
ഇലക്റ്ററൽ ബോണ്ടുകൾ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും സുപ്രീം കോടതിയെ അറിയിക്കുന്നതിന് എസ്ബിഐ എന്തിനാണു വിമുഖത കാണിക്കുന്നത് എന്ന സംശയം പൊതുജനങ്ങളിൽ ഉയർത്തുന്നതാണ് ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികൾ. എന്തായാലും ബോണ്ടുകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും മാർച്ച് 21നു മുൻപ് സമർപ്പിക്കാനാണ് ഇപ്പോൾ പരമോന്നത കോടതി എസ്ബിഐയോടു നിർദേശിച്ചിരിക്കുന്നത്. ഒരു വിവരവും മറച്ചുവച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന സത്യവാങ്മൂലം എസ്ബിഐ ചെയർമാൻ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിരിക്കുകയാണ്. ബോണ്ടുകൾ സംബന്ധിച്ച് ബാങ്ക് നൽകിയ വിവരങ്ങൾ പൂർണമല്ലെന്നു നേരത്തേ കോടതി പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് എസ്ബിഐയ്ക്കു നോട്ടീസും നൽകിയിരുന്നു. കോടതി ആവശ്യപ്പെട്ടാൽ മാത്രം ആവശ്യമായ വിവരം നൽകാം എന്ന നിലപാട് സ്വീകരിച്ച് ബാങ്ക് കാത്തിരിക്കേണ്ടതില്ലെന്നാണ് ഇന്നലെ കോടതി ഓർമിപ്പിച്ചത്.
എല്ലാ വിവരങ്ങളും കൈമാറണമെന്നു കോടതി ആവശ്യപ്പെട്ടാലും പിന്നെയും ബാങ്ക് മടിച്ചുനിൽക്കുന്നത് ആരെ സംരക്ഷിക്കാനാണ് എന്ന ചോദ്യം ന്യായമായും ജനങ്ങളുടെ മനസിൽ ഉയരാവുന്നതാണ്. വിവരങ്ങൾ കൈമാറുന്നതിൽ ബാങ്ക് "സെലക്റ്റീവ് ' ആവരുത് എന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് ഓർമിപ്പിക്കേണ്ടിവന്നിരിക്കുന്നത്. രാഷ്ട്രീയ പാർട്ടിക്കു വേണ്ടിയല്ല നിങ്ങൾ ഇവിടെ ഹാജരായിട്ടുള്ളതെന്ന് ഞങ്ങൾ അനുമാനിക്കുന്നു എന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർക്കുകയുണ്ടായി. സംഭാവന നൽകിയവരെയും അതു സ്വീകരിച്ച രാഷ്ട്രീയ പാർട്ടിയെയും തിരിച്ചറിയാൻ സാധിക്കും വിധം ബോണ്ടുകളുടെ ആൽഫാ ന്യൂമറിക് നമ്പരും സീരിയൽ നമ്പരും ഉൾപ്പെടെയുള്ള വിവരങ്ങൾ സമർപ്പിക്കാൻ ബാങ്കിനു നിർദേശമുണ്ട്. ആരുടെ സംഭാവന ആർക്കു കിട്ടി എന്നു വ്യക്തമാവാതിരിക്കാനുള്ള ഒളിച്ചുകളിയൊന്നും ഇലക്റ്ററൽ ബോണ്ടിന്റെ കാര്യത്തിൽ ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുത്.
രാഷ്ട്രീയ പാർട്ടികൾക്ക് ആരൊക്കെ ഫണ്ട് നൽകുന്നുവെന്ന് അറിയാനുള്ള ജനങ്ങളുടെ അവകാശം ലംഘിക്കുന്നതാണ് എന്നു ചൂണ്ടിക്കാട്ടിയാണ് നേരത്തേ, ഫെബ്രുവരി 15ന്, ഇലക്റ്ററൽ ബോണ്ടുകൾ പരമോന്നത കോടതി അസാധുവാക്കിയത്. ബോണ്ട് സംബന്ധിച്ച രഹസ്യങ്ങളൊന്നും ബാങ്കിന്റെയും തെരഞ്ഞെടുപ്പു കമ്മിഷന്റെയും കൈവശം ഒളിച്ചിരിക്കരുത് എന്നതാണു ജനതാത്പര്യവും. നേരത്തേ, ബോണ്ടുകളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ എസ്ബിഐ സമയം നീട്ടി ചോദിച്ചിരുന്നു. വിവരങ്ങൾ ക്രോഡീകരിച്ചു നൽകാൻ സമയം വേണമെന്നായിരുന്നു ആവശ്യം. എന്നാൽ, കോടതി അത് അനുവദിച്ചില്ല. എസ്ബിഐ പോലുള്ള ഒരു വലിയ സ്ഥാപനം വിധി വന്ന് 26 ദിവസം എന്തു ചെയ്യുകയായിരുന്നുവെന്ന് അന്ന് കോടതി ആരാഞ്ഞു. ഇലക്റ്ററൽ ബോണ്ടു സംബന്ധിച്ച ഏറ്റവും ചെറിയ വിവരം വരെ പുറത്തുവരണമെന്നാണ് സുപ്രീം കോടതിയും ജനങ്ങളും ആഗ്രഹിക്കുന്നത്. അത് അതുപോലെ നടപ്പാവേണ്ടതുണ്ട്.
സാന്റിയാഗോ മാർട്ടിൻ ഡിഎംകെയ്ക്ക് 509 കോടി നൽകി എന്നതുപോലുള്ള ചില വിവരങ്ങൾ മാത്രം പുറത്തുവന്നാൽ പോരാ. ഓരോ പാർട്ടികളുടെയും പിന്നിൽ അണിനിരന്നിട്ടുള്ള മുഴുവൻ താത്പര്യങ്ങളെക്കുറിച്ചും വരുന്ന തെരഞ്ഞെടുപ്പിനു മുൻപ് അറിയാനായാൽ അതു വോട്ടർമാർക്ക് ഉപകാരപ്പെടും. സംഭാവന സ്വീകരിക്കുന്നതു തെറ്റാണെന്നല്ല. അതു സുതാര്യമാവുന്നതിൽ ബന്ധപ്പെട്ടവർക്കെല്ലാമുണ്ടാവുന്ന അസ്വസ്ഥതയാണ് ആശങ്കപ്പെടുത്തേണ്ടത്. ആരിൽ നിന്ന് എത്ര കോടി സ്വീകരിച്ചു എന്നു തുറന്നുപറയാൻ പ്രമുഖ രാഷ്ട്രീയ കക്ഷികൾ തയാറാവാത്തത് എന്തുകൊണ്ടാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണവും റെയ്ഡും നേരിടുന്ന പല കമ്പനികളും ഇലക്റ്ററൽ ബോണ്ട് വാങ്ങി രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന നൽകിയിട്ടുണ്ട് എന്നാണ് ഇതുവരെ പുറത്തുവന്നിരിക്കുന്ന പല വിവരങ്ങളും കാണിക്കുന്നത്. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ഇനിയും പുറത്തുവരേണ്ടതുണ്ട്.
സാന്റിയാഗോ മാർട്ടിന്റെ കമ്പനിയായ ഫ്യുച്ചർ ഗെയിമിങ്ങിനെതിരേ 2019ൽ ഇഡി അന്വേഷണം തുടങ്ങിയതാണ്. 2022ൽ കമ്പനിയുടെ 409.92 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. അതേസമയം, 2019-24 കാലയളവിൽ 1,368 കോടി രൂപയുടെ ഇലക്റ്ററൽ ബോണ്ടുകൾ ഈ ലോട്ടറിക്കമ്പനി വാങ്ങിയിട്ടുണ്ട്. ഒരു വശത്ത് ക്രമക്കേടുകൾക്ക് അന്വേഷണങ്ങൾ നടക്കുമ്പോൾ മറുവശത്ത് രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനയും പൊടിപൊടിക്കുന്നത് മറ്റു ചില കമ്പനികളുടെ കാര്യത്തിലും ബാധകമാണ്. ഇതിന്റെയെല്ലാം മുഴുവൻ വിവരങ്ങളും ജനങ്ങൾ അറിയട്ടെ. പണാധിപത്യം ഭീഷണി ഉയർത്തുന്ന കാലത്ത് രാഷ്ട്രീയ പാർട്ടികൾക്കു കിട്ടുന്ന മുഴുവൻ പണവും വെളിച്ചത്തു വരേണ്ടത് അത്യാവശ്യം തന്നെയാണ്.