

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ അന്താരാഷ്ട്ര സീസണു തുടക്കം കുറിക്കുന്നത് കന്നി മത്സരത്തിനിറങ്ങിയ മലയാളിയുടെ തിളക്കത്തിലാണ്. ബംഗ്ലാദേശിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യ ഏഴു വിക്കറ്റിന്റെ ഗംഭീര വിജയം നേടിയപ്പോൾ ചരിത്രത്തിൽ ഇതാദ്യമായി കേരള ടീമിൽ നിന്ന് ഇന്ത്യൻ വനിതാ ടീമിൽ ഇടംപിടിച്ച വയനാട്ടുകാരി മിന്നു മണി നല്ലൊരു വിക്കറ്റോടെ തുടക്കം കുറിച്ചു. ഇന്ത്യ ആദ്യം ഫീൽഡ് ചെയ്തപ്പോൾ സ്പിന്നർമാർ അവസരം മുതലെടുക്കുന്നതാണ് ബംഗ്ലാദേശിലെ മിർപുരിൽ കണ്ടത്. ടീമിന്റെ അഞ്ചാം ഓവർ തന്നെ എറിയാൻ മിന്നുവിനെ നിയോഗിക്കുകയായിരുന്നു ഇന്ത്യൻ നായിക ഹർമൻപ്രീത് കൗർ.
തന്റെ ആദ്യ ഓവറിലെ നാലാം പന്തിൽ ബംഗ്ലാദേശ് താരം ഷമിമ സുൽത്താനയുടെ വിക്കറ്റെടുത്ത് മിന്നു തന്റെ ഓഫ് ബ്രേക്ക് ബൗളിങ്ങിന്റെ കരുത്തു കാണിക്കുകയും ചെയ്തു. മിന്നുവിനെ നിലംതൊടാതെ ബൗണ്ടറി കടത്താനുള്ള ഷമീമയുടെ നീക്കം സ്ക്വയർ ലെഗിൽ ജമീമ റോഡ്രിഗസിന്റെ സ്മാർട്ട് ക്യാച്ചിൽ അവസാനിക്കുകയായിരുന്നു. ഫീൽഡിലുള്ള ഇന്ത്യൻ താരങ്ങൾക്ക് ആത്മവിശ്വാസം പകർന്ന തുടക്കം നൽകിയ മിന്നു മൂന്ന് ഓവറിൽ ആകെ വഴങ്ങിയത് 21 റൺസ് മാത്രം. ടി20 ദേശീയ ടീമിൽ ഒട്ടും മോശമല്ലാത്ത അരങ്ങേറ്റം. ബംഗ്ലാദേശ് ചെറിയ സ്കോറിൽ ഒതുങ്ങിയതിനാൽ ഓൾ റൗണ്ടറായ ഈ ഇരുപത്തിനാലുകാരിക്കു ബാറ്റ് ചെയ്യേണ്ടിവന്നില്ല.
എഴുപതുകളിൽ തമിഴ്നാടിനെ പ്രതിനിധീകരിച്ച് മലയാളിയായ സൂസൻ ഇട്ടിച്ചെറിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ എത്തിയിട്ടുണ്ട്. ഏഴു ടെസ്റ്റിലും രണ്ട് ഏകദിനങ്ങളിലും സൂസൻ ഇന്ത്യൻ ജഴ്സിയണിഞ്ഞു. തമിഴ്നാടിനെ പ്രതിനിധീകരിച്ചിട്ടുള്ള മുൻ ടെസ്റ്റ്, ഏകദിന ക്രിക്കറ്റർ സുധ ഷായും മലയാളിയാണ്. എന്നാൽ, കേരളത്തെ പ്രതിനിധാനം ചെയ്ത് ഇന്ത്യൻ വനിതാ ടീമിലെത്തുന്ന ആദ്യ താരമായി ചരിത്രം കുറിച്ചിരിക്കുകയാണ് മിന്നു മണിയെന്ന ആദിവാസി പെൺകുട്ടി. മലയാള നാടിനു മൊത്തം അഭിമാനിക്കാനുള്ള നേട്ടം. ഇല്ലായ്മകളോടു പടപൊരുതിയാണ് ഓരോ ചുവടുകളും മിന്നു മണി മുന്നോട്ടുവച്ചത്. പതിനാറാം വയസിൽ കേരള ടീമിലേക്ക് എത്തിയ മിന്നു പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. സംസ്ഥാന ടീമിൽ സ്ഥാനം ഉറപ്പിച്ച മിന്നു ഇന്ത്യൻ എ ടീമിലും അംഗമായി. വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപ്പിറ്റൽസിന്റെ താരമായി ചരിത്രം കുറിച്ചു. പ്രഥമ വനിതാ പ്രീമിയർ ലീഗ് താരലേലത്തിൽ 30 ലക്ഷം രൂപയ്ക്കാണ് മിന്നുവിനെ ഡൽഹി തങ്ങളുടെ ടീമിലെത്തിച്ചത്. കളിക്കളങ്ങളിലെ സ്ഥിരതയാർന്ന പ്രകടനമാണ് കേരള വനിതകൾക്ക് സ്വപ്നം മാത്രമായിരുന്ന ഇന്ത്യൻ സീനിയർ കുപ്പായം ഈ ഓൾ റൗണ്ടർക്ക് സമ്മാനിച്ചത്.
ഏതാനും ദിവസം മുൻപ് മിന്നു മണിയെ 18 അംഗ ദേശീയ ടീമിൽ ഉൾപ്പെടുത്തിയപ്പോഴേ കേരള വനിതാ ക്രിക്കറ്റിന് ആഘോഷമായിരുന്നു. അതിനു ശേഷം ആദ്യ അവസരത്തിൽ തന്നെ 11 അംഗ ടീമിലും ഉൾപ്പെട്ട് ആദ്യ വിക്കറ്റും നേടിയിരിക്കുകയാണ് മാനന്തവാടി ചോയിമൂലയിൽ കുറിച്യ വിഭാഗത്തിൽ നിന്നുള്ള ഈ മിന്നും താരം. കൊയ്ത്തൊഴിഞ്ഞ പാടത്ത് ആൺകുട്ടികൾക്കൊപ്പം തെങ്ങിന്റെ മടലു കൊണ്ടുള്ള ബാറ്റും ടെന്നിസ് ബോളുമായി ക്രിക്കറ്റ് കളിച്ചു പഠിച്ച പെൺകുട്ടി വളരെയേറെ വിഷമം പിടിച്ച സാഹചര്യങ്ങളിൽ നിന്നാണ് ഇന്ത്യൻ ടീമിന്റെ ജഴ്സിയിലേക്ക് എത്തിയിരിക്കുന്നത്.
കൂലിപ്പണിക്കാരായ മണിയുടെയും വസന്തയുടെയും മകൾ അത്ലറ്റിക്സിൽനിന്ന് ക്രിക്കറ്റിലെത്തുന്നത് മാനന്തവാടി ജിവിഎച്ച്എസ്എസിലെ കായികാധ്യാപിക എത്സമ്മ തെളിച്ച വഴിയിലൂടെയാണ്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ക്രിക്കറ്റ് പാഠങ്ങൾ പരിശീലിച്ചു തുടങ്ങിയ മിന്നു സ്കൂൾ ടീമിൽ നിന്ന് ജില്ലാ ടീമിലും സംസ്ഥാന ടീമിലും സ്ഥാനമുറപ്പിച്ചു. പുലർച്ചെ എഴുന്നേറ്റ്, കിലോമീറ്ററുകൾ യാത്രചെയ്ത്, അതിരാവിലെ തന്നെ പരിശീലനം നടത്താൻ സ്റ്റേഡിയത്തിലെത്തുന്നതിനു കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയത്. സർവവിധ പിന്തുണയും നൽകി ഒപ്പം നിന്നു അച്ഛനും അമ്മയും. കേരള ക്രിക്കറ്റ് അസോസിയേഷൻ ഒരുക്കിയ പരിശീലന സൗകര്യങ്ങളും മിന്നു മണിയെന്ന താരത്തെ വളർത്തിയെടുക്കുന്നതിൽ പങ്കു വഹിച്ചിട്ടുണ്ട്. കേരളത്തിലെ വനിതാ ക്രിക്കറ്റ് താരങ്ങൾക്കാകെ ആവേശവും പ്രോത്സാഹനവും നൽകാൻ ഉപകരിക്കുന്നതാണ് മിന്നു മണിയുടെ ചരിത്ര നേട്ടം. സ്ഥിരതയാർന്ന പ്രകടനത്തോടെ ഇന്ത്യൻ ടീമിൽ ഉറച്ചു നിന്ന് രാജ്യത്തിനു വേണ്ടി ഉജ്വല വിജയങ്ങൾ കുറിക്കാൻ മിന്നു മണിക്കു കഴിയട്ടെ.