75 ഒരു പ്രായമോ?

ഒരു കോൺഗ്രസ് ഇതര സർക്കാർ ഇത്രകാലം തുടർച്ചയായി രാജ്യം ഭരിക്കുമെന്ന് 2014നു മുൻപ് ഇന്ത്യൻ രാഷ്‌ട്രീയത്തെ അറിയുന്ന അധികമാരും ചിന്തിച്ചു കാണില്ല
pm modi 75 th birthday

പ്രധാനമന്ത്രി നരേന്ദ്ര മോദി

Updated on

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75ാം ജന്മദിനം. സ്വതന്ത്ര ഇന്ത്യൻ രാഷ്‌ട്രീയ ചരിത്രത്തിൽ അതിവിശേഷമായ ഒരു സ്ഥാനം നേടിയെടുത്തു കഴിഞ്ഞ പ്രധാനമന്ത്രിയാണു മോദി. തുടർച്ചയായി മൂന്നു തവണ പ്രധാനമന്ത്രിയായി അധികാരമേറ്റ ജവഹർലാൽ നെഹ്റുവിന്‍റെ റെക്കോഡിനൊപ്പമെത്തിയ മോദി ഇന്ത്യൻ രാഷ്‌ട്രീയത്തെ നിയന്ത്രിക്കുന്ന ഏറ്റവും കരുത്തനായ നേതാവാണ്. ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്വാധീനം വർധിപ്പിക്കുന്നതിലും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.

ആർഎസ്എസ് പ്രചാരകൻ, ബിജെപി ജനറൽ സെക്രട്ടറി എന്നീ പദവികൾക്കു പിന്നാലെ 2001 മുതൽ 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ശേഷമാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. ഗുജറാത്ത് മോഡൽ വികസനം അക്കാലത്തു രാജ്യത്തു വലിയ ചർച്ചകൾക്കു വഴിവച്ചു. വികസന നായകൻ എന്ന നിലയിൽ ഉയർത്തിക്കാണിച്ച നേതാവിനു ലഭിച്ച അംഗീകാരമായിരുന്നു 2014ലെ ബിജെപി വിജയം. ചരിത്രത്തിൽ ആദ്യമായി ബിജെപി ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയതും 2014ൽ മോദിയുടെ നേതൃത്വത്തിലാണ്.

90കളുടെ അവസാനവും രണ്ടായിരത്തിന്‍റെ തുടക്കത്തിലും മൂന്നു വട്ടം പ്രധാനമന്ത്രി സ്ഥാനത്തിരുന്ന ബിജെപി നേതാവ് അടൽ ബിഹാരി വാജ്പേയിക്ക് ഭരണം നടത്തുന്നതിന് ഒട്ടേറെ സഖ്യകക്ഷികളുടെ പിന്തുണ അനിവാര്യമായിരുന്നു. ആദ്യ രണ്ടു വട്ടം- 13 ദിവസവും 13 മാസവും- മാത്രം ഭരിച്ചു. പിന്നീടും ഭരണത്തിലെത്തിയ അദ്ദേഹത്തിനു ബിജെപിയുടെ നയങ്ങൾ നടപ്പാക്കാൻ അക്കാലത്തെ എന്‍ഡിഎ ഭരണത്തിനു പരിമിതികളുമുണ്ടായിരുന്നു. എങ്കിലും പിന്നീട് അഞ്ചുവർഷ കാലാവധി പൂർത്തിയാക്കിയ ആദ്യ കോൺഗ്രസ് ഇതര പ്രധാനമന്ത്രി എന്ന പദവി വാജ്പേയിക്കു ലഭിച്ചു.

എന്നാൽ, മൻമോഹൻ സിങ്ങിന്‍റെ നേത‌ൃത്വത്തിൽ 10 വർഷം കോൺഗ്രസ് മുന്നണി രാജ്യം ഭരിച്ചെങ്കിലും, 2014 മുതൽ അത്തരം പരിമിതികളില്ലാതെ, ബിജെപിയുടെ സ്വന്തം ഭരണം നടപ്പാക്കാൻ മോദിക്കു കഴിഞ്ഞു. സ്വതന്ത്ര ഇന്ത്യയുടെ രാഷ്‌ട്രീയ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വഴിത്തിരിവായി 2014ലെ പൊതു തെരഞ്ഞെടുപ്പിനെ കാണണം. മൻമോഹൻ പ്രധാനമന്ത്രിയായിരുന്ന 10 വർഷ യുപിഎ ഭരണത്തിനു ശേഷമാണ് മോദി അധികാരത്തിലെത്തുന്നത്. യുപിഎ സർക്കാരിന്‍റെ കാലത്തുയർന്ന അഴിമതിയാരോപണങ്ങൾ ബിജെപിയുടെയും മോദിയുടെയും ജനപിന്തുണ വർധിപ്പിക്കാൻ ഇടവരുത്തി. അഴിമതിക്കെതിരേ അതിശക്തമായ നിലപാടു സ്വീകരിച്ച മോദി ഇതേവരെ അഴിമതിയാരോപണങ്ങളിൽ തന്‍റെ സർക്കാർ കുടുങ്ങാതിരിക്കാനും പ്രത്യേക ശ്രദ്ധ നൽകുന്നു എന്നു വേണം പറയാൻ. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളൊന്നും ജനവിശ്വാസം ആർജിക്കുന്ന തരത്തിൽ ശക്തമായിരുന്നില്ല. അഴിമതിമുക്ത ഭരണം എന്ന ബിജെപിയുടെ മുദ്രാവാക്യം 11 വർഷത്തിനു ശേഷവും ഒട്ടും മാറ്റു കുറയാതെ നിലനിൽക്കുന്നു.

ഒരു കോൺഗ്രസ് ഇതര സർക്കാർ ഇത്രകാലം തുടർച്ചയായി രാജ്യം ഭരിക്കുമെന്ന് 2014നു മുൻപ് ഇന്ത്യൻ രാഷ്‌ട്രീയത്തെ അറിയുന്ന അധികമാരും ചിന്തിച്ചു കാണില്ല. ആ നിലയ്ക്ക് രാജ്യത്തെ രാഷ്‌ട്രീയ സാഹചര്യങ്ങൾ പാടേ മാറ്റിമറിച്ച നേതാവെന്നു വേണം മോദിയെ വിശേഷിപ്പിക്കാൻ. ഇന്ന് ലോകത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ പാർട്ടിയാണു ബിജെപി. 14 കോടി അംഗങ്ങളുള്ള പാർട്ടി. രണ്ടു കോടി സജീവ അംഗങ്ങളുള്ള പാർട്ടി. 13 സംസ്ഥാനങ്ങളിൽ ബിജെപി സർക്കാരുകളാണു ഭരിക്കുന്നത്. മൊത്തം 20 സംസ്ഥാനങ്ങളിൽ എൻഡിഎ സർക്കാരുകളുണ്ട്. ഈ നിലയ്ക്കു പാർട്ടിയെ മാറ്റിയെടുത്തതിൽ മോദി സർക്കാരിന്‍റെ ഭരണ മികവിനു നിർണായക പങ്കുണ്ടെന്ന് സ്വാഭാവികമായും ബിജെപി പ്രവർത്തകർ വിശ്വസിക്കുന്നുണ്ടാവും. രാജ്യത്ത് സ്ഥിരതയും ഉത്തരവാദിത്വവുമുള്ള സർക്കാരുണ്ടാക്കിയ നേതാവാണു മോദിയെന്ന് പാർട്ടി നേതാക്കൾ ആവർത്തിച്ച് അവകാശപ്പെടുകയും ചെയ്യുന്നു. 2014ലും 2019ലും ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം നേടിക്കൊടുക്കാൻ മോദിക്കു കഴിഞ്ഞെങ്കിൽ 2024ൽ മൂന്നാം തവണ അധികാരത്തിലേറാൻ സഖ്യകക്ഷികളുടെ പിന്തുണ അനിവാര്യമായി. അപ്പോഴും 240 ലോക്സഭാംഗങ്ങളെ ബിജെപിക്കു ലഭിച്ചു. ഒരു സഖ്യകക്ഷിക്കും പരിധിവിട്ട് കീഴ്പ്പെടേണ്ട സാഹചര്യം ഇപ്പോഴും മോദിക്കില്ല. സഖ്യകക്ഷികൾ ഒന്നും മോദിയെ ഭീഷണിപ്പെടുത്തുന്നുമില്ല.

2014ൽ മോദി സർക്കാർ ആദ്യമായി അധികാരമേറ്റ സമയത്ത് കേന്ദ്ര മന്ത്രിമാർക്കും മുഖ്യമന്ത്രിമാർക്കും 75 വയസ് എന്ന പ്രായപരിധി നിബന്ധന ബിജെപി ഏർപ്പെടുത്തി എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. പ്രായപരിധിയുടെ പേരിൽ അധികാരത്തിൽ നിന്നു മാറ്റിനിർത്തപ്പെട്ട നേതാക്കളുമുണ്ട്. എന്നാൽ, ഈ പരിധിയൊന്നും ഇപ്പോഴും ചുറുചുറുക്കോടെ, സമയപരിധിയില്ലാതെ, അവധിയെടുക്കാതെ, അവിശ്രമം പ്രവർത്തിക്കുന്ന അരോഗദൃഢഗാത്രനായ മോദിയെ ബാധിക്കില്ല എന്നു തന്നെയാണു മറ്റു നേതാക്കൾ വ്യക്തമാക്കിയിട്ടുള്ളത്. ഇന്നും മോദിയുടെ പ്രതിച്ഛായയാണ് ബിജെപിയുടെ പ്രധാന ശക്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ആഭ്യന്തര മന്ത്രി അമിത് ഷായും മറ്റു മുതിർന്ന നേതാക്കളും മോദിക്കു നൽകുന്ന പിന്തുണയും എടുത്തു പറയേണ്ടതാണ്. മോദിയുടെ വലംകൈയായി എന്നും ഒപ്പമുണ്ട് നേരത്തേ പാർട്ടി അധ്യക്ഷൻ കൂടിയായിരുന്ന അമിത് ഷാ. കുട്ടിക്കാലത്തു തന്നെ ആർഎസ്എസ് പ്രവർത്തനങ്ങളിലേർപ്പെട്ടു തുടങ്ങിയ മോദി പിന്നീട് അതിന്‍റെ മുഴുവൻ സമയ പ്രവർത്തകനായി മാറുകയായിരുന്നു. ആർഎസ്എസാണ് അദ്ദേഹത്തെ ബിജെപിയിലേക്കു നിയോഗിക്കുന്നത്. അവിടെ നിന്ന് രാഷ്‌ട്രതന്ത്രജ്ഞനിലേക്കുള്ള അദ്ദേഹത്തിന്‍റെ വളർച്ച സമാനതകളില്ലാത്തതാണ്.

പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റുന്ന മോദിയുടെ ശൈലി ബിജെപിയുടെ തുടർഭരണത്തിനു വളരെയേറെ സഹായിച്ചിട്ടുണ്ട്. ഏറ്റവും അവസാനം ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് അമെരിക്ക ഏർപ്പെടുത്തിയ 50 ശതമാനം തീരുവ ഉയർത്തുന്ന ഭീഷണിയെ ധീരമായി നേരിടുകയാണ് ഇന്ത്യ. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണിക്കു വഴങ്ങി രാജ്യതാത്പര്യങ്ങളിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നു പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിസന്ധി മറികടക്കുന്നതിന് സ്വദേശി ഉത്പന്നങ്ങൾ വാങ്ങാൻ അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്യുന്നു. ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുക, വികസിത രാജ്യമാവുക തുടങ്ങിയ വലിയ ലക്ഷ്യങ്ങളാണു പ്രധാനമന്ത്രി ഇന്ത്യക്കാർക്കു മുന്നിൽ വച്ചിരിക്കുന്നത്. ഈ ലക്ഷ്യത്തിലേക്ക് രാജ്യത്തിന് എത്താനാവുമെന്നു തന്നെയാണു വിദഗ്ധർ കരുതുന്നതും. ദിശാബോധമുള്ള, കരുത്തുറ്റ ഭരണം മോദി തുടരുമെന്നു തന്നെ ബിജെപി പ്രവർത്തകരും അനുഭാവികളും വിശ്വസിക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com