

ആശങ്കപ്പെടുത്തുന്ന വൈദ്യുതി പ്രതിസന്ധി
file photo
കേരളത്തിൽ കാലവർഷം ആരംഭിച്ചിട്ട് ഒരു മാസക്കാലമായി. തുടക്കത്തിൽ മഴയുണ്ടായിരുന്നുവെങ്കിലും പിന്നീടു ദുർബലമായത് സംസ്ഥാനത്തു വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. വൈദ്യുതി ഉത്പാദനത്തിനു നാം ആശ്രയിക്കുന്ന അണക്കെട്ടുകളിലെ ശരാശരി ജലനിരപ്പ് 22 ശതമാനത്തിൽ താഴെയാണെന്നാണു റിപ്പോർട്ടുകൾ. സംഭരണശേഷിയുടെ നാലിലൊന്നുപോലും വെള്ളമില്ലാത്തതുകൊണ്ട് വൈദ്യുതി ഉത്പാദനം കൂട്ടാനാവാത്ത അവസ്ഥയുണ്ടായി. ഇടുക്കി ഡാമിൽ അടക്കം വെള്ളം കുറഞ്ഞുപോയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേസമയത്ത് ഡാമുകളിൽ 60 ശതമാനത്തിൽ കൂടുതൽ വെള്ളമുണ്ടായിരുന്നതാണ്. ഈ ഒരു മാസക്കാലം ലഭിച്ച മഴയുടെ അളവ് ശരാശരിയെക്കാൾ 34 ശതമാനം കുറവാണ്. പ്രത്യേകിച്ചു ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കുറഞ്ഞു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ജൂൺ മാസത്തിലെ വൈദ്യുതി ഉപയോഗത്തിലും കാര്യമായ വർധനയുണ്ടായിട്ടുണ്ട്. ആവശ്യം ഏറുകയും ആഭ്യന്തര ഉത്പാദനം കുറയുകയും ചെയ്തത് ഒരേസമയം നേരിടേണ്ടിവരുകയാണ്.
പ്രതിസന്ധി രൂക്ഷമായപ്പോഴാണ് കെഎസ്ഇബി രാത്രിയിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്. ബോർഡിന്‍റെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിനെതിരേ വ്യാപകമായ വിമർശനം ഉയരുകയും ചെയ്യുന്നുണ്ട്. യാതൊരു മുന്നറിയിപ്പും നൽകാതെ ഓരോ ദിവസവും പല തവണ ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തുന്നു. ജനജീവിതത്തെ ഇതു സാരമായി ബാധിക്കുന്നു. ശക്തമായ മഴ വരുംദിവസങ്ങളിൽ ലഭിച്ചില്ലെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാവാനാണു സാധ്യത. ആഭ്യന്തര ഉത്പാദനം കുറഞ്ഞതിനൊപ്പം പുറത്തുനിന്നു ലഭിക്കുന്ന വൈദ്യുതിയിലും കുറവു വന്നിട്ടുണ്ടത്രേ. എന്തായാലും ഉയർന്ന വിലയ്ക്കു വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മിഷൻ കഴിഞ്ഞ ദിവസം കെഎസ്ഇബിക്ക് അനുമതി നൽകിയിട്ടുള്ളത് ലഭ്യത ഉറപ്പാക്കുന്ന കാര്യത്തിൽ ആശ്വാസം നൽകുന്നുണ്ട്. ഉയർന്ന വില നൽകി ഹ്രസ്വകാല കരാറുകൾ വഴി വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബി റഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകിയിരുന്നത്. മഴ ശക്തിപ്പെട്ടാൽ ഇങ്ങനെ വൈദ്യുതി വാങ്ങുന്നതിന്‍റെ ബാധ്യത കുറയ്ക്കണമെന്നും നിർദേശമുണ്ട്.
ഉയർന്ന വിലയ്ക്കു വാങ്ങുന്ന വൈദ്യുതിക്ക് യൂണിറ്റിനു ശരാശരി ഒമ്പതു രൂപയ്ക്കു മുകളിൽ വരും എന്നാണു പറയുന്നത്. ഈ വർഷം യൂണിറ്റിനു ശരാശരി 4.64 രൂപയ്ക്കു വൈദ്യുതി വാങ്ങാനാണു റഗുലേറ്ററി കമ്മിഷൻ നേരത്തേ അനുവദിച്ചിരുന്നത്. അതിന്‍റെ ഇരട്ടിയാണ് ഇപ്പോൾ നൽകേണ്ടിവരുന്നത്. സ്വാഭാവികമായും ഉപയോക്താക്കളുടെ വൈദ്യുതി ബില്ലിൽ കുത്തനെയുള്ള വർധനയുണ്ടാവാൻ സാഹചര്യമൊരുങ്ങുകയാണ്. കണ്ടറിഞ്ഞു വൈദ്യുതി ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ ബില്ലുകണ്ട് ഞെട്ടിപ്പോകുമെന്നുറപ്പ്. ഈ നിലയിലേക്കു നമ്മുടെ വൈദ്യുതി പ്രശ്നത്തെ എത്തിച്ചത് കൃത്യമായ ആസൂത്രണമില്ലായ്മയാണ് എന്നു പറയേണ്ടിവരും. മുൻകൂട്ടി കാര്യങ്ങൾ നിശ്ചയിച്ച് കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ടുപോയിരുന്നെങ്കിൽ ഇത്രയധികം ഉയർന്ന വില നൽകി വൈദ്യുതി വാങ്ങേണ്ട അവസ്ഥയുണ്ടാകുമായിരുന്നോയെന്ന് റഗുലേറ്ററി കമ്മിഷൻ തന്നെ കെഎസ്ഇബിയോട് ആരാഞ്ഞിരുന്നു. ഇത്തവണ മൺസൂൺ ദുർബലമാകുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു. അതു വേണ്ടത്ര ഗൗരവത്തിൽ ബോർഡ് എടുത്തോ എന്നു സംശയമാണ്.
ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിനും പ്രതിസന്ധി മുൻകൂട്ടിക്കണ്ട് പുതിയ കരാറുകൾ ഉണ്ടാക്കുന്നതിനും ബോർഡിനു കഴിയുന്നില്ലെന്ന വിമർശനം പല ഭാഗങ്ങളിൽ നിന്നും ഉയരുന്നുണ്ട്. വൈദ്യുതി ഉപയോഗത്തിൽ വലിയ വർധനയുണ്ടായിട്ടും ആഭ്യന്തര ഉത്പാദനം കൂടിയിട്ടില്ല. എസിയുടെ ഉപയോഗം വ്യാപകമായതും ഇലക്ട്രിക് വാഹനങ്ങൾ വർധിച്ചതും വൈദ്യുതി ഉപയോഗത്തിൽ വർധയുണ്ടാക്കുകയും ചെയ്യുന്നു. വൈദ്യുതി വിതരണം സുഗമമാക്കുന്നതിന് ട്രാൻസ്ഫോർമറുകളുടെ ശേഷി കൂട്ടുന്നതടക്കം നടപടികൾ അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ട്.
സോളാർ വൈദ്യുതി ഉത്പാദനം വർധിച്ചതനുസരിച്ച് ട്രാൻസ്ഫോർമർ ശേഷി ഉയർന്നിട്ടില്ല. സോളാർ വൈദ്യുതി ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കേണ്ടത് അത്യാവശ്യമാണ്. പകൽ സമയത്തെ സോളാർ വൈദ്യുതി ശേഖരിച്ചുവയ്ക്കാൻ ലക്ഷ്യമിട്ടു പ്രഖ്യാപിച്ച പദ്ധതികൾ നടപ്പായിട്ടില്ല. സോളാർ വൈദ്യുതിയിൽ കൂടുതൽ താത്പര്യവും ശ്രദ്ധയും നൽകുന്നത് വരും വർഷങ്ങളിലും ഉണ്ടാവാനിരിക്കുന്ന പ്രതിസന്ധി മറികടക്കാൻ സഹായിക്കും. പക്ഷേ, പുറത്തുനിന്നു കൂടിയ വിലയ്ക്കു വൈദ്യുതി വാങ്ങുന്നതിലാണു ബോർഡിനു കൂടുതൽ താത്പര്യമെങ്കിൽ അതിന്‍റെ ദോഷം ജനങ്ങൾ അനുഭവിക്കുക എന്നതേ തരമുള്ളൂ. കെടുകാര്യസ്ഥതയിൽ നിന്നു ബോർഡിനെ മുക്തമാക്കാൻ സർക്കാരിനു കഴിഞ്ഞാലേ സാധാരണ ജനങ്ങൾക്ക് ആശ്വാസമുണ്ടാകൂ എന്നുറപ്പാണ്.