

ഓട്ടൊ ഡ്രൈവർ ഷൗക്കത്തലി
സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതിക്കും കൈക്കൂലി പ്രേമത്തിനും എതിരേ ശക്തമായ നടപടികളെടുക്കുന്നു എന്നാണു മാറിമാറി വരുന്ന സർക്കാരുകൾ അവകാശപ്പെടാറുള്ളത്. ഇപ്പോഴത്തെ യുഡിഎഫ് സർക്കാരും അഴിമതിയെ തടയുക എന്ന ലക്ഷ്യമാണു പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ വകുപ്പുകളിലെ അഴിമതി തുടച്ചുനീക്കാൻ പ്രഖ്യാപിച്ച പ്രോജക്റ്റ് സീറോ പദ്ധതിയെ വലിയ പ്രതീക്ഷയോടെയാണ് ആഭ്യന്തര വകുപ്പ് കാണുന്നത്. പൊതുജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ അഴിമതിരഹിത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന് വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോയുടെ ഈ പദ്ധതി ഉപകരിക്കുമെന്നാണു നിഗമനം. പക്ഷേ, ഇത്തരം പദ്ധതികളൊന്നും കൈക്കൂലി വാങ്ങുന്നവർ കാര്യമാക്കാറില്ലെന്ന് അനുഭവങ്ങൾ. സർക്കാരിന്‍റെ മുന്നറിയിപ്പുകളോ അറസ്റ്റ് അടക്കം നടപടികളോ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കുന്നില്ല. നിരവധി പേർ പിടിക്കപ്പെടുന്നതു കണ്ടിട്ടും യാതൊരു കൂസലുമില്ലാതെ കൈക്കൂലിയുടെ സുഖത്തിൽ വാഴുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥർ ഇവിടെയുണ്ട്. ആർത്തിയോടെ കൈക്കൂലിക്കു പിന്നാലെ പരക്കം പായുന്നവർ. ഓഫിസുകളിൽ അത്യാവശ്യത്തിനു വരുന്നവരെ വട്ടംചുറ്റിച്ച് അവശരാക്കി കൈക്കൂലി നൽകാൻ നിർബന്ധിക്കുന്നവർ. സർക്കാരിൽ നിന്നു നല്ല രീതിയിൽ ശമ്പളം കിട്ടിയിട്ടും കാര്യം നടത്തിത്തരണമെങ്കിൽ കൈക്കൂലി തന്നെ വേണം എന്നു ശഠിക്കുന്നവർ. നല്ല നിലയിൽ നാടിനു വേണ്ടി സേവനം ചെയ്യുന്ന ഉദ്യോഗസ്ഥർക്കു കൂടി മാനക്കേട് ഉണ്ടാക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്.
കൈക്കൂലിയില്ലാതെ ഒന്നും നടക്കാത്ത സിസ്റ്റത്തിന്‍റെ ഇരയായെന്ന് ജനങ്ങളെ അറിയിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം മലപ്പുറത്ത് ഓട്ടൊ ഡ്രൈവർ ഷൗക്കത്തലി ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യുന്നതിനു മുൻപ് മോട്ടോർ വാഹന വകുപ്പിനെതിരേ അദ്ദേഹം ഉന്നയിച്ചിരിക്കുന്നത് അതീവ ഗുരുതരമായ ആരോപണമാണ്. കൈക്കൂലി കൊടുത്തില്ല എന്ന ഒറ്റ കാരണം കൊണ്ട് തന്‍റെ വാഹനത്തിനു നിരന്തരമായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചുവെന്ന് ഷൗക്കത്തലി ചൂണ്ടിക്കാണിക്കുന്നു. ഏജന്‍റ് ഇല്ലാതെ സമീപിച്ചപ്പോഴാണ് ഉദ്യോഗസ്ഥർ അവഗണിച്ചുകൊണ്ടിരുന്നത്. തന്‍റെ ആത്മഹത്യ സിസ്റ്റത്തോടുള്ള പ്രതിഷേധം കൊണ്ടാണെന്ന് അദ്ദേഹം പറയുന്നു. പത്തു മാസമാണ് ഷൗക്കത്തലി മോട്ടോർ വാഹന വകുപ്പിന്‍റെ ഓഫിസുകൾ കയറിയിറങ്ങിയത്. ഫിറ്റ്നസ് ലഭിക്കാത്തതിനാൽ വാഹനം നിരത്തിലിറക്കാൻ സാധിക്കാതെ വന്നു. അതോടെ ജീവിതമാർഗം അടഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയായി. ഇഎംഐ മുഴുവൻ മുടങ്ങി. ഇനി തന്‍റെ മുന്നിൽ മറ്റൊരു മാർഗവുമില്ലെന്ന് ഷൗക്കത്തലി ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുണ്ട്. മരണത്തിനു ശേഷമെങ്കിലും തനിക്കു നീതി ലഭ്യമാക്കാൻ പൊതുജനങ്ങൾ ശബ്ദമുയർത്തുക എന്നതാണ് അദ്ദേഹം അഭ്യർഥിക്കുന്നത്. തകരാറിലായ സിസ്റ്റം മൂലം മരിക്കേണ്ടിവന്നു എന്ന് ഒരു പൗരൻ പറയുമ്പോൾ അത് എത്രമാത്രം ഗുരുതരമായ സാഹചര്യമാണെന്ന് ഓർക്കണം.
ഷൗക്കത്തലിയുടെ വാഹനത്തിന്‍റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കി നൽകുന്നതിന് എന്തുകൊണ്ടാണു കാലതാമസം ഉണ്ടായതെന്ന് അന്വേഷിക്കുമ്പോൾ ഉദ്യോഗസ്ഥർ പലവിധ ന്യായീകരണങ്ങളും പറഞ്ഞു രക്ഷപെടാൻ ശ്രമിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അത്തരം ന്യായീകരണങ്ങളിൽ ഈ വിഷയം അവസാനിക്കരുത്. ഒരു സർട്ടിഫിക്കറ്റ് മാസങ്ങളായി നിരന്തരം നിഷേധിച്ചുകൊണ്ടിരുന്നു എന്നതു ചെറിയ കാര്യമല്ല. ഏജന്‍റില്ലാതെ, കൈക്കൂലി കൊടുക്കാതെ മോട്ടോർ വാഹന വകുപ്പിൽ ഒരു കാര്യവും നടക്കില്ല എന്നു വരുന്നത് അവസാനിപ്പിക്കുക തന്നെ വേണം. ഏജന്‍റ് സംവിധാനമാണ് എംവിഡി അഴിമതിയുടെ പ്രധാന കാരണമെന്നു ഷൗക്കത്തലി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇടനിലക്കാരെയും അനധികൃത ഏജന്‍റുമാരെയും മോട്ടോർ വാഹന വകുപ്പിൽ നിന്നു കർശനമായി ഒഴിവാക്കുകയാണു വേണ്ടത്. ഇനിയൊരാൾക്ക് ഇത്തരത്തിൽ ജീവനൊടുക്കേണ്ട ഗതികേടുണ്ടാവാതെ നോക്കേണ്ടതു സർക്കാരാണ്. നിഷ്പക്ഷമായ അന്വേഷണം ഉറപ്പുവരുത്തി അർഹമായ നീതി ലഭ്യമാക്കാൻ സർക്കാരിനു കഴിയട്ടെ.
മോട്ടോർ വാഹന വകുപ്പിൽ എന്നല്ല സർക്കാർ ഓഫിസുകളിൽ പൊതുവേ അഴിമതിമുക്തമായ ഭരണസംവിധാനം യാഥാർഥ്യമാവാൻ തെറ്റുചെയ്യുന്നവർക്കെതിരേ കർശന നടപടി ഉറപ്പാക്കേണ്ടതുണ്ട്. കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ലാൻഡ് റവന്യൂ തഹസിൽദാർ പിടിയിലായത് അടുത്തിടെയാണ്. കൈക്കൂലി വാങ്ങാൻ ഉദ്യോഗസ്ഥരും ഏജന്‍റുമാരുമടങ്ങുന്ന വൻ റാക്കറ്റ് പ്രവർത്തിക്കുന്നുവെന്നും തഹസിൽദാരെ അറസ്റ്റു ചെയ്ത വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട്. കണ്ണൂർ കോർപ്പറേഷനിലെ അസിസ്റ്റന്‍റ് എൻജിനീയർ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായതു കഴിഞ്ഞ മാസം. വൈക്കം അസിസ്റ്റന്‍റ് ലേബർ ഓഫിസർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്‍റെ പിടിയിലായതു രണ്ടാഴ്ച മുൻപ്. മോട്ടോർ വാഹന വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ഏജന്‍റുമാർ വഴി ഗൂഗിൾ പേ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ലക്ഷക്കണക്കിനു രൂപ കൈക്കൂലി വാങ്ങിയതായി നേരത്തേ വിജിലൻസ് കണ്ടെത്തിയിരുന്നു. ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ വില്ലെജ് ഓഫിസർ വിജിലൻസ് പിടിയിലായ സംഭവവും ഉണ്ടായിട്ടുണ്ട്. ചില സബ് രജിസ്ട്രാർ ഓഫിസുകളിൽ കൈക്കൂലി പണം ഗൂഗിൾ പേ വഴി കൈമാറുന്നതായും വിജിലൻസ് കണ്ടെത്തിയതാണ്. ഇത്തരത്തിൽ അഴിമതിക്ക് എവിടെയും സാധ്യതകൾ കാണുന്ന ഉദ്യോഗസ്ഥരുണ്ട്. സഹായത്തിനായി ഓഫിസുകളിൽ വരുന്നവർ അവരുടെ അവകാശമാണു ചോദിക്കുന്നതെന്ന് ഉദ്യോഗസ്ഥർ ഓർമിക്കേണ്ടതുണ്ട്.