അമ്മയെ തല്ലിയാൽ രണ്ടുപക്ഷം വേണ്ട | മുഖപ്രസംഗം

വിവരവും വിദ്യാഭ്യാസവും കൂടുതലാണെന്ന് അഭിമാനിക്കുന്ന കേരളത്തിൽ വയോജന സംരക്ഷണം ഏറ്റവും ഫലപ്രദമായി നടക്കേണ്ടതാണ്.
read editorial on kollam old woman beaten up issue
read editorial on kollam old woman beaten up issue
Updated on

വയോജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ സംബന്ധിച്ച ചർച്ചകൾ സജീവമായി നടക്കുന്ന കാലഘട്ടമാണിത്. ജനസംഖ്യയിൽ മുതിർന്ന പൗരന്മാരുടെ സംഖ്യ വർധിച്ചു വരുകയാണ്. അവരെ സംരക്ഷിക്കാനുള്ള താത്പര്യം കുറഞ്ഞുവന്നാൽ അതുണ്ടാക്കാവുന്ന സാമൂഹിക വിപത്ത് വളരെ വലുതാണ്. മുതിർന്ന പൗരന്മാരോടു കരുണയില്ലാതെ പെരുമാറുന്ന സമൂഹമായി നാം മാറിക്കൂടാ. വയോജന സൗഹൃദ സമൂഹം കെട്ടിപ്പടുക്കുകയെന്നത് അനിവാര്യതയാണ്. കുടുംബബന്ധങ്ങൾ കെട്ടുറപ്പുള്ളതാക്കുക എന്നതാണ് എല്ലാത്തിന്‍റെയും അടിസ്ഥാനം. ഒപ്പം കുടുംബങ്ങൾ തമ്മിലുള്ള അടുപ്പവും പ്രധാനമാണ്.

വിവരവും വിദ്യാഭ്യാസവും കൂടുതലാണെന്ന് അഭിമാനിക്കുന്ന കേരളത്തിൽ വയോജന സംരക്ഷണം ഏറ്റവും ഫലപ്രദമായി നടക്കേണ്ടതാണ്. ഇതിനു വിപരീതമായുള്ള സംഭവങ്ങളുണ്ടാവുമ്പോൾ അതിനാൽ തന്നെ വലിയ ദുഃഖവും നിരാശയുമുണ്ടാവുന്നു. കൊല്ലം തേവലക്കരയിൽ ആറു വർഷത്തിലേറെയായി മരുമകളുടെ ക്രൂര പീഡനത്തിനു വിധേയയായ എൺപതുകാരിയുടെ കണ്ണീർ കണ്ടില്ലെന്നു നടിച്ച് നമ്മുടെ സമൂഹത്തിനു മുന്നോട്ടുപോകാനാവില്ല. ഇത്രകാലവും ഈ ക്രൂരപീഡനം പുറത്തറിഞ്ഞില്ല എന്നു പറയുന്നതു തന്നെ അമ്പരപ്പിക്കുന്നതാണ്. എത്രയെത്ര വീടുകളിൽ ഇതുപോലെ വയോജനങ്ങൾ പലവിധ പീഡനങ്ങളേറ്റു കഴിയുന്നുണ്ടാവുമെന്ന് അന്വേഷിക്കേണ്ടതും പരിഹാരം കാണേണ്ടതുമായിട്ടുണ്ട്.

വയോജന സംരക്ഷണത്തിനു സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സാമൂഹിക പ്രവർത്തകരും സന്നദ്ധ സംഘടനകളും എല്ലാം പ്രത്യേക ജാഗ്രത കാണിക്കേണ്ടതായിട്ടാണിരിക്കുന്നത്. മക്കളുടെയും പേരക്കുട്ടികളുടെയും കുടുംബത്തിന്‍റെയും അന്തസും അഭിമാനവും ഓർത്തും മക്കളെ പേടിച്ചും പീഡനങ്ങൾ പുറത്തുപറയാതെ സഹിക്കുന്ന വൃദ്ധരായ മാതാപിതാക്കൾ ഇനിയും ഇവിടെയുണ്ട്. സ്വത്ത് മുഴുവൻ മക്കൾ കൈവശമാക്കിയ ശേഷം വീടുകളിൽ നിന്ന് അടിച്ചിറക്കപ്പെട്ടവരുണ്ട്. അങ്ങനെയുള്ളവരുടെ കണ്ണീരുണങ്ങാത്ത നാടായി കേരളത്തെ മാറ്റാൻ അനുവദിക്കരുത്. വയോജനങ്ങൾക്കെതിരായ പീഡനങ്ങളിൽ കുറ്റക്കാർക്കെതിരേ ശക്തമായ നടപടികളെടുക്കുന്നത് ഇത്തരം പ്രവണതകൾ നിരുത്സാഹപ്പെടുത്തുന്നതിനാവശ്യമാണ്.

എൺപതു വയസുള്ള അമ്മായിയമ്മയെ തള്ളിയിടുകയും മുടിചുറ്റിപ്പിടിച്ച് മുഖത്ത് ഇടിക്കുകയും നെഞ്ചിലും അടിവയറ്റിലും ചവിട്ടുകയും കമ്പി കൊണ്ട് മർദിക്കുകയുമൊക്കെ ചെയ്യുന്നത് ഒരധ്യാപികയാണെന്നു പറയുമ്പോൾ അവർ ഈ സമൂഹത്തിനു കാണിച്ചുകൊടുക്കുന്ന മാതൃക എന്താണെന്നു ചിന്തിച്ചുനോക്കുക. മാതൃക കാണിക്കേണ്ട എത്രയോ ആളുകൾ നമ്മുടെ സമൂഹത്തിൽ ഇതുപോലെ കരുണയില്ലാതെ പെരുമാറുന്നുണ്ടാവാം. അതറിഞ്ഞിട്ടും കണ്ണടയ്ക്കുന്നവരുടെ നിശബ്ദതയും സമൂഹത്തിന്‍റെ നിസംഗതയും ഇത്തരക്കാർക്കു തുടർ പീഡനങ്ങൾക്കു സഹായവുമാവുന്നുണ്ടാവാം. ഇത്തരക്കാരെ വേ‍ണ്ടവിധത്തിൽ ബോധവത്കരിക്കാനും നേർവഴി നടത്താനും എങ്ങനെ സാധ്യമാവും എന്നതു ഗൗരവപൂർവം ആലോചിക്കേണ്ടതാണ്. സമഗ്രമായ വയോജന സംരക്ഷണ നയത്തെക്കുറിച്ചു പറയുമ്പോൾ ഇതും വിഷയമാവണം.

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുതിർന്ന പൗരന്മാരുടെ സംഖ്യ അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനമാണു കേരളം. ഇപ്പോൾ 48 ലക്ഷം വയോജനങ്ങൾ കേരളത്തിലുണ്ടെന്നാണു കണക്ക്. സംസ്ഥാനത്തെ ജനസംഖ്യയുടെ പതിനഞ്ചു ശതമാനത്തിലേറെ മുതിർന്ന പൗരന്മാരാണെന്നും ചില പഠന റിപ്പോർട്ടുകൾ കാണിക്കുന്നുണ്ട്. 2036ഓടെ സംസ്ഥാനത്തെ ജനസംഖ്യയുടെ 22.8 ശതമാനം മുതിർന്ന പൗരന്മാരായിരിക്കുമെന്ന് ജനസംഖ്യാ പ്രവർത്തനങ്ങൾക്കായുള്ള യുഎൻ ഫണ്ടുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്. മുതിർന്ന പൗരന്മാരുടെ ദേശീയ ശരാശരി 15 ശതമാനമായിരിക്കുമ്പോഴാണിത്. മറ്റേതൊരു സംസ്ഥാനത്തെക്കാൾ മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിൽ പ്രാധാന്യം നൽകേണ്ട സംസ്ഥാനമാണ് കേരളം എന്നതാണ് ഇതു കാണിക്കുന്നത്. നയങ്ങളിലും പദ്ധതികളിലുമെല്ലാം മുതിർന്ന പൗരന്മാർക്കു പ്രത്യേക പരിഗണന കിട്ടേണ്ടിയിരിക്കുന്നു. അവർ കുടുംബത്തിലും സമൂഹത്തിലും ഒറ്റപ്പെട്ടുപോകുന്നതും പീഡനങ്ങൾക്ക് വിധേയരാവുന്നതും ഒഴിവാക്കാൻ സർക്കാർ തലത്തിലുള്ള ജാഗ്രതാ സംവിധാനങ്ങൾ ശക്തമായ നിലയിൽ പ്രവർത്തിച്ചേ തീരൂ. മാതാപിതാക്കളെ പീഡിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനും കഴിയണം. വയോജനങ്ങൾക്കെതിരായ അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശം കർശനമായ നടപടികളിലൂടെ തന്നെ സർക്കാർ ജനങ്ങളിൽ എത്തിക്കേണ്ടതുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com