കേരളത്തിന്‍റെ കരുത്തും കേരളീയവും | മുഖപ്രസംഗം

സംഘാടകരെപ്പോലും അമ്പരപ്പിക്കുന്ന ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്.
കേരളത്തിന്‍റെ കരുത്തും കേരളീയവും | മുഖപ്രസംഗം

ഒരാഴ്ച നീണ്ട കേരളീയത്തിന് തിരശ്ശീല വീണു. കേരളത്തിന്‍റെ മഹോത്സവം എന്നു വിശേഷിപ്പിച്ച ആ പരിപാടിക്ക് സംഘാടകരെപ്പോലും അമ്പരപ്പിക്കുന്ന ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്. തലസ്ഥാന നഗരി അക്ഷരാർഥത്തിൽ ജനസാഗരത്താൽ ഇരമ്പുകയായിരുന്നു.

കേരളത്തിന് പണഞെരുക്കമുണ്ടെന്നത് പുതിയ കാര്യമല്ല. സാമ്പത്തിക പ്രതിസന്ധി പരിഹരിച്ച ശേഷമേ കേരളീയം പോലുള്ള ആഘോഷങ്ങൾ നടത്താവൂ എന്നു വന്നാൽ സാധിക്കുമെന്നു തോന്നുന്നില്ല. അത്രമാത്രം കടത്തിലാണ് നമ്മുടെ സംസ്ഥാനവും രാജ്യവും പ്രവർത്തിക്കുന്നത്. ആ കടം തീർത്തിട്ട് കാര്യങ്ങൾ ചെയ്യാം എന്നു തീരുമാനിച്ചാൽ ഇത്തരം സാംസ്കാരിക പരിപാടികൾ നടത്താനാവാതെ വരും. പിറന്നാളുകൾ മനുഷ്യനായാലും നാടിനായാലും ആഘോഷത്തിന്‍റെ വേളയാണ്. കേരളം രൂപീകൃതമായി 67 വര്‍ഷം കഴിഞ്ഞ സാഹചര്യത്തിൽ ഇത്തവണത്തെ കേരളപ്പിറവി കേരളീയമായി ആഘോഷിച്ച് വ്യത്യസ്തമായി അടയാളപ്പെടുത്തണമെന്ന തീരുമാനത്തിൽ തെറ്റു പറയാനാവില്ല.

കേരളീയത്തിന്‍റെ ഭാഗമായി 5 പ്രധാന വേദികളിലായി 25 സെമിനാറുകൾ നടന്നു. ലോകപ്രശസ്തരായവരുൾപ്പെടെ 220 പ്രഭാഷകര്‍ വിഷയാവതരണം നടത്തി. ഇതില്‍ 181 പേര്‍ നേരിട്ടും 22 പേര്‍ ഓണ്‍ലൈനായും 17 പേര്‍ പ്രീ റെക്കോഡഡ് ആയും പങ്കെടുത്തു. സാധാരണ ഒഴിഞ്ഞ വേദികളാണ് ഇത്തരം സെമിനാറുകളുടെ പ്രത്യേകതയെങ്കിൽ കേരളീയം സെമിനാറുകളിൽ നിറഞ്ഞ സദസായിരുന്നു. അത് ക്വോട്ട നിശ്ചയിച്ച് സർക്കാർ ഓഫിസുകളിൽ നിന്ന് ഇറക്കിക്കൊണ്ടുവന്ന ജീവനക്കാരാണെങ്കിൽ പോലും സ്വാഗതം ചെയ്യപ്പെടണം. കാരണം, കുറഞ്ഞപക്ഷം അവർ ഈ സെമിനാറുകളിലെ അഭിപ്രായങ്ങൾ കേൾക്കുകയും സ്വന്തം നാട് എങ്ങനെയാണ് രേഖപ്പെടുത്തപ്പെടുന്നത് എന്ന് തിരിച്ചറിയുകയും ചെയ്യുമല്ലോ.

വ്യത്യസ്ത വിഷയങ്ങളെ അടിസ്ഥാനമാക്കി 22 പ്രദർശനങ്ങളാണ് നടന്നത്. മോശമല്ലാത്ത തുക പ്രവേശന ഫീസായി ഈടാക്കിയിരുന്ന പ്രദർശനങ്ങളേക്കാൾ എന്തുകൊണ്ടും മികച്ചതായിരുന്നു തികച്ചും സൗജന്യ പ്രവേശനം അനുവദിച്ച ഇവ. 8 വേദികളിലായി 434 സ്റ്റാളുകളില്‍ 600ലധികം സംരംഭകരെ ഉള്‍പ്പെടുത്തി വ്യാപാര, പ്രദര്‍ശന മേളകള്‍ ഇതോടൊപ്പമുണ്ടായിരുന്നു എന്നതും എടുത്തുപറയണം. 4 പ്രധാന വേദികള്‍, 2 നാടകവേദികള്‍, 12 ചെറിയ വേദികള്‍, 11 തെരുവുവേദികള്‍, ഒരു മൈതാനം എന്നിവിടങ്ങളിലായി 300ഓളം സാംസ്കാരിക കലാപരിപാടികള്‍ അരങ്ങേറി. രാജ്യത്തൊട്ടാകെ അറിയപ്പെടുന്നവരുൾപ്പെടെ 4,100 പ്രതിഭകളാണ് കലാപ്രകടനങ്ങളുമായി അണിചേര്‍ന്നത്.

ഭക്ഷ്യമേളയില്‍ "കേരള മെനു: അണ്‍ലിമിറ്റഡ് ' എന്ന ബാനറില്‍ കേരളത്തിന്‍റെ വിവിധ പ്രദേശങ്ങളിലെ 10 ഭക്ഷണ വിഭവങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് അവതരിപ്പിച്ചതിലെ പുതുമ കാണാതിരിക്കാനാവില്ല. കേരളത്തിലെ ഭക്ഷണ വൈവിധ്യത്തെ പ്രാദേശികമായി ചേർത്തുവച്ചാണ് അവതരിപ്പിച്ചത്. ഭൂരിഭാഗം സ്റ്റാളുകളും വ്യത്യസ്ത വിഭവങ്ങള്‍ പരീക്ഷിച്ച് വിജയിച്ച ചെറുകിട സംരംഭകരുടേതായിരുന്നു. ഇതിന്‍റെ ഭാഗമായി 10 വിഭവങ്ങൾ ആഗോള തീൻമേശയിൽ അവതരിപ്പിക്കും എന്ന പ്രഖ്യാപനം ഈ രംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്രതീക്ഷയുണർത്തുന്നതാണ്.

ചെറിയൊരു പരിപാടി നടത്തിയാൽ പോലും അതിന്‍റെ മാലിന്യം ആഴ്ചകളോളം കിടന്ന് അഴുകി അവിടം മുഴുവൻ നാറുന്നതാണ് പലപ്പോഴും കാണാൻ കഴിഞ്ഞിട്ടുള്ളത്. എന്നാലിവിടെ ഓരോ വേദിയിലും ഭക്ഷണശാലയിലും ജൈവ, അജൈവ പാഴ്വസ്തുക്കള്‍ ശേഖരിച്ച് തരംതിരിച്ച് സംസ്കരണത്തിനായി യഥാസമയം കൈമാറാന്‍ കഴിഞ്ഞു. ഇത്രയുമേറെ ജനം ഇരമ്പിയെത്തിയ ഒരു മഹാമേളയുടെ മാലിന്യം അതത് ദിവസം അർധരാത്രി മുതൽ പലർച്ചെ വരെ നീണ്ട കഠിനശ്രമത്തിലൂടെ സംസ്കരിച്ച് മാതൃക കാട്ടിയ തിരുവനന്തപുരം കോർപ്പറേഷനെയും ഉറക്കമൊഴിച്ച് പ്രതിബദ്ധതയോടെ ഈ ജോലി നിറവേറ്റിയ ജീവനക്കാരെയും അഭിനന്ദിക്കുന്നു.

പ്രതിപക്ഷം ബഹിഷ്കരണം പ്രഖ്യാപിച്ചെങ്കിലും കേരളീയത്തിന്‍റെ ഭാഗമായി നടന്ന നിയമസഭാ പുസ്തകോത്സവത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സജീവമായി പങ്കെടുത്തു. കേരളീയം വേദിയിൽ എത്തുന്നതിനെ കെപിസിസി വിലക്കിയെങ്കിലും സെമിനാറിൽ പങ്കെടുക്കുകയാണെന്ന് കോൺഗ്രസ് ദേശീയ നേതാവ് മണിശങ്കർ അയ്യർ അറിയിച്ചതിനെ കൈയടികളോടെയാണ് നിറഞ്ഞ സദസ് സ്വീകരിച്ചത്. യുഡിഎഫ് ഘടകകക്ഷി എംഎൽഎമാരും കേരളീയം വേദിയിൽ പ്രസംഗിക്കുന്നത് കാണാൻ സാധിച്ചു. സമാപന സമ്മേളനത്തിൽ സദസ്യനായി എത്തിയ മുതിർന്ന ബിജെപി നേതാവ് ഒ. രാജഗോപാൽ കേരളീയം പോലുള്ള പരിപാടികൾ ആവശ്യമാണെന്ന് തുറന്നുപറഞ്ഞു. ഇത്തരം പരിപാടികളിലെങ്കിലും രാഷ്‌ട്രീയം മാറ്റിവയ്ക്കാൻ എന്തുകൊണ്ടാണ് നമുക്ക് സാധിക്കാത്തത്?

അടുത്ത കേരളപ്പിറവികളിലും കേരളീയം ഉണ്ടാവുമെന്നു മാത്രമല്ല, അടുത്ത കേരളീയത്തിന്‍റെ സംഘാടനത്തിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സമിതിയെ കഴിഞ്ഞ മന്ത്രിസഭാ യോഗം നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്.

ഇത്തവണത്തെ കണക്ക് കൃത്യമായും സുതാര്യമായും പ്രസിദ്ധീകരിക്കാൻ സംഘാടകർക്ക് കഴിയണം. പൊതുപണം "കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി' പോലെ ചെലവഴിക്കാനുള്ളതല്ലെന്ന് ജനങ്ങളോട് വിളിച്ചുപറയാനുള്ള അവസരമായി കേരളീയത്തെ കാണണം. പുതിയൊരു സംസ്കാരമായി അത് മാറുകയും വേണം. കേരളീയം സംഘടിപ്പിച്ചതിന് പ്രഖ്യാപിച്ച തുകയുടെ പകുതി പോലും ഖജനാവിൽ നിന്ന് കൊടുക്കേണ്ടിവരില്ലെന്നാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചത്. അടുത്ത തവണകളിലും അങ്ങനെ തന്നെ ആവട്ടെ. ഇനിയുള്ള നാളുകളിലെ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും ഇടപെടലിനും കരുത്തും വേഗവും പകരുന്നതാണ് കേരളീയത്തിന്‍റെ ആദ്യപതിപ്പ് പകര്‍ന്ന ഊര്‍ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനായി കാത്തിരിക്കാം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com