്തിൽ ഇയാളെ കണ്ടു എന്നതാണു മോഷ്ടാവെന്ന സംശയത്തിനു കാരണമായി പറയുന്നത്.

മദ്യലഹരിയിലായിരുന്നു രാം നാരായൺ എന്നും പറയുന്നുണ്ട്. അതിക്രൂര മർദനമേറ്റ രാം നാരായൺ രക്തം ഛർദ്ദിച്ചു കുഴഞ്ഞുവീഴുകയായിരുന്നു. രണ്ടു മണിക്കൂറിലേറെ പ്രതികൾ ഇയാളെ വടിയും മറ്റ് ആ‍യുധങ്ങളും ഉപയോഗിച്ചു മർദിച്ചുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ബംഗ്ലാദേശിയല്ലേ എന്നു ചോദിച്ച് കൈ കൊണ്ടും മാരകമായി മർദിച്ചുവത്രേ. വയറിൽ ശക്തമായി ചവിട്ടി. തീർത്തും അവശനായ ഇയാളെ പൊലീസെത്തി പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ശരീരത്തിലാകെ മർദനമേറ്റ പാടുകളുണ്ട്. ആൾക്കൂട്ട കൊലപാതകത്തിനൊപ്പം കേസിൽ പട്ടികജാതി- പട്ടികവർഗ പീഡന നിരോധന നിയമവും ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനു മുൻപും നിരവധി കേസുകളിൽ പ്രതികളായവരാണ് രാം നാരായണിനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളതെന്നു പൊലീസ് പറയുന്നു. ഇത്തരം ക്രിമിനലുകൾ നാട്ടിലിറങ്ങി വിലസുന്നത് സമൂഹത്തിനു തന്നെ ഭീഷണിയാണ്.

ഒരാൾ കള്ളനാണ്, അല്ലെങ്കിൽ തങ്ങൾക്കു പിടിക്കാത്തതു ചെയ്യുന്നയാളാണ് എന്നു തോന്നിയാൽ പിടികൂടി തല്ലിക്കൊല്ലുന്നതാണോ നമ്മുടെ രീതിയാവേണ്ടത്? ആൾക്കൂട്ടം നിയമം കൈയിലെടുക്കുന്നത് അംഗീകരിച്ചുകൊടുത്താൽ പിന്നെ നാടിന് എന്തു സുരക്ഷിതത്വം? പരിഷ്കൃത സമൂഹത്തിന് ഒട്ടും യോജിച്ചതല്ല ഇത്. തല്ലിച്ചതയ്ക്കുന്നവരെപ്പോലെ തല്ലുകൊള്ളുന്നവനും മനുഷ്യനാണെന്നു ചിന്തിക്കാൻ കഴിയാത്തവർ എങ്ങനെ മനുഷ്യത്വമുള്ളവരാകും.

മനുഷ്യത്വമില്ലാത്ത സമൂഹമാണ് ഉണ്ടായിവരുന്നതെങ്കിൽ എന്താവും നാടിന്‍റെ അവസ്ഥ? നിയമ വ്യവസ്ഥയൊന്നുമല്ല, ഞങ്ങളാണു കാര്യങ്ങൾ തീരുമാനിക്കുന്നത് എന്ന് ആരെങ്കിലുമൊക്കെ കരുതുന്നുണ്ടെങ്കിൽ അവരെ നിലയ്ക്കു നിർത്തിയേ തീരൂ. കടുകുമണ്ണ ആദിവാസി ഊരിലെ മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്ന ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം കെട്ടിയിട്ടു തല്ലിക്കൊന്ന അട്ടപ്പാടിയിൽ നിന്ന് ഏറെയകലെയല്ല രാം നാരായൺ കൊല്ലപ്പെട്ട അട്ടപ്പള്ളം.

പലചരക്കു കടയിൽ നിന്നു മോഷണം നടത്തിയെന്നാരോപിച്ച് ജനക്കൂട്ടം പിടികൂടിയ മധുവിനെ കൈകൾ കൂട്ടിക്കെട്ടി നിർത്തിയാണ് അതിക്രൂരമായി മർദിച്ചത്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോൾ കേരളത്തിനു ലജ്ജിച്ചു തലതാഴ്ത്തേണ്ടിവന്നു. മധുവിന്‍റെ കേസിൽ എന്നതു പോലെ രാം നാരായണിനെ മർദിക്കുന്ന വിഡിയോയും മർദിച്ചവർ പ്രചരിപ്പിക്കുകയുണ്ടായി. തങ്ങൾ നടത്തിയ "വീരകൃത്യം' നാടു മുഴുവൻ അറിയട്ടെ എന്നാവാം അക്രമികൾ ചിന്തിച്ചത്.

പ്രാദേശിക വാട്സ്ആപ് ഗ്രൂപ്പുകളിലടക്കം നിസഹായനായ ഒരു മനുഷ്യനെ മർദിച്ച് അവശനാക്കുന്ന വിഡിയോകൾ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. രാം നാരായൺ മോഷ്ടാവല്ലെന്നും മദ്യപിക്കുമെങ്കിലും അയാൾ പ്രശ്നക്കാരനായിരുന്നില്ലെന്നും അയാളുടെ കുടുംബാംഗങ്ങൾ പറയുന്നുണ്ട്. ഇനി അഥവാ നാട്ടുകാർക്ക് ഏതെങ്കിലും തരത്തിൽ സംശയം തോന്നിയാൽ തന്നെ അയാളെ പൊലീസിൽ ഏൽപ്പിക്കുക എന്നതല്ലാതെ തല്ലിക്കൊല്ലുകയാണോ വേണ്ടത്. ആരുടെയെങ്കിലും സംശയത്തിന്‍റെ പേരിൽ തല്ലിക്കൊല്ലപ്പെടേണ്ടവനാണോ മനുഷ്യൻ?

ആരെയും ആർക്കും സംശയിക്കാവുന്ന സാഹചര്യം ഉണ്ടായിക്കൂടെന്നില്ല. അങ്ങനെ വരുമ്പോൾ നിയമം കൈയിലെടുക്കാൻ തുനിഞ്ഞാൽ നാടു കുട്ടിച്ചോറാകും. ആൾക്കൂട്ട കൊലപാതകങ്ങൾ ഉത്തരേന്ത്യയിൽ മാത്രമല്ല കേരളത്തിലും ആവർത്തിക്കുന്നു എന്നു തിരിച്ചറിയുന്നതു നല്ലതാണ്. അതിശക്തമായ നടപടികളിലൂടെ വേണം ഈ പ്രവണതയെ നേരിടാൻ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com