rain havoc kerala Don t delay compensation editorial
മഴക്കെടുതി: നഷ്ടപരിഹാരം വൈകരുത്| മുഖപ്രസംഗം

മഴക്കെടുതി: നഷ്ടപരിഹാരം വൈകരുത്| മുഖപ്രസംഗം

എത്രയോ വീടുകളിൽ വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായി. നഗരങ്ങൾ പോലും വെള്ളക്കെട്ടിന്‍റെ ദുരിതത്തിലായിരുന്നു
Published on

സംസ്ഥാനത്തു മഴയുടെ ശക്തി കുറയുകയാണ്. വരും ദിവസങ്ങളിൽ ശക്തമായി മഴ പെയ്യുമെന്ന മുന്നറിയിപ്പ് ഒരു ജില്ലയിലുമില്ല. കേരള തീരത്തുണ്ടായിരുന്ന ന്യൂനമർദ പാത്തിയുടെയും ഗുജറാത്തിനു മുകളിലായിരുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനം കുറഞ്ഞതോടെയാണു മഴ കുറയുന്നത്. ഇനി ജൂലൈ രണ്ടാം വാരത്തോടെ മഴ വീണ്ടും സജീവമാകുമെന്നാണ് കാലാവസ്ഥാ വകുപ്പു നൽകുന്ന മുന്നറിയിപ്പ്. ഇതിനിടയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയുണ്ടാകാം. പലയിടത്തും നേരിയ തോതിൽ മഴ പെയ്യാം. പക്ഷേ, വെള്ളം പൊങ്ങുന്നതുപോലുള്ള അപകടാവസ്ഥ തത്കാലം ഒഴിവാകുകയാണ്. വെള്ളം കയറിയ പ്രദേശങ്ങളിൽ അത് ഇറങ്ങാനുള്ള അവസരമാണ് ഉണ്ടാവുന്നത്. പക്ഷേ, ഇക്കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴ സംസ്ഥാനത്തു നിരവധി സ്ഥലങ്ങളിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നദികളും തോടുകളും നിറഞ്ഞൊഴുകി വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളുണ്ട്. എത്രയോ വീടുകളിൽ വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായി. നഗരങ്ങൾ പോലും വെള്ളക്കെട്ടിന്‍റെ ദുരിതത്തിലായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലെ പെരുമഴയിൽ വെള്ളം പൊങ്ങി നൂറു കണക്കിന് ഏക്കറിലെ കൃഷി നശിച്ചുപോയിട്ടുണ്ട്. കാറ്റിലും മഴയിലും വീടുകൾക്കു കേടുപാടുകൾ സംഭവിച്ചവരും നിരവധിയാണ്. അതിരൂക്ഷമായ കടലാക്രമണം തീരദേശത്തുണ്ടാക്കിയിട്ടുള്ള ദുരിതവും ഇതിനൊപ്പമുണ്ട്. എത്രയും വേഗം നാശനഷ്ടങ്ങൾ സംബന്ധിച്ച കണക്കെടുപ്പുകൾ നടക്കണം. വീടും കൃഷിയുമൊക്കെ നശിച്ചവർക്ക് ഉചിതമായ നഷ്ടപരിഹാരം വിതരണം ചെയ്യണം. സർക്കാർ കാര്യമല്ലേ, അത് എപ്പോഴെങ്കിലുമൊക്കെ നടക്കും എന്ന മനോഭാവം ഉദ്യോഗസ്ഥതലത്തിൽ ഉണ്ടാവരുത്. ഭരണനേതൃത്വം അതു പ്രോത്സാഹിപ്പിക്കുകയും ചെയ്യരുത്. കർഷകർക്കും സാധാരണക്കാർക്കും സഹായം എത്തിക്കുന്നതിനു ജനപ്രതിനിധികളും പ്രത്യേക താത്പര്യം കാണിക്കേണ്ടതാണ്. കഴിഞ്ഞ വർഷം കാലവർഷക്കെടുതി നേരിട്ടവർക്കുള്ള നഷ്ടപരിഹാരത്തുക തന്നെ ഇതുവരെ കൊടുത്തു തീർത്തിട്ടില്ലെന്നാണു പറയുന്നത്. ഇത്തരത്തിൽ സഹായം വൈകുന്നത് സർക്കാരിലുള്ള ജനവിശ്വാസം നഷ്ടമാക്കാനേ വഴിവയ്ക്കൂ.

കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കു പ്രകാരം തിരുവനന്തപുരം ജില്ലയിൽ മാത്രം 1.41 കോടി രൂപയുടെ കൃഷി നാശമാണു സംഭവിച്ചിരിക്കുന്നത്. 14.15 ഹെക്റ്റർ പ്രദേശത്തെ കൃഷിക്ക് അവിടെ നാശം സംഭവിച്ചു. നിരവധി കർഷകരെ അതു കണ്ണീരിലാക്കിയിരിക്കുകയാണ്. 11 ഹെക്റ്ററിലേറെ പ്രദേശത്തെ വാഴകൃഷി തിരുവനന്തപുരത്ത് നശിച്ചിട്ടുണ്ട്. ഒരു ഹെക്റ്ററിലേറെ പ്രദേശത്തെ പച്ചക്കറി കൃഷിയും നശിച്ചു. മറ്റു ജില്ലകളിലും കൃഷി നാശത്തിന്‍റെ കണക്കുകൾ തയാറായി വരികയാണ്. വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ ജില്ലകളെ മഴ സാരമായി ബാധിച്ചു. കാസർഗോഡ് ജില്ലയിൽ മധുവാഹിനി, തേജസ്വിനി പുഴകൾ കരകവിഞ്ഞൊഴുകി. മലയോര മേഖലകളിൽ അതിശക്തമായ മഴയാണു പെയ്തത്. ഇതേത്തുടർന്ന് റോഡുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. മൂന്നാം കടവ് കൂവാരയിലുണ്ടായ ഉരുൾപൊട്ടൽ വ്യാപക കൃഷി നാശമാണു വരുത്തിവച്ചത്. പെരുമഴക്കാലം ജീവിതം ദുരിതത്തിലാക്കിയ നിരവധിയാളുകൾ വയനാട്ടിലുമുണ്ട്. പലരും ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റപ്പെട്ടു. മഴയ്ക്ക് ശമനമായെങ്കിലും കോഴിക്കോട് ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് ഒഴിയുന്നതേയുള്ളൂ. ജില്ലയിൽ വ്യാപകമായി വാഴകൃഷി നാശം സംഭവിച്ചിട്ടുണ്ട്. മാവൂർ, ചാത്തമംഗലം, പെരുവയൽ തുടങ്ങിയ പഞ്ചായത്തുകളിൽ വലിയ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്.

അപ്പർ കുട്ടനാട്ടിലെ ജനങ്ങൾ വെള്ളപ്പൊക്കത്തിന്‍റെ ദുരിതം അനുഭവിക്കുകയാണ്. നിരവധി വീടുകളിൽ അവിടെ വെള്ളം കയറിയിട്ടുണ്ട്. പക്ഷിപ്പനിയുടെ ഭീതി നിലനിൽക്കെ തന്നെയാണ് ആലപ്പുഴയിൽ മഴ ദുരിതങ്ങളും സഹിക്കേണ്ടി വരുന്നത്. പക്ഷിപ്പനി പ്രതിരോധത്തിന്‍റെ ഭാഗമായി ആയിരക്കണക്കിനു വളർത്തുപക്ഷികളെ കൊന്നുകഴിഞ്ഞിട്ടുണ്ട്. വളർത്തുപക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതു തുടരുകയാണ്. ഇതുണ്ടാക്കുന്ന നഷ്ടം തന്നെ വളരെ വലുതാണ്. കൊല്ലുന്ന മുഴുവൻ വളർത്തുപക്ഷികൾക്കും മതിയായ നഷ്ടപരിഹാരം ലഭിക്കുമോയെന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. അതിനൊപ്പമാണ് മഴക്കെടുതികളുടെ ഭാരവും. ഇതിനിടെയാണ് കടൽക്ഷോഭം മൂലം അനുഭവിക്കുന്ന ദുരിതങ്ങൾക്കു ശാശ്വത പരിഹാരം തേടി എറണാകുളം ജില്ലയിലെ എടവനക്കാട് തീരപ്രദേശത്തെ ജനങ്ങൾ സമരത്തിനിറങ്ങിയിരിക്കുന്നത്. രണ്ടു പതിറ്റാണ്ടോളമായി തങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം വാഗ്ദാനങ്ങളിൽ മാത്രമാണെന്ന് അവർ കുറ്റപ്പെടുത്തുന്നുണ്ട്. ചെല്ലാനം മോഡലിലുള്ള ടെട്രാപോഡ് നിർമിക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. ഏതു നിമിഷവും കടൽ വീടുകളിലേക്ക് ഇരച്ചെത്തുമെന്ന ഭീതിയിലാണ് ഇവിടെയുള്ളവർ ജീവിക്കുന്നത്. പെരുമഴയും കടലാക്രമണവും തീരദേശങ്ങളിലെ മുഴുവൻ മത്സ്യത്തൊഴിലാളികളുടെയും നെഞ്ചിൽ തീ കോരിയിടുന്ന കാലത്ത് അവരെ സഹായിക്കാനുള്ള നടപടികൾ കടലാസിലും വാക്കുകളിലും മാത്രം ഒതുങ്ങിയാൽ പോരാ.