മഴക്കാലമായി, ഒരുങ്ങിയിരിക്കാം | മുഖപ്രസംഗം

കഴിഞ്ഞവർഷം മഴക്കാലത്താണ് കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്ന് ഉണ്ടായതെന്ന് നല്ല ഓർമ വേണം.
Prepare for rainy season Editorial

മഴക്കാലമായി, ഒരുങ്ങിയിരിക്കാം | മുഖപ്രസംഗം

symbolic image

Updated on

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ അതിശക്തമായ മഴയാണു പ്രവചിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിലെത്തുമെന്നും കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നുണ്ട്. ഇന്നും നാളെയും മറ്റന്നാളും അതിശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഇതിന്‍റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. പ്രത്യേകിച്ചു വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയുണ്ടാവുമെന്നാണു കരുതേണ്ടത്. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാടക- ഗോവ തീരത്തിനു മുകളിലായി രൂപപ്പെട്ട ന്യൂനമർദം ശക്തികൂടിയതായി മാറിയിട്ടുണ്ട്. തുടർന്ന് വടക്കോട്ടു നീങ്ങുന്ന ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. മേയ് 27ഓടെ മധ്യ പടിഞ്ഞാറൻ- വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും പറയുന്നു.

കാലവർഷം എത്തുന്നു എന്നതു കൊണ്ടു തന്നെ അതീവ ജാഗ്രത ആവശ്യമുള്ള ദിവസങ്ങളാണ് ഇനി. ഉരുൾപൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായാൽ നേരിടാനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കേണ്ടതുണ്ട്. പ്രകൃതി ദുരന്തങ്ങൾക്കു സാധ്യതയുള്ള മേഖലകൾ കണ്ടെത്തി അവിടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകിയുള്ള പ്രവർത്തനം ആവശ്യമാണ്. ദുരന്തങ്ങളിൽ മനുഷ്യജീവൻ നഷ്ടപ്പെടാതിരിക്കാനുള്ള മുന്നൊരുക്കം നടത്തേണ്ടതുണ്ട്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കുന്നതടക്കം എന്തൊക്കെയാണു തയാറെടുപ്പുകൾ വേണ്ടതെന്ന് കൃത്യമായ ധാരണയുണ്ടാവണം.

കഴിഞ്ഞവർഷം മഴക്കാലത്താണ് കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്ന് ഉണ്ടായതെന്ന് നല്ല ഓർമ വേണം. ജൂലൈ 30നു പുലർച്ചെ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ നിരവധി ആളുകൾക്കാണു ജീവൻ നഷ്ടപ്പെട്ടത്. നിരവധി ആളുകളുടെ മുഴുവൻ സമ്പാദ്യങ്ങളുമാണ് കുത്തിയൊലിച്ചുപോയത്. സൈന്യവും എൻഡിആർഎഫും അഗ്നിരക്ഷാസേനയും പൊലീസും സന്നദ്ധ പ്രവർത്തകരും എല്ലാം ചേർന്നു നടത്തിയ രക്ഷാപ്രവർത്തനം ദിവസങ്ങൾ നീണ്ടുനിന്നു.

നൂറു കണക്കിനു വീടുകളും ആളുകളുമുണ്ടായിരുന്ന മുണ്ടക്കൈയും ചൂരൽമലയും ഒരു രാത്രി ഉണർന്നെഴുന്നേൽക്കും മുൻപേ നാമാവശേഷമാവുകയായിരുന്നു. മുകളിൽനിന്നു കുത്തിയൊലിച്ചുവന്ന കൂറ്റൻ പാറകളും മരങ്ങളും മണ്ണും തകർത്തു കളഞ്ഞത് ഒരു പ്രദേശത്തെയപ്പാടെയാണ്. ജീവൻ മാത്രം ബാക്കിയായ നിരവധിയാളുകളുടെ പുനരധിവാസത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്. അതിജീവിതർക്കായുള്ള ടൗൺ‌ഷിപ്പ് നിർമാണത്തിനു തുടക്കം കുറിച്ചിട്ടുണ്ട്. മുന്നറിയിപ്പുകൾ അവഗണിച്ചതും ആവശ്യമായ മുൻകരുതൽ എടുക്കാത്തതുമാണ് വയനാട്ടിൽ ദുരന്തത്തിന്‍റെ ആഘാതം വർധിപ്പിച്ചതെന്ന് പിന്നീടു റിപ്പോർട്ടുകൾ വന്നതാണ്. ജനങ്ങളെ മാറ്റിപാർപ്പിക്കാൻ സംവിധാനമില്ലാത്തത് ദുരന്തത്തിന്‍റെ ആഴം വർധിപ്പിച്ചതായും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. വയനാട് ഒരു പാഠമായി എടുത്ത് ആവശ്യമായ തയാറെടുപ്പുകൾ നടത്തേണ്ടതുണ്ട്.

കഴിഞ്ഞ വർഷം മാത്രമല്ല സമീപവർഷങ്ങളിൽ മഴക്കാലത്ത് സംസ്ഥാനത്തെ നിരവധി സ്ഥലങ്ങളിൽ ഉരുൾപൊട്ടലുകളുണ്ടായിട്ടുണ്ട്. പുത്തുമലയും കവളപ്പാറയും പെട്ടിമുടിയും കൂട്ടിക്കലും ഒന്നും കേരളത്തിനു മറക്കാൻ കഴിയുന്നതല്ല. രാജ്യത്ത് ഏറ്റവുമധികം ഉരുൾപൊട്ടലുണ്ടാകുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമായി മാറിയിട്ടുണ്ട്. മഴയുടെ സ്വഭാവം മാറിയത് ഇതിനൊരു കാരണമായിട്ടുണ്ടാവാം. സമാനതകളില്ലാത്ത പെരുമഴയാണല്ലോ പലപ്പോഴും ഉണ്ടാവുന്നത്. കുറഞ്ഞ സമയം കൊണ്ട് ചെറിയ പ്രദേശത്ത് വലിയ മഴ പെയ്യുന്ന രീതി കൂടുതൽ ജാഗ്രത ആവശ്യമാക്കുന്നുണ്ട്. ഉരുൾപൊട്ടലിനെതിരായ ജാഗ്രത പുതിയ കാലത്തിന്‍റെ അനിവാര്യതയാണ്.

അതു മാത്രമല്ല, മഴവെള്ളം കൃത്യമായി ഒഴുകിപ്പോവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് വെള്ളക്കെട്ടുകളും പ്രളയവും ഒഴിവാക്കാൻ ആവശ്യമാണ്. നീരൊഴുക്കിനു തടസമുണ്ടാക്കുന്നത് എന്തൊക്കെയെന്നു കണ്ടെത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയാറാവണം. പ്രത്യേകിച്ചു നഗരങ്ങളിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കണമെങ്കിൽ കാനകളും തോടുകളുമൊക്കെ ശുചിയാക്കിയിട്ടുണ്ടാവണം. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്ത പ്രദേശങ്ങളിൽ മഴ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുമെന്നുറപ്പാണ്. കഴിഞ്ഞ മഴ സീസണുകളിൽ നീരൊഴുക്കു തടസപ്പെട്ട സ്ഥലങ്ങളിൽ വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്.‌ അപകടസാധ്യതയുള്ള മേഖലകൾ കണ്ടെത്തുക, അവിടെ നിന്നു മാറ്റിപ്പാർപ്പിക്കേണ്ടവരുടെ പട്ടിക തയാറാക്കുക, റോഡരികിലും പൊതുസ്ഥലങ്ങളിലും അപകടകരമായി നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും നീക്കം ചെയ്യുക, ഓടകൾക്കു മുകളിൽ അപകടാവസ്ഥയിലുള്ള സ്ലാബുകളുണ്ടോയെന്നു പരിശോധിക്കുക, സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുക, സ്കൂൾ പരിസരം വൃത്തിയാക്കുക, പാറമടകൾ അപകടത്തിനു കാരണമാവുന്നില്ലെന്ന് ഉറപ്പാക്കുക തുടങ്ങി നിരവധി കാര്യങ്ങളാണ് മഴക്കാലം സുരക്ഷിതമാക്കാൻ ചെയ്തു തീർക്കാനുള്ളത്.

മഴക്കാലത്തുണ്ടാവുന്ന പകർച്ച വ്യാധികൾ പ്രതിരോധിക്കാൻ ആരോഗ്യവകുപ്പ് നടപടികളെടുക്കണം. ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും എലിപ്പനിയും മഞ്ഞപ്പിത്തവും അടക്കം പലവിധ പകർച്ചവ്യാധികൾ മഴക്കാലത്തു വർധിച്ച തോതിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വെള്ളക്കെട്ടുകളിൽ കൊതുകുകൾ മുട്ടയിട്ടു പെരുകുന്നതു തടയേണ്ടത് ആവശ്യമാണ്. ഇതൊന്നും ചെറിയ കാര്യമായി അധികൃതർ കണക്കാക്കരുത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com