ജയിൽ പുള്ളികൾക്കുള്ള പരിഗണന പുറത്തുള്ളവർക്കും നൽകട്ടെ

തടവുകാരോടു കാണിക്കുന്ന ഈ കരുണ എന്തുകൊണ്ട് ആശാ വർക്കർമാരോടു കാണിക്കുന്നില്ല‍?
 Why is this mercy shown to prisoners not shown to ASHA workers?

തടവുകാരോടു കാണിക്കുന്ന ഈ കരുണ എന്തുകൊണ്ട് ആശാ വർക്കർമാരോടു കാണിക്കുന്നില്ല‍?

FILE PHOTO 

Updated on

സംസ്ഥാനത്തു ജയിലിലുള്ള തടവുകാരുടെ വേതനം കുത്തനെ വർധിപ്പിച്ചതിനെച്ചൊല്ലി വലിയ വിവാദം ഉയരുന്നതിനിടെ സർക്കാരിനെ ന്യായീകരിച്ചുകൊണ്ട് രംഗത്തുവന്ന മുതിർന്ന സിപിഎം നേതാവ്, കേന്ദ്ര കമ്മിറ്റിയംഗം, ഇ.പി. ജയരാജൻ അവകാശപ്പെടുന്നത് ജയിലിൽ കിടക്കുന്നതു പാവങ്ങളാണെന്നാണ്. എന്നു മാത്രമല്ല അവരുടെ വേതനം വർധിപ്പിച്ചതിനെ എതിർക്കുന്നതു ക്രൂരതയാണെന്നും അദ്ദേഹം പറയുന്നുണ്ട്.

ജയിലിൽ സോപ്പോ മറ്റോ വാങ്ങണമെങ്കിൽ പാവങ്ങളായ തടവുകാർ ഉപയോഗിക്കുന്നത് ഈ തുകയാണ് എന്നും അദ്ദേഹം പറയുന്നു. തടവുകാരിൽ പലരും സാഹചര്യം കൊണ്ടാണു കുറ്റവാളികളായത് എന്നതു നിഷേധിക്കേണ്ടതില്ല. പക്ഷേ, പലതരം കുറ്റകൃത്യങ്ങളിൽ അകപ്പെട്ടു തടവിലായവർക്ക് വേതനം കൂട്ടിക്കൊടുക്കുമ്പോൾ സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന പലർക്കും അത്രയും വേതനം സർക്കാർ നൽകുന്നില്ല എന്നതാണു വിരോധാഭാസമായിട്ടുള്ളത്.

തടവുകാരോടു കാണിക്കുന്ന ഈ കരുണ എന്തുകൊണ്ട് ആശാ വർക്കർമാരോടു കാണിക്കുന്നില്ല എന്നതാണു ചോദ്യമായി ഉയരുന്നത്.

വിവിധ മേഖലകളിൽ തൊഴിലെടുക്കുന്നവർക്കു സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള മിനിമം വേതനം ഇപ്പോൾ തടവുകാർക്ക് അനുവദിച്ചിരിക്കുന്നതിനെക്കാൾ എത്രയോ കുറവാണ്. ഇതിലൊന്നും ഒരു പരിഷ്കരണത്തിനു തയാറാവാതെയാണ് തടവുകാരെ തൃപ്തിപ്പെടുത്താൻ നടപടിയെടുത്തിരിക്കുന്നത്. ആർക്കെങ്കിലും കൂടുതൽ വേതനം കൊടുക്കുന്നു എന്നതല്ല, അർഹതയുള്ള മറ്റുള്ളവർക്കു കൊടുക്കുന്നില്ല എന്നതാണു ശ്രദ്ധേയമായിട്ടുള്ളത്.

ഏറ്റവും നല്ല ഉദാഹരണം ആശാ വർക്കർമാർ തന്നെയാണ്. തീരെ തുച്ഛമായ പ്രതിഫലം മാത്രം ലഭിക്കുന്ന ആശാ വർക്കർമാർ വേതന വർധനയ്ക്കു വേണ്ടി കഴിഞ്ഞവർഷം എത്രയോ ദിവസങ്ങളാണു സമരം ചെയ്തത്. ആ സമരം അവസാനിപ്പിക്കണമെന്നു സർക്കാരിനു തോന്നിയില്ല. സമരക്കാരുമായി ചർച്ച നടത്തി പരിഹാരം കാണാൻ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ആത്മാർഥമായ ശ്രമം ഉണ്ടായില്ലെന്നതു കേരളം മുഴുവൻ കണ്ടതാണ്.

എന്നു മാത്രമല്ല ഭരണ‍പക്ഷ നേതാക്കൾ സമരം ചെയ്യുന്നവരെ ആക്ഷേപിക്കുന്നതും കണ്ടു. സമരം ചെയ്യുന്നത് ഏതോ ഈർക്കിൽ സംഘടനയാണെന്നും മാധ്യമ ശ്രദ്ധ കിട്ടിയപ്പോൾ അവർക്കു ഹരമായെന്നും മറ്റുമുള്ള പരിഹാസം ആശാ വർക്കർമാർ പാവങ്ങളല്ലാത്തതു കൊണ്ടായിരുന്നോ? 7,000 രൂപയായിരുന്ന ഓണറേറിയം 21,000 രൂപയാക്കി വർധിപ്പിക്കുക, എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ അതു നൽകുക, വിരമിക്കൽ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ആശാ വർക്കർമാർ ഉന്നയിച്ചിരുന്നു.

മാസങ്ങൾ നീണ്ട സമരത്തിനു ശേഷമാണ് അവരുടെ പ്രതിമാസ ഓണറേറിയം കഴിഞ്ഞ നവംബർ ഒന്നുമുതൽ നടപ്പാവും വിധം 1,000 രൂപ വർധിപ്പിച്ചത്. അപ്പോഴും ഓണറേറിയമായി അവർക്കു കിട്ടുന്നത് 8,000 രൂപ മാത്രമാണ്. വിരമിക്കൽ ആനുകൂല്യമൊന്നും പ്രഖ്യാപിച്ചിട്ടുമില്ല. അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ, സാക്ഷരതാ പ്രേരക്മാർ എന്നിവരുടെ ഓണറേറിയവും പ്രീ പ്രൈമറി ടീച്ചർമാർ, ആയമാർ, പാചകത്തൊഴിലാളികൾ തുടങ്ങിയവരുടെ വേതനവും വർധിപ്പിച്ചതിനൊപ്പമായിരുന്നു ആശാ വർക്കർമാർക്കും തുച്ഛമായ വർധന നൽകിയത്. എന്നാൽ, ഇവർക്കു നൽകിയതിലും എത്രയോ വലിയ വർധനയാണ് ഇപ്പോൾ ശിക്ഷാതടവുകാർക്കു ലഭിക്കുന്നത്.

അൺ സ്കിൽഡ് ജോലികൾ ചെയ്യുന്ന തടവുകാർക്ക് 63 രൂപയായിരുന്ന പ്രതിദിന കൂലി ഒറ്റയടിക്ക് 530 രൂപയായാണ് വർധിപ്പിച്ചിരിക്കുന്നത്. 127 രൂപ വേതനമുണ്ടായിരുന്ന സെമി സ്കിൽഡ് ജോലികൾക്ക് 560 രൂപയാക്കിയിരിക്കുന്നു.152 രൂപയുണ്ടായിരുന്ന സ്കിൽഡ് ജോലികൾക്ക് ഇനി 620 രൂപ നൽകും. തടവുപുള്ളികൾക്ക് ഇത്രയേറെ കൂലി വർധന ഇതാദ്യമായാണ്.

രാജ്യത്ത് മറ്റെങ്ങും ഇത്രയും കൂലി തടവുകാർക്കു നൽകുന്നുമില്ല. ജയിലിലെ അന്തേവാസികളെ സ്വയംപര്യാപ്തരാക്കി സമൂഹത്തിലേക്കു മടക്കിഅയയ്ക്കുക എന്ന ലക്ഷ്യമാണ് വേതന പരിഷ്കരണത്തിനു പിന്നിലുള്ളതെന്നാണ് അവകാശവാദം. പുതിയ വേതന വ്യവസ്ഥ പ്രകാരം 30 ദിവസം ജയിലിൽ ജോലി ചെയ്താൽ തടവുപുള്ളിക്കു പരമാവധി 18,600 രൂപ വരെ കിട്ടും. സൗജന്യ ഭക്ഷണത്തിനും ചികിത്സയ്ക്കും എല്ലാം പുറമേയാണിത്.

സംസ്ഥാനത്തെ വിവിധ മേഖലകളിൽ ജോലിചെയ്യുന്ന ആയിരക്കണക്കിനു വരുന്ന തൊഴിലാളികൾക്ക് ഇത്രയും പ്രതിഫലം ലഭിക്കുന്നില്ല എന്നതാണു വാസ്തവം. കയർ തൊഴിലാളിയുടെയും കശുവണ്ടി തൊഴിലാളിയുടെയും എല്ലാം മിനിമം വേതനം ഇതിലും കുറവാണ്. ഇത്തരത്തിൽ നിരവധിയാളുകൾ കുറഞ്ഞ കൂലിക്കു ജോലിയെടുക്കുമ്പോൾ അവർക്കു സർക്കാർ പ്രധാന പരിഗണന നൽകേണ്ടതുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com