
പ്രതീക്ഷിച്ചതു പോലെ വൈദ്യുതി ചാർജ് വർധനയായി. ഇനി അതിന്റെ ഭാരം കൂടി സാധാരണക്കാർ വഹിക്കണം. ഇതിനൊപ്പം ഉപയോക്താക്കൾക്കു നൽകിവന്നിരുന്ന സബ്സിഡിയും അവസാനിപ്പിക്കുകയാണെന്നാണ് റിപ്പോർട്ട്. മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് നൽകിയിരുന്ന ആനുകൂല്യമാണ് സബ്സിഡി നിർത്തുന്നതോടെ ഇല്ലാതാവുന്നത്. ഇപ്പോൾ തന്നെ കുതിച്ചുയർന്നു കഴിഞ്ഞിരിക്കുന്ന നിത്യജീവിതച്ചെലവ് ഇനിയും ഉയർത്താൻ വൈദ്യുതി ചാർജ് വർധന കാരണമാവും. യൂണിറ്റിനു ശരാശരി 20 പൈസയുടെ വർധനയാണു വരുത്തിയിരിക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറയുന്നു. പ്രതിമാസം 40 യൂണിറ്റിൽ താഴെ മാത്രം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കാണു നിരക്കു വർധനയില്ലാത്തത്. മാസം നൂറ് യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 20 ശതമാനം നിരക്കു വർധനയാണുണ്ടാവുക. യൂണിറ്റിന് 40 പൈസയുടെ വർധനയാണ് വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടിരുന്നത്. റഗുലേറ്ററി കമ്മിഷൻ അത്രയും അനുവദിച്ചില്ലെന്നതിനാൽ അധികഭാരം കുറച്ചെങ്കിലും കുറഞ്ഞു എന്നേ സമാധാനിക്കാനാവൂ.
ഇപ്പോൾ തന്നെ നടുവൊടിക്കുന്നതാണ് വൈദ്യുതി ചാർജ്. അതിന്റെ മുകളിലാണു പുതിയ വർധനയും കെട്ടിവയ്ക്കുന്നത്. അതുകൊണ്ടും തീരുന്നില്ല. എല്ലാ വർഷവും വൈദ്യുതി നിരക്കു കൂട്ടുമെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങൾ അതിനായി തയാറെടുക്കണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്യുന്നത്. ജനങ്ങളുടെ വരുമാനം വർധിച്ചാലും കുറഞ്ഞാലും കൃത്യമായ ഇടവേളകളിൽ വൈദ്യുതി ബോർഡ് ഷോക്കടിപ്പിച്ചുകൊണ്ടിരിക്കും എന്നർഥം. ചാർജ് വർധനയല്ലാതെ ബോർഡിനു മറ്റൊരു മാർഗവുമില്ലെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
അതേസമയം തന്നെയാണ് വൻകിടക്കാരിൽ നിന്ന് കിട്ടാനുള്ള തുക പിരിച്ചെടുക്കുന്നതിൽ ബോർഡ് കാണിക്കുന്ന അനാസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ടുകളും വരുന്നത്. കുടിശിക ഇനത്തിൽ കെഎസ്ഇബി പിരിച്ചെടുക്കാനുള്ളത് മൂവായിരം കോടിയോളം രൂപയാണെന്നാണു റിപ്പോർട്ട്. പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നു മാത്രം 1,300 കോടിയിലേറെ രൂപ കിട്ടാനുണ്ട്. സർക്കാർ വകുപ്പുകളിൽ നിന്നു കിട്ടേണ്ടത് 146 കോടി രൂപ. 645 കോടിയാണ് ജല അഥോറിറ്റിയുടെ കുടിശ്ശിക. ആയിരം കോടിയിലേറെ രൂപ സ്വകാര്യ സ്ഥാപനങ്ങളുടെ കുടിശ്ശികയുണ്ട്. ഇതൊന്നും പിരിക്കാൻ ബോർഡിന് എന്തുകൊണ്ട് കഴിയുന്നില്ല എന്ന ചോദ്യം ആവർത്തിക്കപ്പെടുകയാണ്.
നിരക്കു വർധനയിലൂടെ ഈ വർഷം പ്രതീക്ഷിക്കുന്ന അധിക വരുമാനം 531 കോടി രൂപയാണെന്നു പറയുന്നു. അതിലും എത്രയോ അധികമാണ് പിരിച്ചെടുക്കാൻ കഴിയാതെ കിടക്കുന്നത്. കുടിശ്ശിക അടിയന്തരമായി പിരിച്ചെടുക്കണമെന്ന് ബോർഡിന് അടുത്തിടെ സർക്കാർ കർശന നിർദേശം നൽകി എന്നൊക്കെ റിപ്പോർട്ടുണ്ടായിരുന്നു. ഇത്തരം നിർദേശങ്ങളൊക്കെ അവഗണിക്കപ്പെടുന്നതാണു പതിവ്. എല്ലാ ഭാരവും സാധാരണക്കാരിൽ കെട്ടിവയ്ക്കുന്നത്ര എളുപ്പമല്ല കുടിശ്ശിക പിരിക്കുന്നത്.
20,000 കോടിയോളം രൂപയാണ് വൈദ്യുതി ബോർഡിന്റെ സഞ്ചിത നഷ്ടം. 2,400 കോടിയോളം രൂപയുടെ നഷ്ടം നടപ്പു വർഷവും പ്രതീക്ഷിക്കുന്നു. യൂണിറ്റ് നിരക്ക്, സർച്ചാർജ്, ഫിക്സഡ് ചാർജ് തുടങ്ങി പല രൂപങ്ങളിലുള്ള ചാർജ് വർധനകൾ വഴി ജനങ്ങളെ പിഴിഞ്ഞൂറ്റിയിട്ടും ആയിരക്കണക്കിനു കോടിയുടെ നഷ്ടക്കഥകളാണു ബോർഡിനു പറയാനുള്ളത് എന്നതു കൂടി ഓർക്കണം. ബോർഡിന്റെ കാര്യക്ഷമതയാണ് ഇതിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. വിരമിച്ച ജീവനക്കാരുടെ പെൻഷൻ ബാധ്യത നിറവേറ്റാനുള്ള ചെലവു കൂടി താരിഫ് നിർണയത്തിൽ ഉൾപ്പെടുത്താനുള്ള കെഎസ്ഇബിയുടെ നീക്കം ഹൈക്കോടതി തടഞ്ഞത് അടുത്തിടെയാണ്. താങ്ങാനാവാത്ത പ്രവർത്തച്ചെലവാണ് ബോർഡിനെ ഈ അവസ്ഥയിൽ എത്തിച്ചിരിക്കുന്നതെന്നു പല തവണ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ചെലവു നിയന്ത്രിച്ച് നഷ്ടം കുറച്ചുകൊണ്ടുവരാനുള്ള നടപടികൾ ഫലവത്താവുന്നില്ല എന്നതാണ് ബോർഡിനെ ഒരു വെള്ളാനയാക്കി മാറ്റുന്നത്. വൈദ്യുതിയില്ലാതെ ജീവിക്കുന്നത് ഇന്നു ചിന്തിക്കാനേ കഴിയില്ല. ഓരോരുത്തരുടെയും നിത്യജീവിതത്തിന്റെ ഭാഗമാണത്. സംസ്ഥാനത്ത് അതു വിതരണം ചെയ്യുന്നതിന്റെ കുത്തകയാണ് കെഎസ്ഇബിക്കുള്ളത്. അത് ഏറ്റവും ഭംഗിയായ രീതിയിൽ കൈകാര്യം ചെയ്യേണ്ടവരാണ് അടിക്കടി ജനങ്ങളിൽ ഭാരം കൂട്ടിവച്ചിട്ടും നഷ്ടക്കയത്തിൽ കിടന്നുരുളുന്നത്!