കുവൈറ്റിലെ പൊള്ളലിൽ, കേരളത്തിന്‍റെ നടുക്കം | മുഖപ്രസംഗം

ഇന്ത്യക്കാർക്ക് ‍ആവശ്യമായ സഹായങ്ങൾ ഒരുക്കുന്നതിന് വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ് കുവൈറ്റിലെത്തിയിട്ടുണ്ട്
read editorial 2024 Kuwait Mangaf building fire
കുവൈറ്റിലെ പൊള്ളലിൽ, കേരളത്തിന്‍റെ നടുക്കം | മുഖപ്രസംഗം
Updated on

കുവൈറ്റിലെ മംഗഫിൽ തൊഴിലാളികൾ താമസിച്ചിരുന്ന ബഹുനില കെട്ടിടത്തിനു തീപിടിച്ച് 49 പേർ മരിച്ച ദുരന്തത്തിന്‍റെ ദുഃഖം പേറുകയാണു കേരളവും. അവസാനം ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മരിച്ചവരിൽ 40ലേറെ പേരും ഇന്ത്യക്കാരാണ്. അതിൽ തന്നെ 20ലേറെ മലയാളികൾ ഉൾപ്പെടുന്നുവെന്നാണ് നോർക്ക അറിയിക്കുന്നത്. മരിച്ചവരിൽ തിരിച്ചറിഞ്ഞവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടുണ്ട്. ഇനിയും തിരിച്ചറിയാനുള്ളവരുടെ ഡിഎന്‍എ ടെസ്റ്റ് നടത്തുന്നതടക്കം നടപടികൾ പുരോഗമിക്കുകയാണ്. നിരവധി മലയാളികൾ ദുരന്തത്തിൽ പരുക്കേറ്റു ചികിത്സയിലുണ്ടെന്നും റിപ്പോർട്ടുണ്ട്. ചിലർക്കു ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. അതിനാൽ തന്നെ മരണസംഖ്യ കൂടാനുള്ള സാധ്യത ബന്ധപ്പെട്ട അധികൃതർ തള്ളിക്കളയുന്നില്ല.

ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളിലുള്ളവരുടെയെല്ലാം മനസിൽ തീയാണ്. നാട്ടിലുള്ള പല അടുത്ത ബന്ധുക്കളും ഇനിയെന്ത് എന്നറിയാതെ പകച്ചുനിൽക്കുകയാണ്. മാതാപിതാക്കളും ഭാര്യയും കുട്ടികളും എല്ലാം തോരാക്കണ്ണീരിലാണ്. അവരുടെ നിസഹായാവസ്ഥ ചിന്തകൾക്കും അപ്പുറമാണ്. പരുക്കേറ്റവരുടെ ചികിത്സയ്ക്കും മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ സഹായങ്ങൾ ചെയ്യാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളാണു മുന്നിൽ നിൽക്കേണ്ടത്. ഇന്ത്യക്കാർക്ക് ‍ആവശ്യമായ സഹായങ്ങൾ ഒരുക്കുന്നതിന് വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ് കുവൈറ്റിലെത്തിയിട്ടുണ്ട്. അവിടെയുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരുമായും കുവൈറ്റ് അധികൃതരുമായും സംസാരിച്ച് ഏറ്റവും ഉചിതമായ നടപടികൾ ഒട്ടും താമസിയാതെ സ്വീകരിക്കാൻ മന്ത്രിക്കു കഴിയട്ടെ. ഇത്തരം അവസരത്തിൽ ദുരന്തബാധിതർക്ക് താങ്ങും തണലുമാവുകയെന്നത് ഏതു സർക്കാരിന്‍റെയും ഉത്തരവാദിത്വമാണ്.

കുവൈറ്റിന് ഇതിനു മുൻപു പരിചയമില്ലാത്തത്ര വലിയ ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. അതിന്‍റെ ഞെട്ടലിലാണു കുവൈറ്റ് ഭരണകൂടവും. ദുരന്തം സംഭവിച്ച കെട്ടിടത്തിൽ നിയമലംഘനമുണ്ടായി എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനി അവരുടെ ജീവനക്കാർക്കായി എടുത്തിരുന്ന ഫ്ലാറ്റിലാണു തീപിടിത്തമുണ്ടായത്. കുവൈറ്റ് പൗരന്‍റെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടത്തിൽ സുരക്ഷാവീഴ്ചകളുണ്ടായിട്ടുണ്ടോയെന്നു പരിശോധിക്കുന്നുണ്ട്. കെട്ടിട ഉടമയും സുരക്ഷാ ജീവനക്കാരനും അറസ്റ്റിലായിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ. കെട്ടിടത്തിൽ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരുന്നില്ലെങ്കിൽ അതു ഗുരുതരമായ കുറ്റമാണ്. ഇനിയും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്ന് ജാഗ്രതയുണ്ടാവും എന്നു കരുതാം. ഈ ദുരന്തത്തെത്തുടർന്ന് കുവൈറ്റിലെ വിവിധ ഭാഗങ്ങളിലുള്ള കെട്ടിടങ്ങളിൽ നിയമ ലംഘനങ്ങളുണ്ടോയെന്ന് അവിടുത്തെ ഭരണകൂടം പരിശോധിക്കുന്നുണ്ട്. കർശനമായ സുരക്ഷാ പരിശോധനയ്ക്കാണ് കുവൈറ്റ് അമീർ നിർദേശം നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് കുവൈറ്റ് ഭരണകൂടം സ്വീകരിക്കട്ടെ.

മലയാളികൾ അടക്കം വിവിധ സ്ഥലങ്ങളിൽ നിന്ന് ജോലിക്കായി എത്തുന്ന ആയിരക്കണക്കിനാളുകളുടെ സുരക്ഷയിൽ അറിഞ്ഞുകൊണ്ട് വീഴ്ച വരുത്തുന്നവരുണ്ടെങ്കിൽ അതു തിരുത്തപ്പെടുക തന്നെ വേണം. അത്യാഗ്രഹത്തിന്‍റെ ഫലമാണ് അപകടത്തിലേക്കു നയിച്ചത് എന്ന കുവൈറ്റ് ഉപപ്രധാനമന്ത്രിയുടെ വാക്കുകൾ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവും. അദ്ദേഹത്തിനു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാവാം അതു പറഞ്ഞത്. പക്ഷേ, വിശദമായ അന്വേഷണത്തിനു ശേഷം അപകടത്തിന്‍റെ യഥാർഥ കാരണം വ്യക്തമാവുന്നതു വരെ ആരെയെങ്കിലും പ്രതിക്കൂട്ടിൽ നിർത്തുന്നതിൽ അർഥമില്ല. ഇന്ത്യയിൽ നിന്ന് ലക്ഷക്കണക്കിനാളുകളാണ് വിദേശ രാജ്യങ്ങളിൽ തൊഴിൽ തേടിപോകുന്നത്. ഗൾഫ് രാജ്യങ്ങൾ പണ്ടു മുതലേ തൊഴിലന്വേഷകരായ മലയാളികളുടെ സ്വപ്നഭൂമിയാണ്. കുടുംബത്തിന്‍റെ പ്രാരാബ്ധം മാറ്റാൻ ഈ രാജ്യങ്ങളിൽ ചോര നീരാക്കി പണിയെടുക്കുന്ന അനേകം ആളുകളുണ്ട്. അവരുടെ വരുമാനമാണ് കേരളത്തിന്‍റെ സാമ്പത്തിക പുരോഗതിക്കും കാരണമായത്.

പ്രവാസികൾ വിദേശ രാജ്യങ്ങളിൽ നേരിടേണ്ടിവരുന്ന ഓരോ ദുരന്തവും നമ്മുടെ നെഞ്ചിലാണു തീ കോരിയിടുക. ‍ഏതാനും ദിവസം മുൻപ് കേരളത്തിൽ നിന്ന് എത്തിയവർ മുതൽ വർഷങ്ങളായി അവിടെയുള്ളവർ വരെ കുവൈറ്റിലുണ്ടായ ദുരന്തത്തിൽ മരിച്ചിട്ടുണ്ട്. എന്തൊക്കെ പ്രതീക്ഷകളും മോഹങ്ങളുമാണ് ആ കെട്ടിടത്തിനുള്ളിൽ കത്തിയെരിഞ്ഞത്. മരിച്ചവരുടെ കുടുംബത്തിന് കമ്പനിയും കേന്ദ്ര, സംസ്ഥാന സർക്കാരുകളും കുവൈറ്റ് സർക്കാരും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പ്രമുഖ വ്യവസായികളായ യൂസഫ് അലിയും രവി പിള്ളയും മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കു ധനസഹായം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. തീരാദുഃഖത്തിലായ ഈ കുടുംബങ്ങളുടെ കൈ പിടിക്കാനും ആശ്വസിപ്പിക്കാനും നാടൊന്നാകെ ഒത്തുചേരേണ്ട അവസരമാണിത്.

Trending

No stories found.

Latest News

No stories found.