തെളിനീരിനെ വിഷനീരാക്കുന്നവർ|മുഖപ്രസംഗം

കേരളത്തിന്‍റെ ജീവരേഖ എന്നു കൂടി അറിയപ്പെടുന്ന ഈ നദി നാനാവിധത്തിലുള്ള മാലിന്യങ്ങൾ കൊണ്ട് കലങ്ങി മറിഞ്ഞിരിക്കുകയാണ്
തെളിനീരിനെ വിഷനീരാക്കുന്നവർ|മുഖപ്രസംഗം
water

പർവതനിരയുടെ പനിനീരായാണു പെരിയാറിനെ കവി കണ്ടത്. നാടാകെ തെളിനീരു നൽകേണ്ടതാണ് ഈ നദി. എന്നാൽ, ഇന്നത്തെ പെരിയാറിൽ ഒഴുകുന്നതു തെളിനീരല്ല, വിഷനീരാണ്. കേരളത്തിന്‍റെ ജീവരേഖ എന്നു കൂടി അറിയപ്പെടുന്ന ഈ നദി നാനാവിധത്തിലുള്ള മാലിന്യങ്ങൾ കൊണ്ട് കലങ്ങി മറിഞ്ഞിരിക്കുകയാണ്. വ്യവസായവത്കരണത്തിലേക്കുള്ള നമ്മുടെ കുതിപ്പിന്‍റെ ഭാഗം കൂടിയായി വേണം ഇതിനെ കാണാൻ. മനുഷ്യനെയും പരിസ്ഥിതിയെയും മറന്നുകൊണ്ടുള്ള, ചട്ടങ്ങൾ അവഗണിച്ചുകൊണ്ടുള്ള ചില സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മാലിന്യം തള്ളുന്നതിനാണു പുഴ എന്നു ധരിച്ചുവച്ചുകൊണ്ടാണോ എന്നു തോന്നിപ്പോകും. വ്യവസായങ്ങൾ പുറംതള്ളുന്ന പലതരത്തിലുള്ള അഴുക്കുകൾ പെരിയാറിനെ മലിനമാക്കിക്കൊണ്ടേയിരിക്കുന്നു. ഇതിനെതിരേ വർഷങ്ങളായി ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. പ്രത്യേകിച്ച് വ്യവസായങ്ങളേറെയും സ്ഥിതിചെയ്യുന്ന ഏലൂർ- എടയാർ മേഖലയിൽ നദിയുടെ തെളിമ വീണ്ടെടുക്കേണ്ടതിനെക്കുറിച്ചു ചർച്ചകൾ എത്രയോ നടന്നുകഴിഞ്ഞു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡും ദേശീയ ഹരിത ട്രൈബ്യൂണലുമൊക്കെ ഇടപെട്ട വിഷയമാണിത്.

പെരിയാറിനെ പുനരുജ്ജീവിപ്പിക്കാൻ അടിയന്തര പുനരുദ്ധാരണ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശിച്ചിരുന്നു. പെരിയാറിനെ മലിനമാക്കുന്നവരുടെ പട്ടിക തയാറാക്കി നൽകാനും മലിനീകരണത്തിന് ഉത്തരവാദികളായവരിൽ നിന്നു നഷ്ടപരിഹാരം ഈടാക്കാനും ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശിക്കുകയുമുണ്ടായി. ഫാക്റ്ററികളിൽ നിന്നുള്ള മലിനജലം പെരിയാറിലേക്ക് ഒഴുക്കരുതെന്നും ഒരു വർഷത്തിനകം പെരിയാറിലേക്കുള്ള എല്ലാ അനധികൃത കുഴലുകളും ഒഴിവാക്കണമെന്നും ട്രൈബ്യൂണൽ വിധിച്ചത് രണ്ടുവർഷം മുൻപാണ്. തെളിനീർ ഒഴുകും നവകേരളത്തെക്കുറിച്ചൊക്കെ സംസ്ഥാന സർക്കാരും പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. പക്ഷേ, പെരിയാർ ഇപ്പോഴും മലിനമായി തന്നെ ഒഴുകുകയാണ്. കൊച്ചിയിലെ ആയിരക്കണക്കിനാളുകൾക്കു കുടിവെള്ളം വിതരണം ചെയ്യുന്നത് ഇതേ പെരിയാറിൽ നിന്നു തന്നെയാണ്!

‌രാസാധിഷ്ഠിതമായി പ്രവർത്തിക്കുന്ന നിരവധി കമ്പനികൾ പെരിയാറിന്‍റെ തീരത്തുണ്ട്. ഇതിൽ പല കമ്പനികളിൽ നിന്നുമുള്ള രാസമാലിന്യം പെരിയാറിലേക്ക് എത്തുന്നുവെന്ന ആരോപണം വർഷങ്ങളായുള്ളതാണ്. പുഴയിലെ വെള്ളം നിറം മാറുന്നതും മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതും ഇതുകൊണ്ടാണെന്നു നാട്ടുകാർ ആരോപിക്കാറുമുണ്ട്. ഇപ്പോഴിതാ വീണ്ടും പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയിരിക്കുന്നു. പുഴയിൽ നിന്ന് അസഹനീയമായ ദുർഗന്ധവും ഉണ്ടായി. മത്സ്യകർഷകർക്കുണ്ടായിരിക്കുന്നത് കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ്. നൂറ്റമ്പതിലേറെ മത്സ്യക്കൂടുകൾ പൂർണമായി നശിച്ചുപോയിട്ടുണ്ടെന്ന് ഫിഷറീസ് വകുപ്പിന്‍റെ പ്രാഥമിക കണക്കുകളിൽ പറയുന്നുണ്ട്. വരാപ്പുഴ, ചേരാനെല്ലൂർ, കടമക്കുടി പഞ്ചായത്തുകളിലെ കർഷകർക്കു താങ്ങാനാവാത്ത നഷ്ടം സംഭവിച്ചിരിക്കുന്നു. ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികളാണ് ഈ ദുരന്തത്തിന്‍റെ ഫലം അനുഭവിക്കുന്നത്. കൊച്ചി കോർപ്പറേഷൻ മേഖലയിലേക്കും വിഷജലം ഒഴുകിയിട്ടുണ്ട്. രാസമാലിന്യം മൂലം ജീവിതം വഴിമുട്ടിയവർക്കെല്ലാം മതിയായ നഷ്ടപരിഹാരം എത്രയും വേഗം നൽകേണ്ടതുണ്ട്.

വ്യവസായ വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും തന്നെയാണ് രാസമാലിന്യ പ്രശ്നത്തിൽ പ്രതിക്കൂട്ടിലായിട്ടുള്ളത്. പുഴയിലേക്കു രാസമാലിന്യങ്ങൾ ഒഴുക്കുന്നവർക്കെതിരേ ശക്തമായ നടപടിയെടുക്കാത്തതു കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. രാസമാലിന്യം ഒഴുക്കുന്ന കമ്പനികളെ സംരക്ഷിക്കുന്ന സമീപനമാണു മലനീകരണ നിയന്ത്രണ ബോർഡ് സ്വീകരിക്കുന്നതെന്ന് അനുഭവസ്ഥർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബോർഡിന്‍റെ സാംപിൾ ശേഖരണത്തിൽ പോലും അട്ടിമറി നടക്കുന്നതായാണ് ആരോപണം. നാട്ടുകാരുടെ ആരോഗ്യം നഷ്ടപ്പെടുന്നതോ മത്സ്യകർഷകരുടെ ലക്ഷക്കണക്കിനു രൂപയും കഠിനാധ്വാനവും പാഴാകുന്നതോ മത്സ്യത്തൊഴിലാളികൾ പട്ടിണിയിലാവുന്നതോ ബോർഡിനു വിഷയമല്ല എന്ന ആക്ഷേപം സർക്കാർ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. വിഷപ്പുഴ ഒഴുകാൻ ഏതെങ്കിലും ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുണ്ടെങ്കിൽ അവർക്കെതിരേ ശക്തമായ നടപടിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സമ്മർദ്ദങ്ങൾക്കു വഴങ്ങാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ശക്തമായ മലിനീകരണ നിയന്ത്രണ ബോർഡാണ് നമുക്ക് ആവശ്യമുള്ളത്. നമുക്കു വ്യവസായങ്ങൾ വേണം, വ്യവസായ ശാലകൾ പ്രവർത്തിക്കണം. അതുപക്ഷേ, നാടും നദിയും മലിനമാക്കിയാവരുത്. ഫലപ്രദമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ എല്ലാ വ്യവസായ ശാലകൾക്കും ഉണ്ടെന്ന് ഉറപ്പു വരുത്തിയാൽ പ്രശ്നപരിഹാരമാവും. ലക്ഷക്കണക്കിനാളുകളുടെ വെള്ളവും ഭക്ഷണവും ഈ നദിയെ ആശ്രയിച്ചാണെന്ന് പെരിയാറിനെ മലിനമാക്കുന്ന മുഴുവൻ ആളുകളും ഓർക്കേണ്ടതുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com