
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ വിജയം രാഷ്ട്രീയ എതിരാളികൾ പോലും പ്രതീക്ഷിച്ചതായിരുന്നു. ജനപ്രിയനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഞ്ചു പതിറ്റാണ്ടിലേറെക്കാലം വിജയിച്ചുവന്ന നിയമസഭാ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ ദേഹവിയോഗത്തെത്തുടർന്ന് ഉപതെരഞ്ഞെടുപ്പു നടക്കുന്നു. കോൺഗ്രസ് ഒറ്റക്കെട്ടായി മകൻ ചാണ്ടി ഉമ്മനു പിന്നിൽ അണിനിരക്കുന്നു. സ്വാഭാവികമായും വിജയം പ്രതീക്ഷിക്കാവുന്നതാണ്. എന്നാൽ, അദ്ദേഹം നേടിയ റെക്കോഡ് ഭൂരിപക്ഷം വലിയ രാഷ്ട്രീയ പ്രാധാന്യം അർഹിക്കുന്നതാവുന്നു. യുഡിഎഫിന് ആവേശം നൽകുന്നതും എൽഡിഎഫിനു നിരാശ പകരുന്നതും ഈ ഭൂരിപക്ഷമാണ്. പുതുപ്പള്ളിയുടെ ചരിത്രത്തിൽ ഇന്നേവരെയില്ലാത്ത ഭൂരിപക്ഷം ജനങ്ങൾ ചാണ്ടി ഉമ്മനു നൽകിയപ്പോൾ ബിജെപിയുടെ മാത്രമല്ല എൽഡിഎഫിന്റെയും വോട്ടുകൾ കഴിഞ്ഞ തവണത്തേതിനെക്കാൾ താഴേക്കു പോയിരിക്കുന്നു.
ബിജെപിയുടെ വോട്ടുകളാണ് യുഡിഎഫിനെ തുണച്ചത് എന്ന വാദം കൊണ്ടൊന്നും പിടിച്ചുനിൽക്കാൻ കഴിയാത്ത സ്ഥിതിയുണ്ടായിരിക്കുന്നു ഇടതുപക്ഷത്തിന്. സഹതാപ തരംഗം എന്നു പറഞ്ഞു സമാധാനിക്കാൻ ശ്രമിച്ചാലും ഇത്ര വലിയ തിരിച്ചടി ഭരണമുന്നണിയെ ചിന്തിപ്പിക്കുക തന്നെ ചെയ്യേണ്ടതാണ്. സംസ്ഥാന സർക്കാരിനെതിരായ ജനവികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന വിലയിരുത്തലുകൾ കണ്ണടച്ചു തള്ളാനാവില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കം നേതാക്കൾ വലിയ തോതിൽ പ്രചാരണത്തിനിറങ്ങുകയുണ്ടായി. സർക്കാരിന്റെ നേട്ടങ്ങളും വികസനവും ചർച്ചയാക്കി കൃത്യമായ രാഷ്ട്രീയ പദ്ധതിയോടെ പോരാട്ടം നയിച്ചു. അതിന്റെ ഫലമൊന്നും പക്ഷേ, എൽഡിഎഫിനു കിട്ടിയിട്ടില്ല. ജനങ്ങൾ സർക്കാരിനെയും ഭരണമുന്നണിയെയും പാഠം പഠിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണു പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നത്.
61 ശതമാനത്തിലേറെ വോട്ട് യുഡിഎഫിനു ലഭിച്ചപ്പോൾ 32 ശതമാനം മാത്രമാണ് എൽഡിഎഫിനുള്ളത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ ക്രമമായി ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം ഉയരുകയായിരുന്നു. മണ്ഡലത്തിലെ ശക്തമായ ഇടതു കേന്ദ്രങ്ങളിലും ചാണ്ടി ഉമ്മനു ഭൂരിപക്ഷം ലഭിച്ചു. വോട്ടെണ്ണലിൽ ഉടനീളം കണ്ടത് ഏകപക്ഷീയമായ ട്രെൻഡ്. മണ്ഡലത്തിലെ എട്ടിൽ ആറു പഞ്ചായത്തുകളും എൽഡിഎഫ് ഭരിക്കുമ്പോഴാണ് ഈ വോട്ട് നില. അതുകൊണ്ടു തന്നെ എൽഡിഎഫിനു വിശദമായൊരു പരിശോധന ആവശ്യമായി വരും.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിലാണ് എൽഡിഎഫിന് "പുതുപ്പള്ളി ഷോക്ക് ' എന്നതും കാണാതിരിക്കാനാവില്ല. കഴിഞ്ഞ തവണ (2019ൽ) നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തൊമ്പതു സീറ്റും യുഡിഎഫ് തൂത്തുവാരിയതാണ്. എൽഡിഎഫിനു കിട്ടിയത് ഒരേയൊരു മണ്ഡലം. അന്നത്തെ തകർച്ചയിൽ നിന്നു തിരിച്ചുകയറിയാണ് 2021ൽ സംസ്ഥാനത്തു ഭരണത്തുടർച്ച സ്വന്തമാക്കിയത്. ഇപ്പോൾ ദേശീയ തലത്തിൽ ഇടതുപക്ഷത്തിന് ഏറ്റവുമധികം സാധ്യതയുള്ള സംസ്ഥാനവും കേരളമാണ്. കേരളത്തിൽ കഴിഞ്ഞ തവണത്തെ ട്രെൻഡ് മാറ്റിമറിക്കുമെന്ന് മുന്നണി അവകാശപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് പുതുപ്പള്ളിയിലെ പരാജയത്തിന്റെ ആഴം ചർച്ച ചെയ്യപ്പെടുന്നത്.
അതേസമയം, യുഡിഎഫിന് ഈ വിജയം നൽകുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കോൺഗ്രസിനു കഴിഞ്ഞു. തുടർന്നുള്ള പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി അണിനിരന്നു. ഓരോ വോട്ടും ഉറപ്പിക്കുന്നതിനുള്ള പ്രയത്നമുണ്ടായി. ചുമതലകൾ വീതിച്ചു നൽകിയും ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തുമുള്ള പ്രവർത്തനം യുഡിഎഫിന്റെ പുത്തൻ ഊർജമാണു കാണിച്ചത്. കോൺഗ്രസ് ഐക്യത്തിന്റെ ഭൂരിപക്ഷമാണിത് എന്നു തന്നെ പറയാവുന്നതാണ്. കഴിഞ്ഞ വർഷം തൃക്കാക്കരയിൽ നടന്ന ഉപതെരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിന്റെ തുടർച്ചയുമാണിത്. പി.ടി. തോമസ് അന്തരിച്ചതിനെത്തുടർന്നു നടന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പത്നി ഉമ തോമസ് വിജയിച്ചത് 25,000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷമായിരുന്നു ഉമ തോമസിനും അന്നു ലഭിച്ചത്. തുടർച്ചയായി രണ്ട് ഉപതെരഞ്ഞെടുപ്പുകളിലെ റെക്കോഡ് ഭൂരിപക്ഷം വി.ഡി. സതീശനും കെ. സുധാകരനും അടങ്ങുന്ന സംസ്ഥാന നേതൃത്വത്തിന് ആവേശം പകരുന്നതാണ്. സാധാരണ പാർട്ടി പ്രവർത്തകർക്കും ആ ആവേശം പകർന്നു കിട്ടുന്നു. തുടർന്നുള്ള പ്രവർത്തനങ്ങളിൽ ഈ വിജയത്തിന്റെ ഊർജം പ്രതിഫലിപ്പിക്കാൻ കോൺഗ്രസ് നേതാക്കൾക്കു കഴിയുമോ എന്നതാണു കണ്ടറിയേണ്ടത്.
കേരളത്തിലെ ബിജെപിയെ സംബന്ധിച്ചിടത്തോളം അതീവ ഗൗരവമായ പരിശോധനകൾ ആവശ്യമായി വരും. വോട്ട് വിഹിതം വർധിപ്പിക്കാനായില്ല എന്നതല്ല ഉള്ള വോട്ടു തന്നെ കളഞ്ഞുകുളിച്ചു എന്നതാണ് പാർട്ടി അണികളെ നിരാശപ്പെടുത്തുക. കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചുള്ള പ്രചാരണവും വീടുകൾ കയറിയിറങ്ങിയുള്ള പ്രവർത്തനവും ഒന്നും വോട്ടുചോർച്ച തടഞ്ഞില്ല. അഞ്ചു ശതമാനം വോട്ട് എന്നത് അവരെ സംബന്ധിച്ചിടത്തോളം കനത്ത പ്രഹരം തന്നെയാണ്. ദേശീയ നേതൃത്വത്തോട് എന്തു സമാധാനമാണ് സംസ്ഥാന നേതാക്കൾക്കു പറയാനുണ്ടാവുക. ഉമ്മൻ ചാണ്ടിയോടുള്ള ആദരം വോട്ടർമാർ പ്രകടിപ്പിച്ചിട്ടുണ്ട് എന്നതിൽ തർക്കമൊന്നുമില്ല. അപ്പോഴും പുതുപ്പള്ളിയിലെ ജനങ്ങളുടെ വിധിയെഴുത്ത് രാഷ്ട്രീയ മുന്നണികൾ വിശദമായി പഠിക്കേണ്ടതുണ്ട്.