

വളർച്ചയ്ക്കു വേണ്ടി ആർബിഐ നയം.
FILE PHOTO
ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് അമെരിക്ക 50 ശതമാനം തീരുവ ചുമത്തിയ ശേഷവും മികച്ച വളർച്ചാ നിരക്കു കാണിച്ച ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ കൂടുതൽ പ്രോത്സാഹിപ്പിക്കാൻ റിസർവ് ബാങ്ക് തയാറായിരിക്കുന്നു. വെള്ളിയാഴ്ച ആർബിഐയുടെ ധനനയ സമിതി പ്രഖ്യാപിച്ച വായ്പാ പലിശയിളവ് പൊതുവിൽ സ്വാഗതം ചെയ്യപ്പെടുകയാണ്.
ഭവന, വാഹന, വ്യക്തിഗത പലിശ നിരക്കുകൾ കുറയുമെന്ന നേട്ടം സാധാരണക്കാർ പ്രതീക്ഷിക്കുന്നുണ്ട്. കേന്ദ്ര ബാങ്കിന്‍റെ പലിശ കുറയുന്നതിനനുസരിച്ച് വാണിജ്യ ബാങ്കുകളും പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയാണു ജനങ്ങൾക്കുള്ളത്. പലിശ ഭാരത്തിലുണ്ടാവുന്ന ചെറിയ കുറവു പോലും വലിയ ആശ്വാസമായി മാറുന്ന ലക്ഷക്കണക്കിനാളുകളുണ്ടാവും. കുറഞ്ഞ പലിശയ്ക്കു വായ്പ കിട്ടുന്നതു വലിയ പ്രതീക്ഷയോടെയാണു വ്യവസായികളും നോക്കിക്കാണുന്നത്.
വിൽപ്പന വർധിക്കുകയും മുതൽമുടക്ക് ഏറുകയും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നതിനു കുറഞ്ഞ വായ്പാ പലിശ സഹായിക്കും. അതു സാമ്പത്തിക വ്യവസ്ഥയെ മൊത്തത്തിൽ ഉണർത്തും. അതിനു യോജിച്ച സാഹചര്യങ്ങൾ കൂടുതലായി ഒരുക്കിക്കൊടുക്കാൻ സർക്കാരിനു കഴിയുക കൂടി ചെയ്താൽ വളർച്ചാ നിരക്ക് ഇനിയും ഉയർത്തി കൊണ്ടു വരാൻ ആകും. 2047ഓടെ വികസിത രാജ്യമായി മാറുക എന്ന ഇന്ത്യയുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് റിസർവ് ബാങ്ക് നയങ്ങളും വളരെ പ്രാധാന്യമർഹിക്കുന്നതാണ്.
അമെരിക്ക അസാധാരണമാം വിധം ഇറക്കുമതിത്തീരുവ ചുമത്തിയത് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തെ ബാധിക്കുമെന്ന ആശങ്ക കഴിഞ്ഞ മാസങ്ങളിലുണ്ടായിരുന്നു. എന്നാൽ, ജൂലൈ- സെപ്റ്റംബര്‍ ക്വാർട്ടറിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 8.2 ശതമാനം എന്നാണ് ഏതാനും ദിവസം മുൻപു വ്യക്തമാക്കപ്പെട്ടത്. ഇതു പൊതുവിൽ ഉയർത്തിയ ആശ്വാസം കേന്ദ്ര ബാങ്കും തിരിച്ചറിയുന്നുണ്ട്.
അതിന്‍റെ തെളിവാണു ധനനയ സമിതിയെടുത്ത ഈ തീരുമാനം. ആർബിഐ എന്താണു ചെയ്യാൻ പോകുന്നതെന്ന് സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടവരെല്ലാം ഉറ്റുനോക്കുകയായിരുന്നു. ആഗോള സാഹചര്യങ്ങൾ വെല്ലുവിളി നിറഞ്ഞതാവുമ്പോഴും സ്വയം കരുത്തുകാണിക്കാൻ കഴിയുന്ന സാമ്പത്തിക വ്യവസ്ഥയിൽ കേന്ദ്ര ബാങ്കിനും വിശ്വാസം അർപ്പിക്കാവുന്നതാണല്ലോ.
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമെരിക്ക കനത്ത തീരുവ ചുമത്തിയിരിക്കുന്നത് അവസരമായി മാറ്റാവുന്നതാണെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര വിശദീകരിക്കുന്നുണ്ട്. യുഎസിന്‍റെ തീരുവ "മിനിമം' പ്രത്യാഘാതം മാത്രമാണുണ്ടാക്കുകയെന്നും അദ്ദേഹം പറയുന്നു. മുഖ്യമായും ആഭ്യന്തര ഡിമാൻഡിനെ ആശ്രയിക്കുന്ന ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയിലുള്ള അദ്ദേഹത്തിന്‍റെ ആത്മവിശ്വാസമാണ് ഈ വാക്കുകളിൽ പ്രതിഫലിക്കുന്നത്.
ആറു മാസത്തിനിടെ ഇതാദ്യമായാണ് ആർബിഐ അതിന്‍റെ ഹ്രസ്വകാല വായ്പാ പലിശ നിരക്കായ റിപ്പോയിൽ കുറവു വരുത്തുന്നത്. എന്നാൽ, ഫെബ്രുവരി മുതൽ ഈ വർഷം ഇതുവരെ നാലു തവണ പലിശ കുറച്ചിട്ടുണ്ട്. ഫെബ്രുവരി, ഏപ്രിൽ, ജൂൺ മാസങ്ങളിലായി ആകെ ഒരു ശതമാനം വായ്പാ പലിശയാണു കുറച്ചത്. ഇപ്പോൾ 0.25 ശതമാനവും കുറച്ചിരിക്കുന്നു. അതായത് ഈ വർഷം തന്നെ 1.25 ശതമാനം പലിശ കുറഞ്ഞു. പുതിയ നിരക്ക് 5.25 ശതമാനമാണ്.
വർഷാരംഭത്തിലെ 6.50 ശതമാനത്തിൽ നിന്ന് കുത്തനെയുള്ള ഇടിവ്. ഫെബ്രുവരിയിലും ഏപ്രിലിലും 0.25 ശതമാനം വീതവും ജൂണിൽ 0.50 ശതമാനവുമാണു കുറച്ചത്. ഓഗസ്റ്റിലും ഒക്റ്റോബറിലും നടന്ന ധനനയ അവലോകനങ്ങളിൽ പലിശ നിരക്കിൽ യാതൊരു മാറ്റവും വരുത്തിയിരുന്നില്ല. പുതുവർഷത്തെ വരവേൽക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ വീണ്ടും വളർച്ചാ സൗഹൃദമായ നയം സ്വീകരിച്ചിരിക്കുകയാണ് കേന്ദ്ര ബാങ്ക്. സാമ്പത്തിക പ്രവർത്തനങ്ങൾ സജീവമാക്കാനുള്ള റിസർവ് ബാങ്കിന്‍റെ താത്പര്യം ഇതിൽ വ്യക്തമാണ്.
വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പകളുടെ നിരക്കാണ് റിപ്പോ നിരക്ക്. അതു കുറയുമ്പോൾ സ്വാഭാവികമായും വാണിജ്യ ബാങ്കുകളുടെ വായ്പാഭാരവും കുറയും. അതിന്‍റെ അനുകൂല്യമാണ് ആ ബാങ്കുകളിൽ നിന്നു വായ്പയെടുക്കുന്ന സാധാരണക്കാർക്കു പകർന്നു നൽകേണ്ടത്. വാണിജ്യ ബാങ്കുകൾ എത്ര വേഗത്തിൽ പലിശ കുറവിന്‍റെ ആനുകൂല്യം ഉപയോക്താക്കൾക്കു കൈമാറുന്നുവോ അത്രയും നല്ലത്.
നാണയപ്പെരുപ്പവും സാമ്പത്തിക വളർച്ചയും രണ്ടു വശങ്ങളായി നിർത്തിക്കൊണ്ടുള്ള നയസമീപനമാണ് എപ്പോഴും കേന്ദ്ര ബാങ്ക് സ്വീകരിക്കുക. നാണയപ്പെരുപ്പം നേരിടാൻ ആഗോള തലത്തിൽ സ്വീകരിക്കപ്പെടുന്ന നയമാണു പലിശ വർധന. വിപണിയിലെ പണലഭ്യത കുറയ്ക്കുകയാണ് ഇതുവഴി ചെയ്യുന്നത്. എന്നാൽ, നാണയപ്പെരുപ്പം കുറഞ്ഞുനിൽക്കുമ്പോൾ വളർച്ചയ്ക്ക് അനുകൂലമായി പലിശ കുറയ്ക്കും. ഈ സാമ്പത്തിക വർഷത്തെ ചില്ലറ വ്യാപാര നാണയപ്പെരുപ്പം രണ്ടു ശതമാനത്തിൽ ഒതുങ്ങുമെന്നാണ് ആർബിഐ കരുതുന്നത്.
ഇതു നേരത്തേ കണക്കുകൂട്ടിയതിനെക്കാൾ കുറവാണ്. 2025-26ൽ 7.3 ശതമാനം സാമ്പത്തിക വളർച്ചയും ആർബിഐ പ്രതീക്ഷിക്കുന്നുണ്ട്. നേരത്തേ കണക്കുകൂട്ടിയതിനെക്കാൾ ഉയർന്ന വളർച്ചാ നിരക്കാണിത്. 2.6 ശതമാനം നാണയപ്പെരുപ്പവും 6.8 ശതമാനം ജിഡിപി വളർച്ചയുമാണ് നേരത്തേ കണക്കാക്കിയിരുന്നത്. നാണയപ്പെരുപ്പം നിയന്ത്രണ വിധേയമായി സൂക്ഷിക്കാനും വളർച്ചാനിരക്ക് ഇനിയും വർധിപ്പിക്കാനും കേന്ദ്ര ബാങ്കിന്‍റെയും കേന്ദ്ര സർക്കാരിന്‍റെയും പ്രവർത്തനങ്ങൾക്കു കഴിയട്ടെ.