
അവശ്യ വസ്തുക്കളുടെ വില കുറയട്ടെ
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ സാധാരണ ജനങ്ങൾക്ക് ആശ്വാസം പകരാനുള്ള നടപടിക്ക് കേന്ദ്ര സർക്കാർ ഒരുങ്ങുന്നുവെന്നു റിപ്പോർട്ടുകളുണ്ട്. അത് എത്രയും പെട്ടെന്ന് യാഥാർഥ്യമാവണമെന്ന പ്രാർഥനയാവും പാവപ്പെട്ടവരും സാധാരണക്കാരുമായ കോടിക്കണക്കിനു ജനങ്ങൾക്കുള്ളത്. ചരക്കു സേവന നികുതി (ജിഎസ്ടി) സ്ലാബുകളുടെ പുനഃക്രമീകരണത്തിലൂടെയാണു നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കുക എന്നതാണു റിപ്പോർട്ടുകൾ. പരോക്ഷ നികുതി പിരിവിലെ സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും വലിയ പരിഷ്കാരമായ ജിഎസ്ടി നടപ്പിൽ വന്നത് 2017 ജൂലൈ ഒന്നിനാണ്. അതിനു ശേഷം ഈ നികുതി പിരിവിലുണ്ടാകുന്ന ഏറ്റവും വലിയ മാറ്റമാണ് വരാനിരിക്കുന്നത്. ഈ മാസം അവസാനം നടക്കാനിരിക്കുന്ന ജിഎസ്ടി കൗൺസിലിന്‍റെ അമ്പത്താറാമതു യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമുണ്ടാവുമെന്നു പറയുന്നുണ്ട്.
കേരളത്തിലും പശ്ചിമ ബംഗാളിലും അസമിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ രാഷ്ട്രീയമായി കൂടി ഏറെ പ്രാധാന്യമുണ്ട് നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കാനുള്ള നീക്കത്തിന്. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന കേരളത്തിലും പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും വിലക്കയറ്റത്തിന്‍റെ പഴി കേന്ദ്ര സർക്കാരിൽ ആരോപിക്കാനുള്ള സാധ്യതയാണ് ഇതുവഴി ഇല്ലാതാവുകയെന്നു കേന്ദ്ര സർക്കാർ വിശ്വസിക്കുന്നുണ്ടാവണം. എന്തായാലും നിത്യോപയോഗ സാധനങ്ങളുടെ വില കുറയാനുള്ള മാർഗം കണ്ടെത്തുന്നത് ജനങ്ങൾ സ്വാഗതം ചെയ്യും. ഇപ്പോൾ 12 ശതമാനം ജിഎസ്ടിയുള്ള അവശ്യ വസ്തുക്കളുടെ നികുതി അഞ്ചു ശതമാനമായി കുറയ്ക്കുക എന്നതാണു സർക്കാർ പദ്ധതിയത്രേ. 12 ശതമാനം സ്ലാബ് തന്നെ ഇല്ലാതാക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. 12 ശതമാനം നികുതി എന്നത് അഞ്ചു ശതമാനമായി കുറയുമ്പോൾ അതിനനുസരിച്ചു വിൽപ്പന വിലയും കുറയേണ്ടതാണ്. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും പോലുള്ള മാർഗങ്ങളിലൂടെ പിന്നെയും വില കൂട്ടാതിരിക്കാൻ സംസ്ഥാന സർക്കാരുകളും ശ്രദ്ധിക്കണം.
ഇപ്പോൾ പ്രധാനമായും 5%, 12%, 18%, 28% എന്നിങ്ങനെയാണു ജിഎസ്ടി നിരക്കുകൾ. ഇതു കൂടാതെ ചില പ്രത്യേക വസ്തുക്കൾക്ക് പ്രത്യേക നിരക്കും സെസും ഏർപ്പെടുത്തിയിട്ടുണ്ട്. 21 ശതമാനം വസ്തുക്കളും അഞ്ചു ശതമാനം ജിഎസ്ടിയിൽ ഉൾപ്പെടുന്നവയാണ്. 19 ശതമാനം ഉത്പന്നങ്ങൾക്ക് 12 ശതമാനം ജിഎസ്ടിയാണുള്ളത്. 44 ശതമാനത്തിന് 18 ശതമാനം ജിഎസ്ടിയുണ്ട്. മൂന്നു ശതമാനം വസ്തുക്കൾക്കാണ് 28 ശതമാനം നികുതി ബാധകമാവുന്നത്. ടൂത്ത് പേസ്റ്റ്, പാത്രങ്ങൾ, ചെരുപ്പ്, റെഡിമെയ്ഡ് വസ്ത്രങ്ങൾ, പ്രഷർ കുക്കറുകൾ, തുന്നൽ മെഷീനുകൾ, ഇസ്തിരി പെട്ടികൾ, സൈക്കിളുകൾ, സ്റ്റേഷനറി വസ്തുക്കൾ, സിറാമിക് ടൈലുകൾ തുടങ്ങിയവയുടെ നികുതിയിൽ കുറവുണ്ടാകാമെന്നാണു റിപ്പോർട്ടുകൾ. നികുതി സമ്പ്രദായത്തെ നവീകരിക്കുകയും പ്രവർത്തനക്ഷമത വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് സർക്കാരിന്‍റെ പദ്ധതി. ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ ആദായനികുതിയിൽ പുതിയ പരിഷ്കാരങ്ങൾ ധനമന്ത്രി നിർമല സീതാരാമൻ കൊണ്ടുവന്നിരുന്നു. 12 ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായനികുതിയിൽ നിന്ന് കേന്ദ്ര ധനമന്ത്രി ഒഴിവാക്കിയിരിക്കുകയാണ്. പുതിയ നികുതി വ്യവസ്ഥയിൽ 75,000 രൂപ സ്റ്റാൻഡേർഡ് ഡിഡക്ഷൻ കൂടിയാവുമ്പോൾ ശമ്പള വരുമാനക്കാർക്ക് 12.75 ലക്ഷം രൂപ വരെ നികുതി അടയ്ക്കേണ്ടതില്ല. ഈ പരിഷ്കാരത്തിനു പിന്നാലെയാണ് സാധാരണക്കാരെ ഉദ്ദേശിച്ച് ജിഎസ്ടിയിലും മാറ്റം വരുത്താനുള്ള നീക്കം.
2024-25 സാമ്പത്തിക വർഷത്തിൽ 22.08 ലക്ഷം കോടി രൂപയാണ് ജിഎസ്ടി വരുമാനമായി സർക്കാരിനു ലഭിച്ചത്. എക്കാലത്തെയും ഉയർന്ന വരുമാനമാണിത്. മുൻ വർഷത്തെ അപേക്ഷിച്ച് 9.4 ശതമാനം വളർച്ചയുണ്ട്. 2020-21ൽ 11.37 ലക്ഷം കോടി രൂപയായിരുന്ന ജിഎസ്ടി വരുമാനമാണ് ഇപ്പോൾ ഇരട്ടിയായിരിക്കുന്നത്. എട്ടു വർഷത്തിനിടെ ജിഎസ്ടിക്കു കീഴിൽ രജിസ്റ്റർ ചെയ്ത നികുതിദായകർ 65 ലക്ഷത്തിൽ നിന്ന് 1.51 കോടിയായി ഉയർന്നു. ശരാശരി പ്രതിമാസ വരുമാനം 1.84 ലക്ഷം കോടിയായിരിക്കുന്നു. പരോക്ഷ നികുതി സമ്പ്രദായത്തെ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ ജിഎസ്ടിക്കു കഴിഞ്ഞിട്ടുണ്ട്. രാജ്യത്തിന്‍റെ സാമ്പത്തിക നില മെച്ചപ്പെടുത്താനും ഈ നികുതി സമ്പ്രദായം ഉപകരിക്കുന്നു. അപ്പോഴും നികുതി നിരക്കുകൾ കുറയ്ക്കണമെന്നും സമഗ്രമായ പരിഷ്കാരം ആവശ്യമാണെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സർക്കാരിന്‍റെ നീക്കങ്ങൾ എന്നു കരുതണം. അവശ്യ വസ്തുക്കളുടെ വിലക്കയറ്റത്തിനു കാരണമാവുന്ന ഘടകങ്ങൾ പലതുണ്ട്. ഉത്പാദനത്തിലെ കുറവ്, ആവശ്യകതയിലും വിതരണത്തിലുമുള്ള പൊരുത്തക്കേട്, ഗതാഗതത്തിലെയും സംഭരണത്തിലെയും പ്രശ്നങ്ങൾ, കൃത്രിമക്ഷാമം സൃഷ്ടിക്കുന്ന ബോധപൂർവമായ നടപടികൾ എന്നിങ്ങനെ പലതും. ഇതിനൊക്കെ പുറമേയാണ് സർക്കാരിന്‍റെ നികുതിഭാരവും. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് നികുതിയടക്കം എല്ലാ വശങ്ങളും സർക്കാർ പരിശോധിക്കേണ്ടതുണ്ട്.