യാത്രക്കാരുടെ സുരക്ഷ പരമ പ്രധാനം | മുഖപ്രസംഗം

സ്ഥിരം ജീവനക്കാരായ 74 പേർക്കു സസ്പെൻഷനായി.
KSRTC Bus
KSRTC Bus

കെഎസ്ആർടിസിയെ കൂടുതൽ യാത്രാസൗഹൃദമാക്കുന്നതിനും അതുവഴി വരുമാന വർധന നേടുന്നതിനുമുള്ള പല ശ്രമങ്ങളും അടുത്ത കാലത്തു നടന്നുവരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറും കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കറും ജീവനക്കാർക്കു നൽകിയ നിർദേശങ്ങൾ യാത്രക്കാരനാണ് യജമാനൻ എന്ന പൊതുബോധം വളർത്താൻ ഉദ്ദേശിച്ചുള്ളതാണ്. കോർപ്പറേഷനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമർഹിക്കുന്നതാണ് ഇങ്ങനെയൊരു ബോധ്യം ജീവനക്കാരിൽ ഉണ്ടാവുകയെന്നത്. കടക്കെണിയിൽനിന്നു കോർപ്പറേഷനെ കരകയറ്റണമെങ്കിൽ യാത്രക്കാർ ആനവണ്ടിയുമായി കൂടുതൽ അടുക്കണം. ജീവനക്കാരുടെ നല്ല പെരുമാറ്റമാണ് ആളുകളുടെ വിശ്വാസ്യത പിടിച്ചുപറ്റാനും സഹായിക്കുക. ഒപ്പം യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും കഴിയണം. ജോലി സമയത്തെ മദ്യപാനം കർശനമായി തടയുന്നതടക്കം നടപടികൾ അതിന്‍റെ ഭാഗമായി കാണാവുന്നതാണ്.

കോർപ്പറേഷന്‍റെ വിജിലൻസ് വിഭാഗം രണ്ടാഴ്ചക്കിടെ നടത്തിയ മിന്നൽ പരിശോധനകളിൽ മദ്യപിച്ചു ജോലിക്കെത്തിയ നൂറോളം ജീവനക്കാരെ പിടികൂടിയത് വളരെ ഗൗരവമുള്ള വിഷയമാണ്. മന്ത്രിയുടെ നിർദേശപ്രകാരം നടന്ന പരിശോധനയെത്തുടർന്ന് സ്ഥിരം ജീവനക്കാരായ 74 പേർക്കു സസ്പെൻഷനായി. താത്കാലിക ജീവനക്കാരായ 26 പേരെ ജോലിയിൽ നിന്നു പറഞ്ഞുവിട്ടു. മദ്യപിച്ചു ജോലിക്കെത്തിയതിൽ 49 ഡ്രൈവർമാരും 31 കണ്ടക്റ്റർമാരും ഉണ്ടായിരുന്നുവെന്നാണു റിപ്പോർട്ട്. മദ്യപിച്ചു ലക്കുകെട്ട് വണ്ടിയോടിക്കുന്ന ഡ്രൈവറും മോശമായി പെരുമാറുന്ന കണ്ടക്റ്ററും യാത്രക്കാരുടെ സുരക്ഷയും വിശ്വാസവുമാണ് അപകടത്തിലാക്കുന്നത്. അത് അനുവദിക്കാനാവില്ല. കോർപ്പറേഷൻ മാനെജ്മെന്‍റ് ഇക്കാര്യത്തിൽ കർശന സമീപനം‌ തുടരുകയാണു വേണ്ടത്. ജീവനക്കാർ മദ്യപിച്ചു ഡ്യൂട്ടിക്കെത്തുന്നു എന്ന ആക്ഷേപം ഇതിനു മുൻപും കെഎസ്ആർടിസിയിൽ ഉയർന്നിട്ടുണ്ട്. നടപടികളും ഉണ്ടായിട്ടുണ്ട്. എന്നാൽ, അതൊന്നും അത്ര ഫലവത്തായിട്ടില്ലെന്നാണ് ഈ പരിശോധന കാണിച്ചുതന്നത്. ജീവനക്കാരിൽ ചെറിയൊരു ശതമാനം മാത്രമേ മദ്യപിച്ച് എത്തുന്നുള്ളൂ എന്നു പറഞ്ഞാലും അതു വലിയ അപകടങ്ങൾക്കാണു വഴിവയ്ക്കുക. നൂറു കണക്കിനു യാത്രക്കാരുടെ ജീവൻ പന്താടാൻ ആരെയും അനുവദിച്ചുകൂടാ.

കെഎസ്ആർടിസിയിൽ മാത്രമല്ല, സ്വകാര്യ ബസുകളിലും ജീവനക്കാർ മദ്യപിച്ചു വരുന്നതു യാത്രക്കാർക്കു ഭീഷണിയാണ്. മദ്യപിച്ച ജീവനക്കാരെ സ്വകാര്യ ബസുകളിൽ നിന്നു പിടികൂടിയ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇത്തരക്കാർ യാത്രക്കാരുമായി ഏറ്റുമുട്ടുന്നതും സംഘർഷാവസ്ഥ സൃഷ്ടിക്കുന്നതും അപകടങ്ങളുണ്ടാക്കുന്നതും തടയേണ്ടതുണ്ട്. സ്വകാര്യ ബസ് ജീവനക്കാർ ജോലി സമയത്തു മദ്യപിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുമെന്നു കഴിഞ്ഞ ദിവസം മന്ത്രി ഗണേഷ്കുമാർ വ്യക്തമാക്കുകയുണ്ടായി. യാത്രക്കാർ ഒന്നായി ഇതിനെ സ്വാഗതം ചെയ്യും. സ്വകാര്യ ബസ് സ്റ്റാൻഡുകളിൽ മോട്ടോർ വാഹന വകുപ്പ് സ്ക്വാഡിനാവും പരിശോധനയുടെ ചുമതലയെന്നു മന്ത്രി പറയുന്നു. ഡ്രൈവർ മദ്യപിച്ചെന്നു കണ്ടെത്തിയാൽ ട്രിപ്പ് റദ്ദാക്കുമത്രേ. അതു മാത്രം പോരാ. ആവർത്തിച്ച് ഇങ്ങനെ പിടികൂടുന്ന ഡ്രൈവർമാരെ ഈ ജോലി ചെയ്യുന്നതിൽ നിന്നു തടയേണ്ടതുമുണ്ട്. മറ്റുള്ളവരുടെ സുരക്ഷ പരിഗണിക്കാത്ത പരുക്കൻ ഡ്രൈവിങ് പലപ്പോഴും മദ്യത്തിന്‍റെയും മറ്റു ലഹരി പദാർഥങ്ങളുടെയും സ്വാധീനത്തിലാവും. സ്വകാര്യ ബസുകളുടെ മത്സരപ്പാച്ചിൽ കൂടിയാവുമ്പോൾ അപകട സാധ്യത പിന്നെയും ഏറുകയാണ്. ഗതാഗത മേഖലയിലെ പലവിധ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിലെ ഒരു പ്രധാന ചുവട് എന്ന നിലയിൽ കെഎസ്ആർടിസിയിലെ ഈ പരിശോധനയെ കാണാവുന്നതാണ്.

ജോലിക്കിടയിലെ മദ്യപാനം ഒഴിവാക്കാൻ ബ്രെത്ത് അനലൈസർ പരിശോധന കർശനമാക്കുന്നതിന് കെഎസ്ആർടിസി അടുത്തിടെയാണു തീരുമാനമെടുത്തത്. സംശയമുള്ളവരെ മാത്രം പരിശോധിച്ചാൽ പോരാ, ഡ്യൂട്ടി തുടങ്ങും മുൻപ് സ്ത്രീകൾ ഒഴികെയുള്ള ഡ്രൈവർമാർക്കും കണ്ടക്റ്റർമാർക്കും പരിശോധന നടത്തണമെന്നാണു നിർദേശം. വഴിയിൽ നിന്നു കൈകാണിക്കുന്ന യാത്രക്കാരൻ അന്നദാതാവാണെന്ന കാര്യം ഓർക്കണമെന്നാണ് പരിഷ്കരണ നടപടികളുടെ ഭാഗമായി ജീവനക്കാർക്കു നൽകിയ മാർഗനിർദേശങ്ങളിൽ സിഎംഡി പ്രമോജ് ശങ്കർ ഓർമിപ്പിച്ചത്. സീറ്റ് ഒഴിവുണ്ടെങ്കിൽ സൂപ്പർ ക്ലാസ് ബസുകൾ സ്റ്റോപ്പല്ലെങ്കിലും നിർത്താനുള്ള നിർദേശം ഈ പരിഷ്കരണങ്ങളുടെ ഭാഗമാണ്. യാത്രക്കാരുണ്ടെങ്കിൽ സ്റ്റോപ്പുകളല്ലാത്ത സ്ഥലങ്ങളിലും വണ്ടി നിർത്തുമെന്നു വന്നാൽ അതു നിരവധിയാളുകൾക്ക് ഉപകാരപ്പെടും. ഒഴിഞ്ഞ സീറ്റുകളുമായി ബസുകൾ ഓടാതിരിക്കുകയും ചെയ്യും. ബസ് നീങ്ങിത്തുടങ്ങുമ്പോൾ യാത്രക്കാരൻ കൈകാണിച്ചാൽ നിർത്തിക്കൊടുക്കുക, രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്നിടത്തു നിർത്തുക തുടങ്ങിയ കാര്യങ്ങളിലും ജീവനക്കാർ ശ്രദ്ധിക്കേണ്ടതുണ്ട്.

യാത്രക്കിടെ ഭക്ഷണം കഴിക്കാൻ വൃത്തിയുള്ള ഹോട്ടലുകളിൽ മാത്രം സ്റ്റോപ്പ് അനുവദിക്കുക എന്നതും സ്വാഗതാർഹമായ തീരുമാനമാണ്. നിരത്തിൽ ഒപ്പമുള്ള ചെറു വാഹനങ്ങളെയും കാൽനട യാത്രക്കാരെയും കരുതലോടെ കാണണം എന്ന നിർദേശവും പ്രസക്തം. ഗതാഗത നിയമങ്ങൾ നൂറു ശതമാനവും പാലിച്ചുകൊണ്ട്, നിരത്തിൽ യാതൊരു അസ്വസ്ഥതയും ആർക്കും ഉണ്ടാക്കാതെ മാന്യമായി സർവീസ് നടത്തുന്നതിൽ മദ്യപാനം ഒരു തടസമായി നിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ എപ്പോഴും കെഎസ്ആർടിസിക്കു കഴിയട്ടെ. തങ്ങളുടെ ഭാഗത്തുനിന്നുണ്ടാവുന്ന ഏതു വീഴ്ചയും ബാധിക്കുന്നതു യാത്രക്കാരുടെ സുരക്ഷയെയാണെന്ന ബോധ്യം ജീവനക്കാർക്കുമുണ്ടാവട്ടെ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com