

അഞ്ചു വർഷമായി കത്രിക വയറ്റിൽ വച്ചു വേദനയനുഭവിച്ച പുന്നപ്ര സ്വദേശി ഉഷ ജോസഫ്, വലതു വശത്ത് എക്സ്റേയിൽ കത്രിക
file photo
കേരളത്തിലെ സർക്കാർ ആശുപത്രികളിൽ സംഭവിക്കുന്ന ഗുരുതരമായ ചികിത്സാ പിഴവുകളെക്കുറിച്ച് സമീപകാലത്ത് പലവട്ടം പറയേണ്ടിവന്നിട്ടുണ്ട്. മാതൃകാപരമെന്നു വിശേഷിപ്പിക്കുന്ന നമ്മുടെ ആരോഗ്യ മേഖലയിൽ ചില സിസ്റ്റം തകരാറുകളുണ്ടെന്നു നേരത്തേ തുറന്നുപറഞ്ഞത് ആരോഗ്യ മന്ത്രി വീണ ജോർജ് തന്നെയാണ്. എന്നാൽ, ആ തകരാർ പരിഹരിക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ലെന്ന് ആവർത്തിച്ചു തെളിയിക്കുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
സർക്കാർ ആശുപത്രികളിൽ ചികിത്സക്കെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ഉയർത്തുന്ന പരാതികൾ നിരവധിയാണ്. അതിനിടയിലാണ് ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവച്ചതുപോലുള്ള അതീവ ഗൗരവതരമായ വീഴ്ചകൾ പുറത്തുവരുന്നതും. എത്ര ഗുരുതരമായ പ്രശ്നമായാലും മന്ത്രിയുടെ വക റിപ്പോർട്ട് തേടൽ, അന്വേഷണം പ്രഖ്യാപിക്കൽ, കുറ്റക്കാർക്കു തക്കതായ ശിക്ഷ നൽകുമെന്ന് ഉറപ്പു നൽകൽ തുടങ്ങിയ സ്ഥിരം കലാപരിപാടികൾക്കപ്പുറം ഒന്നും നടക്കുന്നില്ലെന്ന വിമർശനം നിലനിൽക്കുകയാണ്. നമ്മുടെ ആരോഗ്യരംഗം ഇനി എന്നു മെച്ചപ്പെടാൻ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.
നേരത്തേ, ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതിന്‍റെ ദുരിതം അഞ്ചു വർഷക്കാലം അനുഭവിക്കേണ്ടിവന്നത് കോഴിക്കോട് പന്തീരാങ്കാവ് മണക്കടവു സ്വദേശി കെ.കെ. ഹർഷിനയ്ക്കാണ്. നീതിക്കു വേണ്ടിയുള്ള അവരുടെ സമരം ഇനിയും ഫലം കണ്ടിട്ടില്ല. ഹർഷിനയ്ക്കൊപ്പമാണ് സർക്കാർ എന്നൊക്കെ ആരോഗ്യ മന്ത്രി പറയുന്നുണ്ട്. പക്ഷേ, തനിക്കു നീതി കിട്ടിയിട്ടേയില്ലെന്ന് ഇപ്പോഴും ഹർഷിന പറഞ്ഞുകൊണ്ടിരിക്കുന്നു. അതിനിടയിലാണ് വീണ്ടും വയറ്റിൽ കത്രിക മറന്നുവച്ച സംഭവം പുറത്തുവരുന്നത്.
ആലപ്പുഴ മെഡിക്കൽ കോളെജ് ആശുപത്രിയിൽ അഞ്ചു വർഷം മുൻപ് ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ചെയ്ത പുന്നപ്രയിൽ നിന്നുള്ള ഉഷ ജോസഫിന്‍റെ വയറ്റിലാണ് കഴിഞ്ഞ ദിവസം എക്സ്റേ എടുത്തപ്പോൾ കത്രിക കണ്ടെത്തിയത്. വയറുവേദനയും മൂത്രത്തിൽ രക്തവും കണ്ടതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഉഷ ഡോക്റ്ററുടെ നിർദേശ പ്രകാരം എക്സ്റേ എടുക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം അഞ്ചു വർഷമായി വേദന സഹിച്ചാണു താൻ ജീവിച്ചതെന്ന് ഉഷ പറയുന്നു. പല തവണ ഡോക്റ്ററെ കണ്ടു. നിരവധി മരുന്നുകൾ കഴിച്ചു. പക്ഷേ, വേദനയ്ക്കു പരിഹാരമായില്ല.
അഞ്ചല്ല അമ്പതുവർഷം കത്രിക വയറ്റിൽ കിടന്നാലും കുഴപ്പമില്ല:ഡോ.ലളിതാംബിക
file photo
അഞ്ചല്ല അമ്പതുവർഷം കത്രിക വയറ്റിൽ കിടന്നാലും കുഴപ്പമില്ലെന്നൊക്കെ പറയാനെളുപ്പമാണ്. അതിന്‍റെ വേദന തിന്നുവർക്കല്ലേ ബുദ്ധിമുട്ട് അറിയൂ. ഇത്ര വലിയ അപരാധത്തെ ന്യായീകരിക്കാൻ നടത്തുന്ന ഏതു ശ്രമവും അപഹാസ്യമാണ്. ഇനി ആലപ്പുഴ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സ തേടാൻ തനിക്കു ഭയമാണ് എന്നു പറഞ്ഞാണ് ഉഷ ഇപ്പോൾ കത്രിക പുറത്തെടുക്കാനുള്ള ശസ്ത്രക്രിയക്കായി അമൃത ആശുപത്രിയിൽ എത്തിയിരിക്കുന്നത്.
ശസ്ത്രക്രിയയുടേത് അടക്കം ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ടത്രേ. അത്രയും ആശ്വാസം. പക്ഷേ, അതുകൊണ്ടു കാര്യം കഴിഞ്ഞില്ലെന്ന് മന്ത്രിയും ഉത്തരവാദപ്പെട്ട മറ്റെല്ലാവരും ഓർക്കണം. കുറ്റക്കാർക്കെതിരേ ശക്തമായ നടപടി വാക്കുകളിൽ മാത്രം കണ്ടാൽ പോരാ. ഈ സിസ്റ്റത്തിൽ ഇനിയും ഹർഷിനമാരും ഉഷമാരും ഉണ്ടാവാതിരിക്കാൻ ആവശ്യമായ നടപടിയെടുക്കണം.
ഏതാനും ദിവസം മുൻപാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടയിൽ ആദിവാസി യുവതിയുടെ ഗർഭസ്ഥശിശു മരിച്ച സംഭവം വലിയ പ്രതിഷേധത്തിനു കാരണമാവുന്നത്. ഡോക്റ്ററുടെ അനാസ്ഥയാണു കുഞ്ഞു മരിക്കാൻ കാരണമെന്ന് ആരോപണമുയർന്നു. കൈക്കൂലി വാങ്ങിയെന്ന ആരോപണവും ഉയർന്ന സാഹചര്യത്തിൽ ഡോക്റ്ററെ സസ്പെൻഡ് ചെയ്തിരിക്കുകയാണിപ്പോൾ.
അപകടത്തിൽ പരുക്കേറ്റയാളുടെ കൈയിലെ ചില്ലു കഷണങ്ങൾ മാറ്റാതെ മുറിവു തുന്നിക്കെട്ടിയെന്ന ആരോപണവും ഇതോടൊപ്പം ഉയരുന്നുണ്ട്. ചേർത്തല താലൂക്ക് ആശുപത്രിയിലാണ് ഈ സംഭവം. തുറവൂർ സ്വദേശി രാധാകൃഷ്ണൻ പിള്ളയ്ക്കാണ് ഈ ദുർവിധിയുണ്ടായത്. മുറിവ് ഉണങ്ങാതെ വന്നതിനെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണത്രേ കൈയിൽ ചില്ലു കഷണങ്ങൾ തറിച്ചിരുന്നതു കണ്ടെത്തിയത്. താലൂക്ക് ആശുപത്രിയിൽ മുറിവ് തുന്നിക്കെട്ടി 63 ദിവസത്തിനു ശേഷമാണ് ശസ്ത്രക്രിയയിലൂടെ ചില്ലു കഷണങ്ങൾ പുറത്തെടുത്തത്.
എത്ര ഗുരുതരമായ അലംഭാവമാണ് താലൂക്ക് ആശുപത്രിയുടെ ഭാഗത്ത് ഉണ്ടായിരിക്കുന്നത്. കോന്നി മെഡിക്കൽ കോളെജിൽ പതിനാലുകാരന്‍റെ ഒടിഞ്ഞ കൈ ശസ്ത്രക്രിയക്കു പിന്നാലെ വളഞ്ഞതും ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ഒടിഞ്ഞ കൈയിൽ ശസ്ത്രക്രിയ നടത്തിയതു നവംബറിലാണ്. ഈയിടെ പ്ലാസ്റ്റർ മാറ്റിയപ്പോൾ കൈ വളഞ്ഞുപോയെന്നാണു കുടുംബം പറയുന്നത്. കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടിവന്നുവത്രേ!
ആയിരക്കണക്കിനു രോഗികളാണ് കേരളത്തിലെ വിവിധ സർക്കാർ ആശുപത്രികളിൽ നിത്യേന ചികിത്സയ്ക്കെത്തുന്നത്. അവർക്കെല്ലാം വേണ്ട ചികിത്സ യഥാസമയം പിഴവില്ലാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ആരോഗ്യ മന്ത്രാലയത്തിന്‍റെ ഉത്തരവാദിത്വമാണ്. സ്വകാര്യ ആശുപത്രികളിലെ ലക്ഷങ്ങൾ ചെലവുവരുന്ന ചികിത്സ താങ്ങാൻ കഴിയാത്ത സാധാരണക്കാരാണ് സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത്.
അവരോടു നീതി കാണിക്കാൻ ആശുപത്രികളിലെ ജീവനക്കാർക്കു കഴിയുന്നില്ലെങ്കിൽ അതു പൊറുക്കാനാവാത്ത വീഴ്ചയാണ്. ആത്മാർഥതയുള്ള നിരവധി ഡോക്റ്റർമാരും മറ്റു ജീവനക്കാരും സർക്കാർ ആശുപത്രികളിലുണ്ട് എന്നതു വിസ്മരിക്കുന്നില്ല. അപ്പോഴും സംവിധാനം അപ്പാടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നു തെളിയിക്കുന്നതാണ് ആവർത്തിച്ച് ഉയരുന്ന അതീവ ഗൗരവമുള്ള പരാതികൾ. കത്രിക വയറ്റിൽ മറന്നുവച്ചു തുന്നിക്കെട്ടിയാൽ പോലും ഒന്നും സംഭവിക്കാനില്ല എന്ന ധൈര്യം ആരോഗ്യ മേഖലയുടെ ജാഗ്രതയെ ബാധിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.