ജനക്ഷേമം ലക്ഷ്യമാക്കട്ടെ, പുതിയ സർക്കാർ | മുഖപ്രസംഗം

pm modi historic third time read editorial

പുതിയ ചരിത്രത്തിനു സമയമാവുകയാണ്. നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ നാളെ കേന്ദ്രത്തിൽ അധികാരമേൽക്കുന്നു. എന്‍ഡിഎയുടെ പാർലമെന്‍ററി പാർട്ടി നേതാവായി മോദിയെ തെരഞ്ഞെടുക്കുന്നത് അടക്കം നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. പുതിയ സർക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്കുള്ള തയാറെടുപ്പുകൾ നടന്നുവരികയാണ്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന, ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ തുടങ്ങിയ ലോക നേതാക്കൾ ഉൾപ്പെടെ എണ്ണായിരത്തോളം വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്.

കഴിഞ്ഞ രണ്ടു സർക്കാരുകളിൽ നിന്ന് ഈ സർക്കാരിനുള്ള പ്രധാന വ്യത്യാസം സഖ്യകക്ഷികളുടെ സമ്മർദങ്ങൾ ബിജെപിക്ക് അവഗണിക്കാനാവില്ല എന്നതാണ്. 2014ലും 2019ലും ലോക്സഭയിൽ ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ടായിരുന്നു. സഖ്യകക്ഷികൾ വിട്ടുപോകുന്നത് സർക്കാരിനൊരു പ്രശ്നമായിരുന്നില്ല. എന്നാൽ, ജെഡിയുവും തെലുങ്കുദേശവും പോലുള്ള എന്‍ഡിഎ സഖ്യകക്ഷികളെ ഒപ്പം നിർത്തി വേണം മോദിക്ക് മൂന്നാം ടേം ഭരിക്കാൻ.

ഏറെക്കാലം രാജ്യത്തു നിലനിന്ന മുന്നണി സർക്കാരുകളുടെ യഥാർഥ സ്വഭാവം ഇക്കുറി വീണ്ടും കാണുകയാണ്. മന്ത്രിസ്ഥാനങ്ങൾക്കും ഇഷ്ടപ്പെട്ട വകുപ്പുകൾക്കുമായി സഖ്യകക്ഷികൾ ബിജെപിയിൽ സമ്മർദം ചെലുത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആഭ്യന്തരം, വിദേശകാര്യം, ധനകാര്യം, പ്രതിരോധം, റെയ്‌ൽവേ, ഹൈവേ തുടങ്ങിയ പ്രധാന വകുപ്പുകൾ വിട്ടുകൊടുക്കാതിരിക്കാൻ ബിജെപി കേന്ദ്ര നേതാക്കളും ശ്രമിക്കുന്നുണ്ടത്രേ. മന്ത്രിസ്ഥാനങ്ങൾ പങ്കിടുന്നതിനെക്കുറിച്ച് അമിത് ഷായും രാജ്നാഥ് സിങ്ങും ജെ.പി. നഡ്ഡയും സഖ്യകക്ഷി നേതാക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ബിജെപിയുടെയും സഖ്യകക്ഷികളുടെയും സീനിയർ നേതാക്കൾക്ക് ഉചിതമായ തീരുമാനങ്ങളിലെത്താൻ പ്രയാസമുണ്ടാവില്ലെന്നു കരുതാം.

ഏറ്റവും വിജയകരമായ സഖ്യകക്ഷി സർക്കാരായിരിക്കും ഉണ്ടാകാൻ പോകുന്നതെന്ന് ഇന്നലെ എൻഡിഎ യോഗത്തിൽ മോദി അവകാശപ്പെട്ടിട്ടുണ്ട്. ഒരു മുന്നണിയെന്ന നിലയിൽ എൻഡിഎയുടെ ഇതുവരെയുള്ള വിജയത്തെക്കുറിച്ചും മോദി പരാമർശിക്കുകയുണ്ടായി. അടുത്ത സർക്കാരിന്‍റെ എല്ലാ തീരുമാനങ്ങളിലും ഏകാഭിപ്രായമുണ്ടാകുമെന്നും മോദി അവകാശപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ശേഷം ഇതുവരെയുള്ള ദിവസങ്ങളിൽ മുന്നണിയിൽ ശക്തമായ ഐക്യവും കെട്ടുറപ്പും പുറത്തുകാണുന്നുണ്ട്. ഒറ്റക്കെട്ട് എന്ന സൂചന തന്നെയാണ് എൻഡിഎ യോഗത്തിലെ നിതീഷ് കുമാറിന്‍റെയും ചന്ദ്രബാബു നായിഡുവിന്‍റെയും ഗംഭീരമായ പ്രസംഗങ്ങളും സൂചിപ്പിക്കുന്നത്. ഈ ഐക്യം തുടർന്നു പോകാൻ കഴിഞ്ഞാൽ അതു സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്കു കരുത്തുപകരും. പുതിയ സർക്കാരിനെക്കുറിച്ച് മോദി ജനങ്ങൾക്കു നൽകുന്ന വാഗ്ദാനങ്ങൾ നിറവേറ്റാൻ ഒറ്റക്കെട്ടായ പ്രവർത്തനങ്ങൾ സഹായിക്കുകയും ചെയ്യും.

പുതിയ ഇന്ത്യ, വികസിത ഇന്ത്യ, അഭിലാഷങ്ങളുള്ള ഇന്ത്യ എന്ന പുതിയ നിർവചനമാണ് മോദി എന്‍ഡിഎയ്ക്കു നൽകുന്നത്. താഴെത്തട്ടിലെ ജനങ്ങളിൽ വികസനം എത്തിക്കാനും ജനങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനും എന്‍ഡിഎയുടെ പുതിയ സർക്കാരിനു കഴിയട്ടെ. അതിവേഗ വികസനവും ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി രാജ്യത്തെ മാറ്റുന്നതും മോദിയുടെ വാഗ്ദാനങ്ങളാണ്. തെരഞ്ഞെടുപ്പിനു മുൻപ് മോദി ജനങ്ങൾക്കു നൽകിയ ഗ്യാരന്‍റികൾ പാലിക്കപ്പെടേണ്ടതാണ്. സദ്ഭരണവും പാവപ്പെട്ടവരുടെ ക്ഷേമവും ഉറപ്പാക്കുന്നതിന് ഉറച്ച സർക്കാർ വേണം. ജനങ്ങൾ തങ്ങളെയേൽപ്പിച്ച ചുമതലയെന്തെന്ന് ഓരോ സഖ്യകക്ഷിയും മനസിലാക്കണം.

പുതിയ മന്ത്രിസഭയിൽ തുടക്കത്തിൽ തന്നെ കേരളത്തിനു പ്രാതിനിധ്യമുണ്ടാവുമെന്നു പ്രതീക്ഷിക്കാം. ഇതാദ്യമായാണ് കേരളത്തിൽ നിന്നൊരു ബിജെപി ലോക്സഭാ എംപിയുണ്ടാവുന്നത്. രാജ്യത്തിന്‍റെ തെക്കേയറ്റത്തുണ്ടായ ഈ വിജയം പാർട്ടി ഏറെ അഭിമാനത്തോടെയാണ് എടുത്തുപറയുന്നതും. അതുകൊണ്ടു തന്നെ സുരേഷ് ഗോപിക്ക് മന്ത്രിസ്ഥാനം നൽകുന്നതിന് ബിജെപി ഏറെ ആലോചിക്കേണ്ടതില്ല. കേരളത്തിനും മലയാളികൾക്കും കൂടുതൽ പ്രയോജനം ലഭിക്കുന്ന പ്രധാനപ്പെട്ട വകുപ്പു തന്നെ സുരേഷ് ഗോപിക്ക് ലഭിക്കട്ടെ. അങ്ങനെയൊരു അവസരം ലഭിച്ചാൽ അതു ജനങ്ങൾക്കു വേണ്ടി പരമാവധി ഉപയോഗപ്പെടുത്താനുള്ള മനസ് അദ്ദേഹത്തിനുണ്ട്.

മോദിയുടെ രണ്ടാം മന്ത്രിസഭയിൽ വി. മുരളീധരന് വിദേശകാര്യം, പാർലമെന്‍ററികാര്യം എന്നീ സുപ്രധാന വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണു ലഭിച്ചത്. പ്രവാസികൾ ഏറെയുള്ള സംസ്ഥാനമാണു കേരളം. വിദേശകാര്യ വകുപ്പിൽ മുരളീധരന്‍റെ പ്രവർത്തനങ്ങൾ നമുക്കു നല്ല രീതിയിൽ പ്രയോജനപ്പെട്ടിട്ടുണ്ട്. സുരേഷ് ഗോപിക്കു പുറമേ മറ്റൊരു മന്ത്രിയെക്കൂടി കേരളത്തിനു കിട്ടിയാലും അതു സ്വാഗതാർഹമാണ്. കേരളത്തിൽ പാർട്ടിയുടെ വളർച്ചയ്ക്കും കേന്ദ്ര മന്ത്രിമാരുടെ പ്രവർത്തനങ്ങൾ സഹായിക്കുമല്ലോ. ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞ ബിജെപിക്കു വരാനിരിക്കുന്ന പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകൾ മുൻകൂട്ടി കണ്ട് പ്രവർത്തിക്കേണ്ടതുണ്ട്. കേന്ദ്ര മന്ത്രിസഭയിലെ പ്രാതിനിധ്യം തീർച്ചയായും പാർട്ടി പ്രവർത്തകരിൽ ആവേശം വർധിപ്പിക്കും.

ജനക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളിൽ പുതിയ സർക്കാരിനു കാലിടറാതിരിക്കട്ടെ. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവാതിരിക്കട്ടെ. സംസ്ഥാന സർക്കാരുകളോടു നീതി കാണിക്കുകയും അവയോടു സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്യട്ടെ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com