
ഈ ഓണക്കാലത്തും പ്രവാസി മലയാളികൾ വിമാനക്കമ്പനികളുടെ കൊള്ളയ്ക്കു വിധേയരാവുമെന്ന് ഉറപ്പായിക്കഴിഞ്ഞിരിക്കുകയാണ്. വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർധന നിയന്ത്രിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്ര വ്യോമയാന മന്ത്രാലയം തള്ളിയതോടെ കമ്പനികളുടെ ചൂഷണത്തിന് യാത്രക്കാർ നിന്നുകൊടുക്കേണ്ടിവരുന്ന സ്ഥിതിയായിട്ടുണ്ട്. ഡൈനമിക് പ്രൈസിങ് രീതിയാണുള്ളതെന്നും അതിൽ ഇടപെടാൻ കഴിയില്ലെന്നുമാണ് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്തിനുള്ള മറുപടിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അധികാരം വിമാനക്കമ്പനികൾക്കാണെന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
സാധാരണക്കാർക്ക് അത്യാവശ്യ സമയങ്ങളിൽ വിലക്കയറ്റം അനുഭവിക്കേണ്ടിവരുന്ന സംവിധാനം തന്നെയാണ് ഡൈനമിക് പ്രൈസിങ് രീതി അഥവാ ഡിമാൻഡ് പ്രൈസിങ് രീതി. വിപണിയിലെ ഡിമാൻഡിനെ അടിസ്ഥാനമാക്കി വില നിശ്ചയിക്കുന്നതാണ് ഈ രീതി. അങ്ങനെ വരുമ്പോൾ ഉത്പാദകർക്കും സേവനദാതാക്കൾക്കും ഡിമാൻഡ് കൂടുമ്പോൾ അതിനനുസരിച്ച് വിലയും കൂട്ടാനാവും. എതിരാളികൾ നൽകുന്ന സൗകര്യങ്ങൾ, അവരുടെ വില നിർണയം തുടങ്ങിയ കാര്യങ്ങൾ കൂടി പരിഗണിച്ചാണ് എല്ലാ കമ്പനികളും ഓരോ സമയത്തും വില നിശ്ചയിക്കുന്നത്. ഓണവും ക്രിസ്മസും അവധിക്കാലവും പോലുള്ള അവസരങ്ങളിൽ മുഴുവൻ വിമാനക്കമ്പനികളും ഒന്നിച്ച് പ്രവാസി മലയാളികളെ ചൂഷണം ചെയ്യാൻ ഇറങ്ങുകയാണു ചെയ്യുന്നത്. ആരും ടിക്കറ്റ് നിരക്ക് കുറയ്ക്കാത്ത സാഹചര്യത്തിൽ എല്ലാ കമ്പനികളും "സുരക്ഷിതർ'.
ബുദ്ധിമുട്ടാവുന്നത് ഓണക്കാലം അല്ലെങ്കിൽ മറ്റ് വിശേഷാവസരങ്ങൾ നാട്ടിൽ ബന്ധുക്കൾക്കൊപ്പം ആഘോഷിക്കാൻ മോഹിച്ച് വല്ല വിധേനയും അവധി സമ്പാദിക്കുന്നവർക്കാണ്. അവർക്ക് രണ്ടും മൂന്നും ഇരട്ടി തുക നൽകി വിമാന ടിക്കറ്റ് എടുക്കേണ്ടിവരുന്നു. തിരക്കു വരുമെന്നു കണക്കാക്കി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുകയാണു മാർഗം എന്നത്രേ കേന്ദ്രമന്ത്രി പറയുന്നത്. അതുപക്ഷേ, എല്ലാവർക്കും സാധ്യമായിക്കൊള്ളണമെന്നില്ല. അവധി കിട്ടുക, നാട്ടിൽ വന്നുപോകാനുള്ള പണം ഉണ്ടാവുമെന്ന് ഉറപ്പാക്കുക തുടങ്ങി പ്രായോഗികമായ പ്രശ്നങ്ങൾ പരിഹരിച്ച് യാത്ര ഉറപ്പിക്കാൻ പലർക്കും വളരെ നേരത്തേ കഴിഞ്ഞെന്നു വരില്ല. അതുമാത്രമല്ല ഡിമാൻഡുള്ള കാലം നേരത്തേ കണക്കുകൂട്ടി നിരക്കു നിശ്ചയിക്കാൻ കമ്പനികൾക്കു കഴിയുകയും ചെയ്യും. കഴുത്തറുപ്പൻ നയം സ്വീകരിക്കരുതെന്ന് വിമാനക്കമ്പനികളോട് ആവശ്യപ്പെടുകയാണ് സർക്കാരിനു ചെയ്യാൻ കഴിയുന്നത്. അത് ജനങ്ങളോട് ഉത്തരവാദിത്വമുള്ള സർക്കാരുകൾ ചെയ്യേണ്ടതുമാണ്.
ഓണസമയത്ത് മറ്റുള്ള സമയത്തെക്കാൾ ടിക്കറ്റ് നിരക്കിലുള്ള വർധന 9.77 ശതമാനം മാത്രമെന്നാണു കേന്ദ്ര മന്ത്രി പറയുന്നത്. എന്നാൽ, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ടിക്കറ്റുകൾക്ക് മൂന്നും നാലും ഇരട്ടി നിരക്ക് ഈടാക്കുന്നുണ്ടെന്ന് പ്രവാസികൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. സാധാരണ നിലയിൽ പതിനായിരത്തിനും പതിനയ്യായിരത്തിനും ലഭിക്കുന്ന ടിക്കറ്റുകൾക്ക് നാൽപ്പതിനായിരം രൂപയ്ക്കു മുകളിൽ നൽകേണ്ട അവസ്ഥയുണ്ടാവുന്നുണ്ടെന്നാണ് ഈ വിഷയം പാർലമെന്റിൽ ഉന്നയിച്ച് ബെന്നി ബഹനാൻ എംപി ചൂണ്ടിക്കാണിച്ചത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള തുകയെക്കാൾ മൂന്നിരട്ടി തുക കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് ഈടാക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാതിപ്പെടുകയുണ്ടായി. സെപ്റ്റംബർ ആദ്യ വാരമാണ് ഗൾഫിൽ സ്കൂളുകൾ തുറക്കുന്നത്. ഓണം ആഘോഷിച്ച ശേഷം അവധി കഴിഞ്ഞ് ഈ സമയത്ത് ഗൾഫിലേക്കു തിരിച്ചുപോകാൻ ആലോചിക്കുന്നവരുടെ നടുവൊടിക്കുന്നതാണ് ടിക്കറ്റ് നിരക്കെന്നും ബെന്നി ബഹനാൻ ചൂണ്ടിക്കാണിക്കുകയുണ്ടായി.
രാജ്യത്തെ വിമാന സർവീസുകൾ മൊത്തം സ്വകാര്യ മേഖലയിലാണ്. പൊതുമേഖലയിൽ ഉണ്ടായിരുന്ന എയർ ഇന്ത്യയെയും സർക്കാർ കൈവിട്ടുകളഞ്ഞിരിക്കുന്നു. ഇതിനൊപ്പമാണ് സ്വകാര്യ കമ്പനികളുടെ ലാഭമെടുപ്പ് അവസരം ഇടപെടലുകൾ ഒഴിവാക്കി അനുവദിക്കുന്നത്. സർക്കാർ ഇടപെടലുണ്ടെങ്കിൽ കുറെയൊക്കെ നിരക്ക് നിയന്ത്രിക്കാനാവും. അതു കണക്കാക്കിയാണ് തിരക്കേറിയ സമയങ്ങളിൽ ചാർട്ടർ സർവീസുകൾക്ക് കേരളം അനുമതി ചോദിച്ചതും. സാങ്കേതിക തടസങ്ങൾ അതിനും പ്രശ്നമാവുകയാണ്. ഓരോ അപേക്ഷയും പ്രത്യേകം പരിഗണിച്ചാണ് ചാർട്ടർ വിമാനങ്ങൾ അനുവദിക്കുന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനങ്ങൾക്ക് ചാർട്ടേഡ് ഫ്ലൈറ്റുകൾ അനുവദിച്ചാൽ അതു റഗുലർ വിമാന സർവീസുകളെ ബാധിക്കുമെന്ന് നേരത്തേ വ്യോമയാന മന്ത്രാലയം പ്രതികരിച്ചിരുന്നു. വിദേശ രാജ്യങ്ങളിലേക്ക് ഇത്തരം ഫ്ലൈറ്റുകൾ നടത്തണമെങ്കിൽ അതിന് അവിടങ്ങളിൽ നിന്നുള്ള അനുമതിയും വേണം. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി കരാർ പ്രകാരമാണ് വിമാന സർവീസുകൾ നടക്കുന്നത്. ഒരു സംസ്ഥാനത്തിന് വിദേശ രാജ്യവുമായി കരാർ ഒപ്പുവയ്ക്കാനാവില്ല. ഉത്സവകാലമായാൽ പ്രവാസി മലയാളികളെ കൊള്ളയടിക്കുന്ന ഏർപ്പാടിന് ശാശ്വതമായ പരിഹാരം കാണേണ്ടതുണ്ട്. അതുപക്ഷേ, ചർച്ചകളിൽ മാത്രം ഒതുങ്ങുകയാണു പതിവ്.