
ചിന്നക്കനാൽ മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തിയിരുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ മയക്കുവെടിവച്ച് തളച്ച് പെരിയാർ വന്യജീവി സങ്കേതത്തിലേക്കു മാറ്റുമ്പോൾ പ്രകടമായ ആശ്വാസം താത്കാലികം മാത്രമായിരുന്നു എന്നതാണ് ഇപ്പോൾ വ്യക്തമാകുന്നത്. കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങൾക്കു വീണ്ടും ഭീഷണി ഉയർത്തുകയാണ് അരിക്കൊമ്പൻ. കമ്പം, കുമളി മേഖലയിലെ ആയിരക്കണക്കിനാളുകൾക്കു സ്വസ്ഥമായി ഉറങ്ങാൻ കഴിയാത്ത അവസ്ഥയായിരിക്കുന്നു. ലക്ഷങ്ങൾ മുടക്കി വളരെ വലിയ തയ്യാറെടുപ്പുകളോടെയാണ് കേരള സർക്കാർ ആനയെ പിടിച്ച് കൊടുംകാട്ടിലേക്കു കയറ്റിവിട്ടത്. എങ്ങോട്ടൊക്കെയാണതു പോകുന്നത് എന്നറിയാൻ ലക്ഷങ്ങൾ ചെലവഴിച്ച് സാറ്റലൈറ്റ് റേഡിയോ കോളറും ആനയുടെ കഴുത്തിൽ കെട്ടിയിരുന്നു. ഒന്നും ആനയുടെ ശല്യം ആവർത്തിക്കുന്നതിനു തടസമായില്ല.
അപ്രതീക്ഷിതമായി ജനവാസ മേഖലകളിലിറങ്ങുന്ന അരിക്കൊമ്പനെക്കൊണ്ട് ഇപ്പോൾ പൊറുതി മുട്ടിയിരിക്കുന്നത് തമിഴ്നാടാണ്. കഴിഞ്ഞ ദിവസം കമ്പത്ത് റോഡിലിറങ്ങിയ കാട്ടാനയുടെ പരാക്രമത്തിനിടെ ബൈക്കിൽ നിന്നു വീണ് തലയ്ക്കു പരുക്കേറ്റ ഒരാൾക്ക് ജീവനും നഷ്ടപ്പെട്ടിരിക്കുന്നു. ഗുരുതരമായി പരുക്കേറ്റ് തേനി മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് കമ്പം സ്വദേശിയുടെ മരണം സംഭവിച്ചത്. മുൻപ് ഏഴു പേരെ കൊന്നതാണ് അരിക്കൊമ്പൻ. ഇപ്പോഴിതാ മറ്റൊരാളുടെ മരണത്തിനും ആന നാട്ടിലിറങ്ങുന്നത് കാരണമായിരിക്കുന്നു. ഇനിയും ജനവാസ മേഖലകളിൽ ആനയിറങ്ങുന്നതു തുടർന്നാൽ ആളുകൾ എങ്ങനെ സ്വസ്ഥമായി ജീവിക്കും.
ജനവാസ മേഖലയിൽ നിന്ന് സമീപത്തെ വനമേഖലയിലേക്കു കയറിപ്പോയ അരിക്കൊമ്പൻ ഇനിയും ആളുകൾ താമസിക്കുന്ന സ്ഥലങ്ങളിലേക്കു വന്നാൽ പിടികൂടാൻ തമിഴ്നാട് വനം വകുപ്പിന്റെ ദൗത്യസംഘം എല്ലാ തയാറെടുപ്പുകളോടെയും കാത്തിരിക്കുകയാണ്. ആദിവാസികൾ അടക്കമുള്ള സംഘം ഇവരെ സഹായിക്കാനുണ്ട്. മയക്കുവെടിവച്ച് പിടികൂടി ഉൾക്കാട്ടിൽ കൊണ്ടുവിടുന്നതടക്കം തമിഴ്നാട് വനം വകുപ്പ് പരിഗണിക്കുന്നു. ഫലത്തിൽ കേരളത്തിന്റെ തലവേദന തമിഴ്നാടിന്റേതു കൂടിയായി മാറിയ സാഹചര്യമാണ് അരിക്കൊമ്പൻ വിഷയത്തിൽ ഉണ്ടായിരിക്കുന്നത്. കേരളത്തിലെ വനം വകുപ്പുമായി തമിഴ്നാട് സർക്കാർ ആശയവിനിമയം നടത്തുന്നുണ്ടെന്നും വേണ്ട നടപടികൾ അവർ സ്വീകരിക്കുമെന്നുമാണ് സംസ്ഥാന വനം വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രൻ പറയുന്നത്. കമ്പം മേഖലയിൽ ആയിരക്കണക്കിനാളുകൾ താമസിക്കുന്നുണ്ടെന്നതുകൊണ്ടുതന്നെ നടപടിയെടുക്കാതിരിക്കാൻ തമിഴ്നാടിനു കഴിയില്ല.
പലവിധ പ്രതിസന്ധികളെ അതിജീവിച്ചാണ് ചിന്നക്കനാൽ മേഖലയിൽ നിന്ന് അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടി മറ്റൊരു വനത്തിൽ കൊണ്ടുപോയി തുറന്നുവിട്ടത്. അവിടെ ഉൾക്കാട്ടിലേക്കു പോയാൽ പിന്നെ ജനവാസ മേഖലകളിൽ ഇറങ്ങാതെ ആനയ്ക്കു കഴിയാനുള്ള എല്ലാവിധ സാഹചര്യവുമുണ്ടെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, ജനവാസ മേഖലകളിൽ ഇറങ്ങി ശീലമുള്ള ആന വീണ്ടും അതു തന്നെ ആവർത്തിക്കുമെന്ന് പലരും മുന്നറിയിപ്പു നൽകിയിരുന്നു. ചിന്നക്കനാലിലേക്കു തിരിച്ചുവരാൻ അരിക്കൊമ്പൻ ശ്രമിക്കുമെന്നും കാട്ടാനകളെക്കുറിച്ച് അറിയാവുന്ന പലരും പറഞ്ഞിരുന്നതാണ്. എന്തായാലും ആർക്കും ശല്യമാവാതെ ഉൾക്കാട്ടിൽ കഴിയാൻ തയാറല്ലെന്നു തെളിയിച്ചിരിക്കുകയാണ് അരിക്കൊമ്പൻ. വനാതിർത്തിയിലുള്ള ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം തമിഴ്നാട് സർക്കാർ എങ്ങനെ നിറവേറ്റുന്നുവെന്ന് ഉറ്റുനോക്കുകയാണ് എല്ലാവരും.
ആനയെ നിരീക്ഷിക്കാനും അതിനനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കാനും ലക്ഷ്യമിട്ടാണ് അതിന്റെ കഴുത്തിൽ റേഡിയോ കോളർ കെട്ടിയത്. എന്നാൽ, അതുപയോഗിച്ച് കൃത്യമായി നിരീക്ഷിക്കാൻ കഴിയാതെ വന്നിരിക്കുന്നു എന്നതാണ് വനം വകുപ്പുമായി ബന്ധപ്പെട്ടു ലഭിക്കുന്ന റിപ്പോർട്ടുകൾ കാണിക്കുന്നത്. ഇടക്കിടെ "റേഞ്ച് ' നഷ്ടപ്പെടുന്നുവെന്നാണ് പറയുന്നത്. വല്ലപ്പോഴുമൊക്കെയാണ് ആന എവിടെയാണെന്ന് അറിയുന്നത്. തമിഴ്നാട്ടിലെ ജനവാസ മേഖലയിൽ ആന എത്തിയപ്പോഴും റേഡിയോ കോളർ സഹായിച്ചില്ല. ജനങ്ങൾ കണ്ട് അറിയിക്കുമ്പോഴാണ് വനം വകുപ്പുകാർ ആന എവിടെയാണെന്ന് അറിയുന്നതെങ്കിൽ റേഡിയോ കോളറിന്റെ പേരിലും കുറെ പണം ചെലവഴിച്ചത് വെറുതെയായി എന്നേ ചിന്തിക്കാനാവൂ.
മുൻപ് ചിന്നക്കനാൽ- ശാന്തൻപാറ ഭാഗത്ത് അരിക്കൊമ്പൻ ഉയർത്തിയ ഭീഷണി വളരെ വലുതായിരുന്നു. ഏഴു പേരെ കൊന്നതിനു പുറമേ നിരവധി വീടുകളും മറ്റു കെട്ടിടങ്ങളും തകർത്തിട്ടുണ്ട്. ഇപ്പോൾ തമിഴ്നാട്ടിലെ വനാതിർത്തികളിലും അവൻ നാശം വിതയ്ക്കുകയാണ്. കാട്ടാനകളെ അവയുടെ ആവാസ വ്യവസ്ഥയിൽ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കണമെന്ന ആനപ്രേമികളുടെ ആവശ്യം ഒരുവശത്തുള്ളപ്പോൾ തന്നെ അരിക്കൊമ്പനെപ്പോലെ ജനവാസ മേഖലകളിലിറങ്ങുന്ന ആനകളെ എങ്ങനെ നേരിടണമെന്നതും കൂടുതൽ ഗൗരവം അർഹിക്കുന്ന വിഷയമാണ്.